സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, March 22, 2016

ദൂരമെന്ന അലാക്കിന്റെ അവുലും കഞ്ഞി

എടപ്പാള്‍ പൊന്നാനി റോഡില്‍ ചുമരിനോട് ചുമര്‍ ചേര്‍ന്ന് ഒട്ടിയൊട്ടി വീടുകളുള്ള ഒരുസ്ഥലത്ത് ജനിച്ചു വളര്‍ന്ന ഉമ്മയെ സംബന്ധിച്ച് അലറിവിളിച്ചാല്‍ മാത്രം കേള്‍ക്കുന്ന ദൂരത്തില്‍ അങ്ങിങ്ങായി വിരലില്‍ എണ്ണാവുന്ന അയല്‍പ്പക്കമുള്ള ഭര്‍തൃഭവനവുമായി താദാത്മ്യം പ്രാപിക്കല്‍ വലിയ പ്രശ്നം തന്നെ ആയിരുന്നു !!
ഉമ്മാക്ക് ഒരു അനിയത്തിയും ഒരു ജ്യേഷ്ട്ട സഹോദരിയുമാണ്ഉള്ളത്. എടപ്പാളില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ആണ് അവരെ രണ്ടുപേരെയും വിവാഹം കഴിച്ചയച്ച വീടുകള്‍. കുറ്റിക്കാടും കണ്ടനകവും. മറ്റു മൂന്നു സഹോദരന്മാരുടെ ഭാര്യ വീടുകളും അധികം വ്യാസമില്ലാത്ത 'ഠ' വട്ടത്തില്‍തന്നെ. ഉമ്മയുടെ വീട്ടില്‍ നിന്നും അകലെ അല്ലാത്തതിനാല്‍ തന്നെ ഇവിടങ്ങളിലെല്ലാം ഇടയ്ക്കിടെ എല്ലാവരും പോയിവിരുന്നു പാര്‍ക്കും.
എന്റെ ഉമ്മയെ ആണെങ്കിലോ പത്തു നാല്‍പ്പതു കിലോമീറ്റര്‍ ദൂരെ ആളുമ്പാളും ഇല്ലാത്ത ഒരു ഗുദാമിലേക്കാണ് കെട്ടിച്ചു വിട്ടിരിക്കുന്നത്. ദൂരകൂടുതല്‍ കാരണം ആരും ഈ വഴി വരികയെ ഇല്ല. നമ്മള്‍ അവിടെ പോകുമ്പോള്‍ ആണ് അവരെ എല്ലാരെയും കാണുക. പിന്നെ വല്ലപ്പോഴും ഗള്‍ഫില്‍ നിന്നും മാമന്മാര്‍ വരുമ്പോള്‍ ഇടത്താവളം എന്ന നിലയ്ക്ക് വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ സ്ത്രീകള്‍ക്ക് നമസ്ക്കരിക്കാനോ വേണ്ടി നമ്മുടെ വീട്ടില്‍ ഇറങ്ങും. ആവകയില്‍ വല്ല ടാങ്കോ നിഡോയോ ഒരുപാക്കറ്റ് കോപ്പികൊയോ ഉമ്മാക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം വന്നതോട്കൂടി എല്ലാ പണ്ടാരങ്ങളും അതുവഴി പോകുന്നതിനാല്‍ വല്ലപ്പോളും അപൂര്‍വമായി സംഭവിച്ചിരുന്ന വീട്ടിലേക്കുള്ള ഈ ബന്ധു സന്ദര്‍ശനവും അതുവഴിയുള്ള ഗള്‍ഫ് ഐറ്റംസ്ന്റെ വരവും നിലചിരിക്കുന്നു.
സഹോദരങ്ങള്‍ വന്നതറിഞ്ഞ് ഉമ്മ ജോലിയുംകഴിഞ്ഞുവന്നു ഞങ്ങളെയും കെട്ടി പെറുക്കി എടപ്പാളില്‍ എത്തി പെടുമ്പോഴേക്കും അന്തിമോന്തി അത്താഴ സമയം കഴിഞ്ഞിരിക്കും. ഇതിനോടകം അടുത്തുള്ള സഹോദരിമാര്‍ ഓടിവന്നു പെട്ടി പൊട്ടിക്കല്‍ കര്‍മ്മം അതീവ ശുഷ്കാന്തിയോടെ നിര്‍വഹിച്ചശേഷം വേണ്ടതും വേണ്ടാത്തതും ആയ എല്ലാം തന്നെ സ്വന്തമാക്കി ആഹ്ലാദ ഭരിതകളായി മാമന്മാരുമൊത്ത് പ്രവാസ വിശേഷങ്ങളും നാട്ടിലെ കഷ്ട്ട-നഷ്ട്ട-പരദൂഷണപ്പാടുകളും പങ്കുവെക്കുന്ന തിരക്കിലായിരിക്കും.
ഈ കാലിയാക്കലില്‍, വരുന്നവിവരം അറിയിക്കാന്‍ വേണ്ടി മാമന്മാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഉമ്മ പ്രത്യേകം കൊണ്ടുവരാന്‍ പറഞ്ഞ എമര്‍ജന്‍സി ലൈറ്റും ടോര്‍ച്ചും ഒക്കെ ഉള്‍പ്പെട്ടു എന്നറിയുമ്പോള്‍ ആണ് ഈ ദൂരക്കൂടുതലിന്റെ നഷ്ട്ടം എത്ര ആഘാതമാണെന്ന് ഉമ്മ തിരിച്ചറിയുക. ദൂരം അതൊരുവലിയ പ്രശ്നംതന്നെ. വീടുകള്‍ തമ്മിലുള്ള ദൂരം. സ്കൂളുകള്‍ ഓഫീസ് എല്ലാം ദൂരെ ആകുമ്പോള്‍ എല്ലാവരും വളരെ അധികം ബുദ്ധിമുട്ടുന്നു. അതേറ്റവും നന്നായി മനസ്സിലാക്കിയ വെക്തി ആയിരുന്നു എന്റെ ഉമ്മ.
അതുകൊണ്ട്തന്നെ എന്റെ വിവാഹം അറേഞ്ച് മാരേജ് ആണെന്ന് തീരുമാനം ആയപ്പോ ഉമ്മ ഒരുകാര്യം മുന്നോട്ടുവെച്ചു. അധികം ദൂരെയല്ലാതെ അഞ്ചോ ആറോ ഏറിവന്നാല്‍ പത്തു കിലോമീറ്റര്‍ അകലത്തില്‍ അടുത്തടുത്ത്‌ അയല്പ്പക്കമൊക്കെയുള്ള ഒരു വീട്ടില്‍ നിന്നും ഒരു തങ്കപ്പെട്ട ചെക്കന്.
വളരെ സോഷ്യല്‍ ആയ ഉമ്മാക്ക് ഒരുപാട് ബന്ധു മിത്രാധികളും അയല്‍ക്കാരും ഒക്കെയുള്ള ഒരു വീട്ടിലേക്കു തന്റെ മകള്‍ എങ്കിലും കയറി ചെല്ലട്ടെ എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തോന്നിയിരിക്കാം. എന്നിട്ടവസാനം തങ്കപ്പെട്ട ചെക്കനെ തപ്പി എത്തിപ്പെട്ട പുലിമടയോ അമ്പതു കിലോമീറ്റര്‍ അകലെ അലറി വിളി മൈക്ക് സെറ്റ് വെച്ച് കേള്‍പ്പിച്ചാല്‍ പോലും ഒരു മനുഷ്യ കുഞ്ഞു കേള്‍ക്കാന്‍ സാധ്യത ഇല്ലാത്ത വിധം വന്യതയുള്ള ഒരു സ്ഥലത്തേക്ക്.
ചെക്കന്റെ വീട് കാണാന്‍ പോയി തിരിച്ചു വന്ന കാര്‍ന്നോര്‍ തലയില്‍ കൈയ് വെച്ചിട്ട് പറഞ്ഞു. "അയ്യോ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നോ മനുഷ്യവാസം . റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ പണ്ടത്തെ ഫോറെസ്റ്റ് ബംഗ്ലാവ് പോലത്തെ ഒരു വീട്. വീടിന്റെ ഏതു ഭാഗത്താണ് അടുക്കള എന്ന് എത്ര നോക്കിയിട്ടും എനിക്കിതുവരെ മനസ്സിലായിട്ടില്ല . വീട് മൊത്തത്തില്‍ അടിച്ചുവാരി ഇടാന്‍ മിനിമം മൂന്നു ദിവസം വേണ്ടിവരും. ഇളയ മോനാണ് ചെക്കന്‍. വേറെ വീട് വെച്ച് മാറല്‍ ഉടനെയൊന്നും ഇമ്പോസിബിള്‍ . അവരുടെ ഡൈനിംഗ് ഹാളില്‍ വെക്കാനെ നമ്മുടെ വീട് വലിപ്പം പോര . അതുകൊണ്ട് നമുക്കിത് വേണ്ട. "
ഞാന്‍ ആലോചിച്ചു. കേട്ടിട്ട് എല്ലാംകൂടി നല്ല അടിപൊളി സെറ്റപ്പ്. വിജനയതോട് വിജനത. എന്റെ പതിവ് മലകയറ്റത്തിനും കാടിറക്കത്തിനും അനുയോജ്യം. ചെക്കന്‍ ആണെങ്കില്‍, കണ്ണുപൊട്ടന്‍ ആണെന്ന് തോന്നുന്നു, എന്നെ കണ്ടു ബോധം പോയി കിടക്കാണ്. ബോധം വരും മുന്നേ തീരുമാനം എടുക്കണം. അസൂയാലുക്കള്‍ ഞാന്‍ നല്ലൊരു വീട്ടില്‍ ചെന്ന് കയറുന്നതില്‍ കണ്ണ് കടിച്ചു പറയുന്നതായിരിക്കും. പത്തുവര്‍ഷം പ്രണയിച്ച കാമുകന് വേണ്ടി എന്നതുപോലെ ഇന്നലെ പെണ്ണുകാണാന്‍ വന്ന പയ്യനുവേണ്ടി ഞാന്‍ സത്യാഗ്രഹമിരുന്നു. എനിക്കിതുതന്നെ മതി. ഞാന്‍ കട്ടായം പറഞ്ഞു.
അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒന്നുകൂടി ഉപദേശിക്കാന്‍ ഉമ്മ വീണ്ടുമൊരു ശ്രമം നടത്തി". ദൂരം നല്ലോണം കൂടുതല. പോരാത്തതിന് ഡയറക്റ്റ് ബസ്സുണ്ടോ. അതുമില്ല. മൂന്നു ബസ് മാറിക്കേറണം. കുഞ്ഞുകുട്ടി പരാധീനതകള്‍ ഒക്കെ ആകുമ്പോള്‍ നീയാകും കഷ്ട്ടപെടുന്നത്. "
ഉമ്മയെ കണ്ണുനിറച്ചു ഒരു നോട്ടം നോക്കിയിട്ട് ഞാന്‍ മുറിവിട്ടു അടുക്കള വഴി ഇരുട്ടിലേക്ക് ഇറങ്ങിപോയി.
"അയ്യോ അവളത കിണറ്റില്‍ ചാടാന്‍ പോകുന്നു. നിങ്ങള്‍ അവരെ വിളിച്ചു ഓക്കേ പറഞ്ഞേക്ക് മനുഷ്യ.."
കികികികി.. അഭിനയം വിജയിച്ച ഞാന്‍ ഇരുട്ടത്ത് നിന്ന് ചിരിച്ചു.
മൊട്ടയുടെ ഗ്ലാമറില്‍ മനംമയങ്ങി വീണ, ജീവിത പരിജ്ഞാനം കുറവുള്ള ഞാന്‍അന്ന് ഉമ്മ പറഞ്ഞ ഈ ദൂരമെന്ന അലാക്കിന്റെ അവുലുംകഞ്ഞിയെക്കുറിച്ച് തീരെ ബോധവതിയും ആയിരുന്നില്ല എന്നത് മറ്റൊരു സത്യം. അമ്പതു കിമി.. വളരെ ചെറുത്‌.. ഞങ്ങളുടെ രണ്ടുപെരുടേയും മനപ്പൊരുത്തം കണ്ടിട്ട് മിനിമം ഒരു അഞ്ഞൂറ് കിമി എങ്കിലും വേണമായിരുന്നു. ചായ്.. എങ്കില്‍ പിന്നെ സ്വന്തം വീട്ടിലേക്കു വരികയെ വേണ്ടല്ലോ.. അതായിരുന്നു എന്റെ മനസില്‍..
വിവാഹം കഴിഞ്ഞു എന്നെ ഭര്‍തൃ വീട്ടില്‍ കൊണ്ടാക്കി എല്ലാവരും ടാറ്റാ ബൈ ബൈ പറഞ്ഞു പോയി.. ഞാന്‍സന്തോഷിച്ചു.. ഹായ്.. ഇനി ഇത്എന്റെ സ്വര്‍ഗ്ഗം.
വീട്ടില്‍പോകുകയോ.. ദൂരക്കൂടുതല്‍ കാരണം ഒറ്റഒരെണ്ണം എന്നെകാണാന്‍വരുമെന്നോ പേടിക്കേണ്ട..
സ്വസ്ഥം..സ്വൈര്യം.. ഞാന്‍ ഇവിടെ എന്ത് അങ്കലാപ്പ് ഉണ്ടാക്കിയാലും ജന്മനാട്ടില്‍ ഒറ്റ കുട്ടി അറിയില്ല..
കല്യാണവും മധുവിധുവും കഴിഞ്ഞു ചെക്കന്‍ തിരിച്ചുപോയി.. എകാന്തതയോടുള്ള ആപ്രേമവും മറ്റെല്ലാ പ്രേമവും പോലെ പെട്ടന്നവസാനിച്ചു. ആള്‍കൂട്ടത്തില്‍ നിന്നും അകന്നു മലമുകളിലെ കാട്ടില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന മണിമാളികവാസം എനിക്ക് ശ്വാസം മുട്ടല്‍ ഉണ്ടാക്കി.. നേരം വെളുത്താല്‍ കാണുന്നതു ഒരേ മുഖങ്ങള്‍. ഉമ്മ ഉപ്പ പിന്നെ മോട്ടി എന്ന കടിയോടു കൂടിയ കുരയുള്ള ജര്‍മന്‍ഷപ്പേര്‍ട് പട്ടിയും.
ഞാന്‍വീട്ടിലേക്കു വിളിച്ചു പറഞ്ഞു " എന്നെകൂട്ടാന്‍വരോ വീട്ടുകാരെ? ബ്ലീസ്.."
" അത്രയും ദൂരമോ.. കല്യാണമായിട്ട് ലീവെടുത്ത് ഉള്ള ലീവോക്കെ തീര്‍ന്നു. നമ്മള്‍ മാമൂലുകളില്‍ ഒന്നും വിശ്വാസമില്ലാത്ത പുരോഗമനക്കാര്‍ ആണെന്ന് അവര്‍ക്കിറിയാലോ..കാറിലോന്നും വരണ്ട.. ആ ചെക്കന്‍ മണലാരണ്യത്തില്‍ കിടന്നു കഷട്ടപെട്ടു ഒട്ടകത്തെ മേച്ചുഉണ്ടാക്കുന്ന കാശ്ആണ്.. നീ സ്റ്റാന്‍ഡില്‍ പോയി ബസ്സില്‍ കയറി ഇങ്ങു പോരെ.. "
ഡിം.. ഫോണ്‍ കട്ട്.
അരീക്കോട് - മഞ്ചേരി.
മഞ്ചേരി- കോട്ടക്കല്‍
കോട്ടക്കല്‍- രണ്ടത്താണി.
രാവിലെ ബസ്സില്‍ കയറിയ ഞാന്‍ വീട്ടിലെത്തിയപ്പോ നേരം ഉച്ച കഴിഞ്ഞു. മൂന്നു ബസ് മാറിക്കയറി ഒരുശവമായി വീട്ടില്‍ ചെന്നുകയറിയ പൊന്നുമകളെ കണ്ടതും ഉമ്മ, ബി ഫാം ഒന്നാം വര്‍ഷത്തിനു ജോയിന്‍ ചെയ്ത ഇളയ സന്താനത്തെ നോക്കി പറഞ്ഞു.
"എന്റെ അനുഭവം എന്റെ കുട്ടികള്‍ക്ക് ഉണ്ടാവല്ലേ എന്ന് കരുതി ഞാന്‍ ആവും പാടും പറഞ്ഞു. ഇവളോ ഞാന്‍ പറഞ്ഞത് അനുസരിച്ചില്ല. ഇനി നിന്റെ ഊഴം.. എടപ്പാളിനും കോട്ടക്കലിനും ഇടയില്‍ നിന്നൊരു പയ്യന്‍. കുറ്റിപ്പുറം ആണെങ്കില്‍ വളരെനല്ലത്.. അങ്ങോട്ടും ഇങ്ങോട്ടും ഒരേ ദൂരം. അങ്ങനെ ഒരു ചെക്കനെയെ ഇവള്‍ക്ക് നോക്കുകയുള്ളൂ."
" ആ അതുമതിയുമ്മ " ഞാന്‍ അവളെ നോക്കി തലകുലുക്കി അകത്തേക്ക് കയറിപ്പോയി.
കാറായാലും ബസ്സായാലും കയറ്റിറക്കങ്ങളോട് കൂടിയ ഈ ദൂരമത്രയും ഞാന്‍ തന്നെ സഞ്ചരിക്കണ്ടേ. റബ്ബറൈസ് ചെയ്യാത്ത കുണ്ടും കുഴിയും വളവില്‍ തിരിവും തിരിവില്‍ വളവും ഉള്ള റോഡുകള്‍. സൈഡ് കൊടുത്താല്‍ കൊക്കയിലേക്ക്. ഊഞ്ഞാലില്‍ ഉയര്‍ന്നു പൊങ്ങി താഴേക്കു വരുമ്പോ നമുക്ക് വയറ്റില്‍ നിന്നും ഗിളുഗിള് പോങ്ങില്ലേ.. ആ.. അതന്നെ.. വീടെത്തുമ്പോഴേക്കും ഒരു പത്തന്‍പത് വട്ടം ഫ്രീ ഗിളുഗിള്. അടിപൊളി. മൂത്തവര്‍ വാക്കും മുതു നെല്ലിക്കയും ആദ്യം കൈക്കും , അതുകെട്ടില്ലേ ജീവിതാവസാനം വരെ കൈക്കും . വീട്ടിലേക്കും തിരിച്ചും ഉള്ള ഓരോ ഷട്ടില്‍ സര്‍വീസിലും ഞാന്‍ മനസ്സില്‍ ഉരുവിട്ടു.
വര്ഷം കൊറേ പിന്നെയും കഴിഞ്ഞു. അനിയത്തിയുടെ കല്ല്യാണത്തെ കുറിച്ചുള്ള ഡിസ്ക്കഷന്‍ ഒരു ദിവസം ഊണ് മേശക്കു ചുറ്റുനിന്നും ആരംഭിച്ചപ്പോള്‍ ഞാന്‍ ചാടിക്കയറി പറഞ്ഞു " ഇവളുടെ കാര്യം എളുപ്പമല്ലേ.. ഉമ്മ ഒരുപാട് ആഗ്രഹിച്ചപോലെ എടപ്പാള്‍ കോട്ടക്കല്‍ ഹൈവേയില്‍ വീടുള്ള ഏതെങ്കിലും തങ്കപ്പെട്ട ചെക്കനെ നമുക്ക് പൊക്കാം . വെരി സിമ്പിള്‍."
ഞാന്‍ പറന്നു കഴിഞ്ഞതും പുള്ളിക്കാരി ചാടി എഴുന്നേറ്റു കൈപോലും കഴുകാതെ മുറിയില്‍ കയറി വാതിലടച്ചു. ഞാനും ഉമ്മയും മുഖത്തോട് മുഖം നോക്കി.
'സുന്ദരിയാണെന്ന് കരുതി വീട്ടില്‍ വെക്കാന്‍ പറ്റോ.. പെണ്ണല്ലേ സാധനം.. കുറെ കഴിഞ്ഞാ ആര് വരാനാ.. എന്നായാലും ആരുടെ എങ്കിലും തലയിലാവണം. കോഴ്സും കഴിഞ്ഞു. ഇളയത് അല്ലെ എന്ന് കരുതി കൊഞ്ചിച്ചു വഷളായോ.. കല്ല്യാണം എന്ന് കേട്ടപ്പോ പെണ്ണ് പേടിച്ചോ ഇനി. ' ഉമ്മ സ്വത സിദ്ധമായ ആധി പുറത്തെടുത്തു.
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാനും ഉമ്മയും കൂടി അനിയത്തിയെ സോപ്പിട്ട് വാതില്‍ തുറപ്പിച്ചു അകത്തു കയറി.
" ഇനി എന്നാ മോളു .. ഇപ്പൊ നോക്കി യില്ലെങ്കില്‍.. നിന്റെ താത്ത ഇരുപത്തി രണ്ടു വയസില്‍ കല്ല്യാണം കഴിച്ചു ഗൃഹസ്ഥ ആയില്ലേ. നിനക്കിപ്പോ വയസ് ഇരുപത്തി മൂന്നു. ഒരു വര്ഷം കൂടുതലായി. "
വല്ല വിധേനയും മകളെ വിവാഹത്തിന് തയ്യാറാക്കാന്‍ വേണ്ടി കഷ്ട്ടപ്പെടുന്ന ഉമ്മ.
" ഒരാള്‍ക്ക്‌ എന്നെ കല്ല്യാണം കഴിക്കാന്‍ ഇഷ്ട്ടമാണ്.എനിക്ക് അയാളെയും. "
ഉമ്മാക്ക് പകുതി ആശ്വാസമായി
"അയ്യേ.... ഇതിനാണോ നീ ഭക്ഷണം കഴിക്കാതെ എണീറ്റ്‌ പോന്നത്."
"പക്ഷെ അവരുടെ വീട് ഉമ്മ ആഗ്രഹിച്ചപോലെ എടപ്പാളിനും കോട്ടക്കലിനും ഇടയിലും അല്ല. തിരുവനന്തപുരമാണ് "
"!!!!!??????!!!!"ഉമ്മ,.
പണ്ട് അവള്‍ എന്ത് ചെയ്താലും മൂത്തതെന്ന നിലയില്‍ കുറ്റം മുഴുവന്‍ എന്റെ തലയിലായിരുന്നു വന്നു വീഴുക. അതുകൊണ്ടുതന്നെ ഞാന്‍ മനസ്സില്‍ പറഞ്ഞു 'വെല്‍ ടണ് മോളെ.. കലക്കി '
*************************************************************************** ഈയിടെ ഞാന്‍ വീട്ടിലുള്ള സമയത്ത് പൊന്നാനിയില്‍ ഉള്ള ഉമ്മയുടെ അനിയത്തി, മകന് പെണ്ണന്വേഷിക്കാന്‍ തുടങ്ങിയപ്പോ ഉമ്മയെ ഫോണില്‍ വിളിച്ചു. തിരൂരിനും പൊന്നാനിക്കും ഇടയില്‍ നിന്നൊരു പെണ്ണ് വേണം. ഉമ്മ ഒരുപാട് കാലം ജോലി ചെയ്ത സ്ഥലമാണ്. അവര്‍ക്ക് ഉമ്മയുടെ സഹായം വേണം.
ന്റെ പാവം പാവം ഉമ്മ പറയുന്നത് കേട്ടു " എന്നെ ദൂരേയ്ക്ക് കേട്ടിച്ചയച്ചപ്പോ ഞാന്‍ കരുതി എന്റെ മക്കളെ അടുത്തേക്ക് വിവാഹം ചെയ്യിപ്പിക്കണം എന്ന്. സിലു ദൂരെ പോയപ്പോ ഇനിയുള്ളതിനെ എങ്കിലും എന്ന് കരുതി. എന്നിട്ടത് ചെന്ന് പെട്ടതോ.. കല്ല്യാണം ഒന്നും നമ്മുടെ കയ്യിലല്ല കുട്ട്യേ.. അല്ലാഹ് തീരുമാനിച്ചപോലെ അതുനടക്കൂ. തവക്കൽതു അലള്ളാഹ് ... എവിടെ ആണെങ്കിലും എല്ലാം നല്ലതായി വരട്ടെ..

1 comment:

ajith said...

ഇപ്പക്കെ ദൂരം ഒരു ദൂരമാണോ. നല്ലതു വരട്ടെ