സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, March 19, 2013

ഈവ മോള്‍ എന്നാ ബുദ്ധി മതി..

കുട്ടികള്‍ നമ്മളെക്കാള്‍ ബുദ്ധിമാന്മാര്‍ ആണ്.. 
ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികളോട് "തോനെ ഭക്ഷണം കഴിച്ചാലേ തോനെ ബുദ്ധി ഉണ്ടാവൂ ,പെട്ടെന്ന് വളരൂ " എന്നൊക്കെ പറഞ്ഞു നമ്മള്‍ അവരെ എങ്ങിനെ എങ്കിലും ആഹാരം കഴിപ്പിക്കും .

ഇന്നലെ ഞാനും ഈവയും ഭക്ഷണം കഴിക്കുമ്പോള്‍ ഈവ ചോദിച്ചു 

"മമ്മിക്കു തോനെ ബുദ്ധി വേണോ..?"

"ഉം .."

"എന്നാ എന്റെതും കൂടി മമ്മി തിന്നോ..."

വിരിയും മുന്‍പേ കൊഴിയുന്ന മൊട്ടുകള്‍..

ഞങ്ങള്‍ താമസിക്കുന്നതിനു നൂറു മീറ്റര്‍ അപ്പുറത്ത് ഒരു ഫ്ലാറ്റിന്റെ പണി നടക്കുന്നുണ്ട്. അവിടത്തെ പണിക്കാര്‍ , റോഡ്‌ സൈഡില്‍ ഷെഡ്‌ കെട്ടി , കുടുംബ സമേതം അവിടെ ആണ് താമസം. ഇവിടത്തെ പണികഴിഞ്ഞാല്‍ കുറ്റിയും പറിച്ചു , സാധങ്ങള്‍ വാരികെട്ടി അടുത്ത സ്ഥലത്തേക്ക്.. നാടോടികള്‍ തന്നെ..

ഒരു ദിവസം നോക്കുമ്പോള്‍ ഉണ്ട് ഒരു ഒന്നര വയസുകാരന്‍, തട്ടി വീഴാതെ നടക്കാന്‍ പഠിച്ചിട്ടില്ല , അവനെക്കാളും വലിയ ഒരു ചുറ്റികയും എടുത്തു വാര്പ്പിനുള്ള കമ്പി ക്കിട്ട് മേടുന്നു,ചോട്ടാ ഭീമും,ഡോരെമോനും ഒന്നും അവനെ കാത്തിരിക്കുന്നില്ലല്ലോ.. അവന്റെ കളി ഇതൊക്കെ തന്നെ..

മാസങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും നടക്കാന്‍ പോയി. ഫ്ലാറ്റിന്റെ പണി ഏകദേശം തീരാന്‍ ആയിരിക്കുന്നു. റോഡ്‌ സൈഡിലെ ടെന്റുകള്‍ ഇപ്പോള്‍ ഇല്ല. പകരം പണിക്കാര്‍ താമസിക്കുന്നത് ഫ്ലാറ്റിനു അകത്തേക്ക് മാറ്റിയിരിക്കുന്നു.

തിരിച്ചു വരുമ്പോള്‍ കണ്ടു അവനെ ,അവന്റെ അക്ക റോഡ്‌ അരികിലെ പൈപ്പില്‍ നിന്നും വെള്ളം പിടിച്ചു കുളിപ്പിക്കാന്‍ പരിശ്രമിക്കുന്നത്. അക്ക എന്ന് പറയാന്‍ മാത്രം ഒന്നും ഇല്ല. ഒന്നോ രണ്ടോ വയസു കൂടുമായിരിക്കും. മെലിഞ്ഞ കൈകാലുകളും പുറത്തേക്ക് ഉന്തിയ വയറും, നാലുപാടും പാറി പറന്ന ചെമ്ബ്ബന്‍ മുടിയും രണ്ടാള്‍ക്കും ഒരുപോലെ.

നീളം മാത്രം അവള്‍ക്കിത്തിരി കൂടും..
വല്ല വിധേനയും ആ വിക്രിതിയെ ഓടിച്ചിട്ട്‌ പിടിച്ചു അവള്‍ തലയിലേക്ക് രണ്ടു കപ്പു വെള്ളം കോരി ഒഴിച്ചു . ആദ്യത്തെ കപ്പുവെള്ളം ദേഹത്ത് വീഴുമ്പോള്‍ നാടോടിക്കുട്ടിയും പരിഷ്കാരി കുട്ടിയും തമ്മില്‍ ഒരു വെത്യാസവും ഇല്ലെന്നു തോന്നി.. കുളിരുമ്പോള്‍ ഉള്ള ഈവയുടെ ചാട്ടവും, കൂടെ പുറത്ത് വരുന്ന ഹോഹോഹോ ശബ്ദവും അവന്റെത്‌ തന്നെ..

രണ്ടു പേരും കുളി കഴിഞ്ഞു തിരിച്ചു പോകുന്നത് വരെ ഞാന്‍ അവരെ നോക്കി മാറി നിന്നു. തിരൂരിലെ ജാസിമിന്റെ പിന്‍ഗാമികള്‍ , അവര്‍ ഇവിടെയും കാണും. ഇതുപോലെ ഒരു പൊന്നനിയന്‍ ആ മൂന്നുവയസുകാരിക്കും ഉണ്ടായിരിക്കും..

കൂടെ കുളിക്കാനും, കുഞ്ഞികൈകള്‍ കൊണ്ട് പിടിച്ചു വെച്ച്തല തോര്‍ത്തി കൊടുക്കാനും അക്ക ഇനി എന്ന് വരും എന്ന് അവന്‍ അമ്മയോട് ചോദിക്കുന്നുണ്ടാകും...

******************************************

പാവം പാവം കുട്ടികള്‍..

കുഞ്ഞാവ വന്നതില്‍ പിന്നെ ഒറ്റയ്ക്ക് കുളിയും നനയും ആയതിനാല്‍ ഈവയുടെ "ചീരാപ്പ് " നില്‍ക്കുന്നില്ല.. വെകെഷന് നാട്ടില്‍ നിന്നും തലയില്‍ പേനുള്ള കസിന്‍സ് വരുന്നുണ്ട്. അതിനൊരു മുന്‍കരുതല്‍, മൂക്കൊലിക്കൊരു പരിഹാരം അങ്ങിനെ ആണ് മുടി വെട്ടാന്‍ കൊണ്ട് പോയപ്പോള്‍ കുറച്ചു കയറ്റി വെട്ടാന്‍ ഞാന്‍ പറഞ്ഞത്.. അതങ്ങ് കയറി കയറി ഹിമാലയം വരെ എത്തി..
കണ്ണാടിയില്‍ നോക്കി കുട്ടി കരച്ചിലോടു കരച്ചില്‍.. ,നോക്കി വെട്ടിക്കാതത്തിനു ,
തലയില്‍ മുടിയില്ലാത്തതിന്റെ ദുഃഖ ഭാരം കുഞ്ഞിന്റെ മുടിയില്‍ തീര്‍ക്കുന്ന ബാപ്പ ,തെറിയോടു തെറി.. കരഞ്ഞു കരഞ്ഞാണ് അവള്‍ അന്ന് ഉറങ്ങിയത്.


പണ്ട് രണ്ടാം ക്ലാസില്‍ വെച്ച് ,ഇതുപോലെ എന്റെ തലയില്‍ ഉപ്പ കൈ വെപ്പിച്ചപ്പോള്‍ , പിന്നെ ആ വര്ഷം മുടി വളരും വരെ മക്കാന ഇട്ടു സ്കൂളില്‍ പോയ ഒരു പഴയ ചരിത്രം ഉണ്ടെനിക്ക്..അത് വേണ്ടി വരുമോ എന്ന് പേടിച്ചു..

രാവിലെ സ്കൂളിലേക്ക് പോകാന്‍ നേരവും കരച്ചില്‍ തന്നെ. കുട്ടികള്‍ മൊട്ട എന്ന് വിളിക്കും. ഒരു വിധം ആണ് പറഞ്ഞയച്ചത്.

സ്കൂള്‍ വിട്ടു വരുമ്പോള്‍ നല്ല ഇടിയോടു കൂടിയ കരച്ചില്‍ പ്രതീക്ഷിച്ചതാണ്..
ഭാഗ്യം ആരും കളിയാക്കിയതും ഇല്ല..പോരാത്തതിന്ന നല്ല ഭംഗി ഉണ്ടെന്നു പറഞ്ഞും വിട്ടിരിക്കുന്നു... ഇനി എന്നും ഇങ്ങനെ വെട്ടിയാല്‍ മതിയത്രേ..

അല്ലെങ്കിലും കൂട്ടത്തില്‍ ഒരുത്തിക്ക് മേയ്ക്കപ്പ് കൂടി ബോര്‍ ആയാല്‍ പണ്ട് ഞാനും പറഞ്ഞിരുന്നത് .. wow.. നന്നായിരിക്കുന്നു എന്നായിരുന്നല്ലോ..

ഫേസ്‌ ബുക്ക്‌

ഗര്‍ഭിണിയായി ഓഫിസില്‍ പോകാതെ വീട്ടില്‍ ഇരുന്ന സമയത്ത് ഇരുപത്തിനാല് മണിക്കൂറും ഫേസ് ബുക്കില്‍ ആയിരുന്നു..

കട്ടിലില്‍ തുണികള്‍ കുന്നുകൂടി..
ഫ്രിഡ്ജ്‌, രോഗാണുക്കള്‍ ഹണിമൂണ്‍ സ്പോട്ട് ആക്കി..
അടുക്കളയുടെ മൂലകളില്‍ കൂറകള്‍ വിഹരിച്ചു..
ഭക്ഷണത്തിന്റെ മെനു ബ്രെഡ്‌ഇലെക്കും കഞ്ഞിയില്ലെകും ഒതുങ്ങി...
അങ്ങിനെ വീട് ആകെ കുഴഞ്ഞു മറിഞ്ഞു.

അല്ലെങ്കിലെ ദുര്‍ബല ,കൂടെ ഗര്‍ഭിണിയും . അതുകൊണ്ടാവണം വീട്ടില്‍ കലാപങ്ങള്‍ ഒന്നും പോട്ടിപുറപ്പെട്ടില്ല..

എനിക്ക് നന്നാവണം എന്നുണ്ട്. പക്ഷെ നടക്കുന്നില്ല.
എത്ര കിണഞ്ഞു വിചാരിച്ചിട്ടും ഫേസ് ബുക്ക്‌ അഡിക്ഷന്‍ മാറുന്നില്ല.. പ്രതിജ്ഞ എടുക്കുന്നു.. സ്വന്തം പേരിലും ഉമ്മാന്റെ പേരിലുംആണയിടുന്നു . ഇനി എഫ് ബി യില്‍ കണ്ടാല്‍ പരസ്യമായി വാളില്‍ ഗുണദോഷിക്കാന്‍ സാജിദിനെ ചട്ടംകെട്ടുന്നു..പക്ഷെ നോ രക്ഷ !!

അവര്‍ രണ്ടും പോയാല്‍ ഞാന്‍ വീണ്ടും തഥൈവ ജാഹ...
ലാപ്ടോപ് എന്നാല്‍ എഫ് ബി മാത്രം ആയി എനിക്ക്..

അറ്റകൈക്ക്,ഒരു ദിവസം ആരോടും പറയാതെ അക്കൗണ്ട്‌ ഡീ ആക്ടിവേറ്റ് ചെയ്ത് ,വീടൊക്കെ ക്ലീന്‍ -ക്ലീന്‍ ആക്കി , അടിപൊളി ഭക്ഷണവും ഉണ്ടാക്കി സാജിദിനെ ഞെട്ടിക്കാന്‍ കാത്തിരുന്ന ഞാന്‍ വന്നു കയറിയ ആളെ കണ്ടു പേടിച്ചു വിറച്ചു..

കാമുകന് അയച്ച മെസേജ് വഴിതെറ്റി കിട്ടിയ ഭര്‍ത്താവിനെ പോലെ ദേഷ്യം കൊണ്ട് ചുമക്കുന്ന അങ്ങേരുടെ ചോദ്യം.....

"ഒരുകാരണവും ഇല്ലാതെ ഇന്ന് എന്നെ നീ ബ്ലോക്കി , നാളെ വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസ് അയക്കില്ലെന്ന് ആര് കണ്ടു."

*****ശുഭം ***
********************************************************

അടിച്ചു മാറ്റിയ കഥ

അച്ഛന്റെ കൈ പിടിച്ചു ,ആദ്യമായി ഫുട്ബാള്‍ പരിശീലനത്തിന് പോകുമ്പോള്‍ അവനന്നു പതിനാലു വയസ് . അവന്‍ അല്ല ടീമിലെ ബെസ്റ്റ് പ്ലയെര്‍ എന്നറിഞ്ഞിട്ടും ,ഒരു ദിവസം പോലും മുടങ്ങാതെ അച്ഛനും അവന്റെ കൂടെ കൂട്ടുപോയി.

സ്കൂള്‍ ടൂര്‍ണമെന്റ് തുടങ്ങിയപ്പോള്‍ അവനു കളിയ്ക്കാന്‍ ചാന്‍സ് കിട്ടിയതെ ഇല്ല. എന്നിട്ടും അച്ഛന്‍ വരുന്നതിനു മാറ്റം ഒന്നും ഉണ്ടായില്ല.. അവന്റെ ടീം ആദ്യത്തെയും രണ്ടാമത്തെയും ഏഴാമത്തെയും മാച്ച് കളിചു , മറ്റുള്ളവര്‍ അവനെക്കാള്‍ തകര്‍ത്തു കളിച്ചതിനാല്‍ അവനു ഒരു ചാന്‍സ് പോലും കിട്ടിയതെ ഇല്ല . സെമിഫൈനല്‍ കഴിഞ്ഞു. അവരുടെ ടീം ഫൈനല്‍ ഇലെത്തി.
എന്തോ അന്ന് അവന്റെ കൂടെ അച്ഛന്‍ വന്നിരുന്നില്ല.അന്നവര്‍ മോശം ആയാണ് കളിച്ചത്,ഒരു ഗോള്‍ പോലും അടിക്കാതെ രണ്ടു ഗോള്‍ വഴങ്ങി തൊട്ട് നില്‍ക്കുന്ന സമയം.

കളികഴിയാന്‍ അഞ്ചു മിനുട്ട് ഉള്ളപ്പോള്‍ അവന്‍ കോച്ചിന്റെ കാലു പിടിച്ചു. ഒരു ചാന്‍സ് കിട്ടാന്‍...ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും അവന്റെ വാക്കുകളിലെ ആത്മ വിശ്വാസം കണ്ടു കോച്ച് സമ്മതിച്ചു. ആ അവസാന അഞ്ചു മിനുട്ടില്‍ മൂന്നു ഗോള്‍ അടിച്ചു അവന്‍ ടീമിനെ രക്ഷിച്ചു..

സന്തോഷത്തോടെ ഓടി വന്നു കെട്ടിപിടിച്ച കോച് , അവന്റെ കഴിവിനെ മനസിലാക്കാന്‍ വൈകിയതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് അച്ചന്‍ എവിടെ എന്ന് ചോദിച്ചു..

"സാര്‍. എന്റെ അച്ചന്‍ അന്ധന്‍ ആയിരുന്നു. ഇത്രയും കാലം ഞാന്‍ കളിചിരുന്നില്ലെന്നു അച്ഛന് അറിയില്ലായിരുന്നു. ഇന്നലെ രാത്രി അച്ചന്‍ മരിച്ചു.. എനിക്കച്ചനെ നഷ്ട്ടപെട്ടെങ്കിലും ,അങ്ങകലെ ആകാശത്തില്‍ ഇരുന്നു എന്റെ കളി കണ്ടു സന്തോഷിക്കുന്ന അച്ചനു കാണാനാണു ഞാന്‍ ഇന്ന്ക ളിച്ചത്..എന്റെ ഏറ്റവും നല്ല കളി.."