സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Wednesday, March 23, 2016

ഹാ .. എന്‍റെ വിഷാദരോഗമേ!!

ഹാ .. എന്‍റെ വിഷാദരോഗമേ!!
ദീപിക പദുകോണിന് വിഷാദരോഗം പിടിപെട്ടതും അവരത് മൂടിവേക്കാതെ വേഗം തന്നെ ചികിത്സ തേടിയതും ഈയിടെ വലിയ വാര്‍ത്തയായിരുന്നല്ലോ..
ഇന്ത്യയില്‍ പത്തില്‍ നാലുപേര്‍ക്ക് വിഷാദരോഗം ഉണ്ടെന്ന കണക്കു വായിച്ചപ്പോള്‍ ഞാനും അവരില്‍ ഒരാള്‍ ആണല്ലോ എന്നുതോന്നി. ഈ പോസ്റ്റ്‌ വായിക്കുന്ന നിങ്ങളില്‍ പലരില്‍ ഒരാള്‍ .
വല്ലാത്ത ഒരവസ്ഥയാണ് സത്യത്തില്‍ അത്. നല്ല മൂഡില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എവിടെനിന്നോ യാതൊരു മുന്നറിയിപ്പും ഇല്ലാതെ മനസിനെ കാര്‍മേഘം വന്നു മൂടിയ അവസ്ഥ.
ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല.. മൂടിക്കെട്ടി അങ്ങിനെ ഇരിക്കും.. ദേഷ്യം വരും.. പെട്ടെന്ന് കരയും..ആകെ ഒറ്റക്കായതു പോലെ തോന്നും..ചുറ്റുമുള്ളവര്‍ക്ക് ആണെങ്കില്‍ ആ അവസ്ഥ പറഞ്ഞാല്‍ ഒട്ടു മനസിലാകുകയും ഇല്ല.. കഷ്ട്ടം തന്നെ ഞങ്ങളുടെ കാര്യം.
എന്നാല്‍ അതില്‍ നിന്നും പുറത്തുവരാനും അധികം താമസം ഒന്നും വേണ്ട.. നിനച്ചിരിക്കാതെ കാര്‍മേഘം അകന്നു സൂര്യന്‍ പുറത്തു വരുന്നതുപോലെ ഞങ്ങളും മൂടികെട്ടലില്‍ നിന്നും അനായാസം പുറത്തുവരും..
എന്തായാലും കോളേജില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ കില്ലാടിയോന്‍ കാ കില്ലാടി സില്‍സില കാലടി യുടെ ഈ മൂഡ്‌ ചെയ്ഞ്ചിന്റെ കാരണം പ്രസിദ്ധമായിരുന്നു.
പഠനത്തെക്കുറിച്ചോ പരീക്ഷയെ കുറിച്ചോ യാതൊരു അല്ലലുകളും വെച്ചുപുലര്‍ത്താന്‍ ഇഷ്ട്ടപെടാത്ത , പൊതുവേ പ്രസന്നയായി മാത്രം കാണപ്പെടുന്ന ഞാന്‍ എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ ദേഷ്യപെടാനും പൊട്ടിക്കരയാനും തുടങ്ങിയപ്പോള്‍ എല്ലാവരും ആദ്യം കരുതിയത്‌ അത് വീട് വിട്ട് ഹോസ്റ്റലില്‍ വന്നു താമസിക്കേണ്ടി വന്നതുകൊണ്ടാണെന്നാണ്‌
എന്നാല്‍ കുറച്ചു മാസങ്ങള്‍ എന്നെ നിരീക്ഷിച്ച സഹമുറിയത്തിമാര്‍ വൈകാതെ ആ രഹസ്യം കണ്ടു പിടിച്ചു. എല്ലാ മാസവും പിരിയേഡ്സ് ആകുന്നതിന്റെ മുന്‍പിലത്തെ ദിവസങ്ങളില്‍ ഞാന്‍ വല്ലാതെ ഡിപ്രസ്‌ ആകുന്നു.
അവിടുന്നങ്ങോട്ട് പഠന പൂക്കാലം കഴിയുന്നതുവരെ ഇക്കാലങ്ങളില്‍ സുഹൃത്തുക്കള്‍ പ്രത്യേകം പരിഗണന തരാന്‍ ശ്രദ്ധിച്ചിരുന്നു. അനാവശ്യമായി ഞാന്‍ ദേഷ്യപെട്ടാല്‍ നന്പത്തികള്‍ അതങ്ങ് വകവെച്ചു തരും. മാസത്തില്‍ രണ്ടു ദിവസം എന്നെ സഹിച്ചാലും ബാക്കി 28 ദിവസവും അവര്‍ ഞാന്‍ കാരണം ഹാപ്പിയായിരുന്നു.
സത്യത്തില്‍ അന്നൊക്കെ ഡിപ്രഷന്‍ അടിച്ചു തുടങ്ങുമ്പോള്‍ ആണ് അയ്യോ ടൈം ആയല്ലോ എന്ന് ഓര്‍ക്കുക തന്നെ.. മനസിലേക്ക് ഇരുണ്ട പുക വന്നു നിറയുന്നതുപോലെയാണ്.. ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല.. എല്ലാത്തിനോടും ദേഷ്യം..രണ്ടേ രണ്ടു ദിവസം മാത്രം.. ആര്‍ത്തവം ആരംഭിച്ചു കഴിയുന്നതും അശുദ്ധ രക്തത്തിന്റെ കൂടെ അതുവരെ മനസിനെ അലട്ടിയ അല്ലലുകളും ഒഴുകി അപ്രത്യക്ഷമാകും..പിന്നീട് അങ്ങോട്ട് നമ്മള്‍ വളരെ പോസിടീവ് ആണ്..
മഴപെയ്തു തെളിഞ്ഞ മാനം പോലെ മനസ് ഒരു അപ്പൂപ്പന്‍ താടിപോലെ സ്വപ്ന വിഹായസില്‍ പറന്നു നടക്കും.. ഡിപ്രഷന്‍ ഉള്ളവര്‍ക്ക് മാത്രം അനുഭവ വേദ്യമാകുന്ന മറ്റൊരു സുന്ദര ആഫ്റ്റര്‍ എഫ്ഫക്റ്റ്‌.
മാസത്തിലെ മനസിന്റെ ഈ കുസൃതി ഇപ്പോളും ഉണ്ടെങ്കിലും.. അതിനെ ഓര്‍ത്തു സങ്കടപെടാന്‍ ആര്‍ക്കു നേരം.. ദിവസത്തിന്റെ 24 മണികൂര്‍ തന്നെ തികയാത്ത ജീവിതം. അതിനിടക്ക് മൂടിക്കെട്ടി ഇരിക്കാന്‍ മനസ് വാശിപിടിചാലും കുട്ടികളും ചട്ടികളും ചുറ്റുപാടും അതിനു സമ്മതിക്കില്ലല്ലോ..
ആര്‍ത്തവ സമയത്തെ ഈ മൂഡ്‌ മാറ്റം മിക്ക സ്ത്രീകള്‍ക്കും ഉണ്ടെന്നു തോന്നുന്നു. ..
എന്നാല്‍ ഇതിന് പുറമേ രണ്ടു മൂന്നു തവണ കൂടി ഞാന്‍ ഡിപ്രഷന്‍ അടിച്ചു വട്ടായ സംഭവങ്ങള്‍ ഉണ്ടായി..
ഒന്നൊരിക്കല്‍ മദര്‍ തെരേസ ആവാന്‍ പോയപ്പോള്‍ ആയിരുന്നു.
മാനസിക നില തെറ്റിയ നിലയില്‍ തെരുവില്‍ കണ്ട എന്‍റെ അതെ പ്രായമുള്ള , ഓക്സ്ഫോര്‍ഡ് ഇന്ഗ്ലിഷ് സംസാരിക്കുന്ന സുന്ദരി കുട്ടി. എനിക്കും അവള്‍ക്കും ഒരെപ്രായം :25.
വളരെ കോമ്പ്ലിക്കേഷന്‍സ് നിറഞ്ഞതായിരുന്നു ആ കുട്ടിയുടെ അവസ്ഥ ,രക്ഷിക്കാന്‍ പോയി പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി ചെരിപ്പ് തേഞ്ഞതു മിച്ചം. ലാസ്റ്റ് എന്നെയാണോ അവളെയാണോ നിംഹാന്‍സില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ..
അന്ന് അതില്‍ നിന്നും പുറത്തു വരാന്‍ നാട്ടില്‍ പോയി ഉമ്മയുടെ കൂടെ ഒരുമാസം നില്‍ക്കേണ്ടി വന്നു.. അവസ്ഥ പറഞ്ഞാല്‍ മനസിലാകുന്ന മലയാളി സൈക്യാട്രിസ്റ്റ് ഇനെ കാണാന്‍ ആണ് നാട്ടിലേക്ക് പോയത്.
ബംഗ്ലൂരില്‍ നിന്നും ഞാന്‍ വന്നിരിക്കുന്നത് സൈക്യാട്രിസ്റ്റ് ഇനെ കാണാന്‍ ആണെന്ന് ഉമ്മയോട് പറഞ്ഞാല്‍ പിന്നതു മതി അവരുടെ ഉറക്കം നഷ്ട്ടപെടാന്‍.. യാത്ര പുറപ്പെടുമ്പോള്‍ വീട്ടില്‍ എത്തിയാല്‍ എന്തുപറയണം എന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . എന്തായാലും കേരള ബോര്‍ടര്‍ കടന്നു മലയാളത്തിന്റെ മണം അടിച്ചതും.. പകുതി ഡിപ്രഷന്‍ മാറി..വീട്ടില്‍ എത്തി കിണറ്റു വെള്ളത്തില്‍ കുളിച്ചതും ബാക്കിയും..പേടിയായിരുന്നു തിരിച്ച് കയറാന്‍.. ആ ഭയം മാറുന്നത് വരെയും അടിച്ചു പൊളിച്ചു നാട്ടില്‍ നിന്നു..
പിന്നീട് ഈവ'യെ പ്രസവിച്ച സമയത്ത്...കുഞ്ഞു മഞ്ഞപ്പിത്തം ബാധിച്ച് ലൈറ്റ് റൂമില്‍..ഇടയ്ക്കിടെ പാല് കുടിപ്പിക്കാന്‍ കൊണ്ടുവരുമെങ്കിലും വന്ന വേഗത്തില്‍ തിരിച്ച് കൊണ്ടുപോകും.. ഒന്നും രണ്ടുമല്ല ഒരാഴ്ച കിടന്നു ട്യൂബിനടിയില്‍. ഞാന്‍ ഉറക്കം വരാതെ കിടന്നു.
അലറി ക്കരയാന്‍ മാത്രം സങ്കടം കുമിഞ്ഞു കൂടിയിരുന്നു മനസില്‍..
എന്നെ പോലൊരു ചക്കപ്പോത്ത് , ഇക്കാരണത്തിന് കരഞ്ഞാല്‍ കൂടെയുള്ളവര്‍ കളിയാക്കി കൊല്ലില്ലെ.?!
ഞാന്‍ സന്തോഷം അഭിനയിച്ചു..
ഇടയ്ക്കു മുറിയില്‍ നിന്നും എല്ലാവരും പുറത്തുപോയ സമയത്ത്, മനസ്‌ ഒന്ന് സ്വസ്ഥമാക്കാന്‍ വേണ്ടി , ഹൃദയം പൊട്ടി ആര്‍ത്തലച്ചു കരഞ്ഞു ഡിപ്രഷന്‍ ഒഴുക്കികളയാന്‍ നോക്കിയതാണ്...
പക്ഷെ സിസേറിയന്‍ ചെയ്തതിന്റെ തുന്നലില്‍ കമ്പിയിട്ട് വലിച്ചതുപോലെ ഒരു കൊള്ളിയാന്‍..
തിരിച്ച് വന്ന ഉമ്മ , ഞാന്‍ കണ്ണുകളിലൂടെ ഡിപ്രഷന്‍ ഒഴിക്കു കളയുന്നത് കണ്ടിട്ട് അവസരം പാഴാക്കാതെ ടയലോഗ് അടിച്ചു.
"നിനക്കെ ഈമാന്റെ കുറവാ.. മനസിന് ധൈര്യം കിട്ടാന്‍ ആയത്തുല്‍ കുര്‍സി ചൊല്ലിക്കോ.."
ഈ പ്രശനം എമിലിന്റെ സമയത്തും ഉണ്ടാകുമെന്ന് ഭയന്നിരുന്നു..നവജാത ശിശുവിന് മഞ്ഞപ്പിത്തം വരാതിരിക്കാന്‍ അമ്മമ്മാര്‍ , ഗര്‍ഭ കാലത്തിന്റെ അവസാന സമയങ്ങളില്‍ വയറ് വെയില് കൊള്ളിച്ചാല്‍ മതിയെന്ന് ആരോ പറഞ്ഞു..രാവിലേം വൈകുന്നേരവും ടെറസിനു മുകളില്‍ പോയി പോക്കുവെയില്‍ കൊണ്ട് നിറവയര്‍ സ്വര്‍ണ വര്‍ണമായി .. പുറത്തു വന്നപ്പോള്‍ എമിലുട്ടന്‍ ആരോഗ്യ ശുഷ്ക ഗ്രാതനും.
No മഞ്ഞപ്പിത്തം=No ഡിപ്രഷന്‍
മമ്മിക്കു ഡിപ്രഷന്‍ സമ്മാനിക്കാത്ത പൊന്നുംകട്ട..
പ്രായം രണ്ടു വയസ് കഴിഞ്ഞു.
ജീവിതകാലം മുഴുവന്‍ അമ്മിഞ്ഞപ്പാല്‍ കുടിച്ചു ജീവന്‍ നിലനിര്‍ത്താം എന്ന് തീരുമാനിച്ച് ഉറപ്പിച്ചത് പോലെ മാറോടൊട്ടി ജീവിക്കുന്നവന്‍.
ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പോലെയല്ല ..
അവര്‍ കുടിയോടു കുടിയാണ്..
നമ്മളെ ശരിക്കും വലച്ചു കളയും.
മെലിഞ്ഞു മെലിഞ്ഞു , എന്നെകണ്ടാല്‍ ആളുകള്‍ ഈവയുടെ സിസ്റ്റര്‍ ആണോ എന്ന് ചോദിക്കുന്ന അവസ്ഥ വരെ എത്തി.
ഇനിയും മെലിഞ്ഞാല്‍ ഈവയുടെ അനിയത്തി ആണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങും.. അത് കേള്‍ക്കുന്നത് എനിക്ക് സന്തോഷമാണെങ്കിലും കോമ്പ്ലെക്സ് അടിച്ചു ഈവയെങ്ങാനും വീട് വിട്ടുപോയാലോ എന്ന ചിന്ത വന്നപ്പോള്‍ ആണ് എമിലിന്റെ പാലുകുടി നിര്‍ത്തുന്ന കാര്യം ഞാന്‍ സീരിയസ് ആയി എടുത്തത് ..
എമിലിനു രണ്ടു വയസ് കഴിഞ്ഞല്ലോ .. സര്‍ക്കാര്‍ കണക്കു പ്രകാരം നിര്‍ബന്ധമായും കുട്ടികളെ രണ്ടു വയസു വരെ മുലയൂട്ടണം എന്നാണു.. അത് ഞാന്‍ വിജയകരമായി പൂര്തീകരിചിരിക്കുന്നു.
രണ്ടു വയസില്‍ മുലകുടി മാറ്റാന്‍ ശ്രമം തുടങ്ങി എങ്കിലും ഈവയുടെ കാര്യത്തില്‍ വിജയം കാണാന്‍ മൂന്നു മാസത്തോളം പിന്നെയും എടുത്തു.അതുവരെയും കുടിക്കാതെ നടന്നിരുന്ന കുട്ടി , നിര്‍ത്താന്‍ പോകുന്നു എന്നറിഞ്ഞതും എന്തോ വാശിയുള്ളതുപോലെ പെരുമാറാന്‍ തുടങ്ങിയിരുന്നു.
ആ അനുഭവം ഓര്‍മയില്‍ ഉണ്ട്.
പാല്‍മണം മാറാത്ത കുട്ടികള്‍ക്ക് ഈലോകത്ത് ഒരേ ഒരു ശത്രുവേ ഉള്ളു ചെന്നിനായകം. മറ്റെന്തെങ്കിലും ഉപയോഗം അതിനുണ്ടോ അറിയില്ല. കന്നഡക്കാരുടെ വൈദ്യക്കടയില്‍ ചെന്ന് അറിയുന്ന ഭാഷയില്‍ സംഗതി അവതരിപ്പിച്ചു. അവരുടെ വിവരക്കുറവോ എന്‍റെ ഭാഷാ ജ്ഞാനം കാരണമോ അറിയില്ല , പോയത് പോലെ തിരിച്ച് വന്നു.
കൈപ്പുള്ള എന്തുണ്ട് കയ്യില്‍.. കൊറേ ആലോചിച്ചു..
കൈപ്പക്ക വാങ്ങി ഇഞ്ചി ചതക്കുന്ന കുഞ്ഞുരലില്‍ ഇട്ടു കുത്തി പിഴിഞ്ഞു ചാര്‍ എടുത്ത് പ്രയോഗിച്ചു.
അര ദിവസം .. പകല്‍ അവന്‍ പാല്‍ കുടിച്ചതെ ഇല്ല..
രാത്രിയായി , ഉറങ്ങാന്‍ നേരം ചിണ്‌ങ്ങിയ കുഞ്ഞിനെ ഞാന്‍ കര്നകടോര ശബ്ധത്തില്‍ താരാട്ട് പാടി വല്ല വിധേനയും ഉറക്കി.
സമയം അര്‍ദ്ധ രാത്രി ഏകദേശം മൂന്നു മൂന്നര ആയിക്കാണും..
നെഞ്ചും കൂടിനു മുകളില്‍ ആകെ ഒരു പരവേശം..
പാല് കട്ടയായി വേദനയോടു വേദന...
ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ വിളിച്ചുണര്‍ത്തി പാല്‍ ഉണ്ടെന്നു പറഞ്ഞു ..ഉറക്കപിച്ചില്‍ കൈപ്പക്കയുടെ കൈപ്പ് അവന്‍ പ്രശ്നമാക്കിയില്ല.
ഞാനും ഹാപ്പി അവനും.
അന്നത്തോടെ കൈപ്പക്ക പ്രയോഗം പൊളിഞ്ഞു.
ഇനി എന്ത് ചെയ്യും..
കുളി കഴിഞ്ഞു വന്നു എന്തോ ചിന്തിച്ചു പെര്‍ഫ്യൂം എടുത്തു അടിച്ചത് മൂക്കിലും വായിലും പോയി.. ആഹ നല്ല കൈപ്പ്.
പക്ഷെ പ്രയോഗിച്ചില്ല.. കെമിക്കല്‍ അല്ലെ.. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് ജയിലിലെ ചപ്പാത്തി തിന്നാന്‍ ആര്‍ക്കാണ് ആഗ്രഹം.
ആരോ പറഞ്ഞു പ്ലാസ്റ്റര്‍ ഒട്ടിച്ചാല്‍ മതിയെന്ന്..
മമ്മിക്കു 'അബ്ബൂ' ആണെന്നും "ബൂ"ഉണ്ടെന്നും പറഞ്ഞാല്‍ മതി.
ട്രൈ ചെയ്ത അതെ വേഗത്തില്‍ സംഭവം പൊളിഞ്ഞു.
ഇന്റര്‍നെറ്റ്‌ ഇന്റെ ലോകത്ത് വിരിഞ്ഞിറങ്ങിയ കുട്ടികള്‍ക്കൊക്കെ നല്ല ബുദ്ധിയാനെന്നു മനസിലായി..
ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു.
ബസ്സെന്നോ സ്റ്റാന്റ് എന്നോ റെയില്‍വെ സ്റ്റേഷന്‍ എന്നോ ബോധം ഇല്ലാതെ നെഞ്ചില്‍ തൊട്ട് 'മമ്മീ പാല്‍ ... മമ്മീ പാല്‍..'എന്നലറുന്ന കുട്ടി.
കണ്ണില്‍ ചോര ഇല്ലാത്ത തള്ള എന്ന് കണ്ണുരുട്ടുന്ന പൊതുജനം.
ഇവനേം കൊണ്ടിനി പുറത്തു പോകില്ലെന്നായി ഞാന്‍.
'കുടിച്ചു ചാവ്'
ഞാന്‍ ആ ഉദ്യമത്തില്‍ നിന്നും തോറ്റ് പിന്തിരിഞ്ഞു.
അങ്ങിനെയിരിക്കെ ഒരു ദിവസം ചെടികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ കത്തി പിടിച്ച കൈവിരല്‍ അറിയാതെ വായില്‍ പോയി..
'ചായ്.. ത്ഫൂ..' നല്ല യമണ്ടന്‍ കൈപ്പ്.
നോക്കുമ്പോള്‍ കറ്റാര്‍വാഴയാണ്.
അതിന്‍റെ പള്‍പ്പിന് നല്ല കിടിലന്‍ കൈപ്പ്.
സമയം പാഴാക്കാതെ എടുത്തു പ്രയോഗിച്ചു.
കുഞ്ഞു സംഭവം പിടികിട്ടാതെ എന്‍റെ കണ്ണില്‍ നോക്കി കരഞ്ഞു.
ഞാന്‍ അത് കാണാത്ത താടകയെ പോലെ നോട്ടം മാറ്റിക്കളഞ്ഞു.
ചെവിയില്‍ ഫോണിന്‍റെ ഹെഡ് സെറ്റും തിരുകി ' വിണ്ണയി താണ്ടി വരുവായ'യിലെ പാട്ടും വെച്ചു പണിയില്‍ മുഴുകി.
ഒന്നേ.. രണ്ടേ... ......
അഞ്ചെ...ആറെ..
പത്തെ..പന്ത്രണ്ടേ..
മണിക്കൂറുകള്‍ കഴിയും തോറും ആഹ്ലാദം കൂടിക്കൂടി വന്നു..
കിരീടം സിനിമയില്‍ ക്ലൈമാക്സ് ഇല്‍ വിളിച്ച് പറയുന്നതുപോലെ
നാട്ടിലേക്ക് ഉമ്മയേയും , അബൂദാബിയിലേക്ക്‌ അനിയത്തിക്കും വിളിച്ച് പറഞ്ഞു..
'എമിലിന്റെ പാലുകുടി നിര്‍ത്തിയെ !!!!!!"
രാത്രി ഉറക്കത്തില്‍ വാശി പിടിച്ചു കരഞ്ഞ കുഞ്ഞിനെ എടുത്തു കൊണ്ട് നടന്നു , പാട്ടുപാടി,തൊട്ടിലില്‍ ഇട്ടു പൂര്‍വ വൈരാഗ്യം പോലെ കുത്തികുലുക്കി ബോധം കെടുത്തി ഉറക്കി.
നേരം വെളുത്തു.
ഉച്ചയായി.
രാത്രിയായി.
വീണ്ടും നേരം വെളുത്തു
കുഞ്ഞ് പാലിന്റെ കാര്യം പാടെ മറന്ന് കളിയില്‍ മുഴുകിയിരിക്കുന്നു.
അവന്‍റെ നടത്തം കണ്ടു സന്തോഷം കൊണ്ട് ആര്മാദിക്കേണ്ട സമയം ആണ്.
പക്ഷെ എനിക്കെന്തോ ഒരു ഗ്ലൂമിനെസ്സ്..
മനസില്‍ വല്ലാത്തൊരു മൂടികെട്ടല്‍..
ഡിപ്രഷന്‍ അടിക്കുന്നു..
എല്ലാത്തിനോടും ദേഷ്യം..
വാട്സ് അപ്പും പണ്ടാരവും ഒന്നും രക്ഷക്ക് എത്തിയില്ല..
നേരെ എഫ് ബി യില്‍ വന്നു പോസ്റ്റ്‌ ഇട്ടു.
"ഈ ലോകത്ത് ഈ നിമിഷം ഞാൻ ആരെയും സ്നേഹിക്കുന്നില്ലെന്നു തോനുന്നു
എന്നെത്തന്നെയും
Highly depressed"
അത് പാരയായി..
ഞാന്‍ ജീവിതം മടുത്തു വല്ല സാഹസവും ചെയ്യാന്‍ പോകുക ആണെന്ന് കരുതി സുഹൃത്തുക്കള്‍ മെസേജും വിളിയും.
ഒന്‍പതാം ക്ലാസിലെ ക്ലാസ് ടീച്ചര്‍ വിളിച്ച് 'Are you ok?"
എന്ന്..
വീട്ടില്‍ നിന്നും പതിവില്ലാതെ ഉപ്പ വിളിച്ച് "നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ?"
ഇനി ഒരു നിമിഷം വൈകിക്കാന്‍ ഇല്ല ഓടിപ്പോയി ടെറസില്‍ കളിച്ചുകൊണ്ടിരുന്ന എമിലിനെ പിടിച്ചുകൊണ്ടു വന്നു.
മാതൃത്വം അവനു മുന്നില്‍ അടിയറവ് വെച്ചു.
ഹാ .. എന്‍റെ വിഷാദ രോഗമേ .. എന്നോടാ നിന്റെ കളി..
ഫീലിംഗ് relaxed

2 comments:

ajith said...

വിഷാദം എന്തെന്ന് പോലും എനിക്കറിയില്ല

Unknown said...

Individuals with mild depression become quiet, unsocial.inactive and cease to take in games or spare time activities. Insomnia/sleeplessness, anxiety dreams,fits of crying, and excessive smoking and drinking are the common symptoms in severe cases.no individual is up to 100 percent mentally alright. Some one used to say even psychiatrist is a psychic case,