സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Monday, November 19, 2012

വയനാടന്‍ ചുരം ഇറങ്ങിവന്ന പ്രണയം


                                         ഒന്‍പതാം ക്ലാസിലെ ഒരു ഉച്ച സമയം.ഭക്ഷണം കഴിച്ചു കഴിഞ്ഞു തിളച്ചു പൊങ്ങുന്ന വെയിലിന്റെ ആലസ്യത്തില്‍ ടെസ്ക്കില്‍ തല വെച്ചു കിടന്നു പുറത്തെ കാഴ്ചകള്‍ കാണുകയാണ് .ഗ്രൌണ്ടിനോട് ചേര്‍ന്ന് ഒരു നെല്ലി മരം ഉണ്ട് . കുറച്ചു മാറി കിണറും. പാത്രം കഴുകി വെള്ളം കുടിച്ചു , കുപ്പി നിറച്ചു പോകുന്ന പെണ്‍കുട്ടികള്‍ നെല്ലി മരത്തിനു ചുവട്ടില്‍ ഒരു റൌണ്ട് തിരിഞ്ഞു കളിക്കുന്നു. കാഞ്ഞിരത്തെ തോല്‍പ്പിക്കുന്ന കൈപുള്ള കുഞ്ഞു നെല്ലിക്കകള്‍ നല്ല ഡിമാന്റ് ആണ്. വെള്ളം കൂടി അകത്തു ചെല്ലുമ്പോള്‍ അതിനൊരു പ്രത്യേക രസം ഉണ്ട് .

അകത്തേക്കുള്ള ബെല്‍ അടിക്കാന്‍ നേരം ആരോ വന്നു പറഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിക്കുന്നുണ്ടെന്ന്. ലീഡര്‍ ആയതു കൊണ്ട് പ്രത്യേക ഊഹാപോഹങ്ങള്‍ നടത്താതെ ആണ് ഞാന്‍ ഓടി ചെന്നത്.ക്ലാസ് ടീച്ചറും മലയാളം ടീച്ചറും ഉണ്ട്. രണ്ടു പേരുടെയും മുഖത്ത് കള്ളത്തരത്തില്‍ പൊതിഞ്ഞ ഒരു ഗൌരവം . എന്തോ അപകടം മണത്തു, എന്റെ മുഖത്തെ സ്ഥായിയായ കള്ള ചിരി ഒരു നിമിഷത്തേക്ക് അടര്‍ത്തിമാറ്റി ആരെയും വിലക്ക് വാങ്ങാന്‍ പോന്ന ഒരു നിഷ്കളങ്ക ഭാവം ഫിറ്റ്‌ ചെയ്തു അടുത്തേക്ക് ചെന്നു.

ക്ലാസ്സ്‌ ടീച്ചര്‍ നേരെ കാര്യത്തിലേക്ക് കടന്നു," നിന്നോട് ആര്‍ക്കെങ്കിലും പ്രേമം ഉണ്ടോ ?"
"ങേ ..? ...!"
" നിനക്കുണ്ടോ ? .."
"അയ്യോ ഇല്ല ടീച്ചര്‍ ...!!"
"വിവേകുമായി .......?"
അവസാനത്തെ ചോദ്യത്തില്‍ എന്റെ കമ്പ്ലീറ്റ്‌ ഗ്യാസും പോയി. കാരണം അതിലൊരു കുഞ്ഞു സത്യം ഉണ്ടായിരുന്നു . ഞാന്‍ ദയനീയ മായി മലയാളം ടീച്ചറെ നോക്കി. എന്റെ അവസ്ഥ അറിഞ്ഞിട്ടെന്നോണം അടുത്ത സെക്കന്റ്‌ ബെല്‍ അടിച്ചു . മേശ വലിപ്പില്‍ നിന്നും ഒരു ഇന്‍ലന്‍ഡ്‌ എടുത്തു കയ്യില്‍ തന്നു. കൂടുതല്‍ ഒന്നും പറയാനോ കേള്‍ക്കാനോ ശക്തിയില്ലാതെ ഞാന്‍ അതും വാങ്ങി ക്ലാസിലേക്ക് ഓടി.

അഞ്ചു നിമിഷത്തേക്ക് എന്നെ മുള്ളില്‍ നിര്‍ത്തിയ ആ നീല കടലാസ് ബോംബ്‌ ,ക്ലാസ് എത്തിയപ്പോളെക്കും കയ്യില്‍ ഇരുന്നു നനഞ്ഞു കുതിര്‍ന്നിരുന്നു. മടക്കു നിവര്‍ത്തി അതിന്റെ ഉല്പത്തി എവിടെനിന്നാണെന്ന് മാത്രം ഒന്ന് നോക്കി
From,
അഭിലാഷ് പോള്‍,
മീനങ്ങാടി .
വയനാട് .
ഉള്ളില്‍ വെട്ടിയ വെള്ളിടി പുറത്ത് കാണിക്കാതെ അതേപടി ബാഗില്‍ തിരുകി നോട്ട് ബുക്ക്‌ എടുത്തു തുറന്നു വെച്ചു. ക്ലാസില്‍ സാമൂഹ്യ പാഠം തകര്‍ക്കുന്നതിനിടയില്‍ ഞാന്‍ മനസ് കൊണ്ട് കാതങ്ങള്‍ പിന്നോട്ട് സഞ്ചരിച്ചു കാലികറ്റ് ആര്‍ ഇ സി യില്‍ എത്തിയിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പാണ്. പരിഷത്തിന്റെ ആ വര്‍ഷത്തെ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് എനിക്കും  അവസരം കിട്ടുന്നത് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ശാസ്ത്ര പ്രൊജെക്ടുകള്‍ അവതരിപ്പിക്കുന്നു . കൃഷിയെ കുറിച്ചുള്ള ഒരു പ്രബന്ധം ആണ് ഞാന്‍ അവതരിപ്പിക്കുന്നത്‌. . , വലിയ കിടുക്കന്‍ ഒന്നും അല്ല. ഒരു തട്ടികൂട്ടല്‍ സംഭവം .
                  ആര്‍ ഇ സി എന്ന് കേട്ടിടുന്ടെന്നല്ലാതെ പോകുന്നത് ആദ്യമായാണ്  . കാന്റീനില്‍ ഭക്ഷണം പങ്കിട്ടു കഴിക്കുന്ന ആണ്‍ പെണ്‍ സുഹൃത്തുക്കള്‍. , ബാറ്മിന്റ്ടന്‍ കോര്‍ട്ടില്‍ ഓടി തളരുന്ന വെള്ള ഉടുപ്പിട്ട പൂമ്പാറ്റകള്‍ .രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും നമ്മുടെ നാട്ടിലേക്ക് പഠിക്കാന്‍ വന്ന ബുജീസ് .അങ്ങിനെ പല  പുതിയ  കാഴ്ചകള്‍  കൊണ്ടും   ഒരു  വിസ്മയം തന്നെ ആയിരുന്നു ആ കാമ്പസ്

ഉദ്ഘാടനവും പ്രബന്ധം അവതരിപ്പിക്കലും ആദ്യ ദിവസം തന്നെ കഴിഞ്ഞു.  അന്ന് രാത്രി പരിപാടികള്‍  ഒന്നും ഇല്ല.ലേഡീസ് ഹോസ്റ്റലിനോട് ചേര്‍ന്നുള്ള ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട് ആയിരുന്നു പെണ്‍കുട്ടികള്‍ക്കുള്ള താമസസ്ഥലം .അലുമിനിയം ഷീറ്റിട്ട മേല്‍കൂരയെ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് കമ്പികളില്‍ നിറയെ പ്രാവുകള്‍ .പതിവില്ലാതെ എത്തിയ ഒരു കൂട്ടം അതിഥികളെ കണ്ടു പരിഭ്രമിച്ച   അവ നാലുപാടും പറന്നു .കൂട്ടത്തില്‍ ഞങ്ങളില്‍ ചിലരുടെ ഈളിയിടലും കൂടി ആയപ്പോള്‍ ആകെ ബഹള മയം. എല്ലാം ഒന്നടങ്ങാന്‍ കുറച്ചു സമയം എടുത്തു .ദൂരം സ്ഥലത്ത് നിന്നും യാത്ര ചെയ്തു വന്നവര്‍ ആയതു കൊണ്ട് ആവാം എല്ലാരും വേഗം ഉറക്കം പിടിച്ചു .

രണ്ടാം ദിവസം സ്ഥിരം പരിപാടികള്‍ ആയ പരിസ്ഥിതി നിരീക്ഷണവും വാന നിരീക്ഷണവും. കണ്ടല്‍ കാടുകള്‍ ആദ്യമായി കാണുകയായിരുന്നത് കൊണ്ട് വിരസത തോന്നിയില്ല. അന്ന് വൈകീട്ടായപ്പോലെക്കും എനിക്കൊരു കൂട്ടുകാരിയെ കിട്ടി. പത്താം ക്ലാസുകാരി സൂര്യ.പ്രാവുകളുടെ കുറുകലും ഇടയ്ക്ക് പറന്നു കളിക്കുന്ന വവ്വാലുകളും , ഞങ്ങള്‍ക്ക് ഉറക്കം വന്നതേ ഇല്ല . വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു എപ്പോളോ ഉറങ്ങിപോയി.

ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നാണു പേരെങ്കിലും സാഹിത്യം പൊടിക്ക് പോലും കാണാറില്ല. അത് തിരുത്താന്‍ ആയിരിക്കണം അപ്പ്രാവശ്യം ജി മാധവന്‍ നായര്‍ പോലെയുള്ള കുറെ ശാസ്ത്രഞ്ഞരോടൊപ്പം , ഒ എന്‍ വി യും ക്ഷണിക്കപ്പെട്ടിരുന്നു ശാസ്ത്രത്തെ സാഹിത്യത്തില്‍ പൊതിഞ്ഞു കെട്ടി തരുന്ന ഒരു  സ്റ്റൈല്‍... .,മൂന്നു ദിവസം പെട്ടെന്ന്  കഴിഞ്ഞു .

അവസാന ദിവസം സംശയങ്ങള്‍ ചോദിക്കാന്‍ ഉള്ള സെക്ഷന്‍ ഉണ്ട് .ഭാവി ശാസ്ത്രഞ്ജര്‍ ആണ് ഞങ്ങള്‍ കുട്ടികള്‍,. എന്ത് കണ്ടാലും സംശയം തോന്നണം . കൂടുതല്‍ ചോദ്യം ചോദിക്കുന്നവര്‍ നാളെ മിനിമം ചന്ദ്രനില്‍ എങ്കിലും പോകും . എത്ര കിണഞ്ഞു മറിഞ്ഞു ചിന്തിച്ചിട്ടും എന്റെ തലയില്‍ ഒരു സംശയവും ഉദിക്കുന്നില്ല . മറ്റു കുട്ടികള്‍ ആണെങ്ങില്‍ അണ്ട കടാഹത്തിലെ മുക്കിനെയും മൂലയും പറ്റി വരെ അറിഞ്ഞു വെച്ച് ഷൈന്‍ ചെയ്യുക ആണ്
എന്റെ ബള്‍ബ് പെട്ടെന്ന് ഒന്ന് മിന്നി .
" അടുപ്പിലേക്ക് ഊതിയാല്‍ തീകത്തും, എന്നാല്‍ വിളക്കിലേക്ക് ഊതിയാല്‍ കെട്ടു പോകും . അതെന്താ അങ്ങിനെ ..?"
'ശാസ്ത്രഞ കുഞ്ഞുങ്ങളെ ' ഞെട്ടിച്ച ഒരൊറ്റ യമണ്ടന്‍ ചോദ്യത്തിലൂടെ ആ അവസാന ദിവസത്തില്‍ റേറ്റിംഗ് റോക്കറ്റ് പോലെ ഉയര്‍ന്നു ഞാന്‍ സ്റ്റാര്‍ ആയി . പരിചയപ്പെടാനും അഡ്രെസ്സ് വാങ്ങികാനും ചുറ്റിനും ആളുകള്‍.. , ഇങ്ങിനെയുള്ള പോഴത്തരം എഴുന്നള്ളിച്ചാണ് അന്നേ ഞാന്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നത്.

കുറെ നല്ല ഓര്‍മകളുമായി തിരിച്ചു വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞില്ല കത്തുകള്‍ വന്നു തുടങ്ങാന്‍. ., കോംമ്പലകള്‍ കണക്കിന് പോസ്റ്റ്‌ കാര്‍ഡുകള്‍ , കൂട്ടത്തില്‍ വെത്യസ്തനായി ഒരു ഇന്‍ലന്‍ഡ്‌ - അഭിലാഷ് പോള്‍ ,മീനങ്ങാടി. മൂക്കിനു താഴെ കറുത്ത  മണിയുള്ള വെളുത്തു മെലിഞ്ഞ പയ്യന്‍ ഓര്‍മയില്‍ ഉണ്ടായിരുന്നു .
ഇരുപത്തഞ്ചു പൈസയുടെ പോസ്റ്റ്‌ കാര്‍ഡ്‌ വാങ്ങി എല്ലാര്‍ക്കും തിരിച്ചു എഴുതി . രണ്ടോ മൂന്നോ എഴുത്ത് കുത്തുകള്‍. , അതിനു മുകളില്‍ ആയുസുണ്ടായിരുന്നില്ല ആരുടെ എഴുത്തിനും .

പക്ഷെ അഭിലാഷിന്റെ എഴുത്തുകള്‍ മുറ തെറ്റാതെ വന്നു കൊണ്ടിരുന്നു. തെളിഞ്ഞ നീലാകാശത്ത് അങ്ങിങ്ങ് പാറി നടക്കുന്ന മേഘങ്ങളേ പോലെ മെല്ലിച്ച അക്ഷരങ്ങളില്‍ കുഞ്ഞു സ്നേഹം ഒളിപ്പിച്ചു വെക്കുന്ന വരികള്‍ . പോസ്റ്റു കാര്‍ഡുകള്‍ വേണ്ടെന്നു പറയാന്‍ മടിചിട്ടാവണം ഒരിക്കല്‍ എഴുത്തിനൊപ്പം ബ്ലാങ്ക് ഇന്‍ലന്ടും കവറില്‍ ഇട്ടു അവന്‍ അയച്ചത് . ശേഷം ഞാനും എഴുത്ത് ഇന്‍ ലന്‍ഡ്‌ഇലേക്ക് മാറ്റി .

സ്കൂളിലെ കളികള്‍ , ക്ലാസിലെ തമാശകള്‍ അങ്ങിനെ പഴയതൊക്കെ വേഗം പറഞ്ഞു തീര്‍ന്നു . പുതിയ സംഭവ വികാസങ്ങള്‍ പാകമാകും മുന്‍പേ പരിഭവ കണ്ണുകളോടെ അവന്റെ എഴുത്തുകള്‍ വയനാടന്‍ ചുരം ഇറങ്ങി വരും. മെല്ലെ മെല്ലെ വരികളില്‍ ഒരു കാമുക ഹൃദയം തെളിഞ്ഞു തുടങ്ങിയപ്പോള്‍ ആണ് സോകാര്യതക്ക് വേണ്ടി വീട്ടഡ്രസ്സ്‌ മാറ്റി സ്കൂളിലേക്ക് ആക്കിയത് . ജില്ലകള്‍ക്ക് അപ്പുറത്തുനിന്നും  വരുന്ന ആ പ്രണയ കുറിപ്പുകള്‍ ബോര്‍ അടിക്കാത്തിടത്തോളം കാലം തുടര്‍ന്നോട്ടെ എന്ന് ആത്മ മിത്രം മോളിയും പറഞ്ഞു

ഞാനും അവളും  ചേര്‍ന്ന് പിടികൊടുക്കാത്ത മറുപടികള്‍ എഴുതി അയച്ചു . പത്താം ക്ലാസിലെ ചേട്ടന്മാരുമായുള്ള വൈകീട്ടത്തെ ഷട്ടില്‍ പ്രക്ടീസിനെ കുറിച്ചോ , വഴിവക്കില്‍ സ്ഥിരമായി കാത്തു നില്‍ക്കുന്ന ഇമാജിനറി കാമുകനെ കുറിച്ചോ പറഞ്ഞാല്‍ അടുത്ത കത്തില്‍ ഒരു വിങ്ങുന്ന കാമുക ഹൃദയം ഉറപ്പ്. മഴയുണ്ടെന്നും ഷട്ടില്‍ കളിച്ചു വീണു കാലു ഉളുക്കരുതെന്നും കരുതല്‍ .

പരീക്ഷ ക്കാലം വരുന്നു. ഒന്‍പതാം തരം പത്തിനേക്കാള്‍ പ്രയാസം . ഒരുപാട് പഠിക്കാന്‍ ഉണ്ട്. കത്തെഴുതാന്‍ ഒന്നും സമയം ഇല്ല. ഇടവേളകള്‍ വലുതാകുന്നതിനനുസരിച്ചു അവന്റെ വരികളിലെ തീക്ഷ്ണത കൂടിവരുന്നു. പഞ്ചാര +പരിഭവം കൂടികൂടി വന്നപ്പോള്‍ അവസാനം കത്തി വെക്കാന്‍ തന്നെ തീരുമാനിച്ചു

ഒറ്റ വെട്ടിനു അവന്റെ  പ്രണയത്തിന്റെ തല പോകണം എന്ന് കരുതിയാണ് ക്ലാസിലെ അന്നത്തെ ഹീറോ വിവേകിന്റെ കാര്യം എടുത്തു പ്രയോഗിച്ചത്.പത്ത് ശതമാനം സത്യത്തില്‍ ബാക്കി തൊണ്ണൂറു ശതമാനം ഭാവന ചേര്‍ത്ത് പൊലിപ്പിച്ച ഒരു പ്രണയ കഥ എഴുതി അയച്ചു .വലിയ ഒരു പൊല്ലാപ്പ് തലയില്‍ നിന്നും ഇറക്കി വെച്ച ആശ്വാസത്തില്‍ ഇരിക്കുകയായിരുന്നു .പക്ഷെ എല്ലാ സമാധാനവും കളഞ്ഞു കൊണ്ട് ഇതാ വന്നിരിക്കുന്നു അടുത്തത്.

ഏറെ പ്രിയപ്പെട്ട ടീച്ചറുടെ മുന്നില്‍ ആണ് നാണം  കെട്ടിരിക്കുന്നത് . അതിനുള്ളില്‍ എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളു. അവസാന ബെല്‍ അടിച്ചതും ബാഗുമെടുത്ത് പുറത്തിറങ്ങി . വന്നുപെട്ട നാണക്കേട്‌ മറ്റാരും  അറിയാതെ കുഴിച്ചു മൂടണം . ഒന്ന് തുറന്നുപോലും നോക്കാതെ അവന്റെ ചോരയൊലിക്കുന്ന  ഹൃദയത്തെ കുനുകുനെ നുറുക്കി സ്കൂള്‍ കിണറിലേക്ക് പറത്തി വിട്ടു. നീല പൊട്ടുകള്‍ ആയി വെള്ളത്തിനു മുകളില്‍ ഒരു വേള തങ്ങി നിന്ന് മെല്ലെ മെല്ലെ ആഴങ്ങളിലേക്ക് അത് താഴ്ന്നു പോയപ്പോള്‍ എന്റെ ഉള്ളില്‍ ഒരു കൊട്ട അമര്‍ഷത്തിനു അപ്പുറത്ത്  അവനെ ഓര്‍ത്തുള്ള ഒരു തുള്ളി സ്നേഹമോ സങ്കടമോ ഇല്ലായിരുന്നു. ക്ലാസ് വിട്ടു വരുന്ന കൂട്ടുകാരികളുടെ കൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ ടീച്ചറുടെ മുന്നില്‍ അഴിഞ്ഞുവീണ മുഖംമൂടി ഉണ്ടാക്കിയെടുക്കുന്നതിനെ കുറിച്ച് മാത്രമായിരുന്നു ആലോചന.

വര്‍ഷങ്ങള്‍ കടന്നുപോയി. നിരസിക്കപെടാന്‍ മാത്രം യോഗമുണ്ടായ ഒരു തീവ്ര പ്രണയം എനിക്കും ഉണ്ടായി. അവഗണനയുടെ തീച്ചൂളയില്‍ മനസ് വെന്തിരിക്കുംപോള്‍ വേണ്ടും ആ മീനങ്ങാടിക്കാരനെ കുറിച്ചോര്‍ത്തു. ഇര കാണിച്ചു കൊതിപ്പിച്ചു കുളത്തില്‍ നിന്നും കരയിലേക്ക് എടുത്തെറിഞ്ഞു കയ്യിലെ പൊടിതട്ടി നടന്നുപോയ ആ ഒന്‍പതാം ക്ലാസുകാരി എത്ര സ്വാര്‍ത്ഥ ആയിരുന്നു എന്നോര്‍ത്തപ്പോള്‍ കണ്ണിന്റെ കോണില്‍ ഒരു കുഞ്ഞു നനവ്‌ പൊടിഞ്ഞു

4 comments:

Anju s prabhu said...

മനോഹരം

Anju s prabhu said...
This comment has been removed by the author.
noufikenju said...

ഹം കൊളളാം വായിക്കാന് ഉണ്ട്

ROOPESH said...

നന്നായിട്ടുണ്ട് അഭിനന്ദനങൾ !!!!!!!!!!!!!