സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, July 21, 2012

a return to my Memories

നോമ്പ് കാലം ആകുമ്പോള്‍ അടയ്ക്കുന്ന സ്കൂളിലാണ് ഞാന്‍ എഴാം ക്ലാസ്സ്‌ വരെ പഠിച്ചത്..
അഞ്ചാം ക്ലാസ്സ്‌ മുതലാണ്‌ ഞാന്‍ നോയമ്പ് പിടിച്ചു തുടങ്ങിയതെന്നാണ് ഓര്‍മ..അതിനു മുന്‍പേ അര നോമ്പ് നോല്‍ക്കുമായിരുന്നു.. ഉച്ചവരെ വിശന്നു ഇരിക്കലാണീ അര നോമ്പ്.. വൈകുന്നേരം ആകുമ്പോള്‍ അടുത്ത വീട്ടില്‍ നിന്നും ഐസ് വാട്ടര്‍ വാങ്ങി വരാന്‍ തൂക്കുപാത്രം കൈയില്‍ തൂക്കി ഒരു പോക്കുണ്ട്.. നാരങ്ങാ വെള്ളം , തരിക്കഞ്ഞി എന്നിവയുടെ മധുരം നോക്കുക,.. കറിയുടെ ഉപ്പു നോക്കുക..എന്നീ അവകാശങ്ങള്‍ ഞാന്‍ വളരെ ഭംഗി യായി നിര്‍വഹിച്ചു കൊണ്ടിരുന്നു..

ആകെകൂടെ പാര ആയതു,... പകല്‍ ഭക്ഷണം ബാക്കി വെക്കാന്‍ പറ്റില്ല എന്നതാണ്.. നോമ്ബില്ലാത്തപ്പോള്‍ കുഞ്ഞുങ്ങളുടെ ബാക്കി ഉമ്മമാര്‍ കഴിച്ചുകൊള്ളും.. മതിയാകുമ്പോള്‍ അല്‍ഹംദു ചൊല്ലി ഞാന്‍ എണീക്കും..
അല്‍ഹംദു പറഞ്ഞു കഴിഞ്ഞാല്‍ ഒരു വറ്റ് പോലും കഴിക്കാന്‍ പാടില്ല.. പടച്ചോന്‍ തീയിലിടും..ഉമ്മാക് അറിയില്ലേ...എന്നൊരു ചോദ്യം ഉണ്ട്..
അത് നോമ്പിനു നടപ്പില്ല..
ഒരിക്കല്‍ ഉച്ചക്ക് അനിയത്തിയുടെ കുറുക്കിന്റെ ബാക്കി ഉമ്മ കഴിച്ചു..
അയ്യേ ഉമ്മയുടെ നോമ്പ് മുറിഞ്ഞേ എന്ന് ഞാന്‍..... ..കുഞ്ഞുവാവയുടെ ബാക്കി കഴിച്ചാല്‍ നോമ്പ് മുറിയില്ല എന്ന് ഉമ്മ.
അത്തരം നുണകള്‍ ഞാനും ഇനി ഈവയോടു കാച്ചേണ്ടി വരും..
ഒരു പകുതി ആയി ക്കഴിഞ്ഞാല്‍ പിന്നെ നോമ്പ് തുറകളുടെ ബഹളം ആയി.. നാടിലെ ജന്മിമാരുടെ കുടുംബങ്ങളില്‍ രണ്ടു തറവാട് പതിവാണ്..
എ പാര്‍ട്ട്‌ ഉം.. ബി പാര്‍ട്ട്‌ ഉം..

എന്റെ വല്ലിയുമ്മ ബി പാര്‍ട്ട്‌ ആയിരുന്നു..
അപ്പൊ രണ്ടു പാര്‍ട്ട്‌ ഇലെയും വീടുകളില്‍ പ്രത്യേകം പ്രത്യേകം നോമ്പ് തുറക്ക് ക്ഷണം ഉണ്ടാകും..എന്റെ വീട്ടില്‍ ഇജ്ജാതി കലാപരിപാടികള്‍ അക്കാലങ്ങളില്‍ പ്രോത്സാഹിപ്പിചിരുന്നില്ല..

നോമ്ബുള്ളവര്‍ക്ക് തുറയില്‍ പ്രത്യേകം സ്ഥാനം ഉണ്ടാകും..
അവരുടെ മുന്നില്‍ എല്ലാം നിരന്നിരിക്കും..
എങ്ങിനെ എങ്കിലും ഒരു നോമ്പ് കാരി ആകണം.. ഞാന്‍ ഉറപ്പിച്ചു.... തറവാടിനു കുറച്ചു താഴെ ആണ് എന്റെ വീട്..
വീട്ടില്‍ വലിയ ക്ഷീണം അഭിനയിച്ചു കസരുന്നതിനിടക്ക് ഉമ്മ പഞ്ചസാര ,ഉപ്പു മുളക് എന്നിവക്കായി എന്നെ തറവാട്ടിലേക്ക് വിടും.. പോകുന്ന വഴിയില്‍ തറവാട്ടിലെ പുറത്തെ കുളിമുറിയില്‍ കയറി ഒരു മുഖം കഴുകല്‍ ഉണ്ട്... ഇതിനിടയില്‍ കുടുകുടാ കൊറേ വെള്ളം ഞാന്‍ അറിയാതെ എന്റെ ഉള്ളില്‍ എത്തി പെടും..
അങ്ങിനെ ദൈവത്തിനും എനിക്കും മാത്രം അറിയാവുന്ന ഗുട്ടന്സിലൂടെ കൊറേ ഏറെ നോമ്പുകള്‍ ഞാന്‍ അന്ന് എടുത്തിട്ടുണ്ട്..
അഞ്ചില്‍ പഠിക്കുമ്പോള്‍ അമ്മായിയുടെ വീട്ടിലെ ഒരു നോമ്പ് തുറക്ക് ആണ് ഞാന്‍ ആദ്യം ആയി കൂട്ടം ആയി നമസ്കരിക്കുന്നത്..
കൂട്ടത്തിലെ വലിയ ഇത്ത പറഞ്ഞു " അപ്പൊ..നിയ്യത്ത് വെചോളി എല്ലാരും ."

അതെന്താണ് എനിക്കറിയില്ല.. എന്റെ നമസ്കാരം രബ്ബിനോടുള്ള നേരിട്ട ഇടപെടല്‍ ആയിരുന്നു.. ഉമ്മ ചെയ്യുന്നത് പോലെ ചെയ്യാനറിയാം.. അല്ലാഹു അക്ബര്‍ എന്ന് ഇടയ്ക്കിടെ .. പിന്നെ കുല്‍ഹു അല്ലാഹുവും ... ഫാതിഹയും കുറെ മലയാളവും ഉപയോഗിച്ചാണ് ഞാന്‍ അക്കാലങ്ങളില്‍ ദൈവത്തോട് ആശയ വിനിമയം നടത്തിയിരുന്നത്.. അതില്‍ ഞാനും അങ്ങേരും സംപ്ത്രിപ്തരായിരുന്നു..
എല്ലാം കാണുന്നവനും അറിയുന്നവനും ആണല്ലോ പടച്ച്ച്ച റബ്ബ് .

സത്യാന്വേഷിയായ ഉപ്പയും..സത്യാ വിശ്വാസിയായ ഉമ്മയും കൂടിയുള്ള പിടി വലിയില്‍ എന്റെ മദ്രസാ പഠനം ആകെ പൂച്ച കേറിയ അടുക്കള പോലെ ആയിരുന്നു..

അതെന്താണീ നിയ്യത്.. ഓക്കേ ..അറിയാത്ത എന്റെ കൂടെ ഉള്ള കുട്ടികള്‍ക്കും കൂടെ അവര്‍ തന്നെ അത് പറഞ്ഞു തന്നു " അല്ലാഹുവിനു വേണ്ടി ഞാന്‍ നമസ്കരിക്കുന്നു.."

ആഹ.. അതെങ്ങിനെ ശരിയാകും.. ഞാന്‍ എനിക്ക് വേണ്ടി അല്ലെ നമസ്കരിക്കുന്നത്..അല്ലാഹുവിനു എന്തിനാ നമ്മുടെ നമസ്കാരത്തിന്റെ പങ്കു ... പിന്നെ കൊറേ ഏറെ കാലത്തേക്ക് അതായിരുന്നു എന്റെ ചിന്ത..
അന്നുവരെയും ഞാന്‍ നമസ്കരിച്ചത് അത്രയും എനിക്ക് വേണ്ടി ആയിരുന്നു ...
ഇരുപത്തേഴാം രാവിനു കല്‍ത്തപ്പം ഉണ്ടാക്കി കൊണ്ട് വരും അയലത്തെ മരിയാമു താത്ത .. അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു... കാലില്‍ മുള്ള് കൊണ്ടാല്‍.. കണ്ണില്‍ കരടു പോയാല്‍ ഒക്കെ അവര്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വരും..
എന്റെ ഉമ്മ ഇതില്‍ ഒരു എക്സ്പെര്‍ട്ട് ആയിരുന്നു ..അതിനുള്ള പ്രതിഫലം ആണ് ഇ കല്‍ത്തപ്പം... എന്റെ വീട്ടിലും ഉണ്ടാക്കും കല്‍ത്തപ്പം..
ആവശ്യത്തിനു പഞ്ചസാരയോ കൂട്ട് കളോ ഇല്ലാത്ത ഒരു തട്ടി ക്കൂട്ട് കല്‍ത്തപ്പം.. നമ്മുടെ തട്ടില്‍ കുട്ട് ദോശ പോലെ..
ഞാന്‍ അന്ജിലേക്ക് പാസയപ്പോലാണ് ഉമ്മയുടെ പി എസ സി നിയമനം ആയതു..
അഞ്ചര ആകും ഉമ്മ വരാന്‍.. .. ഞങ്ങള്‍ നോക്കി നില്‍ക്കും.. കുന്നിറങ്ങി വരുന്ന ഉമ്മയെ..
വിയര്‍ത്തു കുളിച്ചു ഓടി വരുന്ന ഉമ്മ ശുചിയായി പ്രാര്‍ത്ഥന കഴിഞ്ഞു വന്നു അടുക്കളയില്‍ കയറി ഒരു സര്‍ക്കസ് ഉണ്ട്.. ബാങ്ക് കൊടുക്കുമ്പോള്‍ ആയിരിക്കും പത്തിരി ചട്ടിയിലേക്ക് ആദ്യത്തെ പത്തിരി പറക്കുന്നത്..
ആ പറക്കല്‍ അതിന്നും അങ്ങിനെ തന്നെ ആണ്..
കള്ളവും ഇല്ല ചതിയും ഇല്ല എന്നാ മാവേലി നാടിന്റെ പരസ്യം ഉമ്മ കണ്ടത്തില്‍ പിന്നെ ഞങ്ങളുടെ നോമ്പ് തുറകള്‍ പലപ്പോളും ഇശഹ് നമസ്കാരതിനപ്പുരതെക്കും നീട് കിടന്നു..
ഞാന്‍ ഇപ്പൊ അവര്‍ക്ക് തിരക്കേറിയ അതിഥി ആണ്..
കഴിഞ്ഞ നോമ്പിനു അനിയത്തി ഉണ്ടായിരുന്നു വീട്ടില്‍.... .. ഇപ്പ്രാവശ്യം അനിയനുണ്ട്..
ഞാന്‍ ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട് ആ നോമ്പ് കാലം..
എന്റെ വീടും..
ശേ പറയണ്ടായിരുന്നു ഇതൊക്കെ നിങ്ങളോട്.. നിങ്ങളൊക്കെ എന്റെ ആരാ.. ലാസ്റ്റ് ആയപോലെക്കും കരച്ചില്‍ തൊണ്ടയില്‍ വന്നു കെട്ടി കിടക്കുന്നു...

1 comment:

shameen said...

ente zilllu nummale cherupathile nomb kalamm ningalu ormipichu ellam same avasantehy ningale ummante part mathram oyivaakiyaal baaki ellam same thanney