സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Friday, April 5, 2013

കാല്‍പന്തുകളി

മലപ്പുറം താത്തയാത്രെ മലപ്പുറം താത്ത..വയസു മുപ്പതായി ,ഇതുവരെ ഒരു കാല്‍പന്തു കളി ലൈവ് കണ്ടിട്ടില്ല.. പണ്ടൊരിക്കെ ഉപ്പയുടെ കൂടെ അടികൂടി സെവന്‍സ് കാണാന്‍ വളാഞ്ചേരിയില്‍ പോയി.. അന്ന് ഇടിച്ചു കയറിയ ആള്‍കൂട്ടം താങ്ങാതെ ഗാലറി പൊളിഞ്ഞപ്പോള്‍ തകര്‍ന്നു പോയത് എന്റെ സ്വപ്നമായിരുന്നു..

ഒരിക്കല്‍ കസിന്‍ ബ്രദര്‍ ഇന്റെ കല്ലിയാനതിനു പുടവ സെലക്ട്‌ ചെയ്യാന്‍ പോയപ്പോള്‍ ,മൂപ്പരെ ഒരു കൂട്ടുകാരനെ പരിചയപെട്ടു.. സന്തോഷ്‌ ട്രോഫി ടീമില്‍ പ്ലെയര്‍ ആയിരുന്നു ആ തിരൂര്‍ കാരന്‍....,കണ്ണും കയ്യും കൊണ്ട് കലാശം കാണിക്കാന്‍ ജാഡ സമ്മതിക്കാത്തത് കൊണ്ട് അയാളെ വെറുതെ വിട്ടു ഞാന്‍ ഡീസന്റ് ആയി..

വര്‍ഷങ്ങള്‍ കഴിഞ്ഞു ഫുട്ബാള്‍ ഇന്റെ നാട്ടില്‍ നിന്നും റൊണാള്‍ഡോയെ പോലെ ,ഒരു ഗ്ലാമര്‍ മൊട്ട പെണ്ണുകാണാന്‍ വന്നപ്പോള്‍ ,രണ്ടാമതൊന്നു നോക്കാതെ കഴുത്ത് നീട്ടി കൊടുത്തു.. സെവന്‍സ് നടക്കുന്ന ആ മേയ് മാസത്തില്‍, അലങ്കരിച്ച കാറില്‍ അരീകോടെക്ക് വണ്ടി കയറുമ്പോള്‍ ആദ്യ രാത്രിയുടെ ത്രില്‍ അല്ലായിരുന്നു മനസ്സില്‍....,

വിയര്‍ത്തു കുളിച്ച കളിക്കാരെ പോലെ ഉടുപ്പ് ഊരി എറിഞ്ഞു ,കയ്യെത്താ ദൂരത്തില്‍ വെറും നിലത്തു മലര്‍ന്നു കിടന്നു സാജിദ് ചൂടിനെ പഴികുംപോള്‍ ദൂരെ അങ്ങാടിയില്‍ സെവന്‍സ് കഴിഞ്ഞു പാഞ്ഞു പോകുന്ന വണ്ടികളുടെ നിലയ്ക്കാത്ത ആരവം ആയിരുന്നു എന്റെ കാതുകളില്‍...,..

മധുവിധു യാത്രയില്‍ , കായലരികത്ത് അനാഥമായി കിടന്ന പെപ്സി കുപ്പിയില്‍ അങ്ങേരു കസര്‍ത്ത് കാണിക്കുന്നതുകൂടി കണ്ടപ്പോള്‍ എന്റെ പ്രതീക്ഷകള്‍ ഏറി..... പക്ഷെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ,ആ സെവന്‍സ് കാലം കഴിയും മുന്‍പേ സാജിദ് അക്കരെ കടന്നു..

അടുത്ത ലീവിന് വന്നപ്പോള്‍ ,ഏട്ടന്‍ കൊടുത്തു വിട്ട സാധനം കൈപറ്റാന്‍ വന്ന ആളെ കണ്ടു ഞാന്‍ ഞെട്ടി.. അരീകോടിന്റെ മുത്ത്‌ നൌഷാദ പ്യാരി..അന്ന് അങ്ങേര്‍ക്കു പിശുക്കില്ലാതെ , മധുരം ഏറിയ നാരങ്ങ വെള്ളം കലക്കി കൊടുത്തപ്പോള്‍ ഒരു സെവന്‍സ് കണ്ട സംതൃപ്തി ആയിരുന്നു എനിക്ക്..

മഴ ഇല്ലെങ്കില്‍ അരീകൊട്ടെ ഈദ്‌ ഗാഹ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ ആയിരിക്കും..
അനേകം പ്രസ്തരുടെ കാല്‍ പതിഞ്ഞ മണ്ണില്‍ അമര്ത്തി ഉമ്മവെച്ചു സുജൂദ് ചെയ്യുമ്പോള്‍ മൂക്കില്‍ കളിക്കാരുടെ വിയര്‍പ്പിന്റെ ഉപ്പുമണം ആവാഹിക്കാന്‍ വെറുതെ പരിശ്രമിക്കും ഞാന്‍..

വര്ഷം എട്ടു കഴിഞ്ഞു.. ഒരു സെവന്‍സ് ഇനുള്ള കുട്ടിപട ഞങ്ങടെ വീട്ടിലും ഉണ്ട് .. എമില്‍ കൂടി ആയപ്പോ കോറം തികഞ്ഞു.. മൂന്നു മാസം ആയ അവന്‍ കാലുകൊണ്ട്‌ കുത്തി തലയില്‍ ഉയര്‍ന്നു ബെഡില്‍ റൌണ്ട് അടിക്കുന്നത് കാണുമ്പോള്‍ മറഡോണ ഹെഡ് ചെയ്തു ഗ്രൌണ്ട് വലം വെക്കുന്ന മാതിരിയാണ്.. ഗ്യാലരിക്ക് പകരം ബെഡിനുചുറ്റും തലയിണകള്‍..,... ഒരു കാല്‍പന്തു കളിക്കാരനെ കൂടി സൃഷ്ട്ടികാനുള്ള അമ്മയുടെ ആദ്യത്തെ കരുതല്‍..

1 comment:

ajith said...

ഫുട്ബോള്‍ ഫാന്‍ ആണല്ലേ!!