സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, April 9, 2013

കുട്ടീം കോലും

ഇന്നലെ ,വെക്കേഷന് നാട്ടില്‍ നിന്നും വന്ന മക്കള്സുമായി ചുറ്റാന്‍ പോയി..
വണ്ടിയില്‍ ഇരുന്നു ബഹളം കൂട്ടുമ്പോള്‍ അത് നിര്‍ത്ത്തിപ്പിക്കാന്‍ ആണ് ഓരോരുത്തര്‍ക്കും ഇഷ്ട്ടം ഉള്ള അനിമല്‍സ് ഇന്റെ പേര് പറയാന്‍ പറഞ്ഞത്.. മങ്കി.കാങ്ക്രു .ലയണ്‍,ടൈഗര്‍,റാബിറ്റ് .ജിറാഫ്,സീബ്ര... ഈവയുടെ അടുത്ത് എത്തിയ പോളെക്കും അറിയുന്നതൊക്കെ തീര്‍ന്നു.. 

മകളെ രക്ഷിക്കുക അമ്മയുടെ കടമയാണ്. ഞാന്‍ സ്നെയിക് എന്ന് കാതില്‍ പറഞ്ഞു കൊടുത്തു..അനിമലിനു അനിമല്‍ ,വെത്യസ്തതക്ക് വെത്യസ്തത . ആവേശത്തോടെ ആണ് അവള്‍ ഉത്തരം പറഞ്ഞത്..

പക്ഷെ കൂട്ടത്തില്‍ ഏറ്റവും കുസൃതി അയ്യേ സ്നെയിക് ചീത്ത അനിമലാ എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖം വാടി.

അതെന്താ അപ്പൂസേ അങ്ങിനെ എല്ലാ അനിമലും ഗുഡ് അല്ലെ..?

"അല്ല സ്നെയിക് ചീത്തയാ സ്നെയിക്ക് തുപ്പും.."

Friday, April 5, 2013

തിരിച്ചറിവുകള്‍

അന്നോരു പറഞ്ഞു ഒളൊരു പൌറാക്കിയാന്ന്.. പിന്നീട് ഓള് ഓര്‍ക്കൊക്കെ ജാടക്കാരിയായി..
ഇന്നിപ്പോ പറയാ ഓക്ക് മുടിഞ്ഞ അട്ടിട്യൂടാന്ന്...

പക്കേങ്കില് ഓളെന്നും ഓളെയിനി.. .. അത് ഓക്കും അറിയാ ഒല്ക്കും അറിയാ..

കാല്‍പന്തുകളി

മലപ്പുറം താത്തയാത്രെ മലപ്പുറം താത്ത..വയസു മുപ്പതായി ,ഇതുവരെ ഒരു കാല്‍പന്തു കളി ലൈവ് കണ്ടിട്ടില്ല.. പണ്ടൊരിക്കെ ഉപ്പയുടെ കൂടെ അടികൂടി സെവന്‍സ് കാണാന്‍ വളാഞ്ചേരിയില്‍ പോയി.. അന്ന് ഇടിച്ചു കയറിയ ആള്‍കൂട്ടം താങ്ങാതെ ഗാലറി പൊളിഞ്ഞപ്പോള്‍ തകര്‍ന്നു പോയത് എന്റെ സ്വപ്നമായിരുന്നു..

ഒരിക്കല്‍ കസിന്‍ ബ്രദര്‍ ഇന്റെ കല്ലിയാനതിനു പുടവ സെലക്ട്‌ ചെയ്യാന്‍ പോയപ്പോള്‍ ,മൂപ്പരെ ഒരു കൂട്ടുകാരനെ പരിചയപെട്ടു.. സന്തോഷ്‌ ട്രോഫി ടീമില്‍ പ്ലെയര്‍ ആയിരുന്നു ആ തിരൂര്‍ കാരന്‍....,കണ്ണും കയ്യും കൊണ്ട് കലാശം കാണിക്കാന്‍ ജാഡ സമ്മതിക്കാത്തത് കൊണ്ട് അയാളെ വെറുതെ വിട്ടു ഞാന്‍ ഡീസന്റ് ആയി..

വര്‍ഷങ്ങള്‍ കഴിഞ്ഞു ഫുട്ബാള്‍ ഇന്റെ നാട്ടില്‍ നിന്നും റൊണാള്‍ഡോയെ പോലെ ,ഒരു ഗ്ലാമര്‍ മൊട്ട പെണ്ണുകാണാന്‍ വന്നപ്പോള്‍ ,രണ്ടാമതൊന്നു നോക്കാതെ കഴുത്ത് നീട്ടി കൊടുത്തു.. സെവന്‍സ് നടക്കുന്ന ആ മേയ് മാസത്തില്‍, അലങ്കരിച്ച കാറില്‍ അരീകോടെക്ക് വണ്ടി കയറുമ്പോള്‍ ആദ്യ രാത്രിയുടെ ത്രില്‍ അല്ലായിരുന്നു മനസ്സില്‍....,

വിയര്‍ത്തു കുളിച്ച കളിക്കാരെ പോലെ ഉടുപ്പ് ഊരി എറിഞ്ഞു ,കയ്യെത്താ ദൂരത്തില്‍ വെറും നിലത്തു മലര്‍ന്നു കിടന്നു സാജിദ് ചൂടിനെ പഴികുംപോള്‍ ദൂരെ അങ്ങാടിയില്‍ സെവന്‍സ് കഴിഞ്ഞു പാഞ്ഞു പോകുന്ന വണ്ടികളുടെ നിലയ്ക്കാത്ത ആരവം ആയിരുന്നു എന്റെ കാതുകളില്‍...,..

മധുവിധു യാത്രയില്‍ , കായലരികത്ത് അനാഥമായി കിടന്ന പെപ്സി കുപ്പിയില്‍ അങ്ങേരു കസര്‍ത്ത് കാണിക്കുന്നതുകൂടി കണ്ടപ്പോള്‍ എന്റെ പ്രതീക്ഷകള്‍ ഏറി..... പക്ഷെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ,ആ സെവന്‍സ് കാലം കഴിയും മുന്‍പേ സാജിദ് അക്കരെ കടന്നു..

അടുത്ത ലീവിന് വന്നപ്പോള്‍ ,ഏട്ടന്‍ കൊടുത്തു വിട്ട സാധനം കൈപറ്റാന്‍ വന്ന ആളെ കണ്ടു ഞാന്‍ ഞെട്ടി.. അരീകോടിന്റെ മുത്ത്‌ നൌഷാദ പ്യാരി..അന്ന് അങ്ങേര്‍ക്കു പിശുക്കില്ലാതെ , മധുരം ഏറിയ നാരങ്ങ വെള്ളം കലക്കി കൊടുത്തപ്പോള്‍ ഒരു സെവന്‍സ് കണ്ട സംതൃപ്തി ആയിരുന്നു എനിക്ക്..

മഴ ഇല്ലെങ്കില്‍ അരീകൊട്ടെ ഈദ്‌ ഗാഹ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ ആയിരിക്കും..
അനേകം പ്രസ്തരുടെ കാല്‍ പതിഞ്ഞ മണ്ണില്‍ അമര്ത്തി ഉമ്മവെച്ചു സുജൂദ് ചെയ്യുമ്പോള്‍ മൂക്കില്‍ കളിക്കാരുടെ വിയര്‍പ്പിന്റെ ഉപ്പുമണം ആവാഹിക്കാന്‍ വെറുതെ പരിശ്രമിക്കും ഞാന്‍..

വര്ഷം എട്ടു കഴിഞ്ഞു.. ഒരു സെവന്‍സ് ഇനുള്ള കുട്ടിപട ഞങ്ങടെ വീട്ടിലും ഉണ്ട് .. എമില്‍ കൂടി ആയപ്പോ കോറം തികഞ്ഞു.. മൂന്നു മാസം ആയ അവന്‍ കാലുകൊണ്ട്‌ കുത്തി തലയില്‍ ഉയര്‍ന്നു ബെഡില്‍ റൌണ്ട് അടിക്കുന്നത് കാണുമ്പോള്‍ മറഡോണ ഹെഡ് ചെയ്തു ഗ്രൌണ്ട് വലം വെക്കുന്ന മാതിരിയാണ്.. ഗ്യാലരിക്ക് പകരം ബെഡിനുചുറ്റും തലയിണകള്‍..,... ഒരു കാല്‍പന്തു കളിക്കാരനെ കൂടി സൃഷ്ട്ടികാനുള്ള അമ്മയുടെ ആദ്യത്തെ കരുതല്‍..

സൈക്കിള്‍ സവാരി ഗിരിഗിരി..


ആദ്യം കിട്ടിയത് ഒരു ' അര വണ്ടി ' ആയിരുന്നു.. ആറില്‍ പഠിക്കുമ്പോള്‍ ഉപ്പ വാങ്ങി തന്ന നീലയും സ്റ്റീലും ബോഡി യുള്ള അറ്റ്ലസ് .. നിറയെ മലകള്‍ ഉള്ള മലപ്പുറത്തെ കുട്ടിക്ക് സൈക്കിള്‍ ഓടിക്കാന്‍ പറ്റിയ റോഡുകള്‍ പക്ഷെ നാട്ടില്‍ കുറവായിരുന്നു .. എന്നാലും എന്റെ സൈക്കിള്‍ ഒരിക്കലും വിശ്രമിച്ചില്ല..മലയുടെ ഇറക്കത്തിലും കയറ്റത്തിലും ഇട്ടു ഞാന്‍ എങ്ങിനെ ഒക്കെയോ അവനെ ഓടിച്ചു ..

ഒരു വിധം ബാലന്‍സ് ഒക്കെ ആയി വന്നപോളെക്കും അഹങ്കാരം തലയില്‍ കയറി സര്‍ക്കസ് തുടങ്ങി..... ഒരിക്കല്‍ വീടിനു അടുത്തുള്ള ടാര്‍ ഇടാത്ത കണ്ടംകുണ്ടം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോള്‍.. ..ദാ മുന്നില്‍ ഉമ്മ.
"ഉമ്മാ നോക്കീന്നു.. "എന്നും പറഞ്ഞു കൈ വിട്ടത് ഓര്‍മയുണ്ട്. കണ്ണും മൂക്കും യോജിക്കുന്ന അവിടെ ,അന്ന് ഉണ്ടായ കുഴി അതിപ്പോളും അങ്ങനെതന്നെ ഉണ്ട്..

എന്നും വെച്ച് നമ്മള്‍ തോറ്റൊടിയത് ഒന്നും ഇല്ല.. വേഗത്തില്‍ അവനെ മെരുക്കി നേരെ സ്കൂളിലേക്ക്.. ആദ്യമായി സൈക്കിള്‍ ഓടിച്ചു സ്കൂളില്‍ എത്തിയ പെണ്‍കുട്ടിക്ക് വലിയ സ്വീകരണം ഒന്നും കിട്ടിയില്ലെങ്കിലും അന്നുതന്നെ എനിക്കൊരു പേരു വീണു 'അറ്റ്ലസ് ' .

അന്നൊക്കെ വെള്ളിയും ഞായറും കുളിയും നനയും കണക്കാണ്..
ആദ്യമാദ്യം കൂട്ടുകാരികള്‍ അകന്നു നിന്നെങ്കിലും പിന്നെ പിന്നെ പിടിവലിയായി.. ഒരാള്‍ക്ക്‌ അഞ്ചു റൌണ്ട് അതായിരുന്നു കണക്ക്. മുതലാളി- കൂട്ടുകാരി വെത്യാസം ഇല്ലാതെ സമത്വം നടപ്പിലാക്കപെട്ട എണ്ണിച്ചുട്ട റൌണ്ടുകള്‍.,.. നിന്നോടിക്കുക ,തീരെ മെല്ലെ ഓടിക്കുക ,കാലു കുത്താതെ കുഞ്ഞു വളവുപോലും തിരിക്കുക അങ്ങിനെ മത്സരങ്ങളും നടന്നു..

ഏറെ ഇഷ്ട്ടം ഉണ്ടായിരുന്ന ആ വണ്ടി കൂട്ടുകാരുടെ സൈക്കിള്‍ പഠിത്തം മൂലം വൈകാതെ പൊളിഞ്ഞു പാളീസ് ആയി.. ശേഷം ഒന്‍പതില്‍ എത്തിയ സമയത്ത് ഒരു 'മിസ്‌ ഇന്ത്യ 'വാങ്ങിത്തന്നു ഉപ്പ...ഞങ്ങടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്കുള്ള എക്സ്ക്ലൂസിവ് സൈക്കിള്‍ ഇറങ്ങാത്തത് കൊണ്ട് അന്ന് തിരൂരില്‍ 'ചിത്രസാഗര്‍ 'തിയറ്ററിനു അടുത്തുള്ള ഷോപ്പില്‍ നിന്നാണ് അവളെ കൊണ്ട് വന്നത് .. മുന്നില്‍ കൊട്ടയൊക്കെ ഉള്ള ഒരു മെലിഞ്ഞ വയലറ്റ് സുന്ദരി.

രാവെന്നോ പകലെന്നോ ഇല്ലാതെ ആര്മാധിക്കള്‍ ആയിരുന്നു പിന്നെ ...
ആണ്‍കുട്ടികള്‍ക്ക് വരെ അസൂയ.ഒറ്റ എണ്ണത്തിന് സൈക്കിള്‍ ഇല്ല..പെണ്ണുങ്ങടെ സൈക്കിളില്‍ കയറിയാല്‍ പെണ്ണായി പോകുമെന്ന് കരുതി അവര്‍ ആരും ഒരു റൌണ്ട് ചോദിച്ചതും ഇല്ല..

അങ്ങിനെ ഒരിക്കല്‍ ആര്മാധിച്ചു സൈക്കിള്‍ ചവിട്ടുന്നത്തിനിടയില്‍ ആണ് ആദ്യമായി ലൈങ്കിക സുഖം ഒരു പൊടിക്ക്ഞാന്‍ അറിയുന്നത്.. ഹോ.. വല്ലാത്ത ഒരു വശപിശക്‌ സാധനം തന്നെ എന്ന് തോന്നി .. പക്ഷെ ആരോടും പറഞ്ഞില്ല.. കൂട്ടുകാരികള്‍ എന്നെ തെറ്റിദ്ധരിക്കുമോ എന്ന പേടിയല്ല..പറഞ്ഞാല്‍ അവര്‍ എങ്ങാനും അതീന്നു ഇറങ്ങാതെ ആയാലോ..




ഹെര്‍കുലീസും ഹീറോയും BSA SLR ഉം... അങ്ങിനെ ലോകത്തുള്ള ഉള്ള സകലമാന ചെത്ത് വണ്ടികളും ഉള്ള നാടാണ് ഉമ്മയുടെ വീടുള്ള എടപ്പാള്‍.. , റോഡിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന സൈക്കിളുകള്‍..
തല നരച്ച അപ്പൂപ്പന്മാര്‍ വരെ സൈക്കിളില്‍ റോന്തും.. പോന്നാനിനിയില്‍ ഉള്ള കുഞാമയുടെ വീട്ടില്‍ കത്ത് കൊണ്ട് വരുന്ന പോസ്റ്റ്‌ വുമെന്‍ സൈക്കിളില്‍ ആണ് വരിക.. ഞാന്‍ കണ്ട ആദ്യത്തെ സൈക്കിള്‍ ഓടിക്കുന്ന പെണ്ണ് അവര്‍ ആയിരുന്നു..
ഇടയ്ക്കു വീണ്ടും അവിടെ പോയപ്പോള്‍ ഒരു പൂതിക്ക്‌ എളാപ്പയുടെ സൈക്കിള്‍ എടുത്തു അഴിമുഖത്തെ പൂഴിയില്‍ അനിയത്തിയെ ഡബിള്‍ വെച്ചു ഞാന്‍.. ., തടികൂടി ബാലന്‍സ് പോയത് കൊണ്ടോ അതോ പൂഴിയില്‍ പുളഞ്ഞോ..അറിയില്ല.. വെട്ടിച്ചു വെട്ടിച്ചു പോകുന്നതിനിടയില്‍ ബ്ലും എന്ന് കച്ചറ വെള്ളം നിറഞ്ഞ ഒരു കുഴിയിലേക്ക് കൂപ്പുകുത്തി..കക്ക വാരുന്ന പെണ്ണുങ്ങള്‍ക്ക് ചിരിക്കാന്‍ ഉള്ള വക ഉണ്ടാക്കി കൊടുത്ത ചാരിതാര്ത്യത്തില്‍ മൂട്ടിലെ ചളി പുഴയില്‍ കഴുകി വേഗം സ്ഥലം കാലിയാക്കി ഞാന്‍

മാമന്മാര്‍ പേര്‍ഷ്യ യില്‍ ആയിരുന്നത് കൊണ്ട് ഉമ്മാന്റെ വീട്ടില്‍ സൈക്കിള്‍ ഇല്ലായിരുന്നു.. ബീഡി കച്ചോടം നടത്തിയിരുന്ന ബാവക്ക യുടെ പിറകില്‍ വലിയ പെട്ടിയുള്ള സൈക്കിള്‍ ,അത് വിശ്രമിചിരുന്നത് ഞങ്ങടെ ഉമ്മറത്ത്തായിരുന്നു.. ബാവക്കയുടെ ബീഡി മണം ,അതാ സൈക്കിളിനും ഉണ്ടായിരുന്നു.. കാല്‍ എത്താത്ത ആ 'ഒരു വണ്ടി ' കംബിക്കിടയിലൂടെ കാല്‍ ഇട്ടു ഇടയ്ക്കു ഓടിച്ചു നോക്കും ഞാന്‍..,.. ..നിന്റെ ഒരു കുഞ്ഞി പെങ്ങള്‍ പരിഷ്കാരിച്ചി എന്റെ വീട്ടിലും ഉണ്ടെന്നു ആ പച്ച ഹീറോ യോട്ഞാന്‍ കുശലം പറയും..

കാര്യങ്ങള്‍ ഒക്കെ സ്മൂത്ത്‌ ആയി അങ്ങിനെ പോയികൊണ്ട് ഇരിക്കുമ്പോള്‍ ആണ് ,ഒരു സുപ്രഭാതത്തില്‍ എന്റെ വീടിനു അടുത്തുള്ള പാത്തു ടീച്ചറുടെ വീട്ടില്‍ ഒരു ഗിയര്‍ ഉള്ള സൈക്കിള്‍ വരുന്നത്.. രണ്ടു ചക്രവും ബ്രേക്കും ,അതിനപ്പുറതെക്ക് സൈക്കിളിനു എന്ത് ഗിയറും ക്ലച്ചും ..ഞങ്ങള്‍ അങ്ങിനെ അന്താളിച്ചു നില്‍ക്കുമ്പോള്‍ ,വീടിനു മുന്നിലെ 90 ഡിഗ്രീ കയറ്റം അവന്മാര്‍ സൈക്കിള്‍ ചവിട്ടി കയറ്റും..... തുടക്കത്തില്‍ ഈസി ആയി കയറുമെങ്കിലും ,മുകളില്‍ എത്തുംപോളെക്കും കണ്ടി ഇടാന്‍ ആയിടുണ്ടാവും പയ്യന്മാര്‍..,ഇതിലും നല്ലത് ഞങ്ങടെ തള്ളല്‍ തന്നെ എന്ന അര്‍ത്ഥത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കും..

ഒരിക്കല്‍ പെരുന്നാളിന് , ചോറൊക്കെ തിന്നു സൈക്കിള്‍ സവാരിക്ക് ഇറങ്ങിയതാണ് ഞാന്‍..,പെരുന്നാള്‍ ഒക്കെ അല്ലെ ഒരു വെത്യസ്തത എന്നാ നിലക്ക് നിന്ന് ചവിട്ടുന്നതിനിടയ്ക്കു കൈവിട്ടു നോക്കിയതാണ് , പെരുന്നാളിന് വിരുന്നു വന്ന അടുത്ത വീട്ടിലെ പേരക്കുട്ടി ,മൂന്നു വയസ് കാണും , എന്റെ സൈക്കിളിനു അടിയില്‍പെട്ട് തല തല്ലി വീണു.. അന്ന് ഞാന്‍ പേടിച്ച പേടി.. പോലീസും കോടതിയും ജയിലില്‍ ഉണ്ടാതിന്നുന്നതും..എന്റെ ജീവിതം നായ നക്കി എന്ന് കരുതിയതാണ്.. ഭാഗ്യം കുട്ടിക്ക് ഒന്നും പറ്റിയില്ല..എന്തായാലും അന്നത്തോടെ നിര്‍ത്തി പരീക്ഷണങ്ങള്‍..

അപ്പോളേക്കും പത്താം ക്ലാസില്‍ എത്തിയിരുന്നു.. വീട്ടില്‍ ആഭ്യന്തര കലാപങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടി പുരപ്പെടാവുന്ന സാഹചര്യം ആയിരുന്നത് കൊണ്ട് എന്റെ താമസം സ്കൂളിനു അടുത്തുള്ള അമ്മായിയുടെ വീട്ടിലേക്കു മാറ്റി. അന്ന് പോയി വിജയ ശ്രീ ലാളിതയായി മടങ്ങി വരൂ എന്ന് പറഞ്ഞു യാത്ര ആക്കിയ എന്റെ സൈക്കിളിന്റെ അടുത്തേക്ക് പിന്നെ ഞാന്‍ ചെല്ലുന്നത് പരൂക്ഷ കഴിഞ്ഞു വെകെഷന് ആണ്..

വരൂ നമുക്ക് പറക്കാം എന്ന് പറഞ്ഞു കൂട്ടുകാരികളെ വിളിച്ചു
ഞങ്ങള്‍ ഇല്ലോ എന്നും പറഞ്ഞു അവര്‍ ഓടി ഒളിച്ചു..കാര്യം മനസിലാകാതെ അന്തം വിട്ടു നില്‍ക്കുന്ന എന്നോട് അവര്‍ ആ പേടി പങ്കു വെച്ചു.. സൈക്കിള്‍ ചവിട്ടിയാല്‍ ചാരിത്ര്യം തെളിയിക്കാന്‍ ഉള്ള കന്യാ ചര്‍മം നഷ്ട്ടമാവുമെന്നു വനിതയില്‍ വായിച്ചത്രേ.. ഇതൊന്നും അറിയാതെ ആണ് ഇത്രേം കാലം ചവിട്ടിയത്.. ആദ്യ രാത്രിയിലേക്ക്‌ മാറ്റി വെക്കാന്‍ ഇനി വല്ലതും ബാക്കി ഉണ്ടോ ആവോ..പെണ്ണുങ്ങളുടെ ചാരിത്ര്യം കവരുന്ന നീച്ച ... വഞ്ചക.. ഇനി എന്ത് ചെയ്യും .. ആലോചിച്ചിട്ട് ഞങ്ങള്‍ക്ക് ആര്‍ക്കും ഒരെത്തും പിടിയും കിട്ടിയില്ല..

റിസള്‍ട്ട്‌ വന്നു കോളേജും റാഗ്ഗിങ്ങും പ്രണയവും ഒക്കെ ആയി എല്ലാരും അങ്ങ് ബിസിയായി. ആളൊഴിഞ്ഞ പൂരപറമ്പ് പോലെ മിസ്സ്‌ ഇന്ത്യ ഷെഡില്‍ കയറി.. പെണ്ണുങ്ങളുടെ സൈക്കിള്‍ , എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞു അനിയന്‍ പോലും അവളെ മോശക്കാരി ആക്കി മാറ്റി നിര്‍ത്തി ..വര്‍ഷങ്ങള്‍ കഴിഞ്ഞു.. പുതിയ വീട് വെച്ച് താമസം മാറിയപ്പോള്‍ , അനാഥ പ്രേതം ആയി അക്കാലം അത്രയും മൂലക്കല്‍ ഇരുന്ന അവളെ നിങ്ങള്‍ എങ്കിലും നന്നായി നോക്കണേ എന്ന് വാടകക്കാരെ പറഞ്ഞെല്പ്പിച്ചാണ് ഞാന്‍ കെട്ടും ഭാണ്ടവും എടുത്തു ഇറങ്ങിയത്‌..

ഇടക്കൊരിക്കല്‍ പോയപ്പോള്‍ കണ്ടു തലങ്ങും വിലങ്ങും ബ്ലേഡ് വെച്ച് കീറിയ സീറ്റുമായി മഴയത് ഇരിക്കുന്ന അവളെ.. അപ്പോള്‍ തന്നെ വണ്ടി പിടിച്ചു വീട്ടിലേക്കു എടുപ്പിച്ചു.. ഒരു ഓര്‍മയ്ക്ക് , അവള്‍ നമ്മുടെ കാര്‍ ഷെഡില്‍ ഇരുന്നോട്ടെ എന്ന് ഉപ്പയോടും പറഞ്ഞു..പക്ഷെ ഞാന്‍ കല്ലിയാണം കഴിഞ്ഞു സ്ഥലം വിട്ട ഗ്യാപ്പില്‍ , ഒരു വാക്കുപോലും ചോദിക്കാതെ , പത്രക്കാരന്‍ പയ്യനോടൊപ്പം ,ഉപ്പ അവളെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇറക്കി വിട്ടു എന്ന് പിന്നീട് ഉമ്മ പറഞ്ഞു അറിഞ്ഞു..

അവളിപ്പോള്‍ ഉണ്ടോ ഇല്ലയോ.. അറിയില്ല.. എങ്കിലും എന്നോ ഒരിക്കല്‍ ഊരിവെച്ച അവളുടെ മുന്നിലെ മിസ്സ്‌ ഇന്ത്യ എന്ന് എഴുതിയ ആ കറുത്ത പെട്ടി അതിന്നും എന്റെ മുറിയിലെ റാക്കില്‍ ഇരിപ്പുണ്ട്.. കൌമാരത്തിലെ പ്രണയ ലേഖനങ്ങള്‍ , ഡയറികള്‍ ,മറ്റു ചില ലൊട്ടുലൊടുക്ക് സാധനങ്ങള്‍ ,എനിക്ക് മാത്രം അറിയുന്ന പല രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരിയാണ് അവളുടെ അവശേഷിക്കുന്ന ഓര്‍മയായ ആ പെട്ടി..

ഏപ്രില്‍ ഫൂള്‍

ഞങ്ങള്‍ ഗുധാമില്‍ ഉള്ള ആ പഴയ വീട്ടില്‍ ആയിരിക്കുന്ന സമയം.. 
കുടുംബക്കാര്‍ തന്നെയാണ് അയല്‍പക്കം..
രാവിലെ ഉപ്പാന്റെ പെങ്ങടെ വീട്ടില്‍ വീട്ടില്‍ നിന്നും ഉള്ള വിളി കേട്ടാണ് ഉണരുന്നത്..
" അമ്മായീ ...ഇങ്ങളെ കോഴി ഇതാ ഞങ്ങടെ കെണറ്റില്‍ ചത്തെടക്കുന്നു..."
"റബ്ബേ.. ഇപ്പങ്ങട്ടു ബിട്ടതല്ലേ ഒള്ളു കൊഴികൂട്..അപ്പളേക്കും ചാടിയാ.. ഏതു കോയി ആണാവം.. പുകനോ ..പെട്യോ.. മുട ഇടുന്ന ഒന്നേ ബാക്കിണ്ടായിരുന്നോള്ളൂ ..." ആദി പെട്ടുകൊണ്ട് ഉമ്മ അങ്ങോട്ടോടും.. പിന്നാലെ ഉറക്കം കണ്ണില്‍ തിരുമ്മി ഞാനും..

കിണറ്റിലെ ഇരുട്ടിലേക്ക് വെപ്രാളത്തോടെ എത്തി പാളി നോക്കുന്ന ഉമ്മയെ നോക്കി ചിരിയടക്കുന്ന അമ്മായിടെ മോന്‍ വാപ്പു... ഒന്നും തിരിയാതെ ഞാന്‍.....,.. 
പെട്ടെന്ന് കേള്‍ക്കാം "അമ്മായീ ഇന്നേതാ ദിവസം..കികികികി..ഏപ്രില്‍ ഫൂള്‍......,...." 

"പഹയാ അന്റെ ഒരു ഏപ്രില്‍ ഫൂള്‍.. .,.. കോയി പോയാ വേറെ വിരിപ്പിക്കാ.. കിണറ്റിലെ വെള്ളം ഈ കൊട്ടം വേനലില്‍ വറ്റിക്കണ്ടെ ..അതെയ്ന്നു ന്റെ പേടി..."
എത്ര സുന്ദരമായാണ് ഉമ്മ പ്ലേറ്റ് മറിച്ചത്.. ഞാന്‍ അത്ഭുതപെടും.. 

കോഴി,പശു, ആട് ,പാമ്പ് അങ്ങിനെ എല്ലാ ഏപ്രില്‍ ഒന്നിനും എന്തെങ്കിലും ഒക്കെ ഞങ്ങളെ ഫൂള്‍ ആക്കാന്‍ ആയിട്ട് കിണറ്റില്‍ ചാടി ആത്മഹത്യാ ചെയ്യും..അങ്ങിനെ എത്ര എത്ര കിടിലന്‍ ഫൂള്‍ ആക്കലുകള്‍....,..അടുത്ത പ്രാവശ്യം പറ്റിക്കപെടില്ലെന്നു എത്ര മനസ്സില്‍ ഉറപ്പിചാലും, ഒരിക്കല്‍പോലും രക്ഷ പെട്ടിട്ടില്ല ഞങ്ങള്‍..

ഫൂളാക്കുന്ന കാര്യത്തില്‍ വെല്ല്യംമായിയുടെ മകന്‍ വാപ്പു തന്നെയാണ് എന്റെ റോള്‍ മോഡല്‍....,..ആ പഴയ വീട് വിട്ടു NH ഇലെ പുതിയ വീട്ടിലേക്കു താമസം മാറിയതില്‍ പിന്നെ വാപ്പുവിന്റെ ട്രിക്കുകള്‍ ഞാന്‍ അയല്‍വാസികളില്‍ പരീക്ഷിച്ചു വിജയിച്ചു ... എളാപ്പയുടെ ഭാര്യ , ഈവയുടെ കൂട്ടുകാരി ഫിനു വിന്റെ ഉമ്മ ഖദീജാത്ത, കുഞ്ഞാലന്‍ കാക്കാടെ താത്ത അങ്ങിനെ എത്ര ആളുകളെ പമ്പര വിഡ്ഢികള്‍ ആക്കിയിരിക്കുന്നു ഏപ്രില്‍ ഫൂളിന്..

നാടും വീടും വിട്ടു ഇവിടെ എത്തിയതില്‍ പിന്നെ സാജിദ് ഇന്റെ മേല്‍ ആയി പരീക്ഷണം..എല്ലാ ഭര്‍ത്താക്കന്മാരെയും പോലെ വിവാഹ വാര്‍ഷികവും , പിറന്നാളും വരെ മറക്കുന്ന ആ മഹാന്‍ പക്ഷെ ഈ ദിനം മാത്രം കൃത്യം ആയി ഓര്‍ത്തു വെച്ച് എന്നെ ചമ്മിപ്പിച്ചു..

ഈ ഏപ്രില്‍ ഒന്നിന് ഞാന്‍ നാട്ടില്‍ ആയിരുന്നു.. അതും ആളുകളില്‍ നിന്നും ഒറ്റപെട്ട സാജിദ് ഇന്റെ വീട്ടില്‍....,..ഏപ്രില്‍ ഫൂള്‍ വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല..

എന്റെ വീട്ടില്‍ ആയിരിക്കണം.. അതും ആ പഴയ വീട്ടില്‍.. 
വാപ്പുവിന്റെ ആ ഒന്നൊന്നര ഫൂളാക്കള്‍...,.. ആലോചിച്ചിട്ട് ഒരു ഫൂള്‍ ആകാന്‍ കൊതിയാവുന്നു..

Tuesday, March 19, 2013

ഈവ മോള്‍ എന്നാ ബുദ്ധി മതി..

കുട്ടികള്‍ നമ്മളെക്കാള്‍ ബുദ്ധിമാന്മാര്‍ ആണ്.. 
ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികളോട് "തോനെ ഭക്ഷണം കഴിച്ചാലേ തോനെ ബുദ്ധി ഉണ്ടാവൂ ,പെട്ടെന്ന് വളരൂ " എന്നൊക്കെ പറഞ്ഞു നമ്മള്‍ അവരെ എങ്ങിനെ എങ്കിലും ആഹാരം കഴിപ്പിക്കും .

ഇന്നലെ ഞാനും ഈവയും ഭക്ഷണം കഴിക്കുമ്പോള്‍ ഈവ ചോദിച്ചു 

"മമ്മിക്കു തോനെ ബുദ്ധി വേണോ..?"

"ഉം .."

"എന്നാ എന്റെതും കൂടി മമ്മി തിന്നോ..."

വിരിയും മുന്‍പേ കൊഴിയുന്ന മൊട്ടുകള്‍..

ഞങ്ങള്‍ താമസിക്കുന്നതിനു നൂറു മീറ്റര്‍ അപ്പുറത്ത് ഒരു ഫ്ലാറ്റിന്റെ പണി നടക്കുന്നുണ്ട്. അവിടത്തെ പണിക്കാര്‍ , റോഡ്‌ സൈഡില്‍ ഷെഡ്‌ കെട്ടി , കുടുംബ സമേതം അവിടെ ആണ് താമസം. ഇവിടത്തെ പണികഴിഞ്ഞാല്‍ കുറ്റിയും പറിച്ചു , സാധങ്ങള്‍ വാരികെട്ടി അടുത്ത സ്ഥലത്തേക്ക്.. നാടോടികള്‍ തന്നെ..

ഒരു ദിവസം നോക്കുമ്പോള്‍ ഉണ്ട് ഒരു ഒന്നര വയസുകാരന്‍, തട്ടി വീഴാതെ നടക്കാന്‍ പഠിച്ചിട്ടില്ല , അവനെക്കാളും വലിയ ഒരു ചുറ്റികയും എടുത്തു വാര്പ്പിനുള്ള കമ്പി ക്കിട്ട് മേടുന്നു,ചോട്ടാ ഭീമും,ഡോരെമോനും ഒന്നും അവനെ കാത്തിരിക്കുന്നില്ലല്ലോ.. അവന്റെ കളി ഇതൊക്കെ തന്നെ..

മാസങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും നടക്കാന്‍ പോയി. ഫ്ലാറ്റിന്റെ പണി ഏകദേശം തീരാന്‍ ആയിരിക്കുന്നു. റോഡ്‌ സൈഡിലെ ടെന്റുകള്‍ ഇപ്പോള്‍ ഇല്ല. പകരം പണിക്കാര്‍ താമസിക്കുന്നത് ഫ്ലാറ്റിനു അകത്തേക്ക് മാറ്റിയിരിക്കുന്നു.

തിരിച്ചു വരുമ്പോള്‍ കണ്ടു അവനെ ,അവന്റെ അക്ക റോഡ്‌ അരികിലെ പൈപ്പില്‍ നിന്നും വെള്ളം പിടിച്ചു കുളിപ്പിക്കാന്‍ പരിശ്രമിക്കുന്നത്. അക്ക എന്ന് പറയാന്‍ മാത്രം ഒന്നും ഇല്ല. ഒന്നോ രണ്ടോ വയസു കൂടുമായിരിക്കും. മെലിഞ്ഞ കൈകാലുകളും പുറത്തേക്ക് ഉന്തിയ വയറും, നാലുപാടും പാറി പറന്ന ചെമ്ബ്ബന്‍ മുടിയും രണ്ടാള്‍ക്കും ഒരുപോലെ.

നീളം മാത്രം അവള്‍ക്കിത്തിരി കൂടും..
വല്ല വിധേനയും ആ വിക്രിതിയെ ഓടിച്ചിട്ട്‌ പിടിച്ചു അവള്‍ തലയിലേക്ക് രണ്ടു കപ്പു വെള്ളം കോരി ഒഴിച്ചു . ആദ്യത്തെ കപ്പുവെള്ളം ദേഹത്ത് വീഴുമ്പോള്‍ നാടോടിക്കുട്ടിയും പരിഷ്കാരി കുട്ടിയും തമ്മില്‍ ഒരു വെത്യാസവും ഇല്ലെന്നു തോന്നി.. കുളിരുമ്പോള്‍ ഉള്ള ഈവയുടെ ചാട്ടവും, കൂടെ പുറത്ത് വരുന്ന ഹോഹോഹോ ശബ്ദവും അവന്റെത്‌ തന്നെ..

രണ്ടു പേരും കുളി കഴിഞ്ഞു തിരിച്ചു പോകുന്നത് വരെ ഞാന്‍ അവരെ നോക്കി മാറി നിന്നു. തിരൂരിലെ ജാസിമിന്റെ പിന്‍ഗാമികള്‍ , അവര്‍ ഇവിടെയും കാണും. ഇതുപോലെ ഒരു പൊന്നനിയന്‍ ആ മൂന്നുവയസുകാരിക്കും ഉണ്ടായിരിക്കും..

കൂടെ കുളിക്കാനും, കുഞ്ഞികൈകള്‍ കൊണ്ട് പിടിച്ചു വെച്ച്തല തോര്‍ത്തി കൊടുക്കാനും അക്ക ഇനി എന്ന് വരും എന്ന് അവന്‍ അമ്മയോട് ചോദിക്കുന്നുണ്ടാകും...

******************************************

പാവം പാവം കുട്ടികള്‍..

കുഞ്ഞാവ വന്നതില്‍ പിന്നെ ഒറ്റയ്ക്ക് കുളിയും നനയും ആയതിനാല്‍ ഈവയുടെ "ചീരാപ്പ് " നില്‍ക്കുന്നില്ല.. വെകെഷന് നാട്ടില്‍ നിന്നും തലയില്‍ പേനുള്ള കസിന്‍സ് വരുന്നുണ്ട്. അതിനൊരു മുന്‍കരുതല്‍, മൂക്കൊലിക്കൊരു പരിഹാരം അങ്ങിനെ ആണ് മുടി വെട്ടാന്‍ കൊണ്ട് പോയപ്പോള്‍ കുറച്ചു കയറ്റി വെട്ടാന്‍ ഞാന്‍ പറഞ്ഞത്.. അതങ്ങ് കയറി കയറി ഹിമാലയം വരെ എത്തി..
കണ്ണാടിയില്‍ നോക്കി കുട്ടി കരച്ചിലോടു കരച്ചില്‍.. ,നോക്കി വെട്ടിക്കാതത്തിനു ,
തലയില്‍ മുടിയില്ലാത്തതിന്റെ ദുഃഖ ഭാരം കുഞ്ഞിന്റെ മുടിയില്‍ തീര്‍ക്കുന്ന ബാപ്പ ,തെറിയോടു തെറി.. കരഞ്ഞു കരഞ്ഞാണ് അവള്‍ അന്ന് ഉറങ്ങിയത്.


പണ്ട് രണ്ടാം ക്ലാസില്‍ വെച്ച് ,ഇതുപോലെ എന്റെ തലയില്‍ ഉപ്പ കൈ വെപ്പിച്ചപ്പോള്‍ , പിന്നെ ആ വര്ഷം മുടി വളരും വരെ മക്കാന ഇട്ടു സ്കൂളില്‍ പോയ ഒരു പഴയ ചരിത്രം ഉണ്ടെനിക്ക്..അത് വേണ്ടി വരുമോ എന്ന് പേടിച്ചു..

രാവിലെ സ്കൂളിലേക്ക് പോകാന്‍ നേരവും കരച്ചില്‍ തന്നെ. കുട്ടികള്‍ മൊട്ട എന്ന് വിളിക്കും. ഒരു വിധം ആണ് പറഞ്ഞയച്ചത്.

സ്കൂള്‍ വിട്ടു വരുമ്പോള്‍ നല്ല ഇടിയോടു കൂടിയ കരച്ചില്‍ പ്രതീക്ഷിച്ചതാണ്..
ഭാഗ്യം ആരും കളിയാക്കിയതും ഇല്ല..പോരാത്തതിന്ന നല്ല ഭംഗി ഉണ്ടെന്നു പറഞ്ഞും വിട്ടിരിക്കുന്നു... ഇനി എന്നും ഇങ്ങനെ വെട്ടിയാല്‍ മതിയത്രേ..

അല്ലെങ്കിലും കൂട്ടത്തില്‍ ഒരുത്തിക്ക് മേയ്ക്കപ്പ് കൂടി ബോര്‍ ആയാല്‍ പണ്ട് ഞാനും പറഞ്ഞിരുന്നത് .. wow.. നന്നായിരിക്കുന്നു എന്നായിരുന്നല്ലോ..

ഫേസ്‌ ബുക്ക്‌

ഗര്‍ഭിണിയായി ഓഫിസില്‍ പോകാതെ വീട്ടില്‍ ഇരുന്ന സമയത്ത് ഇരുപത്തിനാല് മണിക്കൂറും ഫേസ് ബുക്കില്‍ ആയിരുന്നു..

കട്ടിലില്‍ തുണികള്‍ കുന്നുകൂടി..
ഫ്രിഡ്ജ്‌, രോഗാണുക്കള്‍ ഹണിമൂണ്‍ സ്പോട്ട് ആക്കി..
അടുക്കളയുടെ മൂലകളില്‍ കൂറകള്‍ വിഹരിച്ചു..
ഭക്ഷണത്തിന്റെ മെനു ബ്രെഡ്‌ഇലെക്കും കഞ്ഞിയില്ലെകും ഒതുങ്ങി...
അങ്ങിനെ വീട് ആകെ കുഴഞ്ഞു മറിഞ്ഞു.

അല്ലെങ്കിലെ ദുര്‍ബല ,കൂടെ ഗര്‍ഭിണിയും . അതുകൊണ്ടാവണം വീട്ടില്‍ കലാപങ്ങള്‍ ഒന്നും പോട്ടിപുറപ്പെട്ടില്ല..

എനിക്ക് നന്നാവണം എന്നുണ്ട്. പക്ഷെ നടക്കുന്നില്ല.
എത്ര കിണഞ്ഞു വിചാരിച്ചിട്ടും ഫേസ് ബുക്ക്‌ അഡിക്ഷന്‍ മാറുന്നില്ല.. പ്രതിജ്ഞ എടുക്കുന്നു.. സ്വന്തം പേരിലും ഉമ്മാന്റെ പേരിലുംആണയിടുന്നു . ഇനി എഫ് ബി യില്‍ കണ്ടാല്‍ പരസ്യമായി വാളില്‍ ഗുണദോഷിക്കാന്‍ സാജിദിനെ ചട്ടംകെട്ടുന്നു..പക്ഷെ നോ രക്ഷ !!

അവര്‍ രണ്ടും പോയാല്‍ ഞാന്‍ വീണ്ടും തഥൈവ ജാഹ...
ലാപ്ടോപ് എന്നാല്‍ എഫ് ബി മാത്രം ആയി എനിക്ക്..

അറ്റകൈക്ക്,ഒരു ദിവസം ആരോടും പറയാതെ അക്കൗണ്ട്‌ ഡീ ആക്ടിവേറ്റ് ചെയ്ത് ,വീടൊക്കെ ക്ലീന്‍ -ക്ലീന്‍ ആക്കി , അടിപൊളി ഭക്ഷണവും ഉണ്ടാക്കി സാജിദിനെ ഞെട്ടിക്കാന്‍ കാത്തിരുന്ന ഞാന്‍ വന്നു കയറിയ ആളെ കണ്ടു പേടിച്ചു വിറച്ചു..

കാമുകന് അയച്ച മെസേജ് വഴിതെറ്റി കിട്ടിയ ഭര്‍ത്താവിനെ പോലെ ദേഷ്യം കൊണ്ട് ചുമക്കുന്ന അങ്ങേരുടെ ചോദ്യം.....

"ഒരുകാരണവും ഇല്ലാതെ ഇന്ന് എന്നെ നീ ബ്ലോക്കി , നാളെ വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസ് അയക്കില്ലെന്ന് ആര് കണ്ടു."

*****ശുഭം ***
********************************************************

അടിച്ചു മാറ്റിയ കഥ

അച്ഛന്റെ കൈ പിടിച്ചു ,ആദ്യമായി ഫുട്ബാള്‍ പരിശീലനത്തിന് പോകുമ്പോള്‍ അവനന്നു പതിനാലു വയസ് . അവന്‍ അല്ല ടീമിലെ ബെസ്റ്റ് പ്ലയെര്‍ എന്നറിഞ്ഞിട്ടും ,ഒരു ദിവസം പോലും മുടങ്ങാതെ അച്ഛനും അവന്റെ കൂടെ കൂട്ടുപോയി.

സ്കൂള്‍ ടൂര്‍ണമെന്റ് തുടങ്ങിയപ്പോള്‍ അവനു കളിയ്ക്കാന്‍ ചാന്‍സ് കിട്ടിയതെ ഇല്ല. എന്നിട്ടും അച്ഛന്‍ വരുന്നതിനു മാറ്റം ഒന്നും ഉണ്ടായില്ല.. അവന്റെ ടീം ആദ്യത്തെയും രണ്ടാമത്തെയും ഏഴാമത്തെയും മാച്ച് കളിചു , മറ്റുള്ളവര്‍ അവനെക്കാള്‍ തകര്‍ത്തു കളിച്ചതിനാല്‍ അവനു ഒരു ചാന്‍സ് പോലും കിട്ടിയതെ ഇല്ല . സെമിഫൈനല്‍ കഴിഞ്ഞു. അവരുടെ ടീം ഫൈനല്‍ ഇലെത്തി.
എന്തോ അന്ന് അവന്റെ കൂടെ അച്ഛന്‍ വന്നിരുന്നില്ല.അന്നവര്‍ മോശം ആയാണ് കളിച്ചത്,ഒരു ഗോള്‍ പോലും അടിക്കാതെ രണ്ടു ഗോള്‍ വഴങ്ങി തൊട്ട് നില്‍ക്കുന്ന സമയം.

കളികഴിയാന്‍ അഞ്ചു മിനുട്ട് ഉള്ളപ്പോള്‍ അവന്‍ കോച്ചിന്റെ കാലു പിടിച്ചു. ഒരു ചാന്‍സ് കിട്ടാന്‍...ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും അവന്റെ വാക്കുകളിലെ ആത്മ വിശ്വാസം കണ്ടു കോച്ച് സമ്മതിച്ചു. ആ അവസാന അഞ്ചു മിനുട്ടില്‍ മൂന്നു ഗോള്‍ അടിച്ചു അവന്‍ ടീമിനെ രക്ഷിച്ചു..

സന്തോഷത്തോടെ ഓടി വന്നു കെട്ടിപിടിച്ച കോച് , അവന്റെ കഴിവിനെ മനസിലാക്കാന്‍ വൈകിയതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് അച്ചന്‍ എവിടെ എന്ന് ചോദിച്ചു..

"സാര്‍. എന്റെ അച്ചന്‍ അന്ധന്‍ ആയിരുന്നു. ഇത്രയും കാലം ഞാന്‍ കളിചിരുന്നില്ലെന്നു അച്ഛന് അറിയില്ലായിരുന്നു. ഇന്നലെ രാത്രി അച്ചന്‍ മരിച്ചു.. എനിക്കച്ചനെ നഷ്ട്ടപെട്ടെങ്കിലും ,അങ്ങകലെ ആകാശത്തില്‍ ഇരുന്നു എന്റെ കളി കണ്ടു സന്തോഷിക്കുന്ന അച്ചനു കാണാനാണു ഞാന്‍ ഇന്ന്ക ളിച്ചത്..എന്റെ ഏറ്റവും നല്ല കളി.."

Monday, November 26, 2012

വിഡ്ഢിയാക്കപെടുന്ന കാലം



ബുദ്ധി ഉറക്കാത്ത പ്രായത്തില്‍ ശരീരത്തിലേക്ക് പാഞ്ഞു കയറിയ അന്യന്റെ അനുഭവങ്ങള്‍ എല്ലാര്‍ക്കും ഉണ്ട്. പ്രതികരിക്കാന്‍ ,വീട്ടില്‍ പറയാന്‍ ഒക്കെ പേടിയായിരുന്നു പലര്‍ക്കും അക്കാലത്ത്. അത് മുതലെടുത്താണല്ലോ പ്രാന്തന്മാര്‍/ ആപ്രായക്കാരെ തിരഞ്ഞു പിടിച്ചത്...

പഴയ ഇരകള്‍ വളര്‍ന്നു നമ്മളാകും . കൈകള്‍ക്ക് ശക്തിയും തൊണ്ടക്കുഴിയില്‍ ഒച്ചയു
ം നിറയും . പ്രാന്തന്മാര്‍ മാന്യതയുടെ മേലങ്കി അണിഞ്ഞു കുഞ്ഞുകുട്ടി പരാധീനതകളില്‍ ചങ്ങല്യ്ക്കിടപ്പെടും . നമ്മള്‍ അവരെ കാണുമ്പോള്‍ പഴയതെല്ലാം മറന്നു വീണ്ടും ചിരിച്ചു ലോഹ്യം പറയും. പേപ്പട്ടികളുടെ പിന്‍ഗാമികള്‍ പുതിയ ഇരയെ തേടിപോകും. എല്ലാത്തിനും സാക്ഷിയായ കാലം നമ്മെ നോക്കി ചോദിക്കും

" ഹേ സ്വാര്‍ത്ഥനായ മനുഷ്യാ.. നിന്റെ മനസിലെ മുറിവ് ഞാന്‍ ഉണക്കിയത് , പല്ലും നഖവും വളരാത്ത നിന്റെ കുഞ്ഞിനെ മറക്കാന്‍ ആയിരുന്നോ ?" 

Monday, November 19, 2012

വയനാടന്‍ ചുരം ഇറങ്ങിവന്ന പ്രണയം


                                         ഒന്‍പതാം ക്ലാസിലെ ഒരു ഉച്ച സമയം.ഭക്ഷണം കഴിച്ചു കഴിഞ്ഞു തിളച്ചു പൊങ്ങുന്ന വെയിലിന്റെ ആലസ്യത്തില്‍ ടെസ്ക്കില്‍ തല വെച്ചു കിടന്നു പുറത്തെ കാഴ്ചകള്‍ കാണുകയാണ് .ഗ്രൌണ്ടിനോട് ചേര്‍ന്ന് ഒരു നെല്ലി മരം ഉണ്ട് . കുറച്ചു മാറി കിണറും. പാത്രം കഴുകി വെള്ളം കുടിച്ചു , കുപ്പി നിറച്ചു പോകുന്ന പെണ്‍കുട്ടികള്‍ നെല്ലി മരത്തിനു ചുവട്ടില്‍ ഒരു റൌണ്ട് തിരിഞ്ഞു കളിക്കുന്നു. കാഞ്ഞിരത്തെ തോല്‍പ്പിക്കുന്ന കൈപുള്ള കുഞ്ഞു നെല്ലിക്കകള്‍ നല്ല ഡിമാന്റ് ആണ്. വെള്ളം കൂടി അകത്തു ചെല്ലുമ്പോള്‍ അതിനൊരു പ്രത്യേക രസം ഉണ്ട് .

അകത്തേക്കുള്ള ബെല്‍ അടിക്കാന്‍ നേരം ആരോ വന്നു പറഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിക്കുന്നുണ്ടെന്ന്. ലീഡര്‍ ആയതു കൊണ്ട് പ്രത്യേക ഊഹാപോഹങ്ങള്‍ നടത്താതെ ആണ് ഞാന്‍ ഓടി ചെന്നത്.ക്ലാസ് ടീച്ചറും മലയാളം ടീച്ചറും ഉണ്ട്. രണ്ടു പേരുടെയും മുഖത്ത് കള്ളത്തരത്തില്‍ പൊതിഞ്ഞ ഒരു ഗൌരവം . എന്തോ അപകടം മണത്തു, എന്റെ മുഖത്തെ സ്ഥായിയായ കള്ള ചിരി ഒരു നിമിഷത്തേക്ക് അടര്‍ത്തിമാറ്റി ആരെയും വിലക്ക് വാങ്ങാന്‍ പോന്ന ഒരു നിഷ്കളങ്ക ഭാവം ഫിറ്റ്‌ ചെയ്തു അടുത്തേക്ക് ചെന്നു.

ക്ലാസ്സ്‌ ടീച്ചര്‍ നേരെ കാര്യത്തിലേക്ക് കടന്നു," നിന്നോട് ആര്‍ക്കെങ്കിലും പ്രേമം ഉണ്ടോ ?"
"ങേ ..? ...!"
" നിനക്കുണ്ടോ ? .."
"അയ്യോ ഇല്ല ടീച്ചര്‍ ...!!"
"വിവേകുമായി .......?"
അവസാനത്തെ ചോദ്യത്തില്‍ എന്റെ കമ്പ്ലീറ്റ്‌ ഗ്യാസും പോയി. കാരണം അതിലൊരു കുഞ്ഞു സത്യം ഉണ്ടായിരുന്നു . ഞാന്‍ ദയനീയ മായി മലയാളം ടീച്ചറെ നോക്കി. എന്റെ അവസ്ഥ അറിഞ്ഞിട്ടെന്നോണം അടുത്ത സെക്കന്റ്‌ ബെല്‍ അടിച്ചു . മേശ വലിപ്പില്‍ നിന്നും ഒരു ഇന്‍ലന്‍ഡ്‌ എടുത്തു കയ്യില്‍ തന്നു. കൂടുതല്‍ ഒന്നും പറയാനോ കേള്‍ക്കാനോ ശക്തിയില്ലാതെ ഞാന്‍ അതും വാങ്ങി ക്ലാസിലേക്ക് ഓടി.

അഞ്ചു നിമിഷത്തേക്ക് എന്നെ മുള്ളില്‍ നിര്‍ത്തിയ ആ നീല കടലാസ് ബോംബ്‌ ,ക്ലാസ് എത്തിയപ്പോളെക്കും കയ്യില്‍ ഇരുന്നു നനഞ്ഞു കുതിര്‍ന്നിരുന്നു. മടക്കു നിവര്‍ത്തി അതിന്റെ ഉല്പത്തി എവിടെനിന്നാണെന്ന് മാത്രം ഒന്ന് നോക്കി
From,
അഭിലാഷ് പോള്‍,
മീനങ്ങാടി .
വയനാട് .
ഉള്ളില്‍ വെട്ടിയ വെള്ളിടി പുറത്ത് കാണിക്കാതെ അതേപടി ബാഗില്‍ തിരുകി നോട്ട് ബുക്ക്‌ എടുത്തു തുറന്നു വെച്ചു. ക്ലാസില്‍ സാമൂഹ്യ പാഠം തകര്‍ക്കുന്നതിനിടയില്‍ ഞാന്‍ മനസ് കൊണ്ട് കാതങ്ങള്‍ പിന്നോട്ട് സഞ്ചരിച്ചു കാലികറ്റ് ആര്‍ ഇ സി യില്‍ എത്തിയിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പാണ്. പരിഷത്തിന്റെ ആ വര്‍ഷത്തെ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് എനിക്കും  അവസരം കിട്ടുന്നത് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ശാസ്ത്ര പ്രൊജെക്ടുകള്‍ അവതരിപ്പിക്കുന്നു . കൃഷിയെ കുറിച്ചുള്ള ഒരു പ്രബന്ധം ആണ് ഞാന്‍ അവതരിപ്പിക്കുന്നത്‌. . , വലിയ കിടുക്കന്‍ ഒന്നും അല്ല. ഒരു തട്ടികൂട്ടല്‍ സംഭവം .
                  ആര്‍ ഇ സി എന്ന് കേട്ടിടുന്ടെന്നല്ലാതെ പോകുന്നത് ആദ്യമായാണ്  . കാന്റീനില്‍ ഭക്ഷണം പങ്കിട്ടു കഴിക്കുന്ന ആണ്‍ പെണ്‍ സുഹൃത്തുക്കള്‍. , ബാറ്മിന്റ്ടന്‍ കോര്‍ട്ടില്‍ ഓടി തളരുന്ന വെള്ള ഉടുപ്പിട്ട പൂമ്പാറ്റകള്‍ .രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും നമ്മുടെ നാട്ടിലേക്ക് പഠിക്കാന്‍ വന്ന ബുജീസ് .അങ്ങിനെ പല  പുതിയ  കാഴ്ചകള്‍  കൊണ്ടും   ഒരു  വിസ്മയം തന്നെ ആയിരുന്നു ആ കാമ്പസ്

ഉദ്ഘാടനവും പ്രബന്ധം അവതരിപ്പിക്കലും ആദ്യ ദിവസം തന്നെ കഴിഞ്ഞു.  അന്ന് രാത്രി പരിപാടികള്‍  ഒന്നും ഇല്ല.ലേഡീസ് ഹോസ്റ്റലിനോട് ചേര്‍ന്നുള്ള ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട് ആയിരുന്നു പെണ്‍കുട്ടികള്‍ക്കുള്ള താമസസ്ഥലം .അലുമിനിയം ഷീറ്റിട്ട മേല്‍കൂരയെ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് കമ്പികളില്‍ നിറയെ പ്രാവുകള്‍ .പതിവില്ലാതെ എത്തിയ ഒരു കൂട്ടം അതിഥികളെ കണ്ടു പരിഭ്രമിച്ച   അവ നാലുപാടും പറന്നു .കൂട്ടത്തില്‍ ഞങ്ങളില്‍ ചിലരുടെ ഈളിയിടലും കൂടി ആയപ്പോള്‍ ആകെ ബഹള മയം. എല്ലാം ഒന്നടങ്ങാന്‍ കുറച്ചു സമയം എടുത്തു .ദൂരം സ്ഥലത്ത് നിന്നും യാത്ര ചെയ്തു വന്നവര്‍ ആയതു കൊണ്ട് ആവാം എല്ലാരും വേഗം ഉറക്കം പിടിച്ചു .

രണ്ടാം ദിവസം സ്ഥിരം പരിപാടികള്‍ ആയ പരിസ്ഥിതി നിരീക്ഷണവും വാന നിരീക്ഷണവും. കണ്ടല്‍ കാടുകള്‍ ആദ്യമായി കാണുകയായിരുന്നത് കൊണ്ട് വിരസത തോന്നിയില്ല. അന്ന് വൈകീട്ടായപ്പോലെക്കും എനിക്കൊരു കൂട്ടുകാരിയെ കിട്ടി. പത്താം ക്ലാസുകാരി സൂര്യ.പ്രാവുകളുടെ കുറുകലും ഇടയ്ക്ക് പറന്നു കളിക്കുന്ന വവ്വാലുകളും , ഞങ്ങള്‍ക്ക് ഉറക്കം വന്നതേ ഇല്ല . വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു എപ്പോളോ ഉറങ്ങിപോയി.

ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നാണു പേരെങ്കിലും സാഹിത്യം പൊടിക്ക് പോലും കാണാറില്ല. അത് തിരുത്താന്‍ ആയിരിക്കണം അപ്പ്രാവശ്യം ജി മാധവന്‍ നായര്‍ പോലെയുള്ള കുറെ ശാസ്ത്രഞ്ഞരോടൊപ്പം , ഒ എന്‍ വി യും ക്ഷണിക്കപ്പെട്ടിരുന്നു ശാസ്ത്രത്തെ സാഹിത്യത്തില്‍ പൊതിഞ്ഞു കെട്ടി തരുന്ന ഒരു  സ്റ്റൈല്‍... .,മൂന്നു ദിവസം പെട്ടെന്ന്  കഴിഞ്ഞു .

അവസാന ദിവസം സംശയങ്ങള്‍ ചോദിക്കാന്‍ ഉള്ള സെക്ഷന്‍ ഉണ്ട് .ഭാവി ശാസ്ത്രഞ്ജര്‍ ആണ് ഞങ്ങള്‍ കുട്ടികള്‍,. എന്ത് കണ്ടാലും സംശയം തോന്നണം . കൂടുതല്‍ ചോദ്യം ചോദിക്കുന്നവര്‍ നാളെ മിനിമം ചന്ദ്രനില്‍ എങ്കിലും പോകും . എത്ര കിണഞ്ഞു മറിഞ്ഞു ചിന്തിച്ചിട്ടും എന്റെ തലയില്‍ ഒരു സംശയവും ഉദിക്കുന്നില്ല . മറ്റു കുട്ടികള്‍ ആണെങ്ങില്‍ അണ്ട കടാഹത്തിലെ മുക്കിനെയും മൂലയും പറ്റി വരെ അറിഞ്ഞു വെച്ച് ഷൈന്‍ ചെയ്യുക ആണ്
എന്റെ ബള്‍ബ് പെട്ടെന്ന് ഒന്ന് മിന്നി .
" അടുപ്പിലേക്ക് ഊതിയാല്‍ തീകത്തും, എന്നാല്‍ വിളക്കിലേക്ക് ഊതിയാല്‍ കെട്ടു പോകും . അതെന്താ അങ്ങിനെ ..?"
'ശാസ്ത്രഞ കുഞ്ഞുങ്ങളെ ' ഞെട്ടിച്ച ഒരൊറ്റ യമണ്ടന്‍ ചോദ്യത്തിലൂടെ ആ അവസാന ദിവസത്തില്‍ റേറ്റിംഗ് റോക്കറ്റ് പോലെ ഉയര്‍ന്നു ഞാന്‍ സ്റ്റാര്‍ ആയി . പരിചയപ്പെടാനും അഡ്രെസ്സ് വാങ്ങികാനും ചുറ്റിനും ആളുകള്‍.. , ഇങ്ങിനെയുള്ള പോഴത്തരം എഴുന്നള്ളിച്ചാണ് അന്നേ ഞാന്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നത്.

കുറെ നല്ല ഓര്‍മകളുമായി തിരിച്ചു വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞില്ല കത്തുകള്‍ വന്നു തുടങ്ങാന്‍. ., കോംമ്പലകള്‍ കണക്കിന് പോസ്റ്റ്‌ കാര്‍ഡുകള്‍ , കൂട്ടത്തില്‍ വെത്യസ്തനായി ഒരു ഇന്‍ലന്‍ഡ്‌ - അഭിലാഷ് പോള്‍ ,മീനങ്ങാടി. മൂക്കിനു താഴെ കറുത്ത  മണിയുള്ള വെളുത്തു മെലിഞ്ഞ പയ്യന്‍ ഓര്‍മയില്‍ ഉണ്ടായിരുന്നു .
ഇരുപത്തഞ്ചു പൈസയുടെ പോസ്റ്റ്‌ കാര്‍ഡ്‌ വാങ്ങി എല്ലാര്‍ക്കും തിരിച്ചു എഴുതി . രണ്ടോ മൂന്നോ എഴുത്ത് കുത്തുകള്‍. , അതിനു മുകളില്‍ ആയുസുണ്ടായിരുന്നില്ല ആരുടെ എഴുത്തിനും .

പക്ഷെ അഭിലാഷിന്റെ എഴുത്തുകള്‍ മുറ തെറ്റാതെ വന്നു കൊണ്ടിരുന്നു. തെളിഞ്ഞ നീലാകാശത്ത് അങ്ങിങ്ങ് പാറി നടക്കുന്ന മേഘങ്ങളേ പോലെ മെല്ലിച്ച അക്ഷരങ്ങളില്‍ കുഞ്ഞു സ്നേഹം ഒളിപ്പിച്ചു വെക്കുന്ന വരികള്‍ . പോസ്റ്റു കാര്‍ഡുകള്‍ വേണ്ടെന്നു പറയാന്‍ മടിചിട്ടാവണം ഒരിക്കല്‍ എഴുത്തിനൊപ്പം ബ്ലാങ്ക് ഇന്‍ലന്ടും കവറില്‍ ഇട്ടു അവന്‍ അയച്ചത് . ശേഷം ഞാനും എഴുത്ത് ഇന്‍ ലന്‍ഡ്‌ഇലേക്ക് മാറ്റി .

സ്കൂളിലെ കളികള്‍ , ക്ലാസിലെ തമാശകള്‍ അങ്ങിനെ പഴയതൊക്കെ വേഗം പറഞ്ഞു തീര്‍ന്നു . പുതിയ സംഭവ വികാസങ്ങള്‍ പാകമാകും മുന്‍പേ പരിഭവ കണ്ണുകളോടെ അവന്റെ എഴുത്തുകള്‍ വയനാടന്‍ ചുരം ഇറങ്ങി വരും. മെല്ലെ മെല്ലെ വരികളില്‍ ഒരു കാമുക ഹൃദയം തെളിഞ്ഞു തുടങ്ങിയപ്പോള്‍ ആണ് സോകാര്യതക്ക് വേണ്ടി വീട്ടഡ്രസ്സ്‌ മാറ്റി സ്കൂളിലേക്ക് ആക്കിയത് . ജില്ലകള്‍ക്ക് അപ്പുറത്തുനിന്നും  വരുന്ന ആ പ്രണയ കുറിപ്പുകള്‍ ബോര്‍ അടിക്കാത്തിടത്തോളം കാലം തുടര്‍ന്നോട്ടെ എന്ന് ആത്മ മിത്രം മോളിയും പറഞ്ഞു

ഞാനും അവളും  ചേര്‍ന്ന് പിടികൊടുക്കാത്ത മറുപടികള്‍ എഴുതി അയച്ചു . പത്താം ക്ലാസിലെ ചേട്ടന്മാരുമായുള്ള വൈകീട്ടത്തെ ഷട്ടില്‍ പ്രക്ടീസിനെ കുറിച്ചോ , വഴിവക്കില്‍ സ്ഥിരമായി കാത്തു നില്‍ക്കുന്ന ഇമാജിനറി കാമുകനെ കുറിച്ചോ പറഞ്ഞാല്‍ അടുത്ത കത്തില്‍ ഒരു വിങ്ങുന്ന കാമുക ഹൃദയം ഉറപ്പ്. മഴയുണ്ടെന്നും ഷട്ടില്‍ കളിച്ചു വീണു കാലു ഉളുക്കരുതെന്നും കരുതല്‍ .

പരീക്ഷ ക്കാലം വരുന്നു. ഒന്‍പതാം തരം പത്തിനേക്കാള്‍ പ്രയാസം . ഒരുപാട് പഠിക്കാന്‍ ഉണ്ട്. കത്തെഴുതാന്‍ ഒന്നും സമയം ഇല്ല. ഇടവേളകള്‍ വലുതാകുന്നതിനനുസരിച്ചു അവന്റെ വരികളിലെ തീക്ഷ്ണത കൂടിവരുന്നു. പഞ്ചാര +പരിഭവം കൂടികൂടി വന്നപ്പോള്‍ അവസാനം കത്തി വെക്കാന്‍ തന്നെ തീരുമാനിച്ചു

ഒറ്റ വെട്ടിനു അവന്റെ  പ്രണയത്തിന്റെ തല പോകണം എന്ന് കരുതിയാണ് ക്ലാസിലെ അന്നത്തെ ഹീറോ വിവേകിന്റെ കാര്യം എടുത്തു പ്രയോഗിച്ചത്.പത്ത് ശതമാനം സത്യത്തില്‍ ബാക്കി തൊണ്ണൂറു ശതമാനം ഭാവന ചേര്‍ത്ത് പൊലിപ്പിച്ച ഒരു പ്രണയ കഥ എഴുതി അയച്ചു .വലിയ ഒരു പൊല്ലാപ്പ് തലയില്‍ നിന്നും ഇറക്കി വെച്ച ആശ്വാസത്തില്‍ ഇരിക്കുകയായിരുന്നു .പക്ഷെ എല്ലാ സമാധാനവും കളഞ്ഞു കൊണ്ട് ഇതാ വന്നിരിക്കുന്നു അടുത്തത്.

ഏറെ പ്രിയപ്പെട്ട ടീച്ചറുടെ മുന്നില്‍ ആണ് നാണം  കെട്ടിരിക്കുന്നത് . അതിനുള്ളില്‍ എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളു. അവസാന ബെല്‍ അടിച്ചതും ബാഗുമെടുത്ത് പുറത്തിറങ്ങി . വന്നുപെട്ട നാണക്കേട്‌ മറ്റാരും  അറിയാതെ കുഴിച്ചു മൂടണം . ഒന്ന് തുറന്നുപോലും നോക്കാതെ അവന്റെ ചോരയൊലിക്കുന്ന  ഹൃദയത്തെ കുനുകുനെ നുറുക്കി സ്കൂള്‍ കിണറിലേക്ക് പറത്തി വിട്ടു. നീല പൊട്ടുകള്‍ ആയി വെള്ളത്തിനു മുകളില്‍ ഒരു വേള തങ്ങി നിന്ന് മെല്ലെ മെല്ലെ ആഴങ്ങളിലേക്ക് അത് താഴ്ന്നു പോയപ്പോള്‍ എന്റെ ഉള്ളില്‍ ഒരു കൊട്ട അമര്‍ഷത്തിനു അപ്പുറത്ത്  അവനെ ഓര്‍ത്തുള്ള ഒരു തുള്ളി സ്നേഹമോ സങ്കടമോ ഇല്ലായിരുന്നു. ക്ലാസ് വിട്ടു വരുന്ന കൂട്ടുകാരികളുടെ കൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ ടീച്ചറുടെ മുന്നില്‍ അഴിഞ്ഞുവീണ മുഖംമൂടി ഉണ്ടാക്കിയെടുക്കുന്നതിനെ കുറിച്ച് മാത്രമായിരുന്നു ആലോചന.

വര്‍ഷങ്ങള്‍ കടന്നുപോയി. നിരസിക്കപെടാന്‍ മാത്രം യോഗമുണ്ടായ ഒരു തീവ്ര പ്രണയം എനിക്കും ഉണ്ടായി. അവഗണനയുടെ തീച്ചൂളയില്‍ മനസ് വെന്തിരിക്കുംപോള്‍ വേണ്ടും ആ മീനങ്ങാടിക്കാരനെ കുറിച്ചോര്‍ത്തു. ഇര കാണിച്ചു കൊതിപ്പിച്ചു കുളത്തില്‍ നിന്നും കരയിലേക്ക് എടുത്തെറിഞ്ഞു കയ്യിലെ പൊടിതട്ടി നടന്നുപോയ ആ ഒന്‍പതാം ക്ലാസുകാരി എത്ര സ്വാര്‍ത്ഥ ആയിരുന്നു എന്നോര്‍ത്തപ്പോള്‍ കണ്ണിന്റെ കോണില്‍ ഒരു കുഞ്ഞു നനവ്‌ പൊടിഞ്ഞു

Sunday, October 28, 2012

വരാനുള്ളത് വഴിയില്‍ തങ്ങില്ല

പേരു കേട്ട തറവാട്ടില്‍ ജനിച്ചു എന്നതല്ലാതെ , കണ്ണെടുക്കാത്ത സൌന്ദര്യമോ , കാര്യ പ്രാപ്തിയുള്ള ഏട്ടന്മാരോ ഇല്ലായിരുന്നു അവള്‍ക്കു. സ്വന്തം നിലയില്‍ പേര് കേള്‍പ്പിച്ചിട്ടുണ്ട് _ ആരെയും കൂസാത്ത ,നട്ടെല്ലും ചങ്കുറപ്പും ഉള്ളവള്‍ ആണെന്ന് .പക്ഷെ ഇത് ബാങ്കിലെ വാച്ച് മാന്‍ പോസ്റ്റിനുള്ള അപേക്ഷ അല്ല , വിവാഹ മാര്‍ക്കറ്റ്‌ ആണ്.പുരോഗമന വാദിയായ വാപ്പയും , ആവശ്യത്തില്‍ കുറവ് മത പഠനവും അവളെ രണ്ടാം തരക്കാരി ആക്കി അ
വിടെ.

കൂടാതെ അവളുടെ മുടിഞ്ഞ സിംഗിള്‍ ലൈന്‍ പ്രേമം എട്ടുനിലയില്‍ പൊട്ടി സുല്ലിട്ടിരിക്കുന്ന സമയവും.കുടുംബത്തിലെ പല പ്രാധാന സുന്ദരികളും എല്ലാം തികഞ്ഞിട്ടും ആര്‍ക്കോ വേണ്ടി പുര നിറഞ്ഞു നില്‍ക്കുന്നു . എല്ലാം കൂടി അവളുടെ ഉമ്മയുടെ നെഞ്ചിലെ തീ അലിക്കത്തിച്ചു. മെല്ലെ മെല്ലെ അത് അവളിലെക്കും പടര്‍ന്നു.അങ്ങിനെ ആണ് ഫൈനല്‍ ഇയര്‍ ആയിട്ട് മതി വിവാഹാലോചനകള്‍ എന്ന് പറഞ്ഞു നിന്നിരുന്ന അവള്‍ മൂന്നാം വര്ഷം തന്നെ അതിനു മൌനാനുവാദം കൊടുത്തത്.

വര്‍ഷങ്ങള്‍ ആയി പാര്‍ടി പത്രം വന്നിരുന്ന ആ വീട്ടില്‍ അങ്ങിനെ ഞായറാഴ്ചകളില്‍ മാത്രം മാധ്യമം വന്നു തുടങ്ങി. രാവിലെ പത്രം വന്നാല്‍ മാട്രിമോണിയല്‍ പേജ് നോക്കി വിളിക്കാനുള്ളവരെ മഷി പെന്നുകൊണ്ട് അടയാളം ഇട്ടിട്ടേ ആ വീട്ടില്‍ അന്ന് അടുപ്പുകൂടെ പുകഞ്ഞിരുന്നുള്ള് .

ഇതിനിടക്ക്‌ "പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ട്യോള്‍ ഉണ്ടോ " എന്ന് വിളിച്ചു ചോദിച്ചു നടക്കുന്ന ചില അത്തറുപൂശി കളുടെ കണ്ണിലും അവള്‍ പെട്ടു. വെളുക്കനെ ഉള്ള ചിരി, എണ്ണക്കറുപ്പിനെ തോല്‍പ്പിക്കുന്ന ടൈ തേച്ച മുടി, പളപളാ മിന്നുന്ന ഉടുപ്പ്, പൊടീ പറ്റാത്ത ചെരുപ്പ് , കയ്യില്‍ സ്വര്‍ണം തോല്‍ക്കുന്ന തിളങ്ങുന്ന വാച്ച് എന്നിവയില്‍ വലിയ കോമ്പ്രമൈസ് ചെയ്യാത്ത ആളുകള്‍ ആയിരുന്നു അന്നാട്ടിലെ ബ്രോക്കെര്‍മാര്‍ . കയ്യിലുള്ള ചെക്കന്മാരുടെ സ്റ്റാറ്റസ് അനുസരിച്ചു , മേല്‍ പറഞ്ഞ ഗുണങ്ങളില്‍ ഇച്ചിരി പോരം ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ ആയി.

ഇല്ലാത്ത ഉയരം കൂട്ടി പറഞ്ഞും ഉള്ള പ്രായം കുറച്ചു പറഞ്ഞും ധല്ലാളുമാര്‍ അവരുടെ പണിയും തുടങ്ങി : "കാണാന്‍ വരും മുന്പ് ചെക്കന്‍ പറയും ആനെയെ വേണം ചേനെനെ വേണം, എന്ത് പിത്തന പറഞ്ഞിട്ടാനെങ്കിലും വന്നു കണ്ടു ഓന് പിടിച്ചാ പിന്നെ ഞമ്മള് കൈച്ച്ലായി ..ആദ്യം പറഞ്ഞതൊന്നും അപ്പൊ ഓന്റെ മനസിലുണ്ടാകൂല"ഇതാണ് ചില്ലറ നുണകളെ സാലിഹ് ആകാന്‍ അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍.

അങ്ങിനെ എല്ലാരും കൂടെ ചെക്കനെ തിരയല്‍ തകൃതിയായി നടക്കുകയാണ് . കണക്ഷന്‍ കിട്ടിയ അന്ന് മുതല്‍ ലോക്ക് ചെയ്തു വെച്ചിരുന്ന ലാന്‍ഡ്‌ ഫോണ്‍ കീ പാടിന് പോലും അക്കാലങ്ങളില്‍ പരോള്‍ അനുവദിക്കപ്പെട്ടു.
ആറ്റി കുറുക്കി മാറ്റ് ഉരച്ചു നോക്കി അങ്ങിനെ അവളുടെ ആദ്യത്തെ പെണ്ണുകാണല്‍ ആയി. ചെക്കന്‍ ചാലിശേരിയില്‍ ഉള്ള ഒരു ദുബായിക്കാരന്‍ എന്‍ജിനീയര്‍ . ഒറ്റ മകന്‍. നാല് പെങ്ങന്മാര്‍ . നാലിനെയും കെട്ടി പൂട്ടി.. അടിപൊളി.,മലഞ്ചെരിവില്‍ ഉള്ള അവളുടെ വീട്ടിലേക്കു ടാറിടാത്ത റോഡാണ് . ചെക്കന്റെ കാര്‍ ഇറക്കം ഇറങ്ങുമോ സംശയം. അത് കൊണ്ട് നാഷണല്‍ ഹൈ വെയില്‍ ഉള്ള ഉപ്പയുടെ അനിയന്റെ വീട്ടില്‍ വെച്ചാണ് പെണ്ണുകാണല്‍. ...

ചെക്കനും കൂട്ടരും വന്നു. പതിവ് സിനിമ സ്റ്റൈല്‍ പെണ്ണുകാണല്‍.
"ഹരിയര്‍ ഉണ്ടോ?.."
"ഉണ്ട്"
എത്ര എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം .

"നീളം ?"
" 5 .3 "
ചായയും ജിലേബിയും മടക്കും ആവശ്യത്തില്‍ കൂടുതല്‍ തിന്നു ഫോണ്‍ വിളിക്കാം എന്നും പറഞ്ഞു അവര്‍ ഇറങ്ങി. പോകുന്ന പോക്കില്‍ അടുത്തുള്ള അങ്ങാടിയില്‍ ഇറങ്ങി ചെക്കന്റെ അമ്മാവന്‍ രണ്ടു ചെറുനാരങ്ങ വാങ്ങിച്ചു യാത്രയില്‍ വാള് വെക്കാതിരിക്കാന്‍ . കൂട്ടത്തില്‍ പെണ്ണിന്റെ ഫാമിലിയെ പറ്റി ഒരു അന്വേഷണവും നടത്തി . കടക്കാരന്‍ ചതിച്ചു . പെണ്ണിന്റെ വാപ്പയുടെ പുരോഗമന വാദത്തില്‍ തട്ടി ആ വിവാഹാലോചന എങ്ങോട്ടോ തെറിച്ചു

പിന്നെയും അവളുടെ വീട്ടിലെ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു.
ആദ്യം ആദ്യം അവളും ഓടും ഫോണ്‍ എടുക്കാന്‍ , അടുക്കളയിലോ പറമ്പിലോ ഉള്ള ഉമ്മ ഓടി വരുമ്പോളേക്കും ഫോണ്‍ നിന്നുപോയാലോ. ആകാംഷയുടെ കണ്ണുകളോടെ ,ഉമ്മ സംസാരിക്കുന്നത് ചുറ്റിപറ്റി നിന്ന് പിടിച്ചെടുക്കാന്‍ നോക്കും .
"ചെക്കന്‍ നാട്ടില്‍ ഇല്ല. അടുത്ത മാസം ലീവിന് വരും . ഉപ്പേം മാമനും വന്നു കുട്ടിയെ കണ്ടോട്ടെ ,ഇഷ്ട്ടായാ ചെക്കനു വരാലോ.." "ആയ്കോട്ടെ"
ഉപ്പക്കും മാമനും പിടിച്ചു. അടുത്ത സെക്ഷന്‍ ഉമ്മയും പെങ്ങന്മാരും "അതും ആയ്കോട്ടെ "
അതും ഓക്കേ.
അടുത്തത് ചെക്കന്‍.

അങ്ങിനെ രണ്ടാമത്തെ പെണ്ണ് കാണല്‍.
രാവിലെ കോളേജില്‍ പോകാന്‍ റെഡി ആകുകയാണ്. ചെക്കന്‍ എളാപ്പയുടെ വീട്ടില്‍ വരും.അത് വഴി കയറി പോകാം " ആയ്കോട്ടെ"
ചെന്ന് നോക്കുമ്പോ നല്ല സിമ്പ്ലന്‍ ചെക്കന്‍. ., വായില്‍ വിരലിട്ടാല്‍ കടിക്കില്ല.അവന്‍ ഒറ്റക്കാണ് വന്നിരിക്കുന്നത്. വായിച്ച പുസ്തകങ്ങള്‍ , സിനിമകള്‍ , പാട്ടുകള്‍ കവിതകള്‍ അങ്ങിനെ കൊറേ ഏറെ സംസാരിച്ചു.
കാലിക്കറ്റ്‌ ബീചിലൂടെ തോളില്‍ കയ്യിട്ടു പ്രണയിച്ചു നടക്കാന്‍ ഒന്നും കൊള്ളില്ലെങ്കിലും കുഴപ്പം ഇല്ല. കുറച്ചു ഇഷ്ട്ടങ്ങള്‍ ഒക്കെ സമാനം. അവന്റെ ഹാപ്പിയായുള്ള ആപോക്ക് കണ്ടപോളെ ഉറപ്പിച്ചിരുന്നു _ഇവന്‍ താന്‍ അവന്‍ എന്ന്. ചെറുതായി സോപ്നം കണ്ടു തുടങ്ങിയോ സംശയം. പക്ഷെ ഒരാഴ്ച കഴിഞ്ഞു ഫോണ്‍ വന്നു " അവസാന ഘട്ട ഗുണ പരിശോധനയില്‍ വിജയം കാണാതെ ഈ ആലോചന തള്ളപ്പെട്ടു "

ചിറകു മുളക്കാന്‍ പോയ പ്രതീക്ഷകളെ അസ്തമിപ്പിച്ചു കൊണ്ട് വിശ്രമിക്കുന്ന ആ ഫോണിനെ നോക്കി അവള്‍ ഇടയ്ക്കിടെ നെടുവീര്‍പ്പിട്ടു. വിവാഹ സംബന്ധം അല്ലാത്ത മറ്റൊരു കാളുകളും വരാത്ത ആ വെറുക്കപെട്ട ഫോണിലേക്ക് അത് കൊണ്ട് തന്നെ പിന്നീടവള്‍ നോക്കിയില്ല.

വലിയ കോലാഹലങ്ങള്‍ ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
ഇപ്പോള്‍ അവള്‍ ഫൈനല്‍ ഇയര്‍ ആണ്. കല്യാണം അത്രയ്ക്ക് ജോറായി നോക്കുന്നില്ല. ഈ ഗുധാമിലേക്ക് ആദിവാസിപോലും വരാനിടയില്ലാത്തതിനാല്‍ എളാപ്പയുടെ നിര്‍ദേശ പ്രകാരം ഹൈ വെയില്‍ ഉള്ള സ്ഥലത്ത് പുതിയ വീടിന്റെ പണി തുടങ്ങിയിരിക്കുന്നു. പുരോഗമനത്തിന് എതിരായതിനാല്‍ അവളുടെ വാപ്പയ്ക്ക്‌ ഉള്ള വീട് വിട്ടു പുതിയ കോണ്‍ക്രീറ്റ് സൌധം പനിയുന്നതിനോട് അത്രയ്ക്ക് പ്രീതി ഉണ്ടായിരുന്നില്ല. അങ്ങിനെ വീട് പണിയും മോളെ കെട്ടിക്കലും ഏട്ടനില്‍ നിന്നും എളാപ്പ മൊത്തമായി ഏറ്റെടുത്തു,

ഏഴാം സെമെസ്റ്റെര്‍ പരീക്ഷ കാലം. എല്ലാം മറന്നു പുസ്തകത്തിലേക്ക് ഊളിയിട്ടു അവള്‍.. ,ഉമ്മ മാത്രം ഞായറാഴ്ചകളില്‍ രാവിലെ പതിവുപോലെ പത്രത്തില്‍ സുജൂദ് ചെയ്തു .
ആറടി ഉയരം, സുമുഖന്‍ ,സുശീലന്‍ സാമ്പത്തിക ഭദ്രത ഉള്ള കുടുംബം.വിദേശത്ത് എന്‍ജിനീയര്‍ അടുത്ത മാസം നാട്ടില്‍ വരുന്നു. ദീനിയായ പെണ്ണ് വേണം എന്ന് എടുത്തു പറഞ്ഞിട്ടില്ല. അപ്പൊ പുരോഗമന ക്കാര്‍ക്കും സ്കോപ് ഉണ്ട്. അപ്പൊ തന്നെ ഫോണ്‍ എടുത്തു വിളിച്ചു. ചെക്കന്റെ വാപ്പയാണ് ലൈനില്‍ .മൂപ്പരോട് കാര്യം പറഞ്ഞു.
"അന്വേഷിചോളൂ ഞങ്ങളെ പറ്റി എന്നിട്ട് ബോധിച്ചാല്‍ മോന്‍ വന്നാല്‍ വിളിക്കു, അതിനു മുന്പ് വാപ്പ ഉമ്മ അങ്ങിനെ ഉള്ള കാണലുകള്‍ വേണ്ട. കുട്ടിക്ക് പരീക്ഷയാണ് അവള്‍ സമ്മതിക്കില്ല. . "

" ശരി മോന്‍ ജനുവരിയില്‍ വരും.വിളിക്കാം..നമ്പര്‍ ?"


ദിവസങ്ങള്‍ കടന്നു പോയി. തീരെ അപ്പ്രതീക്ഷിതമായി ആ നാടിനെ മൊത്തത്തില്‍ ദുഖത്തില്‍ ആക്കി ഓരു ലോറി അപകടത്തില്‍ അവളുടെ എളാപ്പ മരണപ്പെട്ടു. ഇതറിയാതെ അപകടം നടന്നു രണ്ടാം ദിവസം വൈകീട്ട് മകന്‍ നാട്ടില്‍ വന്ന വിവരം പറയാന്‍ ആ ഉപ്പ വിളിച്ചു. ഉടനെ ഒരു പെണ്ണുകാണല്‍ ഒന്നും ഉള്‍കൊള്ളാനുള്ള കരുത്ത് ഇല്ലാത്ത അവളുടെ ഉമ്മ ആ മനുഷ്യനോട് കുടുംബത്തില്‍ നടന്ന ദുരന്തത്തിന്റെ വിവരം പറഞ്ഞു കരഞ്ഞു.
പക്ഷെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞു അവര്‍ വീണ്ടും വിളിച്ചു.

"മകന് ലീവ് ഇല്ല. മരണം , വിവാഹം ഒക്കെ നമ്മുടെ കയ്യില്‍ ആണോ. ആരും അറിയാതെ അവന്‍ ഒന്ന് വന്നു കണ്ടോട്ടെ"

ആകെ തകര്‍ന്നിരിക്കുന്ന എളാമയുടെ ശുശ്രൂഷയും കാര്യങ്ങളും ആയി അവള്‍ അവരുടെ വീട്ടില്‍ ആണ്.

" അത് സാരമില്ല. മോനും പെങ്ങളും വൈകീട്ട് അങ്ങോട്ട്‌ വരും. മരണ വീടല്ലേ പലരും കാണുമല്ലോ.. മകളുടെ കൂട്ടുകാര്‍ ആണെന്ന് പറഞ്ഞാല്‍ മതി." അങ്ങിനെ ഫോണ്‍ വെച്ചു.



രണ്ടു മൂന്ന് കൊല്ലത്തേക്ക്‌ കല്ലിയാണമേ വേണ്ട എന്ന് പറഞ്ഞു വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു തന്റെ ഒറ്റയാന്‍ ജീവിതം ആഘോഷിക്കുകയായിരുന്നു അവന്‍
പ്രായം ഇരുപത്തോന്പതു . പ്രവാസി ആയതില്‍ പിന്നെ ആദ്യം ആയാണ് നാട്ടില്‍ വരുന്നത്. വരുന്ന വരവില്‍ തന്നെ കഴുത്തില്‍ കുരുക്കിടാന്‍ അവന്‍ അറിയാതെ വീട്ടുകാര്‍ ആണ് പത്രത്തില്‍ പരസ്യം നല്‍കിയത്. പരസ്യം കണ്ടു വന്ന ആലോചനകളില്‍ വീട്ടുകാര്‍ കണ്ടു ബോധിച്ച പെണ്‍കുട്ടികളുടെ ഫോട്ടോയും സങ്കടിപ്പിച്ചു മകന്‍ വരാന്‍ കാത്തിരിക്കുകയാണ് ആ വീട്ടുകാര്‍.


മര്യാദക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ തന്നെ ഫോട്ടോകള്‍ ഒക്കെ അവന്‍ തള്ളി. ഇനി ഇപ്പൊ ഫോട്ടോ ഇല്ലാത്ത ഒരു കുട്ടി ഉണ്ട്. അവളെ പോയി കണ്ടേ പറ്റു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്‍പില്‍ മുട്ട് കുത്തി അങ്ങിനെ അനിയത്തിയേം കൂട്ടി ഇറങ്ങിയതാണ് ആദ്യത്തെ പെണ്ണ് കാണലിന് .


മരണം നടന്നു ഒരാഴ്ച തികയുന്നെ ഉള്ളു. ആ വീട്ടിലേക്കാണ് യാതൊരു കോമണ്‍ സെന്‍സും ഇല്ലാതെ പെണ്ണുകാണാന്‍ പോകുന്നതെന്ന് അവനു അറിയില്ല. സ്ഥലത്തെത്തി ഗേറ്റ് കടക്കുമ്പോള്‍ വരുന്നവരുടെയും പോകുന്നവരുടെയും ആള്‍കൂട്ടം കണ്ടു സംശയിച്ചപ്പോള്‍ ആണ് അനിയത്തി കാര്യം പറയുന്നത്. പെണ്ണുകാണാന്‍ പറ്റിയ ബെസ്റ്റ് സിറ്റുവേഷന്‍ . വരുന്നവരുടെ കൂടെ അവരും കയറി സോഫയില്‍ ഇരുന്നു. എല്ലാര്‍ക്കും കൊടുക്കുന്ന കൂട്ടത്തില്‍ അവര്‍ക്കും കിട്ടി നാരങ്ങ വെള്ളം. അവാര്‍ഡ്‌ പടം പോലെ സ്മശാന മൂകമായ അന്തരീക്ഷം.

അവള്‍ യാതൊരു മുന്നൊരുക്കങ്ങളും ഇലാതെ നില്‍ക്കുമ്പോള്‍ ആണ് ഉമ്മവന്നു പത്രത്തില്‍ കണ്ട പയ്യനും അനിയത്തിയും വന്ന കാര്യം പറയുന്നത്. കൊക്കെത്ര കുളം കണ്ടതാ , തീരെ പകക്കാതെ അവള്‍ അവരുടെ അടുത്തേക്ക് പോയി. " എന്നാ വന്നത്.. ലീവ് എത്രയുണ്ട് " എന്നന്വേഷിച്ചു. കഴിഞ്ഞു പെണ്ണ് കാണല്‍. .
വെള്ളം കുടിച്ചു കഴിഞ്ഞതും തിരക്കുണ്ടെന്നു പറഞ്ഞു അവന്‍ മുറ്റത്തേക്ക് ഇറങ്ങിഅനിയത്തി അവളെ ഒന്നും കൂടെ കാണാന്‍ അകത്തേക്കും .പത്തന്‍പത് കിലോ മീറ്റര്‍ കാര്‍ ഓടിച്ചു ആദ്യത്തെ പെണ്ണ് കാണലിനു വന്നു പണി കിട്ടിയ ജാള്യതയോടെ ഷൂ വിന്റെ ലെയിസ് കെട്ടുകയാണ് അവന്‍. .
വിളിച്ചു വരുത്തി ആ ജെന്റില്‍ മാനെ ആക്ഷേപിച്ചോ..?

ആളുകളുടെ ബഹളത്തില്‍ അടുത്തേക്ക് ചെന്ന്അവള്‍ അവനോടായി പറഞ്ഞു." ഒന്നും വിചാരിക്കരുത്.. ഇവിടത്തെ സിറ്റുവേഷന്‍ ഇങ്ങിനെ ആയതു കൊണ്ടാണ് "

വിവാഹത്തെ പറ്റി ചിന്തപോലും ഇല്ലാതെ വീട്ടുകാരെ പറ്റിച്ചു നടന്നിരുന്ന അവന്‍ തിരിച്ചുള്ള യാത്രയില്‍ മുഴുവന്‍ നിശബ്ദനായി.അന്ന് ആ സമയത്ത് അങ്ങിനെ ഒരു ടയലോഗ് അടിക്കാന്‍ തോനിപ്പിച്ച വിധിയോട് പിന്നീടുള്ള ദിവസങ്ങളില്‍ അവരൊരുമിച്ച് നന്ദി പറഞ്ഞു..

Sunday, October 21, 2012

മധുരം ഇല്ലാത്ത ഒരു മധുരായാത്രയുടെ ഓര്‍മ

                                      ശിവകാശിയിലെ ശ്രീനിവാസ് പ്രോസെസ്സ് എന്ന പ്രിന്റിംഗ് പ്രെസ്സ്. കാട്രിട്ജ് ഇടാനുള്ള പെട്ടികളും , മറ്റു പരസ്യ നോട്ടീസുകളും ബള്‍ക്കായി അവിടെനിന്നാണ് പ്രിന്റ്‌ ചെയ്യിക്കുന്നത് . തുടക്കത്തില്‍ ഒരിക്കല്‍ റേറ്റ് , ഡിസൈന്‍ തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചു ഉറപ്പിക്കാന്‍ സാജിദ് അവിടെ പോയിടുണ്ട്.പിന്നീടുള്ള ഇടപെടലുകള്‍ ഫോണ്‍ വഴി ഞാന്‍ ആയിരുന്നു ചെയ്തിരുന്നത്. ബാങ്കില്‍ പണം അടച്ചാല്‍ കൃത്ത്യമായി സാധനങ്ങള്‍ കൊറിയര്‍ വരുന്ന ഒരു ക്ലീന്‍ ആന്‍ഡ്‌ ക്ലിയര്‍ സംവിധാനം.ചെറിയ സാമ്പത്തിക ലാഭത്തില്‍ ആണ് അവര്‍ ഈ ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ക്രെഡിറ്റ്‌ പോലുള്ള ഉടായിപ്പുകള്‍ ശ്രീനിവാസ് അണ്ണന്റെ അടുത്ത് നടക്കില്ല.നമ്മള്‍ ഉഴപ്പിയാല്‍ അവരും ഉഴപ്പും. പണം വന്നിട്ട് വേണം മഷി വാങ്ങാന്‍ എന്ന് പറഞ്ഞു കളയും, മഷി ഇല്ലേല്‍ പിന്നെങ്ങിനെ പ്രിന്റും. വേല ഇറക്കാതെ വേഗം പണം ഇട്ടു കൊടുക്കും.
                                       
                                                      ശ്രീനിവാസ് അണ്ണന് തമിള്‍ മാത്രമേ അറിയൂ.ഞാന്‍ പണ്ടൊരു തമിള്‍ വസന്തം ആയിരുന്നെങ്ങിലും ബാന്‍ഗ്ലൂര്‍ വന്നതില്‍ പിന്നെ എല്ലാം മറന്നിരുന്നു .ഞാന്‍ കന്നടയില്‍ കാച്ചും
 "അണ്ണാ , കാഷ് ടെപോസിറ്റ്‌ മാടിയിരിക്ക്."
"എന്നമ്മാ .. തെരിയാത്... തമിളില്‍ സോല്ലുങ്കോ .. ".
"അണ്ണാ കാഷ് അമക്കിയിരിക്ക് "
" ഓക്കേ കാഷ് അമച്ച്ചിരിക്കാ ..ഓക്കേ ഓക്കേ.."
"അണ്ണാ ബാങ്ക് അക്കൗണ്ട്‌ ഇല്‍ കാഷ് ബന്തിതാ ചെക്ക് മാട് .."
" എന്നമ്മാ... മാട് ,കോളി എന്നെല്ലാം പേസരത് .. ഒണ്‍ലി തമിള്‍ അമ്മ "


                                    തമിള്‍ എന്ന് കരുതിയാണ് ഞാന്‍ അങ്ങേരോട് പറയുന്നത്, പക്ഷെ പുറത്ത് വരുന്നത് കന്നഡ. തമിഴും കന്നടയും ഒരേ ഭാഷയല്ലേ !. പിന്നെ എന്താണ് ഞാന്‍ പറയുന്നത് അങ്ങേര്‍ക്കു മനസിലാകാത്തതെന്നു ഓര്‍ത്തു എനിക്ക് ദേഷ്യം വരും.എന്‍റെ കഷ്ട്ടപ്പാട് കണ്ടു ഓഫീസിലെ പെണ്‍കുട്ടി ചിരിക്കും, ക്ഷമ നശിക്കും മുന്‍പ് വല്ല വിധേനയും കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ചു ഫോണ്‍ വെക്കും. ഇങ്ങനെ ഒരുപാട് ഫോണ്‍ വിളികള്‍ കഴിഞ്ഞതില്‍ പിന്നെയാണ് ഞാന്‍ ഒരു മലയാളി ആണെന്നും , അങ്ങേര്‍ക്കു മലയാളം അറിയാം എന്നും ഞങ്ങള്‍ക്ക് മനസിലാക്കുന്നത്. പക്ഷെ അപ്പോളേക്കും എന്‍റെ കന്നടയും അണ്ണന്റെ തമിളും ഒരു അഗാധ ആത്മ ബന്ധത്തില്‍ ആയിപോയിരുന്നതിനാല്‍ ഞങ്ങള്‍ ആ രീതി തന്നെ തുടര്‍ന്നു .


                                             വര്‍ഷങ്ങളായി ഒരേ ഡിസൈന്‍ കണ്ടു ഞങ്ങള്‍ക്ക് തന്നെ ബോര്‍ അടിച്ചു തുടങ്ങിയപ്പോള്‍ ആണ് ഇനി ഡിസൈന്‍ ഒന്ന് മാറ്റി പിടിക്കാം എന്ന് തീരുമാനിച്ചത് .കമ്പ്യൂട്ടറോ ഇ-മെയില്‍ ഐഡിയോ ഇല്ലാത്ത അണ്ണന്റെ അടുത്തേക്ക് നേരിട്ട് പോകുന്നതായിരിക്കും ആവശ്യം നടക്കാന്‍ നല്ലതെന്ന് സാജിദ് ആണ് പറഞ്ഞത്.എങ്കില്‍ ഒറ്റയ്ക്ക് പോകണ്ട , ഞങ്ങളും വരാം എന്ന് ഞാന്‍,.മര്യാദക്കുള്ള ഒരു ഹോട്ടെല്‍ പോലും ഇല്ലാത്ത അവിടേക്ക് ഞങ്ങളെ കൊണ്ടുപോകാന്‍ സാജിദിന് ഇഷ്ട്ടമേ ഇല്ലായിരുന്നു.യാത്രകള്‍ അത് എവിടെക്കായാലും എനിക്കിഷ്ട്ടം ആണ്. അത് ഉപ്പയുടെ ജീന്‍ വഴി കിട്ടിയതാണ്.ഞങ്ങള്‍ ചെയ്ത യാത്രകള്‍ ഓര്‍ക്കുമ്പോ ഇന്നും ഉപ്പയെ കാണാന്‍ തോന്നും.എന്‍റെ യാത്ര ഭ്രാന്തു അറിയുന്നത് കൊണ്ട് അവസാനം സാജിദും സമ്മതിച്ചു "മധുരയില്‍ പോയി തങ്ങാം . അതൊരു ടൂറിസ്റ്റ് പ്ലയ്സ് ആണ് ".അങ്ങിനെ ഒരു കുഞ്ഞു ട്രിപ്പ്‌ -മധുര വഴി ശിവകാശി .

                                                      മധുരയിലെ മീനാക്ഷീ ക്ഷേത്രം വാസ്തു ശില്പ ഭംഗിക്ക് പ്രസിദ്ധം . പക്ഷെ അവിടെ ചെന്നപ്പോ മുളത്തിനു മുളത്തിനു ക്ഷേത്രങ്ങള്‍ കുഞ്ഞുതും വലുതുമായി ആയിരക്കണക്കിന് .നിറങ്ങളും കൊത്തുപണികളും വാരി വിതറി മനോഹരമാക്കിയ ഓരോന്നും ഒന്നിനൊന്നു മെച്ചം . രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്,യാതൊരു യന്ത്രസഹായവും ഇല്ലാതെ പണിതീര്‍ത്ത മീനാക്ഷി ക്ഷേത്രം ഒരു കണ്കുളിര്‍ കഴ്ച്ചതന്നെയാണ്.ഓരോ കരിങ്കല്‍ തൂണുകളിലും വിരലോടിച്ചും ചിലതില്‍ ചെവി ചേര്‍ത്ത് വെച്ച് അവയുടെ കഥകള്‍ പിടിച്ചെടുക്കാന്‍ നോക്കിയും സഞ്ചാരികള്‍.. ...തലയില്‍ തുമ്പികൈ വെച്ച് അനുഗ്രഹിക്കുന്ന ആനയുടെ അടുക്കല്‍ ഞാന്‍ പോയപ്പോള്‍ , മമ്മി പോണ്ടാ എന്ന് പറഞ്ഞു വലിയവായില്‍ ഈവ പേടിച്ചു കരഞ്ഞു. കുഞ്ഞിനെ മൈന്‍ഡ് ആക്കാതെ ഫോട്ടോ പിടിക്കുന്നതില്‍ മുഴുകിയ ബാപ്പയും പോസ് ചെയ്യുന്ന തള്ളയും ആളുകളില്‍ ചിരിപടര്‍ത്തി
                                                   
                                                       ശബരിമല സീസണ്‍ ആയതിനാല്‍ ക്ഷേത്രങ്ങള്‍ സ്വാമിമാരെ കൊണ്ട്നിറഞ്ഞു കവിഞ്ഞിരിക്കുന്നു . കൂടാതെ മഴയും . ഈവയ്ക്ക് ഒരു കുഴപ്പം ഉണ്ട്. ഒരു തുള്ളി ചളിവെള്ളമോ , അഴുക്കോ ഏഴയലത്ത് കണ്ടാല്‍ അവള്‍ എന്‍റെ ദേഹത്തേക്ക് പാഞ്ഞു കയറും. ബാപ്പ എത്ര വിളിച്ചാലും പോകില്ല . അല്ലെങ്കില്‍ പിന്നെ ഓട്ടോ. കുഞ്ഞു ദൂരങ്ങള്‍ ഓട്ടോ പിടിക്കാന്‍ ഞാന്‍ സമ്മതിക്കുകയും ഇല്ല. ഇടയ്ക്കു ഒരിക്കല്‍ ഓട്ടോ എന്ന് പറഞ്ഞു അവള്‍ കരഞ്ഞപ്പോ ഞങ്ങള്‍ ഒരു സൈക്കിള്‍ റിക്ഷ എടുത്തു.അതാകുമ്പോ വേറിട്ട ഒരു അനുഭവവും ആകുമല്ലോ


                                                          രണ്ടുമൂന്നു ശാരീരിക ക്ഷമതയുള്ള റിക്ഷാ വാലകളെ വിട്ടു ഞങ്ങളെ ദയനീയമായി നോക്കിയ അപ്പൂപനെ തിരഞ്ഞെടുക്കാന്‍ കാരണം അയാള്‍ക്കൊരു ഓട്ടം കിട്ടികൊട്ടെ എന്ന സഹാനുഭൂതി ആയിരുന്നു. കഷ്ട്ടപെട്ടു ചാറ്റല്‍ മഴയില്‍ ട്രാഫിക്‌നിടയിലൂടെ ഞങ്ങളെയും കൊണ്ട് വേച്ചു വേച്ചു റിക്ഷ ചവിട്ടുന്ന ആ വൃദ്ധന്റെ നട്ടെല്ലുകള്‍ പിഞ്ഞിത്തുടങ്ങിയ കോട്ടണ്‍ ബനിയന്റെ ഉള്ളിലൂടെ തെളിഞ്ഞു കാണാം. പറഞ്ഞ കാശും കൊടുത്തു വഴിയില്‍ ഇറങ്ങിയാലോ എന്ന് ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ചോദിച്ചു. ഈ യാത്രക്കിടയില്‍ അയാള്‍ എങ്ങാനും വീണുപോയാല്‍... ...?!...ഹോട്ടെല്‍ ദൂരെ കണ്ടതും ഞങ്ങള്‍ ഇറങ്ങി. പറഞ്ഞതിലും ഇരട്ടി ആ വിറയ്ക്കുന്ന കൈകളില്‍ വെച്ച് കൊടുത്തു മുഖത്തേക്ക് പോലും നോക്കാതെ ഞങ്ങള്‍ നടന്നു. സാധാരണ ഓട്ടോകാരോട് പറയുന്ന താങ്ക്സ് ആ മനുഷ്യനോട് എങ്ങിനെ പറയും . അയാള്‍ എങ്ങാനും തിരിച്ചു താങ്ക്സ് പറഞ്ഞാല്‍ പിന്നെ ഉറക്കം പോലും വരില്ല.ആ വയോ വൃദ്ധന്റെ റിക്ഷ തന്നെ തിരഞ്ഞെടുത്തത് ഉള്ളിലെ നന്മകൊണ്ടായിരുന്നോ എന്ന ചോദ്യത്തിനു ഉത്തരം ഇല്ലായിരുന്നു


                                                             രണ്ടാം ദിവസം വെളുപ്പിനെ ഞങ്ങള്‍ ശിവകാശിയില്‍ എത്തി.ഒരു ഇരുപത്തഞ്ചു കൊല്ലം പിറകെ പോയ പോലെ തോന്നിപ്പിച്ചു ശിവകാശിയിലെ ആളുകളും കെട്ടിടങ്ങളും റോഡുകളും.
നിരയായി നില്‍ക്കുന്ന പടക്ക കടകള്‍ക്ക് ഇടയിലൂടെ ഊളിയിട്ടു എങ്ങിനെയോ ശ്രീനിവാസ് പ്രോസെസ്സില്‍എത്തി ചേര്‍ന്നു. പത്രാസുകള്‍ ഒന്നും ഇല്ലാത്ത ഒരു ഓടിട്ട കെട്ടിടം. മുതലാളി പുറത്ത് പോയിരിക്കുകയാണ് .കട കട ശബ്ദം ഉണ്ടാക്കുന്ന വലിയ പ്രിന്റിംഗ് മഷീനുകള്‍. പ്രവര്‍ത്തിപ്പിക്കുന്ന പാവം നിരക്ഷരരായ പണിക്കാരെ ആരാധനയോടെ നോക്കി നിന്നു ഞാനും ഈവയും. പണ്ട് എന്‍റെ കുട്ടിക്കാലത്ത് തറവാട്ടില്‍ പണിക്കു നിന്നിരുന്ന അണ്ണനെ അണ്ണാച്ചി എന്ന് വിളിച്ചതിന്റെ ഒരു കുറ്റബോധം ഉള്ളില്‍ എവിടെയോ ബാക്കി നിന്നിരുന്നു. അതിനുള്ള പ്രായശ്ചിത്തം ആയി ഞാന്‍ അവരെ സാര്‍ എന്ന് വിളിച്ചു.എന്‍റെ ശ്രീനിവാസ് അണ്ണന്‍ വരാന്‍ കുറച്ചു വൈകി.
"എന്നമ്മാ സൌഖ്യമാ ?"..
"ആമാ സാര്‍... .....,...നീങ്ക ചനാകിതിയാ ?" എന്ന് ഞാന്‍... .

                                                               പെട്ടെന്ന് വന്ന കാര്യം തീരത്ത് ഞങ്ങള്‍ മടങ്ങുകയാണ്. ട്രെയിന്‍ സീറ്റ്‌ വെയിറ്റിംഗ് ആണ് .കിട്ടുമായിരിക്കും എന്ന പ്രതീക്ഷ ഉണ്ട്. ശിവകാശിക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ വിരുദ്ധ നഗര്‍ ആണ്. ബസ്സിറങ്ങി നടക്കാനുള്ള ദൂരമേ ഉള്ളു .' പക്കത്തിലെ ഇരുക്ക് 'എന്നാണു ഓട്ടോ കാരന്‍ പോലും പറഞ്ഞത്. നടന്നെത്തിയ റോഡ്‌ ഏതോ ആള്‍താമസമില്ലാത്ത വെളിമ്ബ്ബറബ്ബിലേക്ക് ഉള്ളതാണെന്ന് തോന്നിച്ചു . വഴി തെറ്റിയോ എന്നന്വേഷിക്കാന്‍ ആരും ഇല്ല. ആടിനെ തെളിച്ചു വന്ന തമിഴത്തി പെണ്ണ് മുന്പോട്ടെന്നു കൈ കാണിച്ചു . പത്തടി നടന്നപ്പോള്‍ പൊന്തക്കാടിന് ഉള്ളില്‍ ഒളിച്ചിരുന്ന സൈന്‍ ബോര്‍ഡ്‌ കണ്ടു.
വിരുത നഗര്‍ റെയില്‍വേ സ്റ്റേഷന്‍ . അപ്പോളേക്കും സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു.


                                                               സാജിദ് ഇന്റെ കയ്യില്‍ നിന്നും ടിക്കറ്റ്‌ വാങ്ങി സ്റ്റേഷന്‍ മാസ്റ്റര്‍ഉടെ അടുത്ത് ചെന്ന് ഞാന്‍ സ്റ്റാറ്റസ് ചെക്ക്‌ ചെയ്തു. കണ്‍ഫേം ആയിട്ടില്ല. വെയിറ്റിംഗ് ഇല്‍ തന്നെ . ട്രെയിന്‍ ഏഴരയ്ക്ക് വരും. പൂട്ടി കിടന്ന വെയിറ്റിംഗ് റൂമിന്റെ താക്കോല്‍ സ്റ്റേഷന്‍ മാസ്റ്റര്‍ഉടെ കയ്യില്‍ നിന്നും വാങ്ങി ഞങ്ങള്‍ ഫ്രഷ്‌ ആയി. താക്കോല്‍ തിരിചെല്‍പ്പിക്കുംപോള്‍ അറിഞ്ഞു ഏഴുമുതല്‍ ഏഴര വരെ പവര്‍ കട്ട്‌ ആണ്. വേഗം പ്ലാറ്റ്ഫോമില്‍ വന്നിരുന്നു . പരിസരവാസികളായ നായ്ക്കളും പിന്നെ ഞങ്ങളും മാത്രേ ഉള്ളു ആ പ്ലാറ്റ്ഫോമില്‍ , വെള്ളം കിട്ടുന്ന ഒരു കട പോലും ഇല്ല. കയ്യില്‍ ആകെകൂടെ ഉണ്ടായിരുന്ന ഒരു കൂട് ബിസ്കറ്റ് ഈവ അപ്പോഴേക്കും നായ്ക്കള്‍ക്ക് വീതം വെച്ച് കഴിഞ്ഞിരുന്നു . രാത്രി ആയതോടെ നൂറുകണക്കിന് കൊതുകുകള്‍ വന്നു ഞങ്ങളുടെ തലയ്ക്കു മുകളില്‍ ആര്‍ക്കാന്‍ തുടങ്ങി. ഈവമോള്‍ക്ക് ബഹു രസം. അവള്‍ അനങ്ങാതെ ഇരുന്നു പെട്ടെന്ന് തല ഉയര്‍ത്തി നോക്കും. കൂട്ടം കൂടി പറക്കുന്ന കൊതുകിനെ കണ്ടു ചിരിച്ചു മറിയും . ഞാന്‍ കൈ ഒന്നുവീശിയാല്‍ പത്തില്‍ കുറയാതെ കുടുങ്ങും , പക്ഷെ പിന്നീട് കൈ കഴുകാന്‍ ബുദ്ധിമുട്ടാവും. എവിടെയൊക്കെയോ പോയി ആരെയൊക്കെയോ കടിച്ചിട്ട്‌ വരുന്ന അലമ്പ് കൊതുകുകള്‍ ആയിരിക്കും. പറക്കട്ടെ. തലയും കൊണ്ട് കടന്നു കളയാന്‍ ഒന്നും പറ്റില്ലല്ലോ.ഞാന്‍ മൈന്‍ഡ് ആക്കിയില്ല.പെട്ടെന്ന് കറന്റ്‌ പോയി. ഞങ്ങള്‍ ഇരുട്ടില്‍ ആയി.


                                                                 ഏഴിനും ഏഴെകാലിനു രണ്ടു വണ്ടികള്‍ പോകാന്‍ ഉണ്ട് . അത് കഴിഞ്ഞാണ് ഞങ്ങളുടെ ബംഗ്ലൂര്‍വണ്ടി . ഇതിനിടക്ക്‌ ഇരുട്ടില്‍ ബഹളം വെച്ചുകൊണ്ട് മൂന്നുപേര്‍ നടന്നു വന്നു , ഒരു തമിള്‍ കുടുംബ്ബം ആണ് .വെള്ളം അടിച്ചു കിണ്ടി ആയ കെട്ടിയവനെ താങ്ങികൊണ്ട് കെട്ടിയവളും പിന്നെ വേറെ ഒരു പെണ്ണും. ഞങ്ങളില്‍ നിന്നും കുറച്ചു മാറി അവര്‍ പ്ലാറ്റ്ഫോമില്‍ നിലത്തിരുന്നു . വീട്ടിലെ പായാരവും കെട്ടിയവന്റെ കള്ളുകുടിയും ആണ് വഴക്കിനു വിഷയം. ആണിന്റെ തല തിന്നുകയാണ് ഭാര്യ . പെങ്ങള്‍ അവനെ മുറുകെ പിടിച്ചു വെച്ചിരിക്കുകയാണ്. ഇല്ലെങ്ങില്‍ നാത്തൂന്റെ വാരിയെല്ല് അവന്‍ തകര്‍ക്കും .കൊതുകിനെ അവരുടെ പണിക്കു വിട്ടിട്ടു ,ഒരു നാടകത്തിന്റെ റേഡിയോ ശബ്ദ രേഖ പോലെ ഞാന്‍ എല്ലാം പിടിച്ചെടുക്കുകയാണ്. യാത്രക്കാര്‍ വന്നു തുടങ്ങി.
"സത്തം പോടാതെ " എന്ന് ആരോ പറഞ്ഞപ്പോ പിന്നെ അടക്കി പിടിചായി അവര്‍.


                                                          ആദ്യത്തെ ട്രെയിന്‍ ഇരമ്പി വന്നതും പെണ്ണുങ്ങളുടെ ആര്‍ത്തലച്ചുള്ള നിലവിളി ഉയര്‍ന്നു . എല്ലാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വല്ലതും സംഭവിച്ചോ .വണ്ടി നില്‍ക്കും വരെ ആര്‍ക്കും ഒന്നും മനസിലായില്ല. ഭാഗ്യം , അതിയാന്‍ പെണ്ണുങ്ങളെ ഒന്ന് പേടിപ്പിക്കാന്‍ നോക്കിയതാണ്.തലയ്ക്കടിച്ചു കരഞ്ഞു കൊണ്ട് അവര്‍ അയാളെ ട്രെയിനിന്റെ അരികില്‍ നിന്നും താങ്ങി എടുത്തു കുറച്ചു കൂടെ അപ്പുറം മാറി പോയി ഇരുന്നു. ആശ്വാസത്തോടെ യാത്രകാര്‍ തിരക്കിട്ട് വണ്ടി കയറി യാത്രയായി.കുറച്ചു സമയം ആ ഷോക്കില്‍ നിശബ്ദമായി ഇരുന്നെങ്കിലും വീണ്ടും അവര്‍ പഴയ അവസ്ഥയിലേക്ക് വന്നു. വഴക്ക് ഒന്നും കൂടെ രൂക്ഷമാവുകയാണ്. വെള്ളം അടിച്ചു തലയ്ക്കു വെളിവില്ലാതെ ചാവാന്‍ നോക്കിയത്തിനും ചേര്‍ത്ത് വാങ്ങിച്ചു കൂട്ടുകയാണ് അയാള്‍ .സൌര്യം തന്നില്ലേല്‍ അടുത്ത വണ്ടിക്കു ചാടും എന്ന് അയാള്‍ ഇടയ്ക്കിടയ്ക്ക് ഭീഷണി മുഴക്കുന്നുണ്ട്
                   
                                                    എന്റെ നെഞ്ചില്‍ തീയാണ്. ഇയാള്‍ എങ്ങാനും ചാടിയാല്‍ എന്റെ യാത്ര നീളും. കൊതുകും വെള്ളക്ഷാമവും കൊണ്ട് ദുരിതമായ ഈ കാത്തിരിപ്പ്‌ നരകം ആകാന്‍ അയാളുടെ ഉള്ളിലെ ലഹരി വിചാരിച്ചാല്‍ മാത്രം മതി.. അടുത്ത വണ്ടി വരുന്നത് കണ്ടപ്പോള്‍ തന്നെ പെണ്ണുങ്ങള്‍ അയാളെ പിടിച്ചു വെച്ചു . അതൊരു ഗൂട്സ് ട്രെയിന്‍ ആയിരുന്നു. അണ്ണന്‍ മാന്യന്‍ ആയി അത് പോകുന്നത് വരെ ക്ഷമയോടെ നോക്കി നിന്ന്. അടുത്ത വണ്ടി ആണ് ലക്‌ഷ്യം
                                                 
                                                എനിക്ക് ടെന്‍ഷന്‍ കൂടികൂടി വന്നു. ചാവുക മാത്രം അല്ല അയാളുടെ ഉദ്ദേശം മറ്റുള്ളവരെ കഷ്ട്ടപെടുത്തുക കൂടിയാണ്. ചിലപ്പോള്‍ മദ്യത്തിന്റെ ലഹരിയില്‍ അയാള്‍ അതൊന്നും ഓര്‍ക്കുന്നില്ലായിരിക്കാം.. പക്ഷെ മൂന്ന് വയസുകാരി മകളുമായി സീറ്റ്‌ ഇല്ലാത്ത ട്രെയിനില്‍ രാത്രി മുഴുവന്‍ യാത്ര ചെയ്യാന്‍ ഉള്ള എനിക്ക് അയാളുടെ ഈ പരാക്രമം കൂടി കണ്ടപ്പോ വല്ലാത്ത ഒരു മാനസിക അവസ്ഥയായിരുന്നു.
   

                                                അയാള്‍ എങ്ങാന്‍ ചാടിയാല്‍ കൊട്ട് കിട്ടുന്നത് എനിക്കാണ്. കാരണം ഒറ്റയ്ക്ക് ബസ്സില്‍ പോയി വരാന്‍ ഇരുന്ന ആളെ പറഞ്ഞു തിരിച്ചു ട്രിപ്പ്‌ ആക്കിയത് എന്റെ സ്വാര്‍ത്ഥതയാണ്. ഈ യാത്രയില്‍ ബാപ്പയും മകളും അനുഭവിക്കുന്ന എല്ലാ കഷ്ട്ടപാടുകള്‍ക്കും ഞാന്‍ ഒരുത്തിയാണ് ഉത്തരവാദി. അവരുടെ ഇതുവരെ ഉള്ള എല്ലാ വാശികള്‍ക്കും അയഞ്ഞു കൊടുത്തു വല്ല വിധേനയും വീടെത്താനുള്ള കാത്തിരിപ്പാണ്.
ചേച്ചിമാരെ അടുത്തത് ഞങ്ങടെ വണ്ടിയാണ് അങ്ങേരെ നന്നായി മുറുകെ പിടിച്ചു വച്ചേക്കണേ എന്ന് ഞാന്‍ ഉള്ളില്‍ പറഞ്ഞു. ഇതിനിടക്ക്‌ കരണ്ടു വന്നെങ്കിലും വഴക്ക് മുറുകി കൊണ്ടേ ഇരുന്നു. എന്റെ നെജിടിപ്പും. പാളത്തില്‍ ചുവപ്പ് കത്തി ,ഞങ്ങളുടെ ട്രെയിന്‍ വരികയാണ്. എന്റെ ശ്രദ്ധ അയാളില്‍ ആണ്. മനുഷ്യാ കണ്ണടിച്ചു പൊട്ടിക്കും. രണ്ടു ചാന്‍സ് ഉണ്ടായത് മിസ്സാക്കി ഞങ്ങള്‍ക്കിട്ടു പണി തരാന്‍ ആണ് പുറപ്പാടെങ്കില്‍ വിവരമറിയും എന്ന അര്‍ഥം വെച്ച് ഞാന്‍ അയാളെ കണ്ണ് കൊണ്ട് ഉഴിഞ്ഞു നോക്കി പേടിപ്പിച്ചു.


                                                ഭാഗ്യം ,എന്റെ നോട്ടത്തിന്റെ അര്‍ത്ഥം പിടികിട്ടിയിട്ടോ അതോ വെറും പേടിപ്പിക്കല്‍ മാത്രം ആയിരുന്നു ആ പേടിതൊണ്ടന്റെ ഉള്ളില്‍ ഇരുപ്പെന്നതായത് കൊണ്ടോ അറിയില്ല ഞങ്ങളുടെ ട്രെയിനിനും അയാള്‍ കട്ട വെച്ചില്ല . ഞങ്ങള്‍ വണ്ടി പിടിച്ചു. ബംഗ്ലൂര്‍ ലക്‌ഷ്യം ആയി നീങ്ങി തുടങ്ങി.ഫുള്ളി പായ്ക്ക് ആയിരുന്നു ആ ട്രെയിന്‍. അത് കൊണ്ട് തന്നെ കുഞ്ഞിനേയും തോളില്‍ എടുത്തു ടി ടി ആര്‍ ഇനെ സോപ്പ് ഇട്ടു സീറ്റ്‌ ഒപ്പിക്കാനുള്ള എന്റെ അവസാനത്തെ ശ്രമവും വിഫലമായപ്പോള്‍ , ഒരു മാന്യ കുടുംബം അവരുടെ മക്കളെ ഒരുമിച്ചു കിടത്തി ഒരു ബര്‍ത്ത് ഞങ്ങള്‍ക്കായി ഒഴിഞ്ഞു തന്നു. പാന്റ്രി ഇല്ലാത്ത ആ ട്രെയിനില്‍ ഉച്ച ഭക്ഷണത്തിന്റെ തീര്‍ന്നു കൊണ്ടിരിക്കുന്ന ശക്തിയില്‍ വിശപ്പും ദാഹവും മറന്നു അന്ന്യരുടെ മഹാ മനസ്കത യില്‍ കിട്ടിയ ആ ഉള്ള സ്ഥലത്ത് നെഞ്ചോടു നെഞ്ച് ചേര്‍ന് ബാപ്പയും മകളും വേഗം ഉറക്കം പിടിച്ചു . വലിയ പരാതികള്‍ ഒന്നും ഇല്ലാതെ ഉറങ്ങുന്ന ബാപ്പയെയും മോളെയും കണ്ടപ്പോള്‍ ആണ് എന്റെ ശ്വാസം നേരെ വീണത്. പുറത്തെ ഇരുട്ട് ആസ്വതിക്കാന്‍ ശ്രമിച്ചു ഞാന്‍ അവരുടെ കാല്‍ക്കല്‍ ഒതുങ്ങി കൂടി.


                                                എന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും അപ്പുറത്ത് അയാളുടെ ജീവനെ ഞാന്‍ സ്നേഹിച്ചിരുന്നോ .. ? അവരിപ്പോള്‍ വീടെത്തികാണുമോ ... അതോ അടുത്ത വണ്ടിക്ക്?!!!എനിക്കറിയില്ല ..എനിക്കറിയണ്ട...എന്റെ സ്വാര്‍ത്ഥതക്കപ്പുറം എനിക്കൊന്നും അറിയണ്ട. ഞാന്‍ കണ്ണുകള്‍ മുറുക്കി അടച്ചു .

                                             വനിതയില്‍ ഒരിക്കല്‍ വന്നിരുന്നു ഒരു ഫീച്ചര്‍ . വയസായ ആളുകളെ ജീവനോടെ കുഴികളില്‍ ഉപേക്ഷിക്കുന്ന തമിള്‍ നാട്ടിലെ വിരുത നഗര്‍ എന്നാ ഗ്രാമത്തെ കുറിച്ച്. കുഴിയില്‍ പോയി ഇരിക്കാന്‍ ഇഷ്ട്ടം ഇല്ലാഞ്ഞു ആയിരിക്കാം ശരീരം കൊണ്ട് ആക്കം ഇല്ലാഞ്ഞിട്ടും ആ പാവം വായോ വൃദ്ധന്‍ ഇന്നും മനസുകൊണ്ട് റിക്ഷ വലിക്കാന്‍ നിര്‍ബന്ധിതനായത്.

                                              പകുതി ദൂരം പിന്നിട്ടപ്പോള്‍ ജനലിലൂടെ പാറി വന്ന മഴയില്‍ എന്റെ മിഴികള്‍ ഉറക്കത്തിലേക്ക് ഊളിയിട്ടു . സ്വാര്‍ത്ഥം ആയ എന്റെ ഉറക്കതെ അത്രനേരം പിടിച്ചു നിര്‍ത്താനുള്ള മനുഷ്യത്വം മാത്രമേ എന്റെ ഉള്ളില്‍ അവരോടൊക്കെ ഉണ്ടായിരുന്നുള്ളൂ

Friday, September 28, 2012

ഉറക്കം

നന്മയില്‍ മയങ്ങി 
നന്നായുറങ്ങി 
നെഞ്ചിലെ ചൂടില്‍ 
ഇണചേര്‍ന്നുറങ്ങി 
ഇരുളിലെ മഴയില്‍ 
ഇഴചേര്‍ന്നുറങ്ങി 
കിനാക്കളില്‍ പുല്‍കി 
സ്നേഹിച്ചുറങ്ങി 
പുലരിയില്‍ പുലരാന്‍ 
മോഹിച്ചുറങ്ങി 

നന്മയില്‍ മയങ്ങി 
നന്നായുറങ്ങി :-)

Wednesday, September 26, 2012

വൈകി വന്ന പ്രണയം


പ്രണയം -അസ്ഥികോച്ചുന്ന തണുപ്പായി
അവന്‍റെ നെഞ്ചിലെ ചൂടില്‍ അതലിയിക്കാന്‍
അവള്‍ ശ്രമിച്ചു വിഫലയായി..

പുലരി പുലരുംമുന്‍പേ പുലര്‍ന്നവള്‍ എഴുതി

"എന്നിലെ പ്രണയത്തെ തിരിച്ചെടുത്ത്
എന്‍റെ ഉറക്കത്തെ തിരിച്ചു തരൂ..."

*******************************
സില്‍സില കാലടി

Tuesday, September 25, 2012

പെണ്ണുകാണാന്‍ പോകുന്നവരെ ഇതിലെ ഇതിലെ..


പേരു കേട്ട തറവാട്ടില്‍ ജനിച്ചു എന്നതല്ലാതെ , കണ്ണെടുക്കാത്ത സൌന്ദര്യമോ , കാര്യ പ്രാപ്തിയുള്ള ഏട്ടന്മാരോ ഇല്ലായിരുന്നു അവള്‍ക്കു. സ്വന്തം നിലയില്‍ പേര് കേള്‍പ്പിച്ചിട്ടുണ്ട് _ ആരെയും കൂസാത്ത ,നട്ടെല്ലും ചങ്കുറപ്പും ഉള്ളവള്‍ ആണെന്ന് .പക്ഷെ ഇത് ബാങ്കിലെ വാച്ച് മാന്‍ പോസ്റ്റിനുള്ള അപേക്ഷ അല്ല , വിവാഹ മാര്‍ക്കറ്റ്‌ ആണ്.പുരോഗമന വാദിയായ വാപ്പയും , ആവശ്യത്തില്‍ കുറവ് മത പഠനവും അവളെ രണ്ടാം തരക്കാരി ആക്കി അവിടെ.

കൂടാതെ അവളുടെ മുടിഞ്ഞ സിംഗിള്‍ ലൈന്‍ പ്രേമം എട്ടുനിലയില്‍ പൊട്ടി സുല്ലിട്ടിരിക്കുന്ന സമയവും.കുടുംബത്തിലെ പല പ്രാധാന സുന്ദരികളും എല്ലാം തികഞ്ഞിട്ടും ആര്‍ക്കോ വേണ്ടി പുര നിറഞ്ഞു നില്‍ക്കുന്നു . എല്ലാം കൂടി അവളുടെ ഉമ്മയുടെ നെഞ്ചിലെ തീ അലിക്കത്തിച്ചു. മെല്ലെ മെല്ലെ അത് അവളിലെക്കും പടര്‍ന്നു.അങ്ങിനെ ആണ് ഫൈനല്‍ ഇയര്‍ ആയിട്ട് മതി വിവാഹാലോചനകള്‍ എന്ന് പറഞ്ഞു നിന്നിരുന്ന അവള്‍ മൂന്നാം വര്ഷം തന്നെ അതിനു മൌനാനുവാദം കൊടുത്തത്.

വര്‍ഷങ്ങള്‍ ആയി  പാര്‍ടി പത്രം വന്നിരുന്ന ആ വീട്ടില്‍ അങ്ങിനെ ഞായറാഴ്ചകളില്‍ മാത്രം മാധ്യമം വന്നു തുടങ്ങി. രാവിലെ പത്രം വന്നാല്‍ മാട്രിമോണിയല്‍ പേജ് നോക്കി വിളിക്കാനുള്ളവരെ മഷി പെന്നുകൊണ്ട് അടയാളം ഇട്ടിട്ടേ ആ വീട്ടില്‍ അന്ന് അടുപ്പുകൂടെ പുകഞ്ഞിരുന്നുള്ള് .

ഇതിനിടക്ക്‌ "പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ട്യോള്‍ ഉണ്ടോ " എന്ന് വിളിച്ചു ചോദിച്ചു നടക്കുന്ന ചില അത്തറുപൂശി കളുടെ കണ്ണിലും അവള്‍ പെട്ടു. വെളുക്കനെ ഉള്ള ചിരി, എണ്ണക്കറുപ്പിനെ തോല്‍പ്പിക്കുന്ന ടൈ തേച്ച മുടി, പളപളാ മിന്നുന്ന ഉടുപ്പ്, പൊടീ പറ്റാത്ത ചെരുപ്പ് , കയ്യില്‍ സ്വര്‍ണം തോല്‍ക്കുന്ന തിളങ്ങുന്ന വാച്ച് എന്നിവയില്‍ വലിയ കോമ്പ്രമൈസ് ചെയ്യാത്ത ആളുകള്‍ ആയിരുന്നു അന്നാട്ടിലെ ബ്രോക്കെര്‍മാര്‍ . കയ്യിലുള്ള ചെക്കന്മാരുടെ സ്റ്റാറ്റസ് അനുസരിച്ചു , മേല്‍ പറഞ്ഞ ഗുണങ്ങളില്‍ ഇച്ചിരി പോരം ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ ആയി.

ഇല്ലാത്ത ഉയരം കൂട്ടി പറഞ്ഞും ഉള്ള പ്രായം കുറച്ചു പറഞ്ഞും ധല്ലാളുമാര്‍ അവരുടെ പണിയും  തുടങ്ങി : "കാണാന്‍ വരും മുന്പ് ചെക്കന്‍ പറയും ആനെയെ  വേണം ചേനെനെ വേണം, എന്ത് പിത്തന പറഞ്ഞിട്ടാനെങ്കിലും വന്നു കണ്ടു ഓന് പിടിച്ചാ പിന്നെ ഞമ്മള് കൈച്ച്ലായി ..ആദ്യം പറഞ്ഞതൊന്നും  അപ്പൊ ഓന്റെ മനസിലുണ്ടാകൂല"ഇതാണ് ചില്ലറ നുണകളെ സാലിഹ് ആകാന്‍ അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍.

അങ്ങിനെ എല്ലാരും കൂടെ  ചെക്കനെ തിരയല്‍ തകൃതിയായി നടക്കുകയാണ് . കണക്ഷന്‍ കിട്ടിയ അന്ന് മുതല്‍ ലോക്ക്   ചെയ്തു വെച്ചിരുന്ന ലാന്‍ഡ്‌ ഫോണ്‍ കീ പാടിന് പോലും അക്കാലങ്ങളില്‍ പരോള്‍ അനുവദിക്കപ്പെട്ടു.
ആറ്റി കുറുക്കി മാറ്റ് ഉരച്ചു നോക്കി അങ്ങിനെ അവളുടെ ആദ്യത്തെ പെണ്ണുകാണല്‍ ആയി. ചെക്കന്‍ ചാലിശേരിയില്‍ ഉള്ള ഒരു ദുബായിക്കാരന്‍ എന്‍ജിനീയര്‍ . ഒറ്റ മകന്‍. നാല് പെങ്ങന്മാര്‍ . നാലിനെയും കെട്ടി പൂട്ടി.. അടിപൊളി.,മലഞ്ചെരിവില്‍ ഉള്ള അവളുടെ വീട്ടിലേക്കു ടാറിടാത്ത റോഡാണ് . ചെക്കന്റെ കാര്‍ ഇറക്കം ഇറങ്ങുമോ സംശയം. അത് കൊണ്ട് നാഷണല്‍ ഹൈ വെയില്‍ ഉള്ള ഉപ്പയുടെ അനിയന്റെ വീട്ടില്‍ വെച്ചാണ് പെണ്ണുകാണല്‍. ...

ചെക്കനും കൂട്ടരും  വന്നു. പതിവ് സിനിമ സ്റ്റൈല്‍ പെണ്ണുകാണല്‍.
"ഹരിയര്‍ ഉണ്ടോ?.."
"ഉണ്ട്"
എത്ര എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം .

"നീളം ?"
" 5 .3 "
ചായയും ജിലേബിയും മടക്കും ആവശ്യത്തില്‍ കൂടുതല്‍ തിന്നു ഫോണ്‍ വിളിക്കാം എന്നും പറഞ്ഞു അവര്‍ ഇറങ്ങി. പോകുന്ന പോക്കില്‍ അടുത്തുള്ള അങ്ങാടിയില്‍ ഇറങ്ങി ചെക്കന്റെ അമ്മാവന്‍ രണ്ടു  ചെറുനാരങ്ങ  വാങ്ങിച്ചു യാത്രയില്‍ വാള് വെക്കാതിരിക്കാന്‍  . കൂട്ടത്തില്‍ പെണ്ണിന്റെ ഫാമിലിയെ പറ്റി ഒരു അന്വേഷണവും നടത്തി . കടക്കാരന്‍ ചതിച്ചു . പെണ്ണിന്റെ വാപ്പയുടെ പുരോഗമന വാദത്തില്‍ തട്ടി ആ വിവാഹാലോചന എങ്ങോട്ടോ തെറിച്ചു

പിന്നെയും അവളുടെ വീട്ടിലെ  ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു.
ആദ്യം ആദ്യം അവളും ഓടും ഫോണ്‍ എടുക്കാന്‍ , അടുക്കളയിലോ പറമ്പിലോ ഉള്ള ഉമ്മ ഓടി വരുമ്പോളേക്കും ഫോണ്‍ നിന്നുപോയാലോ. ആകാംഷയുടെ  കണ്ണുകളോടെ ,ഉമ്മ സംസാരിക്കുന്നത് ചുറ്റിപറ്റി നിന്ന് പിടിച്ചെടുക്കാന്‍ നോക്കും .
"ചെക്കന്‍ നാട്ടില്‍ ഇല്ല. അടുത്ത മാസം ലീവിന് വരും . ഉപ്പേം മാമനും വന്നു കുട്ടിയെ കണ്ടോട്ടെ ,ഇഷ്ട്ടായാ ചെക്കനു വരാലോ.." "ആയ്കോട്ടെ"
ഉപ്പക്കും മാമനും പിടിച്ചു. അടുത്ത സെക്ഷന്‍ ഉമ്മയും പെങ്ങന്മാരും "അതും ആയ്കോട്ടെ "
അതും ഓക്കേ.
അടുത്തത് ചെക്കന്‍.

അങ്ങിനെ രണ്ടാമത്തെ പെണ്ണ് കാണല്‍.
രാവിലെ കോളേജില്‍ പോകാന്‍ റെഡി ആകുകയാണ്. ചെക്കന്‍ എളാപ്പയുടെ വീട്ടില്‍ വരും.അത് വഴി കയറി പോകാം " ആയ്കോട്ടെ"
ചെന്ന് നോക്കുമ്പോ നല്ല സിമ്പ്ലന്‍ ചെക്കന്‍. ., വായില്‍ വിരലിട്ടാല്‍ കടിക്കില്ല.അവന്‍ ഒറ്റക്കാണ് വന്നിരിക്കുന്നത്. വായിച്ച പുസ്തകങ്ങള്‍ , സിനിമകള്‍ , പാട്ടുകള്‍ കവിതകള്‍ അങ്ങിനെ കൊറേ ഏറെ സംസാരിച്ചു.
കാലിക്കറ്റ്‌ ബീചിലൂടെ തോളില്‍ കയ്യിട്ടു പ്രണയിച്ചു നടക്കാന്‍ ഒന്നും കൊള്ളില്ലെങ്കിലും കുഴപ്പം ഇല്ല. കുറച്ചു ഇഷ്ട്ടങ്ങള്‍ ഒക്കെ സമാനം. അവന്റെ ഹാപ്പിയായുള്ള ആപോക്ക് കണ്ടപോളെ ഉറപ്പിച്ചിരുന്നു _ഇവന്‍ താന്‍ അവന്‍ എന്ന്. ചെറുതായി സോപ്നം കണ്ടു തുടങ്ങിയോ സംശയം. പക്ഷെ ഒരാഴ്ച കഴിഞ്ഞു ഫോണ്‍ വന്നു " അവസാന ഘട്ട ഗുണ പരിശോധനയില്‍ വിജയം കാണാതെ ഈ ആലോചന തള്ളപ്പെട്ടു "

ചിറകു മുളക്കാന്‍ പോയ പ്രതീക്ഷകളെ അസ്തമിപ്പിച്ചു കൊണ്ട് വിശ്രമിക്കുന്ന ആ ഫോണിനെ നോക്കി അവള്‍ ഇടയ്ക്കിടെ നെടുവീര്‍പ്പിട്ടു. വിവാഹ സംബന്ധം അല്ലാത്ത മറ്റൊരു കാളുകളും വരാത്ത ആ വെറുക്കപെട്ട ഫോണിലേക്ക് അത് കൊണ്ട് തന്നെ പിന്നീടവള്‍ നോക്കിയില്ല.

വലിയ കോലാഹലങ്ങള്‍ ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
ഇപ്പോള്‍ അവള്‍ ഫൈനല്‍ ഇയര്‍ ആണ്. കല്യാണം അത്രയ്ക്ക് ജോറായി നോക്കുന്നില്ല.  ഈ ഗുധാമിലേക്ക് ആദിവാസിപോലും വരാനിടയില്ലാത്തതിനാല്‍ എളാപ്പയുടെ നിര്‍ദേശ പ്രകാരം  ഹൈ വെയില്‍ ഉള്ള സ്ഥലത്ത് പുതിയ വീടിന്റെ പണി തുടങ്ങിയിരിക്കുന്നു.  പുരോഗമനത്തിന് എതിരായതിനാല്‍ അവളുടെ വാപ്പയ്ക്ക്‌ ഉള്ള വീട് വിട്ടു പുതിയ കോണ്‍ക്രീറ്റ് സൌധം പനിയുന്നതിനോട് അത്രയ്ക്ക് പ്രീതി ഉണ്ടായിരുന്നില്ല. അങ്ങിനെ വീട് പണിയും മോളെ കെട്ടിക്കലും ഏട്ടനില്‍ നിന്നും എളാപ്പ മൊത്തമായി  ഏറ്റെടുത്തു,

ഏഴാം സെമെസ്റ്റെര്‍ പരീക്ഷ കാലം. എല്ലാം മറന്നു പുസ്തകത്തിലേക്ക് ഊളിയിട്ടു അവള്‍.. ,ഉമ്മ മാത്രം ഞായറാഴ്ചകളില്‍ രാവിലെ പതിവുപോലെ പത്രത്തില്‍  സുജൂദ് ചെയ്തു .
ആറടി ഉയരം, സുമുഖന്‍ ,സുശീലന്‍ സാമ്പത്തിക ഭദ്രത ഉള്ള കുടുംബം.വിദേശത്ത് എന്‍ജിനീയര്‍ അടുത്ത മാസം നാട്ടില്‍ വരുന്നു. ദീനിയായ പെണ്ണ് വേണം എന്ന് എടുത്തു പറഞ്ഞിട്ടില്ല. അപ്പൊ പുരോഗമന ക്കാര്‍ക്കും സ്കോപ് ഉണ്ട്. അപ്പൊ തന്നെ ഫോണ്‍ എടുത്തു വിളിച്ചു. ചെക്കന്റെ വാപ്പയാണ് ലൈനില്‍  .മൂപ്പരോട് കാര്യം പറഞ്ഞു.
"അന്വേഷിചോളൂ ഞങ്ങളെ പറ്റി എന്നിട്ട് ബോധിച്ചാല്‍ മോന്‍  വന്നാല്‍ വിളിക്കു, അതിനു മുന്പ് വാപ്പ ഉമ്മ അങ്ങിനെ ഉള്ള കാണലുകള്‍ വേണ്ട. കുട്ടിക്ക് പരീക്ഷയാണ് അവള്‍ സമ്മതിക്കില്ല. . "

" ശരി മോന്‍  ജനുവരിയില്‍ വരും.വിളിക്കാം..നമ്പര്‍ ?"


ദിവസങ്ങള്‍ കടന്നു പോയി. തീരെ അപ്പ്രതീക്ഷിതമായി ആ നാടിനെ മൊത്തത്തില്‍ ദുഖത്തില്‍ ആക്കി ഓരു ലോറി അപകടത്തില്‍ അവളുടെ എളാപ്പ മരണപ്പെട്ടു. ഇതറിയാതെ അപകടം നടന്നു രണ്ടാം ദിവസം വൈകീട്ട് മകന്‍ നാട്ടില്‍ വന്ന വിവരം പറയാന്‍ ആ ഉപ്പ വിളിച്ചു. ഉടനെ ഒരു പെണ്ണുകാണല്‍ ഒന്നും ഉള്‍കൊള്ളാനുള്ള കരുത്ത് ഇല്ലാത്ത  അവളുടെ ഉമ്മ ആ മനുഷ്യനോട് കുടുംബത്തില്‍ നടന്ന ദുരന്തത്തിന്റെ വിവരം പറഞ്ഞു കരഞ്ഞു.
പക്ഷെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞു അവര്‍  വീണ്ടും വിളിച്ചു.

"മകന് ലീവ് ഇല്ല. മരണം , വിവാഹം ഒക്കെ നമ്മുടെ കയ്യില്‍ ആണോ. ആരും അറിയാതെ അവന്‍ ഒന്ന് വന്നു കണ്ടോട്ടെ"

ആകെ തകര്‍ന്നിരിക്കുന്ന  എളാമയുടെ ശുശ്രൂഷയും കാര്യങ്ങളും ആയി അവള്‍ അവരുടെ വീട്ടില്‍ ആണ്.

" അത് സാരമില്ല. മോനും പെങ്ങളും വൈകീട്ട് അങ്ങോട്ട്‌ വരും. മരണ വീടല്ലേ പലരും കാണുമല്ലോ.. മകളുടെ കൂട്ടുകാര്‍ ആണെന്ന് പറഞ്ഞാല്‍ മതി." അങ്ങിനെ ഫോണ്‍ വെച്ചു.



രണ്ടു മൂന്ന് കൊല്ലത്തേക്ക്‌ കല്ലിയാണമേ വേണ്ട എന്ന് പറഞ്ഞു വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു തന്റെ ഒറ്റയാന്‍ ജീവിതം ആഘോഷിക്കുകയായിരുന്നു  അവന്‍
പ്രായം ഇരുപത്തോന്പതു . പ്രവാസി ആയതില്‍ പിന്നെ ആദ്യം ആയാണ് നാട്ടില്‍ വരുന്നത്. വരുന്ന വരവില്‍ തന്നെ കഴുത്തില്‍ കുരുക്കിടാന്‍ അവന്‍ അറിയാതെ വീട്ടുകാര്‍ ആണ് പത്രത്തില്‍ പരസ്യം നല്‍കിയത്. പരസ്യം കണ്ടു വന്ന ആലോചനകളില്‍ വീട്ടുകാര്‍ കണ്ടു ബോധിച്ച പെണ്‍കുട്ടികളുടെ ഫോട്ടോയും സങ്കടിപ്പിച്ചു  മകന്‍ വരാന്‍ കാത്തിരിക്കുകയാണ് ആ വീട്ടുകാര്‍.


മര്യാദക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ  തന്നെ ഫോട്ടോകള്‍ ഒക്കെ അവന്‍ തള്ളി. ഇനി ഇപ്പൊ ഫോട്ടോ ഇല്ലാത്ത ഒരു കുട്ടി ഉണ്ട്. അവളെ പോയി കണ്ടേ പറ്റു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്‍പില്‍ മുട്ട് കുത്തി അങ്ങിനെ അനിയത്തിയേം കൂട്ടി ഇറങ്ങിയതാണ് ആദ്യത്തെ പെണ്ണ് കാണലിന് .


മരണം നടന്നു ഒരാഴ്ച തികയുന്നെ ഉള്ളു. ആ വീട്ടിലേക്കാണ് യാതൊരു കോമണ്‍ സെന്‍സും ഇല്ലാതെ പെണ്ണുകാണാന്‍ പോകുന്നതെന്ന് അവനു അറിയില്ല. സ്ഥലത്തെത്തി ഗേറ്റ് കടക്കുമ്പോള്‍ വരുന്നവരുടെയും പോകുന്നവരുടെയും ആള്‍കൂട്ടം കണ്ടു സംശയിച്ചപ്പോള്‍  ആണ് അനിയത്തി കാര്യം  പറയുന്നത്. പെണ്ണുകാണാന്‍ പറ്റിയ ബെസ്റ്റ് സിറ്റുവേഷന്‍ . വരുന്നവരുടെ കൂടെ അവരും കയറി സോഫയില്‍ ഇരുന്നു. എല്ലാര്‍ക്കും കൊടുക്കുന്ന കൂട്ടത്തില്‍ അവര്‍ക്കും കിട്ടി നാരങ്ങ വെള്ളം. അവാര്‍ഡ്‌ പടം പോലെ സ്മശാന മൂകമായ അന്തരീക്ഷം.

അവള്‍ യാതൊരു മുന്നൊരുക്കങ്ങളും ഇലാതെ നില്‍ക്കുമ്പോള്‍ ആണ് ഉമ്മവന്നു പത്രത്തില്‍ കണ്ട പയ്യനും അനിയത്തിയും വന്ന കാര്യം പറയുന്നത്. കൊക്കെത്ര കുളം കണ്ടതാ , തീരെ പകക്കാതെ അവള്‍ അവരുടെ അടുത്തേക്ക് പോയി. " എന്നാ വന്നത്.. ലീവ് എത്രയുണ്ട് " എന്നന്വേഷിച്ചു. കഴിഞ്ഞു പെണ്ണ് കാണല്‍. .
വെള്ളം കുടിച്ചു കഴിഞ്ഞതും തിരക്കുണ്ടെന്നു പറഞ്ഞു അവന്‍ മുറ്റത്തേക്ക് ഇറങ്ങിഅനിയത്തി അവളെ ഒന്നും കൂടെ കാണാന്‍ അകത്തേക്കും .പത്തന്‍പത് കിലോ മീറ്റര്‍ കാര്‍ ഓടിച്ചു ആദ്യത്തെ  പെണ്ണ് കാണലിനു വന്നു പണി കിട്ടിയ ജാള്യതയോടെ  ഷൂ വിന്റെ ലെയിസ് കെട്ടുകയാണ് അവന്‍. .
വിളിച്ചു വരുത്തി ആ ജെന്റില്‍ മാനെ ആക്ഷേപിച്ചോ..?

ആളുകളുടെ  ബഹളത്തില്‍  അടുത്തേക്ക് ചെന്ന്അവള്‍  അവനോടായി പറഞ്ഞു." ഒന്നും വിചാരിക്കരുത്.. ഇവിടത്തെ സിറ്റുവേഷന്‍ ഇങ്ങിനെ ആയതു കൊണ്ടാണ് "

വിവാഹത്തെ പറ്റി ചിന്തപോലും ഇല്ലാതെ വീട്ടുകാരെ പറ്റിച്ചു നടന്നിരുന്ന അവന്‍ തിരിച്ചുള്ള യാത്രയില്‍ മുഴുവന്‍ നിശബ്ദനായി.അന്ന് ആ സമയത്ത് അങ്ങിനെ ഒരു ടയലോഗ് അടിക്കാന്‍ തോനിപ്പിച്ച വിധിയോട് പിന്നീടുള്ള ദിവസങ്ങളില്‍ അവരൊരുമിച്ച് നന്ദി പറഞ്ഞു..




Saturday, September 8, 2012

അപ്പി പറഞ്ഞ കഥ


ഈവയുടെ ഒന്നാം പിറന്നാളിന് നാല് ദിവസം മുന്‍പാണ് അപ്പിയും ഷൈജുവും സാജിദ് ഇന്‍റെ കൂടെ ബംഗ്ലൂരില്‍ നിന്നും അരീകൊടെ വീട്ടില്‍ വന്നത്. തലേന്ന് രാത്രി പുറപ്പെടും മുന്പ് വിളിച്ചപോളും കൂടെ ആരെങ്ങിലും ഉള്ളതായി സൂചിപ്പിച്ചിരുന്നില്ല. രാവിലെ വന്നു കയറുമ്പോള്‍ 
പൂര്‍വാശ്രമത്തിലെ ആത്മ മിത്രം ഷൈജുവും കൂടെ കിളിപോലുള്ള അപ്പിയും .ഏതൊരു ഭാര്യയേയും പോലെ എന്‍റെ നെഞ്ചും ചെറുതായി ഒന്ന് പിടഞ്ഞു ആ സുന്ദരിക്കുട്ടിയെ കണ്ടപ്പോള്‍ 

പ്രവാസിയായുള്ള വനവാസ കാലത്തിനു മുന്‍പ്‌ ബംഗ്ലൂരില്‍ ഉണ്ടായിരുന്ന മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആണ് ഷൈജു ഫ്രാന്‍സിസ്. അഞ്ചു വര്ഷം മുന്‍പ്‌ ടാറ്റാ ബൈ ബൈ പറഞ്ഞു പിരിഞ്ഞതില്‍ പിന്നെ രണ്ടു ദിവസം മുന്‍പാണ് അപ്പ്രതീക്ഷിതമായി വീണ്ടും കാണുന്നത് . കൂടെ ഉള്ളത് മാമന്റെ മകള്‍ അല്ഫോന്സ . ഡിഗ്രി ഫസ്റ്റ് ഇയര്‍ ഇന് പഠിക്കുന്നു . ഈവയുടെ പിറന്നാളിന് ജോളിയാക്കാന്‍ വന്നതാണ് എന്നൊക്കെ സാജിദ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.

എങ്കിലും ഒരായിരം ചോദ്യങ്ങള്‍ എന്‍റെ ഉള്ളില്‍ കിടന്നു കറങ്ങി. 

സത്യത്തില്‍ എന്‍റെ ചോദ്യങ്ങളെ അസ്താനത്താക്കുന്ന , ബാറ്റോന്‍ ബോസ്സിന്റെ നോവലുകളെ വെല്ലുന്ന ഉത്തരങ്ങള്‍ ആയിരുന്നു എന്നെ കാത്തിരുന്നത് ..




അപ്പിയുടെ വീട് കര്‍ണാടകയിലെ ഉടുപ്പി ജിലയില്‍ ഹോന്നാവര്‍ എന്നാ സ്ഥലത്താണ്. ഹോന്നാവര്‍ ഒരു കാടാണ് . കാടിനുള്ളില്‍ അളന്നു തിട്ടപ്പെടുത്തിയിട്ടില്ലാത്ത  ഏകദേശം അറുപതു ഏക്കറോളം സ്ഥലം . അതിനുള്ളില്‍ ആണ് അപ്പിയുടെ വീട്.

ഇടുക്കിയിലെ ഏതോ ഹൈ റെന്ജ് കാരന്‍ ആണ് അപ്പിയുടെ അപ്പന്‍ ,അമ്മ വയനാട്ട് കാരി. അത്രയ്ക്കൊന്നും ഗതിയില്ലാത്ത അക്കാലത്ത് ,അച്ചായന്മാര്‍ കൂട്ടത്തോടെ വടക്കന്‍ കേരളത്തിലെ ഫല പൂയിഷ്ട്ടമായ ഇടങ്ങളിലേക്ക് കുടിയേറിയപ്പോള്‍ , നല്ല മനക്കരുത്തും മെയ്ക്കരുത്തും ഉള്ള അപ്പിയുടെ അച്ചന്‍ കുറച്ചും കൂടി സഞ്ചരിച്ചു കര്‍ണാടകയില്‍ എത്തിയതാണ്.
ചങ്കുറപ്പുള്ള ആണിന്റെ കൂട്ടുള്ളപ്പോള്‍ , പൊതുവേ പേടിത്തൂറികളും ദുര്‍ബലരും  ആയ സ്ത്രീകളും ആത്മവിശ്വാസികള് ആകുമല്ലോ. യാതൊരു പുനര്ചിന്തയും ഇല്ലാതെ സ്വന്തം നാടും വീടും വിട്ടു ആ ഭാര്യയും ടിയാന്റെ കൂടെ കാട് കയറി.

അതിരുകളോ മതിലുകളോ ഇല്ല. ഒന്ന് ആര്‍ത്തു വിളിച്ചാല്‍ പോലും ആരും കേള്‍ക്കില്ല. പുഴയില്‍ വെള്ളം കൂടിയാല്‍ അക്കരെ പോകാന്‍ പറ്റില്ല. അങ്ങിനെ ഉള്ള കാട് . അതിനുള്ളില്‍ നാല് മതിലുകളും മേല്‍കൂരയും ഉള്ള ഉറപ്പു കുറഞ്ഞ ഒരു വീട് .
അവിടെക്കാന് ഭര്‍ത്താവിനെ ദൈവം ആയി സ്നേഹിച്ച ആ പാവം സ്ത്രീ വലതും കാലും വെച്ച് കടന്നു വന്നത്.

രണ്ടു പേരും കൂടെ കാടൊക്കെ വെട്ടി തെളിച്ചു ,പല പല കൃഷികളും ചെയ്തു നോക്കി.. ഒന്ന് പച്ച തെളിഞ്ഞു വരുമ്പോളേക്കും പന്നിക്കൂട്ടങ്ങളും കാട്ടു പോത്തുകളും വന്നു മേഞ്ഞിട്ടു പോകും.
പിന്നേം ഒന്നെന്നു തുടങ്ങും. അവസാനം ബാക്കിയായത് കുറെ കശുവണ്ടി മരങ്ങള്‍. അതില്‍ അവര്‍ വിജയം കണ്ടു. പിന്നെ പിന്നെ കവുങ്ങും തെങ്ങും എന്ന് വേണ്ട വീട്ടാവശ്യത്തിന് വേണ്ടതും കൂടി അവര്‍ ആ പൊന്നു വിളയുന്ന കാടിന്റെ നെഞ്ചില്‍ നട്ടു വളര്‍ത്തി.


മഴക്കാലം ആകുമ്പോള്‍ പുഴയില്‍ വെള്ളം കൂടും. അക്കരെ പോകാന്‍ പറ്റില്ല. എന്ത് അത്യാവശ്യം വന്നാലും. നാടുമായി ഒരു ബന്ധവും ഇല്ല. തികച്ചും ഒറ്റ പെട്ട കാടിന്റെ മക്കള്‍. .അങ്ങിനെ  മഴക്കാലത്തിനു മുന്‍പേ വീട്ടാവശ്യത്തിനുള്ള സാധന സാമഗ്രികള്‍ വാങ്ങി സ്റ്റോക്ക്‌ ചെയ്യും. വര്‍ഷത്തില്‍ എട്ടു മാസവും പുഴയില്‍ വെള്ളം ആണ് . വെള്ളം വറ്റി തുടങ്ങിയാല്‍ ലോറികളും ട്രാക്കുകളും വന്നു അടയ്ക്കയും കശുവണ്ടിയും കയറ്റി കൊണ്ട് പോകും. ഈ വണ്ടി കളില്‍ ആണ് വീട് പണിക്കുള്ള സിമെന്റും ഓടും എന്ന് വേണ്ട പലചരക്ക് സാധനങ്ങള്‍ വരെ കൊണ്ട് വരുന്നത്.ഓരോ വര്‍ഷവും വീട് കുറേശെ  കുറേശെ വലുതായിക്കൊണ്ടിരുന്നു. കൃഷിസ്ഥലവും


ഇതിനിടക്ക്‌ മൂന്ന് മക്കളും ഉണ്ടായി . വലിയ പ്രായ വെത്യാസം ഇല്ലാത്ത മൂന്ന് മക്കള്‍.. . .അവരും അമ്മയെയും അപ്പനെയും ആകുംപോലെ സഹായിച്ചു.
മൂന്ന് പേരെയും ഒരുമിച്ചാണ് സ്കൂളില്‍ ചേര്‍ക്കാന്‍ ഉടുപ്പിയിലേക്ക് കൊണ്ട് പോയത്. അപ്പിക്ക് മൂന്നര വയസേ ആയുള്ളൂ. എങ്കിലും ചേച്ചിയുടെയും ചേട്ടന്റെയും കൂടെ കൂട്ടി . ഇതാകുമ്പോ ഒറ്റ യാത്രയില്‍ മൂവരെയും കൊണ്ടാക്കാം കൂട്ടി പോരാം .അഡ്മിഷന്‍ കിട്ടാന്‍. .  അപ്പിയുടെ വയസു നാലരന്നു കൂട്ടിയാണ് പറഞ്ഞത്.ഈ പോടിക്കുഞ്ഞിനു നാലരയോ എന്ന് പ്രിന്‍സിപ്പാള്‍ അച്ചന്‍ . ചെറുപ്പത്തില്‍ എന്തോ ദീനം പിടിച്ചു കൂരിച്ച്ചു പോയതാണ് അച്ചോ എന്ന് അമ്മ .

 പ്രിന്‍സിപ്പാള്‍ അച്ചന്‍ പക്ഷെ കയ്യോടെ പിടിച്ചു . കുഞ്ഞിനോട് കൈകൊണ്ടു തല ചുറ്റി മൂക്കില്‍ പിടിക്കാന്‍ പറഞ്ഞു. വലുപ്പക്കുറവുള്ള കുട്ടിയാണെങ്ങിലും , പ്രായം എത്തിയത് ആണേല്‍   മൂക്കില്‍ പിടിക്കാന്‍ കഴിയുമത്രേ. അപ്പിക്ക് കഴിഞ്ഞില്ല. കള്ളി വെളിച്ചത്തായി. അച്ഛന്റെ ബുദ്ധിക്കു മുന്‍പില്‍ ആ പാവം അമ്മ കീഴടങ്ങിയില്ല . പായാര കോട്ട തുറന്നു
കാടിന്റെയും പുഴയുടെയും കഥ പറഞ്ഞു അച്ഛനെ അലിയിപ്പിച്ചു . അങ്ങിനെ അപ്പിയും പ്രായ മെത്താതെ സ്കൂളില്‍ ചേര്‍ന്ന് .


കന്യാസ്ത്രീ കളുടെ സ്കൂള്‍ ആണ് അവിടെ നിന്ന് പഠിക്കണം. വേനല്‍ അവധിയാകുംപോള്‍ പുഴയിലെ വെള്ളം കുറയും അപ്പോളെ വീട്ടിലേക്കു മടക്കം ഉള്ളു. അവധിക്കു വരുന്ന ആ രണ്ടു മാസം അവരും അപ്പനോടൊപ്പം കൂടും.രാവിലെ  എണീറ്റ്‌ ബക്കറ്റുമായി പറങ്കി മാവിന്‍ ചോട്ടിലേക്ക് . പഴുത്തതും ചീഞ്ഞു തുടങ്ങിയത് മായ പഴങ്ങള്‍ പറക്കി കൂട്ടും.
ബക്കറ്റുകള്‍ നിറഞ്ഞു കവിയും. തിരയുക ഒന്നും വേണ്ട... അത്രക്കുണ്ട് മാങ്ങകള്‍.. ബക്കറ്റു നിറയുമ്പോള്‍ മുറ്റത്ത്കൊണ്ട് വന്നു ചൊരിഞ്ഞു വീണ്ടും ഓടും. ഇടവേളകളില്‍ പുഴുക്കോ ഉപ്പ്മാവോ കഞ്ഞിയോ . പ്രാതല്‍, ഉച്ച , രാത്രി എന്ന് വെത്യാസം ഇല്ലാത്ത ഭക്ഷണ ക്രമം .

പറങ്കി മാങ്ങയുടെ കാര്യത്തില്‍ ഒരു തീരുമാനം ആകുമ്പോള്‍
 പിന്നെ പോകുന്നത് വീടിനോട് ചേര്‍ന്നുള്ള അടയ്ക്കതോട്ടതിലെക്കാന് . കൂരടക്കകളും പഴുക്കടക്കകളും .. അങ്ങിനെ സന്ധ്യമയങ്ങും വരെ ..ഈ കൊണ്ട് വന്നു കൂട്ടിയിരിക്കുന്ന പറങ്കി മാങ്ങകളില്‍ നിന്നും അണ്ടി വേര്‍പെടുത്തുന്നത് രാത്രിയില്‍ ആണ് . അപ്പനും അമ്മയും മക്കളും അവരുടെ സ്വര്‍ഗ്ഗവും.

അപ്പി അഞ്ചാം ക്ലാസില്‍  എത്തിയപ്പോള്‍ ആണ് ആ വീട്ടിലേക്കു കറന്റു കിട്ടുന്നത്. വര്‍ഷത്തില്‍ പകുതിയും പണി മുടക്കുന്ന കറന്റു.മഴക്കാലം ആയാല്‍ പിന്നെ കറന്റില്ല . മരം വീണു അത് മണ്ണ്അടിയും. പിന്നെ മഴ ഒന്ന് കുറയണം ആരെങ്ങിലും വന്നു നേരെയാക്കാന്‍.

പല രാതികളിലും കാട്ടു പോത്ത് ഇറങ്ങും. മഴക്കാലം ആയാല്‍ വീടിന്റെ മുറ്റം വരെ എത്തും ഇവറ്റകള്‍ കൂട്ടം കൂട്ടം ആയി. ജനലികൂടെ തിളങ്ങുന്ന കണ്ണുകള്‍ കാണാം. ദേഷ്യം പിടിപ്പിച്ചാല്‍ വീടും കുത്തി മറിച്ച് ഇട്ടിട്ടു പോകും. അത് കൊണ്ട് ശ്വാസം  അടക്കി വിളക്ക് അണച്ചു ഇരിക്കും.ഒറ്റയായി വല്ലവനും വന്നാല്‍ അപ്പിയുടെ അപ്പന്‍ വെടിവേച്ച്ചിടും.
വെടിയിറച്ചി  ഉണക്കി എടുത്തു സൂക്ഷിക്കും , വീട്ടാവശ്യത്ത്തിനും , പിന്നെ വിക്കാനും.കരയില്‍  വെടിയിറച്ചിക്ക് നല്ല ഡിമാണ്ട് ആണ് .  പറയുന്ന വിലയാണ് കിലോക്ക് .


രണ്ടു മാസം ദാന്നു  കഴിയും. വീണ്ടും സ്കൂളിലേക്ക്...
ചേച്ചിക്ക് ഇടയ്ക്കു ഡബിള്‍ പ്രൊമോഷന്‍  വഴി സ്ഥാനക്കയറ്റം കിട്ടി ഇലയതുങ്ങളെക്കാള്‍ രണ്ടു ക്ലാസ് മുന്‍പില്‍ എത്തി കഴിഞ്ഞിരുന്നു . പടിക്കാനോക്കെ മിടു മിടുക്കരയാ കുട്ടികള്‍ .

അങ്ങിനെ ഇരിക്കെ  അപ്പി പത്താം ക്ലാസ്സില്‍ എത്തിയ സമയത്താണ് അപ്പിയുടെ അപ്പന്‍ മരിക്കുന്നത്.

കാട്ടില്‍ എവിടെയോ മരിച്ചു കിടക്കുക ആയിരുന്നു. കാണാതെ ആയപ്പോള്‍ കൊറേ തിരഞ്ഞു . കണ്ടില്ല , അവസാനം എങ്ങിനെയൊക്കെയോ നാട്ടില്‍ അറിയിച്ചു. നാട്ടീന് കണ്ടു പരിചയം ഇല്ലാത്ത പെങ്ങളുടെ മക്കള്‍ വന്നു വീണ്ടും തിരഞ്ഞു . അവസാനം കണ്ടു . പുഴുവരിച്ചു കിടക്കുന്ന ആ ആറടി പോക്കക്കാരനെ.
പോസ്റ്മോര്ടം ചെയ്തപ്പോള്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടു. പാമ്പ് കടിയെറ്റതാകാം. കാടല്ലേ.. ഉഗ്ര വിഷം ഉള്ള പലരും വിഹരിക്കുന്ന സ്ഥലം.അടക്കം കഴിഞ്ഞു എല്ലാരും തിരിച്ചു പോയി .

ഒരാള്‍ ഒഴികെ.
അതായിരുന്നു ഷൈജു. അപ്പിയുടെ അപ്പന്റെ അനിയത്തിയുടെ മകന്‍.


പിന്നീട് ആ കാട്ടില്‍  അമ്മയ്ക്ക് ആ മരുമകന്‍ കൂട്ടായി.അപ്പോഴേക്കും ഏതുഅവസ്ഥയിലും കുലുങ്ങാത്ത മലപോലെ ഉള്ള ഒരു സ്ത്രീ ആയി മാറി ക്കഴിഞ്ഞിരുന്നു അവര്‍. .

പത്ത് പതിനഞ്ചു കൊല്ലം  നാട്ടിലുള്ള  കുടുംബ്ബക്കാരുമായി കാര്യമായ ബന്ധം ഒന്നും ഇല്ലായിരുന്നല്ലോ  അവര്‍ക്ക്. പൊതുവേ പരുക്കന്‍ ആയ ഭര്‍ത്താവ്. ഫോണോ  കത്തോ ചെന്നെത്താത്ത നാട്.
ആ കാട്ടില്‍ പുറം ലോകവും ആയി ബന്ധം ഇല്ലാതെ ജീവിച്ചു അവര്‍ തന്റെ പൂര്‍വ കാലം മറന്നു പോയിരുന്നു. എങ്കിലും ആ മരുമകന്റെ വരവ് അവര്‍ക്ക് ഒട്ടു ആശ്വാസം ആയി .

ഷൈജുവിന് അന്ന് പ്രായം ഇരുപത്തി രണ്ടു. നിഷ്ക്കളങ്കന്റെ  മുഖം . വിദ്യാഭ്യാസം ആവശ്യത്തിലും കുറവ്. അധോലോകത്തില്‍ എത്തിപ്പെടാന്‍ ആഗ്രഹിച്ചു നാടും വീടും  വിട്ടു പോന്നതാണ് . മുംബൈ ആണ് ലക്‌ഷ്യം. എത്തി പ്പെട്ടത് ബംഗ്ലൂര്‍. .. സാജിദ് ഇന്റെ പരിചയത്തിലുള്ള ഏതോ അച്ചായന്‍ ഗ്യാങ്ങിന്റെ കൂടെ ആണ് പൊറുതി. എങ്ങിനെയോ  സാജിദ്മായി പരിചയത്തിലായി. കുഞ്ഞനിയന്‍ ആകാനുള്ള പ്രായമുള്ള ഷൈജുവിന് സാജിദ് ഇനോദ് വലിയ ബഹുമാനവും സ്നേഹവും ആയി. കൂടെ കൂടി. സാംജി എന്നാണു സാജിദ് ഇനെ അവന്‍ വിളിച്ചിരുന്നത്, പ്രായത്തിന്റെ എല്ലാ കുസൃതിത്തരങ്ങളും ആയി അവര്‍ ബങ്ങലൂരില്‍ കഴിഞ്ഞിരുന്ന കാലം. വീട്ടിലേക്കു പോകുമ്പോള്‍ കൂടെ പലപ്പോളും ഷൈജുവും ഉണ്ടാകും.

ഇതിനിടയില്‍ ആണ് സാജിദ് ഇന് വിദേശത്ത് ജോലി ശരിയാവുന്നത്. മനസില്ലാ മനസോടെ ഈ മനോഹര നഗരം വിട്ടു സാജിദ് വണ്ടി കയറി.പ്രവാസി ആയി.
ഷൈജു ആണ് ഒറ്റപ്പെട്ടത്. പണി ഇല്ല. പോക്കറ്റ്‌ മണി  അയക്കാന്‍ ആരും ഇല്ല. അങ്ങിനെ ബസ്‌ സ്റ്റോപ്പില്‍ കിടന്നുറങ്ങിയും പൈപ്പുവെള്ളം കുടിച്ചും കഴിയുമ്പോള്‍ ആണ് ഹോന്നാവരിലേക്ക് കാലങ്ങള്‍ക്ക്  മുന്പ് കുടിയേറിയ മാമന്റെ മരണം അറിയുന്നതും . അങ്ങോട്ട്‌ വെച്ചു പിടിക്കുന്നതും.തിരിച്ചു പോകാന്‍ വേറെ പ്രത്യേകിച്ചു സ്ഥലം ഇല്ലാത്തതിനാല്‍ പിന്നെ അവിടെ കൂടി


പരിശ്രമിയായ ആ മരുമകനെ അമ്മായിക്കും , മൂന്ന് മക്കള്‍ക്കും വേഗം ബോധിച്ചു . കൃഷി അവര്‍ കൂടുതല്‍ വികസിപ്പിച്ചു . രണ്ടു മൂന്ന് പാവപ്പെട്ട കുടുംബങ്ങളെ കൊണ്ട് വന്നു അവരുടെ വീടിനോട് ചേര്‍ന് കൂര കെട്ടി കൊടുത്തു പണിക്കു നിര്‍ത്തി .

അപ്പോളേക്കും മൂത്തവള്‍ പ്ലസ്‌ ടു കഴിഞ്ഞു . അവളെ ബംഗ്ലൂരില്‍ കൊണ്ട് വന്നു ബി ബി യെ ക്ക് ചേര്‍ത്തു. ഹോസ്റ്റലില്‍ ആക്കി. ഷൈജു തിരിച്ചു പോയി. അപ്പിയുടെ ചേച്ചി ഡിഗ്രി ഫൈനല്‍ ആയപ്പോ അപ്പിയും ചേച്ചിയുടെ വഴിയെ ബംഗ്ലൂര്‍ എത്തി. അപ്പിയുടെ നേരെ മൂത്ത ചേട്ടനെ ഉടുപ്പിയില്‍ എഞ്ചിനീയറിംഗ് ഇനും ചേര്‍ത്തു

അപ്പിയുടെ അമ്മയുടെ കയ്യില്‍ കാശ് ഉണ്ടായിരുന്നു. ഓരോ വേനല്‍ കാലത്തും പത്തും പന്ത്രണ്ടും ലോറികള്‍ വന്നാണ് കശുവണ്ടിയും തേങ്ങയും അടക്കയും ചരക്കു കയറ്റി പോകുക. ഒരു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലം.

ആ അമ്മ തന്റെ അവസ്ഥ മക്കള്‍ക്കുണ്ടാകരുതെന്നു കരുതി ഏതൊരു അമ്മയെയും പോലെ മക്കളെ സോപ്നം കണ്ടു  വളര്‍ത്തി. അപ്പിയുടെ ചേച്ചി അപ്പോളേക്കും സ്വന്തം നിലയില്‍ ചില്ലറ ജോലികള്‍ ചെയ്തു പണം സമ്പാദിക്കാന്‍ തുടങ്ങിയിരുന്നു. ഡിഗ്രി കഴിഞ്ഞാല്‍ ഇംഗ്ലണ്ട് ഇല പോകണം അതാണ്‌ അവളുടെ പ്ലാന്‍.
അപ്പിയെ ചേച്ചിയുടെ വഴിയെ ബി ബി എം ഇന് ചേര്‍ത്തു. മക്കള്‍ മൂവരും ഒരു കരയ്കാകാന്‍ പോകുന്നു.അമ്മായിക്ക് കൂട്ടായി പണിക്കാരും ഉണ്ട്. ഷിജുവിനും വിവാഹ പ്രായം ആയി വരുന്നു . കാട്ടില്‍ കഴിഞ്ഞാല്‍ ആ ചെക്കന്റെ ഭാവി എന്താകും . അപ്പിയുടെ കൂടെ അവനെയും അവര്‍ കാശും കൊടുത്തു ബംഗ്ലൂരെക്ക് അയച്ചു ബിസിനെസ്സ് ചെയ്യാന്‍.

അങ്ങിനെ വീണ്ടും ബംഗ്ലൂര്‍ എത്തി ചില്ലറ പരിപാടികളും ആയി കഴിയുമ്പോള്‍ ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സാംജിയെ കണ്ടു മുട്ടുന്നത്. ഒരു മനസ്സും ഇരു മെയ്യും ആയി കഴിഞ്ഞവര്‍ . നീണ്ട  അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു പേര്‍ക്കും ഒരുപാട് നല്ല മാറ്റങ്ങള്‍. , സാംജി കല്ലിയാണമ  കഴിഞ്ഞു കുഞ്ഞായി.പ്രവാസി ജീവിതം മടുത്തു തിരിച്ചു വന്നു ബംഗ്ലൂരില്‍ സെറ്റില്‍ ആകാന്‍ നോക്കുന്നു. അഞ്ചു വര്‍ഷത്തെ കഥകള്‍ ഒക്കെ രണ്ടു ദിവസം കൊണ്ട് അവര്‍ പറഞ്ഞു തീരത്തു .

ഈവയുടെ ഒന്നാം പിറന്നാള്‍ ആണ്.
പണ്ട് ഒരുപാട് ബിരിയാണി വെച്ചു തന്ന ഉമ്മയുള്ള വീട്. എല്ലാം കൂടി അടിപൊളി ആക്കാം . ക്ഷണിക്കേണ്ട താമസം അപ്പിയും ഷിജുവും സാജിദ് ഇന്റെ കൂടെ വണ്ടി കയറി അരീകൊടെക്ക് .