സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, October 13, 2015

ഒറങ്ങി ഒറങ്ങി പിരാന്തായ കഥപണ്ട് പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചാല്‍ പകല്‍ വീട്ടില്‍ ഞാന്‍ ഒറ്റകാകും ..ആദ്യ ആഴ്ച ചങ്ങായിച്ചികള്‍ ഒക്കെ വിരുന്നു പോയിരിക്കുന്നതിനാല്‍ കളിയോ ഊര് തെണ്ടലോ നടക്കില്ല. അനിയനും അനിയത്തിക്കും സ്കൂള്‍ കാണും. അവരുടേത് നോമ്പിനു അടയ്ക്കുന്ന മാപ്പള സ്കൂള്‍ ആണല്ലോ.
ഉമ്മയ്ക്കും ഉപ്പക്കും ഓഫീസ്.

കഴുങ്ങിന്‍ തോട്ടത്തിലെ ,പഴയ, തട്ടുള്ള ഇരുനില വീട്. എനിക്ക് മാത്രം ആണ് സ്വന്തം ആയി റൂം ഉള്ളത്. ഓര്മ വെച്ച അന്ന് മുതലേ എനിക്ക് സ്വന്തം റൂം ഉണ്ടായിരുന്നു.ഒരു കട്ടിലിനും പഠിക്കാന്‍ ഉള്ള ഗോദ്രെജ് ഇന്‍റെ മേശയ്ക്കും സ്റ്റൂളിനും മാത്രം സ്ഥലം ഉള്ള ബെഡ് റൂം. ചുമരില്‍ മരത്തിന്‍റെ ഒരു കിളി അലമാര.
പണ്ടെന്നോ ആരോ എവിടെയോ ജനല്‍ അഴികള്‍ക്കിടയിലൂടെ കൈ ഇട്ടു ആരെയോ തോണ്ടി എന്ന് കേട്ടതില്‍ പിന്നെ ഒറ്റയ്ക്ക് കിടക്കാന്‍ പേടിയായ എനിക്ക് ജനലിനു ചുറ്റും നെറ്റ് അടിച്ചു തന്നു ഉപ്പ.. നമ്മുടെ കൊഴികൂടിനു അടിക്കുന്ന പോലത്തെ വിരാലിടാന്‍ വലുപ്പം ഉള്ള വലിയ കമ്പി നെറ്റ്. ജനല്‍ അടച്ചു ഉറങ്ങാന്‍ ഒരിക്കലും ഉപ്പ സമ്മതിക്കില്ലായിരുന്നു. നല്ല ഓക്സിജന്‍ കിട്ടാതെ ഉറങ്ങിയാല്‍ ,കാറ്റും വെളിച്ചവും കടക്കാത്ത അടഞ്ഞ മുറി പോലെ ആകും നമ്മുടെ തല മണ്ടയും എന്ന് പറഞ്ഞു തരും.
സ്വന്തമായി മുറി ഉള്ള കൂട്ടുകാരികള്‍ കുറവായിരുന്നു അന്ന്. അത് കൊണ്ട് തന്നെ എന്‍റെ മുറി എനിക്കൊരു സ്വകാര്യ അഹങ്കാരം ആയിരുന്നു.. ഉള്ളിലേക്ക് എല്ലാര്‍ക്കും പ്രവേശനം ഇല്ല.. അടിച്ചു തുടച്ചു വൃത്തിയാക്കുന്നത് ഞാന്‍ തന്നെ.വീട് മൊത്തത്തില്‍ ക്ലീന്‍ ചെയ്തിരുന്നത് ഞാന്‍ ആയിരുന്നെകിലും , ആള് കയറാത്ത എന്‍റെ മുറി രണ്ടു വട്ടം കൂടുതല്‍ തുടയ്ക്കും ഞാന്‍. , വിരുന്നു പോകുമ്പോള്‍ ആളുകളെ കാണിക്കാന്‍ വേണ്ടി മക്കളെ കൂടുതല്‍ പുന്നാരിക്കുന്ന , അയ്യോ അവന്‍ അപ്പടി മെലിഞ്ഞു പോയി എന്ന് പറഞ്ഞു രണ്ടുരുള കൂടുതല്‍ കഴിപ്പിക്കുന്ന അമ്മമാരെ പോലെ , എന്‍റെ റൂം ഇനെ ഞാന്‍ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു..
പുസ്തകങ്ങളോ മറ്റു സാധനങ്ങളോ ഒന്ന് വെച്ചിടത്ത് നിന്ന് അനങ്ങിയാല്‍ എനിക്ക് മനസിലാകും.. എന്‍റെ റൂം കുത്തി മറിച്ചിട്ടത് ആരാണ് എന്ന് ചോദിച്ചു ബഹളം ആണ് പിന്നെ.. അത് കൊണ്ട് തന്നെ വഴക്ക് പേടിച്ചു അനിയനോ അനിയത്തിയോ ഉമ്മയോ ഉപ്പയോ ആ വഴി വരാര്‍ ഇല്ല..
പണ്ട് ഉപ്പ ഉപയോഗിച്ചിരുന്ന റൂം, ഉപ്പ തട്ടിന്പുറത്തെക്ക് താമസം മാറ്റിയപ്പോള്‍ എനിക്ക് കിട്ടിയതാണ്.. ഇടയ്ക്ക് വല്ലിമ്മ വരും , 'ദേത്താന്യേ.. അന്‍റെ നടു ഉളുക്കൂലെ ..ഇമ്മാതിരി പുത്തകം ഒക്കെ വായിച്ചാല്.. മണ്ട ചൂടാകൂലെ.. കണ്ണ് കാഞ്ഞു പോകൂലെ "ഇങ്ങനെ നൂറു നൂറു ചോദ്യം ആണ് എന്‍റെ പുസ്തകങ്ങളെ നോക്കി..
ഞാന്‍ ഇല്ലാത്തുംപോള്‍ വീട്ടില്‍ വരുന്ന വല്ലിമ്മ പുസ്തകങ്ങള്‍ എടുത്തു വെറുതെ പൊന്തിച്ചു നോക്കും.. പണ്ട് സ്കൂളില്‍ പോകാന്‍ കഴിയാത്തതിന്റെ സങ്കടം അയവെട്ടി തീര്‍ക്കുന്നത് ആകാം.. വലിയ എഴുത്തുള്ള 'കിത്താബ്' അല്ലാതെ മറ്റൊരു പുസ്തകം വെല്ലിമ്മ വായിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.. വെല്ലിമ്മാക്ക് മലയാളം വായിക്കാന്‍ അറിയില്ലേ... അതെനിക്ക് ഇന്നും അറിയില്ല..
വല്ലിമ്മയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ ആണ് പുസ്തകങ്ങളുടെ വരിയും നിരയും ഇടയ്ക്ക്തെറ്റാന്‍ കാരണം.ഇതറിയാതെ ഞാന്‍ അനിയനോടും അനിയത്തിയോടും ജുദ്ധം വെട്ടും. ലാസ്റ്റ് വല്ലിമ്മയുടെ അധ്രിശ്യ കരങ്ങള്‍ ആണ് സ്ഥാന ചലനം വരുത്തിയതെന്ന് തിരിച്ചറിയുമ്പോള്‍ ഞാന്‍ വേഗം യുധമുഖത് നിന്നും സ്ഥലം കാലിയാക്കും.. പക്ഷെ അപ്പോളെക്കു എട്ടു ദിക്കും പൊട്ടുമാറു ഉച്ചത്തില്‍ ഇളയതുങ്ങള്‍ തൊള്ള തുറന്നു കാണും..
വല്ലവരും വിരുന്നു വരുമ്പോള്‍ അതും, ആയിടെ കല്ലിയാണം കഴിച്ച ചില മുന്തിയ കപ്പിള്‍സ് വരുമ്പോള്‍ മാത്രം ആണ് റൂം ഞാന്‍ വിട്ടു കൊടുത്തിട്ടുള്ളത്.. ഒരു ദിവസം ഉറങ്ങി എണീക്കുംപോളെക്കും അവര്‍ എന്‍റെ റൂമുമായി പ്രണയത്തില്‍ ആയി കഴിഞ്ഞിരിക്കും.. രാവിലെ എണീറ്റ്‌ ഭക്ഷണം കഴിക്കുമ്പോള്‍ എന്‍റെ റൂമിനെ പൊന്തിച്ചു രണ്ടു ഡയലോഗ് അടിക്കാതെ ആരും വിടപറഞ്ഞു പോയിട്ടില്ല ഒരിക്കലും..അത്രയ്ക്ക് സുഖമായിരുന്നു ആ റൂമിന്.
നല്ല പത് പതുത്ത മെത്ത. ശരീരത്തിലേക്ക് പാകം ചൂടും തണുപ്പും അറിഞ്ഞു ക്രമീകരിക്കാന്‍ കഴിവുണ്ടായിരുന്ന ആ മെത്തയെ വര്‍ണിച്ചാല്‍ ആര്‍ക്കും മതിയാകുമായിരുന്നില്ല..
അതെവിടെന്നു വാങ്ങിയതായിരുന്നു.. ?
ഇളം വെള്ളയില്‍ അവിടെ ഇവിടെ ആയി ചാര നിറമുള്ള കുഞ്ഞു പൂക്കള്‍ ഉള്ള ബെഡ് ... ബ്രാന്റഡ് ബെഡ് ഒന്നും അല്ല.. നമ്മുടെ നാടന്‍ ഉന്ന കിടക്ക.കൂടെ പണ്ടെന്നോ മാമന്‍ പേര്‍ഷ്യയില്‍ നിന്നും കൊണ്ട് വന്ന മിനുമിനുത്ത എന്‍റെ സുന്ദരി പുതപ്പും. അറബിക്ക് കര്‍ട്ടന്‍ അടിച്ച ശേഷം ബാക്കി വന്ന ഒരു വെട്ടു കഷ്ണം ആണ് അത്.. ഹോ.. കാമുകനെ കെട്ടിപിട്ച്ചു കിടക്കാന്‍ പോലും ആ പൊതപ്പില്‍ മൂടി പുതച്ചു കിടക്കുംന്ന സുഖം കിട്ടില്ല..മുറിയും ബെഡും വിട്ടു കൊടുത്താലും പുതപ്പു എന്നും എന്‍റെ എന്‍റെത് മാത്രം ആയിരുന്നു..
ഞാന്‍ വയസറിയിച്ചത് ,എന്നെക്കാളും മുന്‍പേ അറിഞ്ഞ കക്ഷി. എന്‍റെ വളര്‍ച്ചയെ ചരിത്രത്തില്‍ രേഖപെടുത്തിയ ആ തിരു ശേഷിപ്പുകള്‍ ഇന്നും അവളില്‍ മായാതെ കിടക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്നെ തന്നെ ഓര്‍മവരും.. ഒരു സര്‍ഫ് എക്സലിനോടും അടിയറവ് പറയാതെ , എന്‍റെ ആര്‍ത്തവ രക്തത്തെ ഉള്ളിലേക്ക് ആവാഹിച്ചു ഹൃദയത്തില്‍ കുടിയിരുത്തിയ അവളുടെ സ്നേഹം.ഒരു കുത്തക ശക്തികള്‍ക്ക് മുന്‍പിലും സ്വന്തം സൊകാര്യ ഇഷ്ട്ടങ്ങള്‍ അടിയറവ് വെക്കില്ലെന്ന എന്‍റെ സോഭാവം കൂടെകിടന്നു കിടന്നു അവളിലെക്കും പകര്‍ന്നു കിട്ടിയതാവാം..
*************************************************
എനിക്ക്സ്കൂള്‍ അവധി ആയാല്‍ പിന്നെ..
രാവിലെ പോകാന്‍ ഉള്ളത്കൊണ്ട് ,ഉമ്മ കുത്തി പൊന്തിച്ചു ചായ കുടിപ്പിക്കും. ഒരു റൌണ്ട് മുറ്റത്തും പറമ്പിലും ഉലാത്തും.. ശേഷം അവസാനത്തെ ആളായ ഉമ്മയും പോയെന്നു ഉറപ്പു വരുത്തിയാല്‍ ഞാന്‍ എന്‍റെ മുറിയില്‍ കയറി വല്ലതും വായിച്ചു കിടക്കും..
ബെഡില്‍ കിടന്നു കാല്‍ വഴി പുതപ്പിട്ടു ജനലിനു നേരെ തല വെച്ച് വെളിച്ചത്തിലേക്ക് പുസ്തകം തുറന്നു പിടിച്ചു ആണ് എന്‍റെ വായന.. രണ്ടാമത്തെ പാര വായിക്കും മുന്‍പേ ഉറങ്ങിക്കാണും.. എപ്പോഴെങ്കിലും മൂത്രം ഒഴിക്കാന്‍ എണീക്കുമ്പോള്‍ വിശക്കുന്നുണ്ടെന്നു തോന്നിയാല്‍ അടുക്കള വഴി ഒന്ന് കയറി ഇറങ്ങും.. വീണ്ടും ബെഡിലേക്ക്.. മുഖം അബദ്ധത്തില്‍ പോലും കഴുകില്ല നിദ്ര ദേവി എങ്ങാനും ഓടി ഒളിച്ചാലോ... പരീക്ഷയോടു അടുപ്പിച്ചു ഉറക്കം ഉളച്ചത് പലിശയും കൂട്ട് പലിശയും ചേര്‍ത്ത് ഉറങ്ങി അങ്ങ് തീര്‍ക്കും ആദ്യ ഒരാഴ്ച..
സിലൂ വാതില്‍ അടച്ചിട്ട് ഇരിക്കണം പുറത്ത് ആണെങ്കിലും അകത്തു ആണെങ്കിലും എന്ന് വിളിച്ചു പറഞ്ഞിട്ടാണ് ഉമ്മ പോകുക.. പിന്നെ നിധി അല്ലെ അകത്തു ഇരിക്കുന്നത്..
വാതില്‍ അടച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ അന്തേവാസികള്‍ക്ക് എളുപ്പത്തില്‍ തുറക്കാവുന്ന ഒരു പ്രത്യേക രീതിയില്‍ ആയിരുന്നു അതിന്‍റെ ഘടന .. താക്കോലോ ഈരക്കിലോ ആവശ്യം ഇല്ല.. അത് കൊണ്ട് തന്നെ എങ്ങാനും ആരെങ്കിലും നേരത്തെ എത്തിയാല്‍ പോത്ത് പോലെയുള്ള എന്‍റെ പള്ളി ഉറക്കം ഒരിക്കലും ഭംഗ പെട്ടിരുന്നില്ല.എത്തുന്ന മുറയ്ക്ക് ഞങ്ങള്‍ക്ക് മാത്രം അറിയുന്ന ഗുട്ടന്സിലൂടെ വാതില്‍ തുറന്നു അകത്തു കടക്കാം..
ഒരിക്കല്‍ ഉമ്മ പോയതിന്‍റെ കൂടെ ഉറങ്ങാന്‍ തുടങ്ങിയത് ആണ് ഞാന്‍..
കഞ്ചാവ് അടിച്ച കോഴിയെ പോലെ..ഒറങ്ങി ഒറങ്ങി ഒറങ്ങി.. ഒരു വഴിക്കായി.. വായില്‍ നിന്നും കയല ഒലിച്ചു ഇറങ്ങി തലയിണയും ബെഡും ഒക്കെ നനഞ്ഞു.. വീട്ടില്‍ ആളുകള്‍ വന്നതോ പോയതോ ഞാന്‍ അറിഞ്ഞില്ല.. ആരും എന്നെ വിളിച്ചതും ഇല്ലെന്ന് തോന്നുന്നു..
എപ്പോളോ ഉറക്കം മതിയാക്കി ഞാന്‍ മുന്‍വശത്തെ കോലായില്‍ വന്നിരുന്നു.. കണ്ണില്‍ ബാക്കി ഉള്ള ഉറക്കം തിരുമ്മി കളഞ്ഞു കണ്ണ് തുറന്നു ചുറ്റും വീക്ഷിച്ചു..
നേരം പുലരുകയാണോ അതോ സൂര്യന്‍ മറയാന്‍ തുടങ്ങുന്നതോ ഒരു ഡൌട്ട്.കണ്ടിട്ട് വൈകുന്നേരം പോലെ ..പതിവിലും കുറച്ചു കൂടുതല്‍ ഉറങ്ങിഎന്ന് തോന്നുന്നു..ഉമ്മ ജോലി കഴിഞ്ഞു എത്തിയിരിക്കുന്നു.
കോഴി കൂടിനു അടുത്ത് നിന്ന് , വേലിക്കല്‍ നില്‍ക്കുന്ന അയല്‍വാസിയായ ശോഭ ചേച്ചിയോട് കുശലം പറയുന്നത് കാണാം..... അങ്ങാടിയില്‍ ശ്രീ കൃഷ്ണ വിലാസം ടി സ്റ്റാള്‍ നടത്തുന്ന വെലായുധേട്ടന്റെ ഭാര്യ , അവര്‍ എന്നും രാവിലെ കടയില്‍ പോകും. ഹോട്ടലിലെ അടുക്കള കൈകാര്യം ചെയ്യുന്നത് അവര്‍ ആണ്..
അവരെ കണ്ടപ്പോ ഞാന്‍ ആകെ അങ്കലാപ്പില്‍ ആയി..
സാധാരണ രാവിലെ ഏഴു വെളുപിനു ആണ് അവര്‍ , കയ്യില്‍ പാല്‍പാത്രവും തൂക്കി കടയിലേക്ക് പോകുക.. രാത്രി കട പൂട്ടി തിരിച്ചു വരുമ്പോളേക്കും ഞങ്ങള്‍ വീടിനുള്ളില്‍ മുളഞ്ഞിരിക്കും.
രാവിലെ നേരത്തെ ഉണര്‍ന്ന ദിവസങ്ങളില്‍ ,അതിരിലെ നട വഴിയിലൂടെ ,കുളിപ്പിന്നല്‍ തൂക്കി പോകുന്ന അവരെ കണ്ടിട്ടുണ്ട്.
എന്‍റെ ആര്‍മാധ പകലുറക്കം , ഒരു പകലും രാത്രിയും കടന്നു അടുത്ത ദിവസത്തേക്ക് നീണ്ടു പോയോ..റബ്ബീ... ആകെ ഡൌട്ട് അടിച്ചു ഞാന്‍ തിണ്ണയില്‍ നിന്നും ഇറങ്ങി ഉമ്മയുടെ മുറിയില്‍ പോയി നോക്കി.. അനിയനും അനിയത്തിയും അവിടെ ഇല്ല. നേരം വെളുപ്പിന് മദ്രസയില്‍ പോയതാണോ.. ക്ലോക്കില്‍ സമയം ആറര എന്ന് കാണിക്കുന്നു.. രാവിലെയോ വൈകുന്നേരമോ.. ഒരെത്തും പിടിയും കിട്ടുന്നില്ല..

സത്യാവസ്ഥ അറിയാന്‍ ഉമ്മയോട് ചോദിയ്ക്കാന്‍ പേടി.. രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങി പോയതിനു കുറ്റപെടുത്തല്‍ ഉണ്ടാകും.. തൊണ്ട പൊട്ടി വിളിചിട്ടുണ്ടാകും ഉമ്മ. അതിനുള്ളത് വേറെ. ഇനി ആകെ പ്രതീക്ഷ ഉപ്പയില്‍.. .. രാവിലെ ആണെങ്കില്‍ ഉപ്പ ഉണരാന്‍ ഉള്ള സമയം ആകുന്നെ ഉള്ളു..
മുകളില്‍ പോയി നോക്കി..
ഉപ്പയുടെ മുറി പുറത്ത് നിന്നും പൂട്ടി കിടക്കുന്നു.. ഭാഗ്യം സമയം വൈകുന്നേരം തന്നെ ..രാവിലെ ജോലിക്ക് പോയ ഉപ്പ വന്നിട്ടില്ല.. അത് കൊണ്ടാണ് മുറി പൂട്ടി കിടക്കുന്നത്.. ആമാത്താവ് കൊണ്ട് മുറി പൂട്ടാതെ ഉപ്പ ഒരിക്കലും പുറത്ത് പോകില്ല..അതിനി പാടത്തേക്കു ആണെങ്കിലും കുളിമുറിയിലേക്ക് ആണെങ്കിലും.. ഉപ്പയുടെ മുറിയില്‍ എവിടെ ഒക്കെയോ നിധി ഉണ്ട്.. ഞങ്ങള്‍ ആരും ഒരിക്കലും കാണാത്ത ഒന്ന്..
ഭാവിയില്‍ ഞങ്ങള്‍ക്കുള്ളത് തന്നെ ആണല്ലോ.. അപ്പൊ പിന്നെ പൂട്ടി ഭധ്രം ആയി തന്നെ വെച്ചോട്ടെ..ആര്‍ക്കും അതില്‍ പരാതി ഇല്ല.. ഉമ്മയ്ക്ക് അല്ലാതെ..
ശോഭേച്ചി വല്ല കാരണങ്ങളാലും നേരത്തെ കടയില്‍ നിന്നും പോന്നത് ആയിരിക്കും.. ഇനി സമാധാനിക്കാം.. ഞാന്‍ തലയും തിരുമ്മി ആശ്വാസത്തോടെ ഉമ്മയുടെ അടുത്തേക്ക് ഒന്നും അറിയാത്ത പോലെ ചെന്നു ..
*************************************
അത്തരത്തിലുള്ള അര്മാധ ഉറക്കം ഒന്നും കുടുംബിനി ആയതില്‍ പിന്നെ ഒരിക്കലും നടന്നിട്ടില്ല.. ഇനി നടക്കുകയും ഇല്ല എന്ന് കരുതി ഇടക്കൊക്കെ സങ്കടപെട്ടിട്ടുണ്ട്..
യാതൊരു ശല്യവും ഇല്ലാതെ ഇടമുറിയാതെപകല്‍ അതും രാവിലെ മുതല്‍ വൈകുന്നേരം വരെ ഉറങ്ങാന്‍ കഴിഞ്ഞിരുന്ന ആ കുട്ടികാലം.. അതൊക്കെ ഓര്‍മയുടെ ഗോദ്രെജ് അലമാരിയില്‍ ഭധ്രം ആയി സൂക്ഷിച്ചു വെച്ചിരുന്നതാണ്.. ഇനി ഒരിക്കലും നടക്കില്ലെന്നു കരുതി.. കുഞ്ഞുണ്ടായത്തില്‍ പിന്നെ ഒരു രാത്രി പോലും അറിഞ്ഞു ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല.. ഇനി ഒരു രണ്ടു കൊല്ലത്തേക്ക്‌ ആ പൂതി നടക്കുകയും ഇല്ല എന്നും കരുതിയത്‌ ആണ്
പക്ഷെ വളരെ അപ്രതീക്ഷിതം ആയാണ് ഇന്നലെ പനി പിടിച്ചത്..
അഞ്ചു വര്ഷം ആയി ഒരു പനി പിടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു..പലപോളും മൂക്കൊലിപ്പ് തുടങ്ങുമ്പോള്‍ തോന്നും ഹാവൂ ..പനി വരുന്നുണ്ടെന്നു.. പക്ഷെ ആദ്യത്തെ രണ്ടു തുമ്മലില്‍ വരാന്‍ ഇരുന്ന പനി പേടിച്ചു ഇറങ്ങി ഓടും.. എന്‍റെ കാത്തിരുപ്പ് വെറുതെ..
പക്ഷെ ഇതിപ്പോ നല്ല ഇടിവെട്ട് പനി.. അടി മുതല്‍ മുടി വരെ. മേല് വേദന , തൊണ്ട വേദന, മൂക്കൊലിപ്പ്..എല്ലാം ഉണ്ട്.. ഒരാഴ്ച പുതച്ചു കിടന്നു ഉറങ്ങാന്‍ ഉള്ള വകുപ്പും ഉണ്ട്. പക്ഷെ നേരം കെട്ട നേരത്താണ് ഈ പന്നി, പനി എന്നെ കടാക്ഷിച്ചത് എന്ന് മാത്രം..
നാല് മാസം പ്രായം ഉള്ള കുഞ്ഞിന്‍റെ തള്ളയാണ് എന്നതൊന്നും വൈറസ് മോന്‍ നോക്കിയില്ല.കേറി അങ്ങ് പെരുമാറി. അല്ലെങ്കിലും ഈ വൈറസുകള്‍ക്ക് എവിടാ ഹൃദയം...
നേരും നെറിയും ഇല്ലാത്ത ഈ ലോകത്ത് അതിലും നെറി കെട്ട ഒരു വൃത്തികെട്ട സാമ ദ്രോഹി തന്നെ എന്‍റെ പനിയെ നീയും എന്ന് വിലപിച്ചു..
എന്തായാലും ഭാഗ്യം വീക്ക്‌ ഏന്‍ഡ് ആയത് .കുഞ്ഞിനെ നോക്കാന്‍ സാജിദ് ഫ്രീ ആണ്.. പക്ഷെ അമ്മിഞ്ഞ പാല്‍ അത് ഞാന്‍ തന്നെ കൊടുക്കണ്ടേ.. എന്തായാലും രാത്രി മരുന്ന് കുടിച്ചു കിടന്നത് മാത്രം ഓര്‍മയുണ്ട്. രാവിലെ ഉണര്‍ന്നു ബലം ഇല്ലാത്ത വിരലുകള്‍കൊണ്ട്‌ പല്ലൊന്നു ഉരചെന്നു വരുത്തി രണ്ടു ബ്രെട്ഡും പാലും കൂടെ സാജിദ് തന്ന ഗുളികകളും വിഴുങ്ങി വീണ്ടും ബെഡിലേക്ക്
ഉച്ചയ്ക്ക് കഞ്ഞി കോരി തന്നെന്ന് തോന്നുന്നു.. നനഞ്ഞ തുണി കൊണ്ട് ചിറി തുടച്ചുതന്നത് ഓര്‍മയുണ്ട്. പിന്നെയും ഉറക്കം..
കുഞ്ഞു ഉണര്‍ന്നതോ കരഞ്ഞതോ പാല്‍ കുടിച്ചതോ ഒന്നും ഞാന്‍ അറിഞ്ഞില്ല..
സൂര്യന്‍ ടാറ്റാ ബൈ ബൈ പറഞ്ഞു പോയിരിക്കുന്നു.. ഇപ്പോള്‍ ലേശം ബോധം വീണ്ടു കിട്ടിയിരിക്കുന്നു.. സമയം എഴുമണി.. രാവിലെ അല്ല വൈകുന്നേരം തന്നെ.. ലാപ് ടോപ്പിന് അടിയില്‍ PM എന്ന് വെക്തമായി കാണാം.. കുറെ കാലത്തിനു ശേഷം ഇരുപത്തി നാല് മണികൂര്‍ മതി മറന്നു ഉറങ്ങിയിരിക്കുന്നു വീണ്ടും..
സിട്രസിന്‍ എന്നമരുന്ന് കണ്ടുപിടിച്ച ശാസ്ത്ര ദൈവത്തിനു നന്ദി..
പഴയ ആ നല്ല നാളുകളിലെ പോലെ ഇന്ന് വീണ്ടും ഒറങ്ങി ഒറങ്ങി എനിക്ക് പിരാന്തായി..

1 comment:

ajith said...

ഇതെപ്പഴത്തെ പനീടെ കാര്യമാടോ പറയുന്നത്?
ലൈവ് ടെലികാസ്റ്റ് ആണൊ റിക്കോര്‍ഡഡ് പ്രോഗ്രാം ആണോ!!

എന്തായാലും സുഖാശംസകള്‍