സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, March 24, 2016

ചില കലി-കാല സ്മരണകള്‍

"ന്‍റെ റബ്ബേ.. ഇങ്ങനിംണ്ടാ ഒരു കലിയിളകള്‍!!!
ഈ സ്വഭാവം വെച്ച് ഇപ്പെണ്ണെങ്ങെനെ ആണൊരുത്തന്റെ കൂടെ മറ്റൊരു വീട്ടില്‍ പോയി പൊറുക്കും "
കലി കൂടപ്പിറപ്പാണെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും.
കുടുംബപിറപ്പാണ് എന്ന് പറയുന്നതാകും അതിന്റെ ശരി. വീരശൂരപരാക്രമികളായ 'കാലടി'ക്കാരുടെ ജീനിന്‍റെ ഒരുഭാഗമാണ് മുന്‍കോപം.
വെട്ടൊന്ന് മുറി രണ്ടു.
സ്നേഹിച്ചാല്‍ യോഗി
കോപിച്ചാല്‍ കിരാതമൂര്‍ത്തി.
എല്ലാം തകര്‍ത്തു തരിപ്പണമാക്കിയിട്ടെ കലിയിറങ്ങൂ.
കാലടി താഴ്വഴിയില്‍ പെട്ട വീടുകളിലെല്ലാം ക്ഷിപ്രകോപികളായ ഒന്നോ രണ്ടോ പേര്‍ കാലാകാലങ്ങളില്‍ ജീവിച്ചിരുന്നു. മുന്കോപികള്‍ എല്ലാ വീടുകളിലും ഉണ്ടാകുമെങ്കിലും കാലടി'ക്കാരുടെ സ്വഭാവത്തിന്റെ ഈ വിശേഷ ഗുണം കുടുംബമഹിമപോലെത്തന്നെ നാട്ടിലെങ്ങും പ്രസിദ്ധമായിരുന്നു.
ഞങ്ങളുടെ താവഴിയില്‍ വെല്ലിമ്മയുടെ ആറു മക്കളില്‍ ഏറ്റവും ഇളയ രണ്ടു പേര്‍ക്കാണ് പാരമ്പര്യമായി ഇത് കൈമാറി കിട്ടിയത്. എന്റെ ഉപ്പയുടെ ഏറ്റവും ഇളയ അനിയനും അനിയത്തിക്കും.
കുടുംബത്തില്‍ ഒരു മുന്കോപി ഉണ്ടായാലത്തെ അവസ്ഥ തന്നെ ഭീകരം. അപ്പോള്‍ വീറിലും വാശിയിലും ഒന്നിനൊന്നു കിടപിടിക്കുന്ന രണ്ടു മുന്കോപികള്‍ ഒരേവീട്ടില്‍ ഉണ്ടായാലത്തെ അവസ്ഥ എത്ര മനോഹരമായിരിക്കും ഒന്ന് ആലോചിച്ചു നോക്കൂ.
കുഞാന്റി എന്ന് ഞാന്‍ വിളിച്ചിരുന്ന സുബൈദ അമ്മായി പഠനത്തിലും വീരശൂരപരാക്രമത്തിലും മറ്റാരെയും വെല്ലുന്ന പുലിയായിരുന്നു. ഫാറൂക്ക് കോളേജില്‍ നിന്നും ഇസ്ലാമിക് ഹിസ്റ്ററിയില്‍ റാങ്ക് വാങ്ങിയ ശേഷം വീട്ടില്‍ സമാധാനം നിലനില്‍ക്കണം എന്നാഗ്രഹിച്ച സഹോദരങ്ങള്‍ കുഞാന്ടിയെ പന്തളത്ത് വിട്ടു ക്ഷിപ്രകോപത്തില്‍ B'ed ഉം എടുപ്പിച്ചു.
തെങ്ങുകയറാന്‍ ആള് വന്നില്ലെങ്കിലോ ചാറില്‍ ഇടാന്‍ മാങ്ങ ഇല്ലെങ്കിലോ വല്ലിമ്മ ആശ്രയിക്കുക കുഞാന്ടിയെ ആണ്.
ആണുങ്ങളെ പോലെ താറുടുത്തു തളപ്പിട്ട് തെങ്ങില്‍ കയറുന്ന നാത്തൂന്‍- കല്ല്യാണം കഴിഞ്ഞു വന്നു കയറിയ എന്റെ ഉമ്മ വളരെ പെട്ടെന്ന് തന്നെ അമ്മായിയുടെ വലിയ ഒരു ആരാധിക ആയി മാറി.
പണ്ട് പുള്ളിക്കാരിയെ വട്ടമിട്ടു പറന്നിരുന്ന സ്ഥലത്തെ പ്രധാന 'കാക്ക'കളില്‍ ഇപ്പോഴത്തെ സ്ഥലം എം എല്‍ എ ഒക്കെ ഉണ്ടായിരുന്നു എന്നത് നാട്ടുകാര്‍ക്ക് മാത്രമറിയാവുന്ന ചരിത്രം.
സ്കൂള്‍ വിട്ടു വന്നു, വെല്ലിമ്മയെ തള്ളി മറിച്ചിട്ട്‌ പാല് കുടിച്ചിരുന്ന വീട്ടിലെ ഇളയ പുത്രന്‍ മൂസക്കുട്ടി. അതിബുദ്ധിമാന്‍ എന്ന് സ്കൂളിലെ അധ്യാപകര്‍ ഒന്നടങ്കം പറഞ്ഞിട്ടും പത്താം ക്ലാസില്‍ കഷ്ട്ടപ്പെട്ടു തോറ്റ മഹാന്‍. ഉച്ചക്കഞ്ഞിക്ക് കൊടുക്കുന്ന ഇരുപത്തി അഞ്ചു പൈസ കൂട്ടിവെച്ച് അന്നത്തെ കാലത്ത് രണ്ടായിരം രൂപ ഉണ്ടാക്കിയ കഠിന പ്രയത്നി. ക്ഷിപ്രകോപത്തില്‍ ബ്ലാക്ക്‌ബെല്‍റ്റ് കൂടെ പേരിനൊരു കരാട്ടെയും. വീല്‍ ഷൂ ഒന്നും ജനകീയമാകാത്ത ആ കാലത്ത് പുള്ളി അതിലൊരു ഉസ്താദ് തന്നെ ആയിരുന്നു.
ക്ഷിപ്രകോപത്തില്‍ ആര് ഫസ്റ്റ് അടിക്കും, രണ്ടുപേരും തമ്മില്‍ ഒരു മത്സരം വെച്ചാല്‍ ടൈറ്റ് കോമ്പറ്റീഷന്‍ ഉറപ്പ്.
വളരെ അപൂര്‍വമായി മാത്രം നാട്ടുകാരുടെ നെഞ്ചത്തോട്ട് കുതിര കയറുന്ന ഇവര്‍ മിക്കപ്പോഴും കലി തീര്‍ക്കുന്നത് സ്വന്തം വീട്ടുകാരുടെ തലയില്‍ തന്നെ ആയിരിക്കും. പൂച്ച എന്ന് വല്ലിമ്മ വിളിക്കുന്ന ആപ്പാപ്പയും കുഞാന്റിയും തമ്മില്‍ കുട്ടിക്കാലത്ത് യുദ്ധ മൊഴിഞ്ഞ നേരമില്ലായിരുന്നു.
അത്തരത്തിലുള്ള ഒരുയുദ്ധത്തെ കുറിച്ച് കാലടി തറവാട്ടിലെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെ :-
ഒരു മഴക്കാലത്ത് നേരം വൈകി തിരക്കിട്ട് കോളേജിലേക്ക് പോകുന്ന കുഞാന്റിയുടെ കുടയിലെ വെള്ളം, മഴയത്ത് നനഞ്ഞു കുളിച്ചു എതിരെ വരുന്ന ആപ്പാപ്പയുടെ ദേഹത്ത് വീഴുന്നു. മനപൂര്‍വം അങ്ങനെ ചെയ്തതാണ് എന്ന തോന്നല്‍ ഉണ്ടായ അപ്പാപ്പ
തന്റെ സഹോദരി ഡിഗ്രി മെയിന്‍ എക്സാം എഴുതാനാണ് തിരക്കിട്ട് പോകുന്നത് എന്നറിയാതെ ഇടവഴിയിലെ ചളി വെള്ളം കാലുകൊണ്ട്‌ ഊത്ത് കുളിപ്പിച്ച് വിടുന്നു.
സീന്‍ കൊണ്ട്ര ആകുന്നു.
എക്സാം ഗോവിന്ധയായ കുഞാന്റി ആപ്പാപ്പയെ തന്റെ ആജന്മ ശത്രുവായി പ്രഖ്യാപിക്കുന്നു.
കിണറില്ലാത്ത തറവാട്ടു വീട്ടിലെ അംഗങ്ങള്‍ കുളിക്കാന്‍ ആശ്രയിച്ചിരുന്ന ചോലയിലെ വെള്ളം അപ്പാപ്പാ കുളിക്കാന്‍ പോകുന്ന സമയം നോക്കി കുഞാന്റി ഫ്രീയായി കലക്കി കൊടുക്കുന്നു. കുളിച്ചു കുട്ടപ്പനായി ഇടിമത്സരത്തിനു പോകാനിരുന്ന അപ്പാപ്പയുടെ പല മത്സരങ്ങളും പ്രതികാര ദാഹിയായ അമ്മായി ഡബിള്‍ കോണ്ട്രയാക്കുന്നു..
അവര്‍ തമ്മിലുള്ള വഴക്കില്‍ ഇടപെടാന്‍ പോയി ഇടയില്‍പെട്ട് നടുവുളുക്കിയ വെല്ലിമ്മാക്ക് ഹോസ്റ്റല്‍ വാസം കഴിഞ്ഞു അമ്മായി വരുന്ന വിവരം അറിഞ്ഞാല്‍ നെഞ്ചില്‍ തീയാണ്.
രണ്ടും കൂടി കലി ഇളകിയാല്‍ ഉടഞ്ഞു തീരുന്നത് വീട്ടിലെ കറി ചട്ടിയും മറ്റു മണ്‍പാത്രങ്ങളും ആയിരിക്കും. ഓരോ കലി ഇളകലിന്റെയും യുദ്ധ- സ്മാരകങ്ങളായിരുന്നു കവിള് കോടി വയറൊട്ടി അടുക്കള മൂലക്കിരിക്കുന്ന വിരൂപികളായ അലുമിനിയ പാത്രങ്ങള്‍.
ഇത് ഞങ്ങളുടെ വീട്ടിലെ മാത്രം സ്ഥിതിയല്ല , ഓരോ കാലടിക്കാരുടെ വീട്ടിലും ഇതുപോലെ ഉഗ്ര കോപികളായ കലിയവതാരങ്ങള്‍ കാലാകാലങ്ങളില്‍ ജനിച്ചു ജീവിച്ചു മരിച്ചിട്ടുണ്ട്.
എന്തായാലും ഉപ്പവഴി ഈ കലി അപ്പാടെ കൈ മാറി കിട്ടിയത് എനിക്കാണെന്ന കാര്യം പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ..
വീട്ടിലെ മുതിര്‍ന്ന കുട്ടി ആയിരുന്നതിനാല്‍ അഞ്ചാം ക്ലാസില്‍ എത്തിയപ്പോഴേക്കും എനിക്ക് സ്വന്തമായി മുറിയൊക്കെ പതിച്ചു കിട്ടിയിരുന്നു.
ഒരു കട്ടില്‍, മേശ, കസേര, ഗോദ്രെജ്ന്റെ പച്ച പെയിന്റ് അടിച്ച ഒരു ഇരുമ്പലമാര പിന്നെ ചുമരില്‍ പതിച്ച ഒരു കുഞ്ഞു കിളിയലമാര എന്നിവ അടങ്ങുന്ന ഒരുകുഞ്ഞു മുറി. വിവാഹത്തോട് അനുബന്ധിച്ച് പുതിയ വീട്ടിലേക്കു താമസം മാറുംവരെ അതിനുള്ളിലായിരുന്നു ആയിരുന്നു എന്റെ ലോകം.
കളിക്കാന്‍ പോകാനും ഭക്ഷണം കഴിക്കാനും സ്കൂളില്‍ പോകാനും മാത്രമാണ് ഞാന്‍ ആ മുറി വിട്ടു പുറത്തു ഇറങ്ങിയിരുന്നത്.
അന്ത കാലത്ത് എനിക്കാ റൂമിന് പൂട്ടും താക്കോലും ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ വീട്ടിലെ എന്റെ പവര്‍. അന്നൊക്കെ ആയിരുന്നു യഥാര്‍ത്ഥ ഫാസിസം. വീട്ടില്‍ ഞാനൊരു തികഞ്ഞ ഫാസിസ്റ്റ്.
മുറി എന്റെ സ്വന്തമായിരുന്നു എങ്കിലും വസ്ത്രങ്ങള്‍ വെക്കുന്ന ഇരുംബലമാര ഞാനും അനിയത്തിയും പങ്കിട്ടാണ്‌ ഉപയോഗിച്ചിരുന്നത്. ഒരു പകുതി അവള്‍ക്കും മറ്റേതു എനിക്കും.
ഞാന്‍ വസ്ത്രം മടക്കി വെച്ച വരിയില്‍ നിന്നും വല്ല ഷിമ്മിയോ ഷാളോ ഇളകി കണ്ടാല്‍, പിന്നവളുടെ കാര്യം കട്ടപ്പുക!!!
ഞാന്‍ നേരെ ചെന്ന് റെഡിമെയിഡ് ഷോപ്പിലെ അലമാരയില്‍ എന്നപോലെ മണികൂറുകള്‍ എടുത്തു അടുക്കും ചിട്ടയില്‍ കുന്നോളം ഉയരത്തില്‍ അവള്‍ ഭംഗിയായി മടക്കി വെച്ച വസ്ത്രങ്ങളത്രയും വലിച്ചു വാരി പുറത്തിട്ടു കലിയടങ്ങും വരെ ചവിട്ടി കൂട്ടും.
അതിനി വല്ല പെന്നോ പെന്‍സിലോ ഞാന്‍ വെച്ച സ്ഥലത്ത് നിന്നും മാറി ഇരുന്നാലും ഞാന്‍ കലി തീര്‍ക്കുന്നത് ഈ ഐറ്റത്തിലൂടെ തന്നെ ആയിരിക്കും..
പൊതുവേ അയ്യോ പാവവും ശാന്ത സ്വരൂപിണിയും ആയ എന്റെ അനിയത്തി, എതിരിടാന്‍ കായികമായോ മാനസികമായോ ശേഷി ഇല്ലാതെ കരഞ്ഞു കൊണ്ട് ഓരോന്നായി തിരികെ മടക്കി വെക്കും. അന്നൊക്കെ അവളുടെ മനസ്സില്‍ ഞാന്‍ ചമ്പല്‍ കാട്ടിലെ കൊള്ളക്കാരിയേക്കാള്‍ ഭീകരി.
ക്ലാസ് വലുതായപ്പോ പുസ്തകങ്ങളും എണ്ണം കൂടി. ഗൈഡുകളും പഴയ ക്യോസ്റ്റ്യന്‍ ബാങ്കും അങ്ങനെ പലജാതി ബുക്കുകള്‍. എഴുതാന്‍ പഠിച്ചത് മുതലുള്ള ഡയറികള്‍. മറ്റു ലൊട്ടുലൊടുക്ക് സാധനങ്ങള്‍.
അങ്ങനെയാണ് നടു മുറിയിലെ ഉമ്മ പല ചരക്കു സാധനങ്ങള്‍ വെക്കുന്ന മഞ്ച'യുടെ ഒരു പകുതി എനിക്ക് പുസ്തകം വെക്കാന്‍ ആയി ഒഴിച്ചു തരുന്നത്.
അടുക്കുംചിട്ടയുടേയും കാര്യത്തില്‍ എനിക്കന്നു യാതൊരു വിട്ടു വീഴ്ചയും ഇല്ലായിരുന്നു. എന്റെ ബുക്ക്‌, ബാഗ്, ഡ്രസ്സ്‌ മറ്റു സാധന സാമഗ്രികള്‍ ഇവയൊന്നും ആര്‍ക്കും എവിടെയും പാറി പറന്നു കിടക്കുന്നതോ, കാണാനില്ലെന്ന് പറയുന്നതോ ആയ സംഭവങ്ങള്‍ എന്റെ ചില്‍ഡ് ഹൂഡ് ജീവിതത്തില്‍ ഉണ്ടായിട്ടേ ഇല്ല.
അന്നൊക്കെ കൂട്ടുകാരികള്‍ അവരുടെ പുസ്തകം അശ്രദ്ധമായി അവിടെയും ഇവിടെയും വെച്ചിട്ട് കാണാതാകുമ്പോള്‍ എന്നോട് ചോദിക്കും നീ എങ്ങാനും മാറി എടുത്തിട്ടുണ്ടാകും വീട്ടിലുണ്ടോന്നു നോക്കാന്‍. ഞാന്‍ അവളുമാരെ ശരിക്കുമോന്നു സൂക്ഷിച്ചു നോക്കും..അതൊരു ഉത്തരമാണ്.. താക്കീതും..
കരന്റില്ലെങ്കിലും കണ്ണടിച്ചു പോയാലും സിലുവിന്റെ ഒന്നും കാണാതാവുകയും ഇല്ല അറിയാതെ ബാഗില്‍ കയറി ഇരിക്കുകയും ഇല്ലെ.
അങ്ങിനെയുള്ള ഞാന്‍ ഒരു ദിവസം സ്കൂള്‍ വിട്ടു വന്നു നോക്കുമ്പോള്‍ ഉണ്ട് മഞ്ചയ്ക്കുള്ളില്‍ വെച്ച പുസ്തകങ്ങള്‍ക്ക് ചെറിയ ഒരു സ്ഥാന ചലനം.
ഇതെങ്ങിനെ സംഭവിച്ചു? കയറിക്കയറി മഞ്ചക്കുള്ളിലും കയറി കളിക്കാനും തുടങ്ങിയോ? പിടിയവനെ?
നോക്കുമ്പോളുണ്ട് , എന്റെ തലയ്ക്കുള്ളിലാണോ അതിനുള്ളില്‍ ആണോ കൂടുതല്‍ ജ്ഞാനമിരിക്കുന്നത് എന്ന കാര്യത്തില്‍ ഞങ്ങള് തമ്മില്‍ ഒരു തീരുമാനം ആകാത്തതിനാല്‍ മാത്രം മൂലയ്ക്ക് എടുത്തു വെച്ച ഇംഗ്ലീഷ് ഡിക്ഷണറിക്കടിയില്‍ ഒളിച്ചു വെച്ചിരിക്കുന്ന ഒരു പെട്ടി കുപ്പി ഗ്ലാസ്!!!!
സ്ടീല്‍ ഗ്ലാസുകള്‍ മാത്രം ഉപയോഗിക്കുന്ന അക്കാലത്ത്, ഓഫീസില്‍ നിന്നും എന്തോ വകയില്‍ കിട്ടിയ കുപ്പി ഗ്ലാസുകള്‍ വിരുന്നുകാര്‍ വരുന്നത് വരെ ജീവനോടെ ഇരിക്കാന്‍ വേണ്ടി ഉമ്മ പാത്തു വെക്കാന്‍ കണ്ടെത്തിയ സ്ഥലം കൊള്ളാം .
ചേര പുരാതന കാലത്തെ ചരിത്ര നിര്‍മിതിയായ ഈ ഇരുനില മാളികയില്‍ ഈ ചീള് ഗ്ലാസുകള്‍ ഒളിപ്പിക്കാന്‍ എന്റെ സാമ്രാജ്യമേ കണ്ടുള്ളൂ.
മെടുല്ല ഒബ്ലാങ്കട്ട അമിതമായി പ്രവര്‍ത്തിച്ചു സ്ഥലകാല ബോധം നഷ്ട്ടപ്പെട്ട ഞാന്‍ , അടുക്കളയുടെ പിന്നാമ്പുറത്ത് കല്ല്‌ വെട്ടി ഉണ്ടായ പാറ മടയുടെ ഭിത്തിയിലേക്ക് പെട്ടിയിലെ മുഴുവന്‍ ഗ്ലാസും ടിണിം ടിണിം എന്ന് ഒന്നൊന്നായി എറിഞ്ഞു പൊട്ടിച്ചു.
സത്യത്തില്‍ ഒന്ന് രണ്ടെണ്ണം എറിഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കലി അടങ്ങി ബോധം തിരിച്ചു വന്നിരുന്നു. വരാന്‍ പോകുന്ന മാനഹാനി.. ആക്ഷേപം .. ആരെങ്കിലും എന്നെ തടഞ്ഞെങ്കില്‍..ഞാന്‍ ഒരു പാടാഗ്രഹിച്ചു.. അതുണ്ടായില്ല.. വാശിയില്‍ ഒട്ടും പിറകില്‍ ആല്ലാതതിനാല്‍ സ്വയം നിര്‍ത്താന്‍ മനസ്സൊട്ട് സമ്മതിച്ചതുമില്ല..
പുന്നാരമകള്‍ എത്രത്തോളം പോകും എന്നറിയാനായിരിക്കണം , കൃത്യം ചെയ്തു തീരും വരെ നിര്‍ന്നിമേഷയായി ഉമ്മ എന്നെ ത്തന്നെ നോക്കി നിന്നു.
അടിയോ വഴക്കോ കിട്ടിയില്ലെങ്കിലും, ഉമ്മയുടെ ഇല്ലായ്മയുടെയും വല്ലായ്മയുടെയും അതെ സമയം ഉപ്പയുടെ ധാരാളിതത്തിന്റെയും ആകാലത്ത്‌ അന്നാ ചെയ്തു പോയത് വളരെ വളരെ കൂടിപ്പോയെന്നു പിന്നീട് ഒരുപാട് കാലം പശ്ചാതപിച്ചിട്ടുണ്ട്.
എന്തായാലും അതൊരു തിരിച്ചറിവ് ആയിരുന്നു. പിന്നീട് ഒരുപാട് കാലം സമനില മറന്നുള്ള ഇത്തരം നശീകരണ പ്രവണതകളില്‍ നിന്നും ഞാന്‍ മാറിനിന്നെങ്കിലും അനീതിക്കെതിരെ ഭദ്രകാളിയായി മാറേണ്ട അവസരങ്ങളിലൊക്കെ ഞാന്‍ കാളിയ മര്‍ദനം ഭംഗിയായി ആടുകയും ചെയ്തു.
ഫോര്‍ എവരി ആക്ഷന്‍ ദേര്‍ മസ്റ്റ്‌ ബി ആന്‍ ഇമ്മീടിയറ്റ് ഓപ്പോസിറ്റ് റിയാക്ഷന്‍ എന്ന ന്യൂട്ടന്‍ തിയറിയില്‍ ഞാന്‍ എന്നും വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ കമന്റ് അടിച്ചവരും കളിയാക്കിയവരും വിസിലടിച്ചവനും കണ്ണിറുക്കിയവനും ബസ്സില്‍ വെച്ച് ആളറിയാതെ തോണ്ടിയവനും ബസ്സിറങ്ങുമ്പോള്‍ തുടയ്ക്കു പിടിച്ചവനുമൊക്കെ അതിനുള്ളത് ആജീവനാന്ത പലിശ ചേര്‍ത്ത് അപ്പോള്‍ തന്നെ അനുഭവിച്ചു തീര്‍ക്കുകയും ചെയ്തു.
ഇത്തരം പ്രവര്ത്തികളോട് യാതൊരു ദീനാനുകമ്പയോ സമരസപ്പെടാലോ ശൈശവത്തിലോ കൌമാരത്തിലോ എന്നില്‍ നിന്നും ഉണ്ടായിട്ടില്ല.
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ ഒക്കെ ആയതു കൊണ്ടായിരിക്കണം എനിക്ക് നേരെ വരേണ്ടിയിരുന്ന പല കാമ ദേവന്മാരുടെയും പ്രണയശരങ്ങള്‍ തന്താങ്ങളുടെ അമ്പുതാങ്ങി*യില്‍ തന്നെ വിശ്രമിച്ചത്.
കമന്റടിയില്ല.. പ്രേമ ലേഖനമില്ല.. വഴിയില്‍ കാത്തുനിന്നു സൈറ്റ് അടിക്കാന്‍ ആരുമേയില്ല..
കോളേജ് വീട്.. വീട് കോളേജ്..
ഇങ്ങനെ ജീവിച്ചു ബോറടിച്ചു , ഒരു മാറ്റം വേണം എന്നാഗ്രഹിച്ചു തുടങ്ങിയപ്പോഴേക്കും കെട്ടിച്ചു വിടാന്‍ തീരുമാനമായി.
പെണ്ണുകാണാന്‍ വന്ന സാജിദ് കാര്യങ്ങള്‍ക്കൊരു തീരുമാനമാക്കും മുന്പ് മര്യാദക്കൊന്നു സംസാരിക്കാന്‍ അപ്പോയിന്മേന്റ്റ് എടുത്തു വീണ്ടും വന്നു.
ഇനിയങ്ങോട്ട് ഒരു ജീവിതം മുഴുവന്‍ ഒരുമിച്ചു ഒരു കൂരയ്ക്ക് കീഴില്‍ കഴിയേണ്ടവരാണ് . ആള് നല്ല മസിലന്‍. ഇടി കിട്ടിയാല്‍ വിവരമറിയും. വഴക്കിടുമ്പോള്‍ കയ്യകലം നില്‍ക്കണം. അത് സൂക്ഷിക്കാം.. എടുത്തെറിയുന്ന / എറിഞ്ഞു തകര്‍ക്കുന്ന ഐറ്റംസ് കയ്യിലുണ്ടോ ആവോ .. അങ്ങിനെ ആണെകില്‍ വീടൊരു കലാപ ഭൂമിയും അതുവഴി മറ്റൊരു ഞെളിയന്‍പറമ്പും ആയി മാറാന്‍ അധികം കാലം വേണ്ട.
തലമുറകളായി കൈമാറിക്കിട്ടിയ വിശേഷ സ്വഭാവത്തെ ജീന്‍ മ്യൂട്ടേഷന്‍ ചെയ്തു എന്നില്‍ നിന്നും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. ഞാന്‍ അത്യധികം ആഗ്രഹിച്ചു.. കാരണം മുന്നിലിരിക്കുന്ന ആളുടെകൂടെ സ്വസ്ഥവും സമാധാനപരവുമായ ഒരു ജീവിതം എനിക്ക് നയിക്കണമായിരുന്നു.
വര്‍ഗ്ഗ ശുദ്ധിയുള്ള പെണ്ണാവാന്‍ ശ്രമിച്ചു, നഖം കൊണ്ട് 'റ' വരയ്ക്കുന്നതിനിടയില്‍ ഉള്ളിലെ ആശങ്ക മറച്ചു വെക്കാതെ ഞാന്‍ കാര്യം പറഞ്ഞു.. " ലേശം മുന്‍കോപിണിയാണ്.. അവിടെയോ?"
"ഏയ്‌.. ഞാന്‍ പണ്ടൊക്കെ വല്ലപ്പോളും വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം ആരോടെങ്കിലും വളരെ മിതമായ നിരക്കില്‍ ചൂടായിട്ടുണ്ടെങ്കിലെയുള്ളൂ. .. ഇപ്പൊ ജീവിതാനുഭവങ്ങളിലൂടെ വിവേകം കൈവരിച്ചതിനാല്‍ കോപപ്പെടാറെ ഇല്ല. കുട്ടി വേണമെങ്കില്‍ എനിക്ക് ശിഷ്യ പെട്ടോളൂ.. ഫീസൊന്നും തരണ്ട.. ഞാന്‍ കുട്ടിയെ എത്രയും പെട്ടെന്ന് ഒരു തികഞ്ഞ സ്വാമിനി ആക്കി മാറ്റാം.."
തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ അദ്ദേഹമത് പറഞ്ഞതും എന്റെ യുള്ളില്‍ ബാക്കി നിന്നിരുന്ന ആശങ്കകള്‍ അത്രയും അലിഞ്ഞുപോയി.. കാരണം അന്നെനിക്ക് അറിയില്ലായിരുന്നല്ലോ
സാജിദ് എന്നോട് പറഞ്ഞ ആദ്യത്തെ നുണയായിരുന്നു അതെന്ന്!!!

3 comments:

ajith said...

ഗതകാലസ്മരണകളിൽ കലിയും ബാധിച്ചിട്ടുണ്ടല്ലേ

Sameer Ali said...

നല്ല എഴുത്തുകൾ.. ഇരുത്തി വായിപ്പിക്കുന്ന ഭാഷ , ശൈലി..
നിങ്ങളുടെ ഫെസ്ബൂക് പേജിലൂടെ ആണ് ഈ ബ്ലോഗിൽ എത്തിപ്പെട്ടത്..

ഞാനും ഒരു ദേഷ്യക്കാരൻ ആയിരുന്നു.. ഫൈബർ കസേര വരെ അടിച്ചു പൊട്ടിച്ചിട്ടുണ്ട് വീട്ടിൽ.. രാത്രീ ആകുമ്പോ കുറ്റബോധം, കരച്ചിൽ ഒക്കെ വരും..
ഇപ്പോ എങ്ങനെയൊക്കെയോ മാറി കിട്ടി കുറെയൊക്കെ

Sameer Ali said...

നല്ല എഴുത്തുകൾ.. ഇരുത്തി വായിപ്പിക്കുന്ന ഭാഷ , ശൈലി..
നിങ്ങളുടെ ഫെസ്ബൂക് പേജിലൂടെ ആണ് ഈ ബ്ലോഗിൽ എത്തിപ്പെട്ടത്..

ഞാനും ഒരു ദേഷ്യക്കാരൻ ആയിരുന്നു.. ഫൈബർ കസേര വരെ അടിച്ചു പൊട്ടിച്ചിട്ടുണ്ട് വീട്ടിൽ.. രാത്രീ ആകുമ്പോ കുറ്റബോധം, കരച്ചിൽ ഒക്കെ വരും..
ഇപ്പോ എങ്ങനെയൊക്കെയോ മാറി കിട്ടി കുറെയൊക്കെ