ഫസീല, അതായിരുന്നത്രേ ആദ്യം എന്‍റെ പേര്. പന്തളത്ത് B'ed ഇന് പഠിച്ചിരുന്ന എന്‍റെ കുഞാന്റി ,ഉപ്പയുടെ കുഞ്ഞി പെങ്ങള്‍ , തറവാട്ടില്‍ തനിക്കു ശേഷം ഉണ്ടായ പുന്നാര പെണ്‍കുട്ടിയെ കാണാന്‍ ഓടിവന്നപ്പോ മനസ്സില്‍ ഒളിപ്പിച്ചു കൊണ്ട് വന്നതാണ് വിശ്വ വിഖ്യാതമായ ഈ പേര് -സില്‍സില
കുടുംബത്തില്‍ മറ്റൊരു ഫസീല ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാവണം വലിയ എതിര്‍പ്പില്ലാതെ ഈ വെത്യസ്തനായ പുതിയ പേര് എല്ലാരും വേഗം അംഗീകരിച്ചു.
'മോളെ പേരെന്താ.. ?
'ചിച്ചിലാ '.. അതെ അണ്ണാന്‍ കുഞ്ഞു ചിലയ്ക്കും പോലെ ഞാന്‍ പറഞ്ഞുകൊണ്ടേ ഇരുന്നു..ചിച്ചില... ചിച്ചില..
ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ ആണ് ഈ കുഴപ്പം പിടിച്ച പേര് ആദ്യം ആയി പ്രശനം ഉണ്ടാക്കിയത്...
MGM(കേരള നവജതുല്‍ മുജാഹിദീന്‍))9() വനിതാ മൂവേമെന്റ്റ് സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് ആയിരുന്നു ഹെഡ് ടീച്ചര്‍. .., സില്‍സിലയോ ... അതെന്തൊരു പേര്.. ഇസ്ലാമില്‍ അങ്ങിനെ ഒരു പേരില്ല...അങ്ങിനെ Silsila എന്ന പേര് ഇസ്ലാമികരിച്ച് അവര്‍ Zilzila എന്നാക്കി..മതത്തിന്‍റെ ആദ്യത്തെ അതിനിവേശം പേരിലൂടെ എന്നില്‍ വേരുറപ്പിച്ചു ..
പക്ഷെ ആ തിരുത്തല്‍ കുഞ്ഞായ എനിക്ക് അത്രക്കൊന്നും പിടിച്ചില്ല... ആകെകൂടി സമാധാനം ആഖലേയത്തിലെ ഈ അക്ഷര വെത്യാസം മലയാളത്തില്‍ എഴുതുമ്പോള്‍ പ്രതിഫലിക്കില്ല എന്നതായിരുന്നു..എങ്കിലും ആ മുഴുവന്‍ പേര് പിന്നീട് ഞാന്‍ അധികം പുറത്തെടുത്തില്ല.സ്കൂള്‍ കഴിയുന്നവരെ ആ പേര് അങ്ങിനെ ഹാജര്‍ പട്ടികയില്‍ മാത്രം ആയി ഒതുങ്ങി,..
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഞാന്‍ എന്നും 'സിലു' ആയിരുന്നു.വല്ലപ്പോളും പിണങ്ങി ഭക്ഷണം കഴിക്കാതെ കിടക്കുമ്പോള്‍ ഉമ്മ സിലുമോളെ എന്ന് നീട്ടി വിളിക്കും.. അതൊരു സോപ്പ് ആണ്.. ആ വിളിയില്‍ ഞാന്‍ വിളികേള്‍ക്കും എന്ന് ഉമ്മാക്ക് അറിയാം..കാരണം സിലുമോള്‍ എന്ന് ആരെങ്കിലും വിളിച്ചു കേള്‍ക്കാന്‍ വീട്ടിലെ മൂത്തസന്താനം ആയ എനിക്ക് അത്രയ്ക്ക് പൂതിയായിരുന്നു..
ഇളയതുങ്ങളുമായി വഴക്കിടുമ്പോള്‍ ,അവരെന്നെ 'ബണ്ടിചക്രം' എന്ന് വിളിക്കും. വല്ലപ്പോളും 'തലമ തൂറി'യെ എന്നും...
പന്നി-പട്ടി-നായെ വിളികള്‍ പരസ്പരം നടത്താതിരിക്കാന്‍ ഉമ്മ ഞങ്ങള്‍ക്ക് വേണ്ടി സ്വയം വികസിപ്പിച്ചെടുത്ത മുഴുത്ത തെറി ആയിരുന്നു അത്-ബണ്ടി ചക്രം. .പണ്ട് ഉറങ്ങികിടന്ന ഉപ്പയുടെ അടുക്കല്‍ എന്നെ കിടത്തി അടുക്കളയില്‍ പണിയിലേക്ക് തിരിഞ്ഞു ഉമ്മ.. കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ഉപ്പയുടെ തല മുഴുവന്‍ തൂറി എരപ്പാക്കി വെച്ചിരിക്കുന്നു ഞാന്‍.. ,.. ആ കഥ അവര്‍ക്ക് അറിയാം.. അത് വെച്ച് ആണ് അവരുടെ രണ്ടാമത്തെ ബ്ലാക്ക് മെയിലിംഗ്.
സ്കൂളില്‍ സ്വന്തമായി സൈക്കിള്‍ ഓടിച്ചു ചെന്നപ്പോ 'അറ്റ്ലസ്' എന്നും.. സുസ്മിത എന്ന കൂട്ടുകാരിയെ കൂടെ കൂട്ടിയപ്പോള്‍ 'സില്‍ക്സ്മിത' എന്നും ഇരട്ടപേര് വീണു. ഒന്‍പതില്‍ വെച്ച് , ഡ്രസ്സ് ഇന് അനുസരിച്ച് സ്ട്രാപ് മാറ്റാവുന്ന ,ചൂടിനനുസരിച്ചു നിറം മാറുന്ന ഡയല്‍ ഉള്ള ഒരു വാച്ച് അമ്മാവന്‍ പേര്‍ഷ്യേന്നു കൊണ്ടുവന്നത് സ്റ്റൈലില്‍ കെട്ടികൊണ്ട് പോയി 'ലണ്ടന്‍ ബോയ്.' എന്ന ആ വാച്ചിലൂടെ എനിക്ക് പേര് വീണു -ലണ്ടന്‍ കോയ് ...
അന്ന് ഒരിക്കല്‍ ഏതോ പത്രത്തില്‍ സമ്മാന വാര്‍ത്തയുമായി എന്‍റെ പേര് അടിച്ചു വന്നിട്ടുണ്ടെന്ന് അറിഞ്ഞു ഉപ്പയോട് അതെ പത്രം വാങ്ങി വരാന്‍ പറഞ്ഞു. വാര്‍ത്ത വന്ന ഭാഗം വെട്ടി സൂക്ഷിക്കാന്‍ വേണ്ടി കാത്രികയുംമായി കാത്തിരുന്ന ഞാന്‍ പത്രം കണ്ടു തകര്‍ന്നു നല്ലൊരു പേര് കൊണ്ടുപോയി അടിച്ചു വെച്ചിരിക്കുന്നു.. അവന്‍റെ അമ്മേടെ 'സിസിലി' എന്ന്.
പക്ഷെ ഈ സങ്കടങ്ങള്‍ ഒക്കെ പത്താം ക്ലാസ് ആയപ്പോള്‍ മാറി.
MP ആയി തിരഞ്ഞെടുക്കപെട്ടപ്പോ , പൂര്‍വ വിദ്യാര്‍ഥി 'സമദാനി'ക്ക് സ്കൂളില്‍ സ്വീകരണം. ഞാന്‍ ആണ് സ്കൂള്‍ ലീഡര്‍.
സമദാനി ആണെങ്കില്‍ ഫാറൂക്ക് കോളേജില്‍ ,ഉപ്പയുടെ പഴയ ജൂനിയറും റൂം മേറ്റും. പ്രസംഗം ഒക്കെ കഴിഞ്ഞപ്പോ ഞാന്‍ മെയിന്‍ ആയി അടുത്ത് ചെന്ന്, സ്വയം പരിചയപെടുത്തി.
"സില്‍സില - അനസ്യൂതമായ അനര്‍ഗ പ്രവാഹം-The Flow of Good Qualities" അങ്ങേരുടെ സ്ഥിരം കാവ്യാത്മക ശൈലിയില്‍ എന്‍റെ പേരിനെ വാനോളം ഉയര്‍ത്തി ഒരു പ്രഭാഷണം തന്നെ നടത്തി അധ്യാപകരുടെ മുന്‍പില്‍.,.. അങ്ങിനെ അന്ന് അവിടെ വെച്ച് ആദ്യമായി ഞാന്‍ എന്‍റെ പേരിനെ അര്‍ഥം അറിഞ്ഞു സ്നേഹിച്ചു തുടങ്ങി ,..
ഉമ്മയുടെ വീട്ടില്‍ , എടപാളില്‍ വിരുന്നുപോയപ്പോള്‍ ആണ് , കുഞ്ഞുമ്മയുടെ മകള്‍ എനിക്കൊരു സര്‍പ്രൈസ് ഒളിപിച്ചു വെച്ചിരുന്നു. സില്‍സില എന്നെഴുതിയ ഒരു ചെരുപ്പുകടയുടെ കവര്‍. കുണ്ടുകടവ് ജങ്ക്ഷനില്‍ പുതുതായി തുടങ്ങിയ ചെരിപ്പുകടക്ക് എന്‍റെ പേര്.. ആ കവര്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി കൂടെ കൊണ്ട് നടക്കുമായിരുന്നു ഞാന്‍.
ചോദിക്കുന്നവരോട് എന്റെ ഉപ്പയുടെ കട ആണെന്ന് ഒരു പെരും നുണയും .
പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ അറ്റണ്ടന്‍സ് നമ്പറില്‍ ആണ് പറയുക.. അതുകൊണ്ടുതന്നെ പേര് അവിടെ ശല്യകാരന്‍ ആയതേ ഇല്ല.. പക്ഷെ ഡിഗ്രി ഫൈനലിന് പഠിച്ചിരുന്ന കാമുകന്‍റെ കൂട്ടുകാര്‍ എന്നെ സ്നേഹത്തോടെ 'സില്സു 'എന്ന് വിളിച്ചു. അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞു വരുമായിരുന്നു.. എന്ത് ചെയ്യാം ..സീനിയര്‍ ചേട്ടന്മാര്‍.. അതും കോളേജിലെ കെ ഡി ലിസ്റ്റ് ഗാങ്ങ് ആയ 'ആദിവാസികള്‍'
ഉള്ളിലെ അമര്‍ഷം പുറത്ത് കാണിക്കാതെ , ഞാന്‍ ഒരു ചെറു പുഞ്ചിരി വരുത്തി നടന്നു നീങ്ങും.
രണ്ടാം വര്ഷം ആയപ്പോള്‍ , യൂണിയനിലേക്ക് മത്സരിച്ചു.. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിനു ജയിച്ച വൈസ് ചെയര്‍മാന്‍., യൂണിയന്‍ കിട്ടിയ സന്തോഷത്തില്‍ സഖാക്കള്‍ എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ വിളിച്ച വിളി
"കാലടി ..കാലടി.. സില്‍സില കാലടി..
കാലടി സില്‍സില സിന്ധബാദ്..."
എന്ട്രന്‍സിന് റിപീറ്റ് ചെയ്യാന്‍ ജയറാം സാറിന്റെ അടുത്ത്, തൃശൂരില്‍.
കുതിര കളിച്ചപ്പോള്‍ ,ബോട്ടണി അധ്യാപകന്‍ പൊക്കി . ന്‍റെ പേര് കേട്ടതും ,പൊതുവേ സരസനായ ജേക്കബ് സാര്‍
ഖിലാഡി യോന്കി ഖിലാഡി ..സില്‍സില ഖിലാഡി..
എന്ന് ഉറക്കെ ഒരു പ്രഖ്യാപനം നടത്തി. പൊതുവേ എതു വില്ലത്തികളും വില്ലന്മാരും രാമാ നാരായണ ആയി മാറുന്ന ആ ഒരു വര്‍ഷ കാലത്തിലും എനിക്ക് നോ രക്ഷ. പേര് കാരണം വീണ്ടും ഹിറ്റ് ലിസ്റ്റില്‍.
അന്ന് സാര്‍ ഇന്‍റെ ആ കളിയാക്കല്‍ കേട്ടു തലതല്ലി ചിരിച്ചു ക്ലാസ് ഇളകി മറിഞ്ഞപ്പോള്‍ , ഒരാള്‍ മാത്രം എന്നോട് സഹതാപം രേഖപെടുത്തി മൌനി ആയി.. ചാലിശേരിക്കാരന്‍ ഇര്‍ഷാദ്. അന്ന് തുടങ്ങിയ സൌഹൃദം ആണ്.. ഒരു FB അക്കൗണ്ട് പോലും ഉണ്ടാക്കാന്‍ മിനകെടാത്ത അവന്‍ ആണ് ഈ FB അടിക്റ്റ് ആയ എന്‍റെ ആത്മ മിത്രം ഇന്നും.
തൃശൂരില്‍ ഹോസ്ടളില്‍ നിന്ന് പഠനം. ആറു അതി'സുന്ദരികളും ഞാനും. പൂവാലന്മാരെ കൊണ്ട് വഴി നടക്കാന്‍ വയ്യ.. എല്ലാം അവളുമാരെ മണത്തു വരുന്നതാണ്.. വീടെവിടെയാ..പേരെന്താ..
രക്ഷപെടാന്‍ വേണ്ടി ഞങ്ങള്‍ എഴുപേര്‍ക്കും ഫെയിക് പേരുകള്‍ ഉണ്ടായിരുന്നു അന്ന്. ജാസ്മിന്‍ അതായിരുന്നു എന്‍റെ പേര്.. അവളുമാരുടെ വല്യകാരി ആകാനുള്ള സൌന്ദര്യം പോലും തൊട്ടു തീണ്ടാത്ത എനിക്ക് , ആ പേര് ഒരിക്കല്‍പോലും എടുത്തു ഉപയോഗികേണ്ടി വന്നിട്ടില്ല.. പാവം ഞാന്‍..
എന്‍ജിനീയറിങ്ങ് ഇന് ചേര്‍ന്ന സമയത്ത് , ആദ്യ ദിവസം റാഗ് ചെയ്യാന്‍ വന്ന പാട്ടുകാരന്‍ ചേട്ടന്‍ ബെഞ്ചില്‍ കയറ്റി നിര്‍ത്തി പേര് ചോദിച്ചു..
സില്‍സില..
പറഞ്ഞു തീര്‍ന്നില്ല..
സിലസിലാ... ഹേ.. പ്യാര്‍ കാ.....
അന്നത്തെ ഹിറ്റ് സിനിമ. പിന്നെ എവിടെ വെച്ച് കണ്ടാലും ആശാന്‍ ഈ പാട്ട് മൂളും.. ഒരുപാട് അടുപ്പം തോന്നിയിരുന്ന ഒരു ചേട്ടന്‍.. ആയിരുന്നെങ്കിലും , ബന്ധങ്ങളുടെ കുത്തൊഴുക്കില്‍ അധികകാലം ആ സൌഹൃദവും പാട്ടും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല..
അന്നൊക്കെ കോളേജില്‍ പോയി വന്നിരുന്ന ബസ്സില്‍ വെക്കുന്ന ഹിന്ദി പാട്ടില്‍ എവിടെ എങ്കിലും ഒരു സില്‍സില ഒളിഞ്ഞിരിക്കും..ഹിന്ദിയില്‍ വളരെ വീക്ക് ആയിരുന്ന ഞാന്‍ ആ വരികളിലെ എന്‍റെ പേരിന്‍റെ അര്‍ഥം ചിന്തിച്ചു അധികം തല പുകയ്ക്കും മുന്പ് ഇറങ്ങാന്‍ ഉള്ള സ്റ്റോപ്പ് എത്തും..
ദേവദാസിലെ ' സില്‍സിലാ ഹി ചാഹത്ത് കാ... എത്രവട്ടം കേട്ടിരിക്കും ...പ്രണയത്തിന്റെ തീ ചൂളയില്‍ ഒറ്റപെട്ടു വെന്തുരുകി ഹോസ്റലില്‍ മൂന്നാം നിലയില്‍ നിന്നും ,ജനലിലൂടെ രാത്രി പുഴ നോക്കി ഇരിക്കുമ്പോള്‍ കണ്ണ് നിറഞ്ഞൊഴുകും.. സിനിമയില്‍ കഥാപാത്രം തന്‍റെ പ്രണയത്തിന്‍റെ കെടാവിളക്ക് സൂക്ഷിക്കുംപോലെ ഞാനും സൂക്ഷിച്ചു ഓര്‍മയില്‍ ഒരു കെടാവിളക്ക്...
സിനിമയില്‍ ഷാ റൂകിന്റെ ദേവ് എന്ന കഥാപാത്രം ലണ്ടനില്‍ നിന്നും പടിപ്പു കഴിഞ്ഞു ആഷിന്‍റെ പാറു വിനെ കാണാന്‍ വന്നു.. എന്നെ തേടി ഒരു പുല്ലനും വരാന്‍ ഇല്ലെന്നു ഉറപ്പായപ്പോള്‍ , വിളക്കും കെടുത്തി ഞാന്‍ എന്‍റെ വഴി നോകി..
ഫൈനല്‍ ഇയര്‍ ആയി..
ഹോസ്റല്‍ ഡേ ആണ്.ഗാനമേള ഉണ്ട്..ഞങ്ങള്‍ക്ക് അഴിഞ്ഞാടാനും ആറാടാനും ഉള്ള അവസാന ചാന്‍സ്. CID മൂസയിലെ 'മേനെ പ്യാര്‍ കിയാ..പ്യാര്‍ കിയാ തൊ ടര്നാ ക്യാ..'തുടങ്ങിയതും.. എല്ലാരും കൂടി എന്നെ പിടിച്ചോണ്ട് പോയി... ഡാന്‍സ് തുടങ്ങി..
യെ സില്‍സില ഹോ പ്യാര്‍ കാ ..
ഹം തുമാരെ ഹി സനം.. ദിലീപും ഭാവനയും..
കല്ലിയാണം ഉറപ്പിച്ച സമയത്ത് എന്‍റെ പേര് കൊണ്ട് കുടുങ്ങിയത് സാജിദ് ആണ്.. കൂട്ടുകാരോട് പെണ്ണിനെ പറ്റി പറയാന്‍ നൂറു നാവാണ് എങ്കിലും.. പേര് പറയാന്‍ മാത്രം ആ നാവു പൊന്തുന്നില്ല.. ലാസ്റ്റ് മടിച്ചു മടിച്ചു പേര് പറഞ്ഞു.. കേട്ടവര്‍ക്കു വിശ്വാസം വരുന്നില്ല.. ഓട്ടോ ക്കും ബസ്സിനും കണ്ടു പരിചയിച്ച പേരില്‍ ഒരു പെണ്കുട്ടിയോ..
എന്നെ നേരില്‍ വിളിച്ചു ചോദിച്ചാണ് അവര്‍ , ഉറപ്പു വരുത്തിയത്.. കല്ലിയാണതിനു മുന്പ് ഈ പേര് ഒന്ന് മാറ്റാന്‍ വരെ അങ്ങേര ഒരു വിഫല ശ്രമം നടത്തി നോക്കി.. എന്‍റെ ട്രേഡ് മാര്‍ക്ക് പേര്.. ചെക്കനെ മാറ്റിയാലും പേര് മാറ്റൂല. ഞാന്‍ കാട്ടായം പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞു.. സുഹൃദ് ബന്ധങ്ങള്‍ ഇ മെയിലില്‍ മാത്രം ഒതുങ്ങി. ഒരിക്കല്‍ ഒരു കൂട്ടുകാരിയുടെ ഇമെയില്‍.. ലിങ്ക് ഇല ക്ലിക്ക് ചെയ്തതും ഡാ ഒഴുകി എത്തുന്നു.. നമ്മുടെ സ്വന്തം
സില്‍സില ഹേ സില്‍സില
സില്‍സില ഹി സില്‍സില..
ആസ്വദിക്കുക ജീവിതം ..ആസ്വദിക്കുക യവ്വനം..
ഇനി മറ്റെന്തു വേണം.. ആനന്ത സാഗരത്തില്‍ ആറാടി..വീണ്ടും പാട്ടില്‍ പറഞ്ഞ പോലെ മുന്നോട്ടു..
പളുങ്ക് പോലുള്ള ജീവിതത്തില്‍ വേദനിക്കാന്‍ ഇനി നേരം ഇല്ല..
വാവേ, കുഞ്ഞു, ഉണ്ണി എന്നിങ്ങനെ പലജാതി പേരുകള്‍ വിളിക്കുമെങ്കിലും ദേഷ്യം പിടിച്ചു കഴിഞ്ഞാല്‍ 'സില്‍സിലാ ' എന്നൊരു വിളിയുണ്ട് സാജിദ് ഇന്..
അന്നൊക്കെ അടി ഉണ്ടാക്കി കഴിഞ്ഞാല്‍ നിറഞ്ഞ കണ്ണുമായി ബാത്‌റൂമില്‍ കയറി , കണ്ണീരിനോപ്പം കുറച്ചു വാട്ടര്‍ മിക്സ് ചെയ്തു , ഓവര്‍ ആക്കി പുറത്ത് വന്നു.. ബാഗ് പായ്ക്ക് ചെയ്യും.. ഞാന്‍ വീട്ടില്‍ പോകുന്നു എന്ന് കാണിക്കാന്‍..
ബംഗ്ലൂര്‍ വന്നതില്‍ പിന്നെ അതുമാറി..കലാപം പൊട്ടി പുരപെട്ടാല്‍ ഉടനെ റൂമില്‍ ചെന്ന് ഫോണ്‍ എടുത്തു വിളിയാണ്
"ഹലോ PK ട്രാവെല്‍സ് അല്ലെ ..
ഇന്ന് രാത്രിയിലേക്ക് ഒരു ടിക്കറ്റ് വേണം.."
അത് കേള്‍ക്കബോളെ യുദ്ധം സന്ധിയാക്കാന്‍ ആള് ഹാജര്‍
കാലം പിന്നെയും കഴിഞ്ഞു.. FB യില്‍ സില്‍സില പര്‍വേഷ് ആയിരുന്നു ഞാന്‍.. ഒരിക്കല്സാജിദ് ഉമായി തെറ്റിയപ്പോള്‍ , Married to @sajid parvesh എന്നത് ഒഴിവാക്കി ആ വാലും എടുത്തു മാറ്റി സ്വന്തം വാപ്പയെ പ്രതിഷ്ടിച്ചു. ന്യൂ ജെനെറെഷന്‍ കാര്‍ക്ക് ഏറ്റവും ഈസിയായ വിവാഹ മോചനം.
പതിവുപോലെ തെറ്റിയത്തിലും വേഗത്തില്‍ സെറ്റായെങ്കിലും തന്‍റെ വാലില്‍ മേലാല്‍ തൊട്ട് പോകരുതെന്ന് താക്കീത്..
അങ്ങിനെയാണ് ഞാന്‍ ഇന്നത്തെ SKK അഥവാ നിങ്ങളുടെ സില്‍സില കുഞ്ഞഹമ്മദ് കാലടി ആയി മാറുന്നത്..
ഓഫീസിലെ നോര്ത്തീസ് ആയ കസ്ടമെര്സ് ഇന് ഞാന്‍ 'ജില്ജില 'യാണ് ..
മലയാളികളോട് മുഴുവന്‍ പേര് പറയല്‍ നിര്‍ത്തി. അവിടേം സിലു എന്നാക്കി.അവരെ ചിരിപ്പിച്ചു കൊല്ലരുതല്ലോ..
ഈവ വലുതായി.. എമിലും വന്നു.. വഴക്കിടല്‍ പോയിട്ട് ഒന്ന് ഉറക്കെ സംസാരിക്കുകയോ അമര്ത്തി കെട്ടിപിടിക്കുകയോ ചെയ്‌താല്‍ പോലും അവള്‍ക്ക് സംശയം ആണ്.. അത് കൊണ്ട് വഴക്കിടലും കരച്ചിലും പിരിചിലും ഒന്നും നടക്കുന്നില്ല.,
മഹാ കവി ഹരിശങ്കര്‍ പാടിയപോലെ 'കുമിള പോലുള്ള ഈ ജീവിതം ശാന്തം...സ്വച്ചം...സമാധാനം..'
എന്നിട്ടും ഞാന്‍ അത്രയ്ക്കൊന്നും ഹാപ്പി അല്ല കേട്ടോ..
പിണങ്ങി കഴിഞ്ഞു ഇണക്കമാകുംപോള്‍ എല്ല് നുറുങ്ങി പോകുന്ന ഒരു വരിഞ്ഞു മുറുക്കല്‍ ഉണ്ട്.. ശേഷം വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ ഒരു അത്യുഗ്രന്‍ 'ഡിങ്കോടോല്‍ഫി'യും .. അതൊക്കെ മിസ്സ് ചെയ്തു തുടങ്ങിയിരിക്കുന്നു..
മക്കള്‍ അറിയാതെ ഒരു ഉഗ്രന്‍ അടി ഉണ്ടാക്കാന്‍ പൂതിയാകുന്നു എനിക്ക്.