സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Sunday, October 28, 2012

വരാനുള്ളത് വഴിയില്‍ തങ്ങില്ല

പേരു കേട്ട തറവാട്ടില്‍ ജനിച്ചു എന്നതല്ലാതെ , കണ്ണെടുക്കാത്ത സൌന്ദര്യമോ , കാര്യ പ്രാപ്തിയുള്ള ഏട്ടന്മാരോ ഇല്ലായിരുന്നു അവള്‍ക്കു. സ്വന്തം നിലയില്‍ പേര് കേള്‍പ്പിച്ചിട്ടുണ്ട് _ ആരെയും കൂസാത്ത ,നട്ടെല്ലും ചങ്കുറപ്പും ഉള്ളവള്‍ ആണെന്ന് .പക്ഷെ ഇത് ബാങ്കിലെ വാച്ച് മാന്‍ പോസ്റ്റിനുള്ള അപേക്ഷ അല്ല , വിവാഹ മാര്‍ക്കറ്റ്‌ ആണ്.പുരോഗമന വാദിയായ വാപ്പയും , ആവശ്യത്തില്‍ കുറവ് മത പഠനവും അവളെ രണ്ടാം തരക്കാരി ആക്കി അ
വിടെ.

കൂടാതെ അവളുടെ മുടിഞ്ഞ സിംഗിള്‍ ലൈന്‍ പ്രേമം എട്ടുനിലയില്‍ പൊട്ടി സുല്ലിട്ടിരിക്കുന്ന സമയവും.കുടുംബത്തിലെ പല പ്രാധാന സുന്ദരികളും എല്ലാം തികഞ്ഞിട്ടും ആര്‍ക്കോ വേണ്ടി പുര നിറഞ്ഞു നില്‍ക്കുന്നു . എല്ലാം കൂടി അവളുടെ ഉമ്മയുടെ നെഞ്ചിലെ തീ അലിക്കത്തിച്ചു. മെല്ലെ മെല്ലെ അത് അവളിലെക്കും പടര്‍ന്നു.അങ്ങിനെ ആണ് ഫൈനല്‍ ഇയര്‍ ആയിട്ട് മതി വിവാഹാലോചനകള്‍ എന്ന് പറഞ്ഞു നിന്നിരുന്ന അവള്‍ മൂന്നാം വര്ഷം തന്നെ അതിനു മൌനാനുവാദം കൊടുത്തത്.

വര്‍ഷങ്ങള്‍ ആയി പാര്‍ടി പത്രം വന്നിരുന്ന ആ വീട്ടില്‍ അങ്ങിനെ ഞായറാഴ്ചകളില്‍ മാത്രം മാധ്യമം വന്നു തുടങ്ങി. രാവിലെ പത്രം വന്നാല്‍ മാട്രിമോണിയല്‍ പേജ് നോക്കി വിളിക്കാനുള്ളവരെ മഷി പെന്നുകൊണ്ട് അടയാളം ഇട്ടിട്ടേ ആ വീട്ടില്‍ അന്ന് അടുപ്പുകൂടെ പുകഞ്ഞിരുന്നുള്ള് .

ഇതിനിടക്ക്‌ "പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ട്യോള്‍ ഉണ്ടോ " എന്ന് വിളിച്ചു ചോദിച്ചു നടക്കുന്ന ചില അത്തറുപൂശി കളുടെ കണ്ണിലും അവള്‍ പെട്ടു. വെളുക്കനെ ഉള്ള ചിരി, എണ്ണക്കറുപ്പിനെ തോല്‍പ്പിക്കുന്ന ടൈ തേച്ച മുടി, പളപളാ മിന്നുന്ന ഉടുപ്പ്, പൊടീ പറ്റാത്ത ചെരുപ്പ് , കയ്യില്‍ സ്വര്‍ണം തോല്‍ക്കുന്ന തിളങ്ങുന്ന വാച്ച് എന്നിവയില്‍ വലിയ കോമ്പ്രമൈസ് ചെയ്യാത്ത ആളുകള്‍ ആയിരുന്നു അന്നാട്ടിലെ ബ്രോക്കെര്‍മാര്‍ . കയ്യിലുള്ള ചെക്കന്മാരുടെ സ്റ്റാറ്റസ് അനുസരിച്ചു , മേല്‍ പറഞ്ഞ ഗുണങ്ങളില്‍ ഇച്ചിരി പോരം ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ ആയി.

ഇല്ലാത്ത ഉയരം കൂട്ടി പറഞ്ഞും ഉള്ള പ്രായം കുറച്ചു പറഞ്ഞും ധല്ലാളുമാര്‍ അവരുടെ പണിയും തുടങ്ങി : "കാണാന്‍ വരും മുന്പ് ചെക്കന്‍ പറയും ആനെയെ വേണം ചേനെനെ വേണം, എന്ത് പിത്തന പറഞ്ഞിട്ടാനെങ്കിലും വന്നു കണ്ടു ഓന് പിടിച്ചാ പിന്നെ ഞമ്മള് കൈച്ച്ലായി ..ആദ്യം പറഞ്ഞതൊന്നും അപ്പൊ ഓന്റെ മനസിലുണ്ടാകൂല"ഇതാണ് ചില്ലറ നുണകളെ സാലിഹ് ആകാന്‍ അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍.

അങ്ങിനെ എല്ലാരും കൂടെ ചെക്കനെ തിരയല്‍ തകൃതിയായി നടക്കുകയാണ് . കണക്ഷന്‍ കിട്ടിയ അന്ന് മുതല്‍ ലോക്ക് ചെയ്തു വെച്ചിരുന്ന ലാന്‍ഡ്‌ ഫോണ്‍ കീ പാടിന് പോലും അക്കാലങ്ങളില്‍ പരോള്‍ അനുവദിക്കപ്പെട്ടു.
ആറ്റി കുറുക്കി മാറ്റ് ഉരച്ചു നോക്കി അങ്ങിനെ അവളുടെ ആദ്യത്തെ പെണ്ണുകാണല്‍ ആയി. ചെക്കന്‍ ചാലിശേരിയില്‍ ഉള്ള ഒരു ദുബായിക്കാരന്‍ എന്‍ജിനീയര്‍ . ഒറ്റ മകന്‍. നാല് പെങ്ങന്മാര്‍ . നാലിനെയും കെട്ടി പൂട്ടി.. അടിപൊളി.,മലഞ്ചെരിവില്‍ ഉള്ള അവളുടെ വീട്ടിലേക്കു ടാറിടാത്ത റോഡാണ് . ചെക്കന്റെ കാര്‍ ഇറക്കം ഇറങ്ങുമോ സംശയം. അത് കൊണ്ട് നാഷണല്‍ ഹൈ വെയില്‍ ഉള്ള ഉപ്പയുടെ അനിയന്റെ വീട്ടില്‍ വെച്ചാണ് പെണ്ണുകാണല്‍. ...

ചെക്കനും കൂട്ടരും വന്നു. പതിവ് സിനിമ സ്റ്റൈല്‍ പെണ്ണുകാണല്‍.
"ഹരിയര്‍ ഉണ്ടോ?.."
"ഉണ്ട്"
എത്ര എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം .

"നീളം ?"
" 5 .3 "
ചായയും ജിലേബിയും മടക്കും ആവശ്യത്തില്‍ കൂടുതല്‍ തിന്നു ഫോണ്‍ വിളിക്കാം എന്നും പറഞ്ഞു അവര്‍ ഇറങ്ങി. പോകുന്ന പോക്കില്‍ അടുത്തുള്ള അങ്ങാടിയില്‍ ഇറങ്ങി ചെക്കന്റെ അമ്മാവന്‍ രണ്ടു ചെറുനാരങ്ങ വാങ്ങിച്ചു യാത്രയില്‍ വാള് വെക്കാതിരിക്കാന്‍ . കൂട്ടത്തില്‍ പെണ്ണിന്റെ ഫാമിലിയെ പറ്റി ഒരു അന്വേഷണവും നടത്തി . കടക്കാരന്‍ ചതിച്ചു . പെണ്ണിന്റെ വാപ്പയുടെ പുരോഗമന വാദത്തില്‍ തട്ടി ആ വിവാഹാലോചന എങ്ങോട്ടോ തെറിച്ചു

പിന്നെയും അവളുടെ വീട്ടിലെ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു.
ആദ്യം ആദ്യം അവളും ഓടും ഫോണ്‍ എടുക്കാന്‍ , അടുക്കളയിലോ പറമ്പിലോ ഉള്ള ഉമ്മ ഓടി വരുമ്പോളേക്കും ഫോണ്‍ നിന്നുപോയാലോ. ആകാംഷയുടെ കണ്ണുകളോടെ ,ഉമ്മ സംസാരിക്കുന്നത് ചുറ്റിപറ്റി നിന്ന് പിടിച്ചെടുക്കാന്‍ നോക്കും .
"ചെക്കന്‍ നാട്ടില്‍ ഇല്ല. അടുത്ത മാസം ലീവിന് വരും . ഉപ്പേം മാമനും വന്നു കുട്ടിയെ കണ്ടോട്ടെ ,ഇഷ്ട്ടായാ ചെക്കനു വരാലോ.." "ആയ്കോട്ടെ"
ഉപ്പക്കും മാമനും പിടിച്ചു. അടുത്ത സെക്ഷന്‍ ഉമ്മയും പെങ്ങന്മാരും "അതും ആയ്കോട്ടെ "
അതും ഓക്കേ.
അടുത്തത് ചെക്കന്‍.

അങ്ങിനെ രണ്ടാമത്തെ പെണ്ണ് കാണല്‍.
രാവിലെ കോളേജില്‍ പോകാന്‍ റെഡി ആകുകയാണ്. ചെക്കന്‍ എളാപ്പയുടെ വീട്ടില്‍ വരും.അത് വഴി കയറി പോകാം " ആയ്കോട്ടെ"
ചെന്ന് നോക്കുമ്പോ നല്ല സിമ്പ്ലന്‍ ചെക്കന്‍. ., വായില്‍ വിരലിട്ടാല്‍ കടിക്കില്ല.അവന്‍ ഒറ്റക്കാണ് വന്നിരിക്കുന്നത്. വായിച്ച പുസ്തകങ്ങള്‍ , സിനിമകള്‍ , പാട്ടുകള്‍ കവിതകള്‍ അങ്ങിനെ കൊറേ ഏറെ സംസാരിച്ചു.
കാലിക്കറ്റ്‌ ബീചിലൂടെ തോളില്‍ കയ്യിട്ടു പ്രണയിച്ചു നടക്കാന്‍ ഒന്നും കൊള്ളില്ലെങ്കിലും കുഴപ്പം ഇല്ല. കുറച്ചു ഇഷ്ട്ടങ്ങള്‍ ഒക്കെ സമാനം. അവന്റെ ഹാപ്പിയായുള്ള ആപോക്ക് കണ്ടപോളെ ഉറപ്പിച്ചിരുന്നു _ഇവന്‍ താന്‍ അവന്‍ എന്ന്. ചെറുതായി സോപ്നം കണ്ടു തുടങ്ങിയോ സംശയം. പക്ഷെ ഒരാഴ്ച കഴിഞ്ഞു ഫോണ്‍ വന്നു " അവസാന ഘട്ട ഗുണ പരിശോധനയില്‍ വിജയം കാണാതെ ഈ ആലോചന തള്ളപ്പെട്ടു "

ചിറകു മുളക്കാന്‍ പോയ പ്രതീക്ഷകളെ അസ്തമിപ്പിച്ചു കൊണ്ട് വിശ്രമിക്കുന്ന ആ ഫോണിനെ നോക്കി അവള്‍ ഇടയ്ക്കിടെ നെടുവീര്‍പ്പിട്ടു. വിവാഹ സംബന്ധം അല്ലാത്ത മറ്റൊരു കാളുകളും വരാത്ത ആ വെറുക്കപെട്ട ഫോണിലേക്ക് അത് കൊണ്ട് തന്നെ പിന്നീടവള്‍ നോക്കിയില്ല.

വലിയ കോലാഹലങ്ങള്‍ ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
ഇപ്പോള്‍ അവള്‍ ഫൈനല്‍ ഇയര്‍ ആണ്. കല്യാണം അത്രയ്ക്ക് ജോറായി നോക്കുന്നില്ല. ഈ ഗുധാമിലേക്ക് ആദിവാസിപോലും വരാനിടയില്ലാത്തതിനാല്‍ എളാപ്പയുടെ നിര്‍ദേശ പ്രകാരം ഹൈ വെയില്‍ ഉള്ള സ്ഥലത്ത് പുതിയ വീടിന്റെ പണി തുടങ്ങിയിരിക്കുന്നു. പുരോഗമനത്തിന് എതിരായതിനാല്‍ അവളുടെ വാപ്പയ്ക്ക്‌ ഉള്ള വീട് വിട്ടു പുതിയ കോണ്‍ക്രീറ്റ് സൌധം പനിയുന്നതിനോട് അത്രയ്ക്ക് പ്രീതി ഉണ്ടായിരുന്നില്ല. അങ്ങിനെ വീട് പണിയും മോളെ കെട്ടിക്കലും ഏട്ടനില്‍ നിന്നും എളാപ്പ മൊത്തമായി ഏറ്റെടുത്തു,

ഏഴാം സെമെസ്റ്റെര്‍ പരീക്ഷ കാലം. എല്ലാം മറന്നു പുസ്തകത്തിലേക്ക് ഊളിയിട്ടു അവള്‍.. ,ഉമ്മ മാത്രം ഞായറാഴ്ചകളില്‍ രാവിലെ പതിവുപോലെ പത്രത്തില്‍ സുജൂദ് ചെയ്തു .
ആറടി ഉയരം, സുമുഖന്‍ ,സുശീലന്‍ സാമ്പത്തിക ഭദ്രത ഉള്ള കുടുംബം.വിദേശത്ത് എന്‍ജിനീയര്‍ അടുത്ത മാസം നാട്ടില്‍ വരുന്നു. ദീനിയായ പെണ്ണ് വേണം എന്ന് എടുത്തു പറഞ്ഞിട്ടില്ല. അപ്പൊ പുരോഗമന ക്കാര്‍ക്കും സ്കോപ് ഉണ്ട്. അപ്പൊ തന്നെ ഫോണ്‍ എടുത്തു വിളിച്ചു. ചെക്കന്റെ വാപ്പയാണ് ലൈനില്‍ .മൂപ്പരോട് കാര്യം പറഞ്ഞു.
"അന്വേഷിചോളൂ ഞങ്ങളെ പറ്റി എന്നിട്ട് ബോധിച്ചാല്‍ മോന്‍ വന്നാല്‍ വിളിക്കു, അതിനു മുന്പ് വാപ്പ ഉമ്മ അങ്ങിനെ ഉള്ള കാണലുകള്‍ വേണ്ട. കുട്ടിക്ക് പരീക്ഷയാണ് അവള്‍ സമ്മതിക്കില്ല. . "

" ശരി മോന്‍ ജനുവരിയില്‍ വരും.വിളിക്കാം..നമ്പര്‍ ?"


ദിവസങ്ങള്‍ കടന്നു പോയി. തീരെ അപ്പ്രതീക്ഷിതമായി ആ നാടിനെ മൊത്തത്തില്‍ ദുഖത്തില്‍ ആക്കി ഓരു ലോറി അപകടത്തില്‍ അവളുടെ എളാപ്പ മരണപ്പെട്ടു. ഇതറിയാതെ അപകടം നടന്നു രണ്ടാം ദിവസം വൈകീട്ട് മകന്‍ നാട്ടില്‍ വന്ന വിവരം പറയാന്‍ ആ ഉപ്പ വിളിച്ചു. ഉടനെ ഒരു പെണ്ണുകാണല്‍ ഒന്നും ഉള്‍കൊള്ളാനുള്ള കരുത്ത് ഇല്ലാത്ത അവളുടെ ഉമ്മ ആ മനുഷ്യനോട് കുടുംബത്തില്‍ നടന്ന ദുരന്തത്തിന്റെ വിവരം പറഞ്ഞു കരഞ്ഞു.
പക്ഷെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞു അവര്‍ വീണ്ടും വിളിച്ചു.

"മകന് ലീവ് ഇല്ല. മരണം , വിവാഹം ഒക്കെ നമ്മുടെ കയ്യില്‍ ആണോ. ആരും അറിയാതെ അവന്‍ ഒന്ന് വന്നു കണ്ടോട്ടെ"

ആകെ തകര്‍ന്നിരിക്കുന്ന എളാമയുടെ ശുശ്രൂഷയും കാര്യങ്ങളും ആയി അവള്‍ അവരുടെ വീട്ടില്‍ ആണ്.

" അത് സാരമില്ല. മോനും പെങ്ങളും വൈകീട്ട് അങ്ങോട്ട്‌ വരും. മരണ വീടല്ലേ പലരും കാണുമല്ലോ.. മകളുടെ കൂട്ടുകാര്‍ ആണെന്ന് പറഞ്ഞാല്‍ മതി." അങ്ങിനെ ഫോണ്‍ വെച്ചു.



രണ്ടു മൂന്ന് കൊല്ലത്തേക്ക്‌ കല്ലിയാണമേ വേണ്ട എന്ന് പറഞ്ഞു വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു തന്റെ ഒറ്റയാന്‍ ജീവിതം ആഘോഷിക്കുകയായിരുന്നു അവന്‍
പ്രായം ഇരുപത്തോന്പതു . പ്രവാസി ആയതില്‍ പിന്നെ ആദ്യം ആയാണ് നാട്ടില്‍ വരുന്നത്. വരുന്ന വരവില്‍ തന്നെ കഴുത്തില്‍ കുരുക്കിടാന്‍ അവന്‍ അറിയാതെ വീട്ടുകാര്‍ ആണ് പത്രത്തില്‍ പരസ്യം നല്‍കിയത്. പരസ്യം കണ്ടു വന്ന ആലോചനകളില്‍ വീട്ടുകാര്‍ കണ്ടു ബോധിച്ച പെണ്‍കുട്ടികളുടെ ഫോട്ടോയും സങ്കടിപ്പിച്ചു മകന്‍ വരാന്‍ കാത്തിരിക്കുകയാണ് ആ വീട്ടുകാര്‍.


മര്യാദക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ തന്നെ ഫോട്ടോകള്‍ ഒക്കെ അവന്‍ തള്ളി. ഇനി ഇപ്പൊ ഫോട്ടോ ഇല്ലാത്ത ഒരു കുട്ടി ഉണ്ട്. അവളെ പോയി കണ്ടേ പറ്റു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്‍പില്‍ മുട്ട് കുത്തി അങ്ങിനെ അനിയത്തിയേം കൂട്ടി ഇറങ്ങിയതാണ് ആദ്യത്തെ പെണ്ണ് കാണലിന് .


മരണം നടന്നു ഒരാഴ്ച തികയുന്നെ ഉള്ളു. ആ വീട്ടിലേക്കാണ് യാതൊരു കോമണ്‍ സെന്‍സും ഇല്ലാതെ പെണ്ണുകാണാന്‍ പോകുന്നതെന്ന് അവനു അറിയില്ല. സ്ഥലത്തെത്തി ഗേറ്റ് കടക്കുമ്പോള്‍ വരുന്നവരുടെയും പോകുന്നവരുടെയും ആള്‍കൂട്ടം കണ്ടു സംശയിച്ചപ്പോള്‍ ആണ് അനിയത്തി കാര്യം പറയുന്നത്. പെണ്ണുകാണാന്‍ പറ്റിയ ബെസ്റ്റ് സിറ്റുവേഷന്‍ . വരുന്നവരുടെ കൂടെ അവരും കയറി സോഫയില്‍ ഇരുന്നു. എല്ലാര്‍ക്കും കൊടുക്കുന്ന കൂട്ടത്തില്‍ അവര്‍ക്കും കിട്ടി നാരങ്ങ വെള്ളം. അവാര്‍ഡ്‌ പടം പോലെ സ്മശാന മൂകമായ അന്തരീക്ഷം.

അവള്‍ യാതൊരു മുന്നൊരുക്കങ്ങളും ഇലാതെ നില്‍ക്കുമ്പോള്‍ ആണ് ഉമ്മവന്നു പത്രത്തില്‍ കണ്ട പയ്യനും അനിയത്തിയും വന്ന കാര്യം പറയുന്നത്. കൊക്കെത്ര കുളം കണ്ടതാ , തീരെ പകക്കാതെ അവള്‍ അവരുടെ അടുത്തേക്ക് പോയി. " എന്നാ വന്നത്.. ലീവ് എത്രയുണ്ട് " എന്നന്വേഷിച്ചു. കഴിഞ്ഞു പെണ്ണ് കാണല്‍. .
വെള്ളം കുടിച്ചു കഴിഞ്ഞതും തിരക്കുണ്ടെന്നു പറഞ്ഞു അവന്‍ മുറ്റത്തേക്ക് ഇറങ്ങിഅനിയത്തി അവളെ ഒന്നും കൂടെ കാണാന്‍ അകത്തേക്കും .പത്തന്‍പത് കിലോ മീറ്റര്‍ കാര്‍ ഓടിച്ചു ആദ്യത്തെ പെണ്ണ് കാണലിനു വന്നു പണി കിട്ടിയ ജാള്യതയോടെ ഷൂ വിന്റെ ലെയിസ് കെട്ടുകയാണ് അവന്‍. .
വിളിച്ചു വരുത്തി ആ ജെന്റില്‍ മാനെ ആക്ഷേപിച്ചോ..?

ആളുകളുടെ ബഹളത്തില്‍ അടുത്തേക്ക് ചെന്ന്അവള്‍ അവനോടായി പറഞ്ഞു." ഒന്നും വിചാരിക്കരുത്.. ഇവിടത്തെ സിറ്റുവേഷന്‍ ഇങ്ങിനെ ആയതു കൊണ്ടാണ് "

വിവാഹത്തെ പറ്റി ചിന്തപോലും ഇല്ലാതെ വീട്ടുകാരെ പറ്റിച്ചു നടന്നിരുന്ന അവന്‍ തിരിച്ചുള്ള യാത്രയില്‍ മുഴുവന്‍ നിശബ്ദനായി.അന്ന് ആ സമയത്ത് അങ്ങിനെ ഒരു ടയലോഗ് അടിക്കാന്‍ തോനിപ്പിച്ച വിധിയോട് പിന്നീടുള്ള ദിവസങ്ങളില്‍ അവരൊരുമിച്ച് നന്ദി പറഞ്ഞു..

3 comments:

Unknown said...
This comment has been removed by the author.
Unknown said...

there begins..Silsila Sajid :D

sonushaji said...

MADE FOR EACH OTHER,,, :)