സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, May 4, 2013

നഗരമീ ജീവിതം

ഒരു സിഗ്രെറ്റ് കുറ്റി കൈ നീട്ടി എറിഞ്ഞാല്‍ ചെന്ന് വീഴുന്ന ദൂരത്തില്‍ അപ്പുറത്തെ വീട്..കല്ലിയാണമാണെന്ന് തോന്നുന്നു..ടെറസില്‍ പന്തല്‍ ഇട്ടിട്ടുണ്ട്. രാവിലെ നാല് മണിക്ക് തുടങ്ങിയതാണ്‌ ദേഹണ്ണക്കാര്‍..,..

പണ്ട്, പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ ,കത്തിയിലേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ അവിടേം ഇവിടേം ശ്രദ്ധിച്ചു കുനുകുനെ സവാള വെട്ടുന്നതും ,തക്കാളി അരിയുന്നതും , ശേഷം രാത്രിയുടെ ഏതോ യാമങ്ങളില്‍ ഒന്ന് കണ്ണടച്ച് ഉറങ്ങിയെന്നു വരുത്തി , പുലര്‍ച്ചെ ഇറച്ചി വന്നില്ലേ എന്ന് ചോദിച്ചു പിടഞ്ഞെണീറ്റു ,ഉറക്കച്ചടവ് തെല്ലും ഇല്ലാതെ ഇറച്ചി കഴുകാന്‍ നില്‍ക്കുന്ന ബിരിയാണി വെപ്പുകാര്‍..

ഒഴുകി ഇറങ്ങുന്ന വിയര്‍പ്പു തുള്ളികളെ തെല്ലുപോലും വക വെക്കാതെ, നാലുപാടും എരിഞ്ഞു കൊണ്ടിരിക്കുന്ന തീക്കൂനക്കള്‍ക്ക് നടുവില്‍ നിന്ന് ഒരു സര്‍ക്കസഅഭ്യാസിയെ പോലെ അതിവേഗം ,ആയിരങ്ങള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്ന പാചകക്കാര്‍ കുട്ടികളുടെ മനസിലെ ആരാധ്യ പുരുഷന്മാര്‍ തന്നെ..

കുട്ടിയായിരുന്നപ്പോള്‍ ഇളയ മാമന്‍റെ കല്ലിയാണ തലേന്ന് , വെപ്പ് പുരയില്‍ പോയി , കസിന്‍സ്ന്‍റെ കൂടെ വായിനോക്കി ഇരുന്നതിനു , പെണ്ണായി പോയത് കൊണ്ട് മാത്രം ഓര്‍ത്തഡോക്സ് അമ്മായിമാരുടെ വിമര്‍ശനം ഒരുപാട് ഏറ്റുവാങ്ങിയിരുന്നു..ശേഷം വീട്ടില്‍ എത്ര പരിപാടി നടന്നാലും , ആ ഭാഗത്തേക്ക് ഞാന്‍ ഒളികണ്ണ്‍ ഇട്ടുപോലും നോക്കിയിട്ടില്ല..ചീത്ത പേടിച്ചിട്ടു..

ഇന്ന് മെയ്‌ ദിനം ആയതു കൊണ്ട് സാജിദ് ഇന് ഓഫീസ് അവധി ആണ്. സാധാരണ അവധി ആണെങ്കില്‍ തലേന്ന്കിടക്കാന്‍ ഏറെ വൈകും . പക്ഷെ ഇന്നലെ പത്തുമണിക്ക് മുന്‍പേ കിടന്നു ഞാന്‍.. , രാവിലെ നാലുമണിക്ക് തന്നെ ഉണര്‍ന്നു.. എന്നെ സത്യത്തില്‍ എനിക്കുതന്നെ പിടി കിട്ടുന്നില്ല.പലപ്പോളും...

വിറകടുപ്പുകള്‍ക്ക് പകരം ഗ്യാസ്. ബിരിയാണിക്ക് പകരം കന്നഡ 'ഊട്ട '..
അത്രേ ഉള്ളു വെത്യാസം.. ആരെയോ ബോധ്യപെടുത്താന്‍ വേണ്ടി മാത്രം വെള്ളത്തില്‍ ഇട്ടു ,അതെ വേഗത്തില്‍ തിരിച്ചെടുത്തു കട്ടിങ്ങിനു പോകുന്ന പച്ചകറികള്‍,.. നെയ്യില്‍ മൂക്കുന്ന കിസ്മിസും , അണ്ടിപരിപ്പും സവാളയും
കൂടി കുഴഞ്ഞ മനം മയക്കുന്ന മണം.. ചടുപിടുന്നനെ പണിയെടുക്കുന്ന ഉണ്ണി വയറന്‍മാര്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കുടവയര്‍ ഉള്ളൊരു നമ്പൂരി..

തൊട്ട് മാറി ,പൈപ്പിനടിയില്‍ പാത്രങ്ങളോട് മല്ലിടുന്ന സഹായി പെണ്ണ്.ഇനിയോരുത്തി ഇലയുടെ തുംബ്ബും വാലും വെട്ടി ഭംഗിയാക്കുന്നു.. ആകെ കൂടെ ഒരു ആന ചന്തം. സൂര്യന്‍ കിഴക്ക് വിരിഞ്ഞു വരുന്നേ ഉള്ളു. ഭക്ഷണം കാലായിക്കൊണ്ടിരിക്കുന്നു.

വീട്ടില്‍ കല്ല്യാണം ഉണ്ടെങ്കില്‍ , ബിരിയാണി ചെമ്പിന്‍റെ ധമ്മു പൊട്ടിക്കുന്നതിനു കാത്തു,ബിരിയാണി രുചി മനസിലിട്ട്‌ ചുറ്റി പറ്റി നടക്കുന്ന ഞങ്ങളുടെ ആ കുട്ടിക്കാലം ഓര്‍ത്തു..
ഇതെല്ലാം കണ്ടു എന്റെ വയറും പെരുമ്പറ കൊട്ടിതുടങ്ങിയിരിക്കുന്നു പതിവിലും നേരത്തെ തന്നെ..

ഈ നഗരത്തില്‍ , അയാല്‍ വീട്ടില്‍ കല്ലിയാണമുണ്ടെന്നു കരുതി നമുക്ക് കാര്യം ഒന്നും ഇല്ലല്ലോ... ഫ്രിഡ്ജില്‍ ഇരുന്ന ബ്രെഡ്‌ എടുത്തു ,ചീസും ബട്ടറും നിറച്ചു സാന്‍വിച് മേക്കറില്‍ പാകമാക്കി എടുക്കുമ്പോള്‍, കോഴി പാര്‍ട്സ് കറിയില്‍ മുക്കി പൊറാട്ട തിന്നുന്നതോര്‍മ്മ വന്നു..
വായിലും കണ്ണിലും മൂക്കിലും ഒക്കെ വെള്ളം..

വേഗം പോയി ബാല്‍ക്കണിയിലേക്കുള്ള വാതില്‍ അമര്‍ത്തി അടച്ചു. ഈവ എണീറ്റ്‌ കഴിഞ്ഞാല്‍ നേരെ പോകുന്നത് ബാല്‍ക്കണിയിലെ 'കൂട്ട പെര'യിലേക്ക് ആണ്.. ഇത് നഗരം ആണെന്നും അപ്പുറത്തെ വീട്ടില്‍ പന്തല്‍ ഇട്ടാല്‍ നമുക്ക് കാര്യം ഒന്നും ഇല്ലെന്നു അവള്‍ക്കിന്നറിയാം..
എന്നാലും വേണ്ട.. ഇന്നവള്‍ അവിടെ കളിക്കണ്ട..
പുറത്ത്പറഞ്ഞില്ലെങ്കിലും ,അവളുടെ കുഞ്ഞിപള്ള വാശി പിടിച്ചു ചിണുങ്ങുന്നത് ഓര്‍ക്കാന്‍ കൂടി എനിക്ക് വയ്യ....

********************************************
ഈ മെയ് ദിനത്തിലും പണിയെടുക്കുന്ന നന്മയുള്ള ഒരു കൂട്ടം മനുഷ്യര്‍ക്ക്‌ ആവട്ടെ ഈ പോസ്റ്റ്‌.

'സര്‍വലോക തൊഴിലാളികളെ പണിയെടുക്കുവിന്‍ ,..
പണിയെടുത്തു പണിയെടുത്തു ശക്തരാവുവിന്‍....,..'

3 comments:

Falal KT ( ഫുല്ല ) said...

നഷ്ടമാകുന്ന മധുര ഓർമ്മകൾ

Falal KT ( ഫുല്ല ) said...

നഷ്ടമാകുന്ന മധുര ഓർമ്മകൾ

ajith said...

ആരെയോ ബോധ്യപെടുത്താന്‍ വേണ്ടി മാത്രം വെള്ളത്തില്‍ ഇട്ടു ,അതെ വേഗത്തില്‍ തിരിച്ചെടുത്തു കട്ടിങ്ങിനു പോകുന്ന പച്ചകറികള്‍,>>>>>>>> അത് കലക്കി