സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, March 24, 2016

ചില കലി-കാല സ്മരണകള്‍

"ന്‍റെ റബ്ബേ.. ഇങ്ങനിംണ്ടാ ഒരു കലിയിളകള്‍!!!
ഈ സ്വഭാവം വെച്ച് ഇപ്പെണ്ണെങ്ങെനെ ആണൊരുത്തന്റെ കൂടെ മറ്റൊരു വീട്ടില്‍ പോയി പൊറുക്കും "
കലി കൂടപ്പിറപ്പാണെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും.
കുടുംബപിറപ്പാണ് എന്ന് പറയുന്നതാകും അതിന്റെ ശരി. വീരശൂരപരാക്രമികളായ 'കാലടി'ക്കാരുടെ ജീനിന്‍റെ ഒരുഭാഗമാണ് മുന്‍കോപം.
വെട്ടൊന്ന് മുറി രണ്ടു.
സ്നേഹിച്ചാല്‍ യോഗി
കോപിച്ചാല്‍ കിരാതമൂര്‍ത്തി.
എല്ലാം തകര്‍ത്തു തരിപ്പണമാക്കിയിട്ടെ കലിയിറങ്ങൂ.
കാലടി താഴ്വഴിയില്‍ പെട്ട വീടുകളിലെല്ലാം ക്ഷിപ്രകോപികളായ ഒന്നോ രണ്ടോ പേര്‍ കാലാകാലങ്ങളില്‍ ജീവിച്ചിരുന്നു. മുന്കോപികള്‍ എല്ലാ വീടുകളിലും ഉണ്ടാകുമെങ്കിലും കാലടി'ക്കാരുടെ സ്വഭാവത്തിന്റെ ഈ വിശേഷ ഗുണം കുടുംബമഹിമപോലെത്തന്നെ നാട്ടിലെങ്ങും പ്രസിദ്ധമായിരുന്നു.
ഞങ്ങളുടെ താവഴിയില്‍ വെല്ലിമ്മയുടെ ആറു മക്കളില്‍ ഏറ്റവും ഇളയ രണ്ടു പേര്‍ക്കാണ് പാരമ്പര്യമായി ഇത് കൈമാറി കിട്ടിയത്. എന്റെ ഉപ്പയുടെ ഏറ്റവും ഇളയ അനിയനും അനിയത്തിക്കും.
കുടുംബത്തില്‍ ഒരു മുന്കോപി ഉണ്ടായാലത്തെ അവസ്ഥ തന്നെ ഭീകരം. അപ്പോള്‍ വീറിലും വാശിയിലും ഒന്നിനൊന്നു കിടപിടിക്കുന്ന രണ്ടു മുന്കോപികള്‍ ഒരേവീട്ടില്‍ ഉണ്ടായാലത്തെ അവസ്ഥ എത്ര മനോഹരമായിരിക്കും ഒന്ന് ആലോചിച്ചു നോക്കൂ.
കുഞാന്റി എന്ന് ഞാന്‍ വിളിച്ചിരുന്ന സുബൈദ അമ്മായി പഠനത്തിലും വീരശൂരപരാക്രമത്തിലും മറ്റാരെയും വെല്ലുന്ന പുലിയായിരുന്നു. ഫാറൂക്ക് കോളേജില്‍ നിന്നും ഇസ്ലാമിക് ഹിസ്റ്ററിയില്‍ റാങ്ക് വാങ്ങിയ ശേഷം വീട്ടില്‍ സമാധാനം നിലനില്‍ക്കണം എന്നാഗ്രഹിച്ച സഹോദരങ്ങള്‍ കുഞാന്ടിയെ പന്തളത്ത് വിട്ടു ക്ഷിപ്രകോപത്തില്‍ B'ed ഉം എടുപ്പിച്ചു.
തെങ്ങുകയറാന്‍ ആള് വന്നില്ലെങ്കിലോ ചാറില്‍ ഇടാന്‍ മാങ്ങ ഇല്ലെങ്കിലോ വല്ലിമ്മ ആശ്രയിക്കുക കുഞാന്ടിയെ ആണ്.
ആണുങ്ങളെ പോലെ താറുടുത്തു തളപ്പിട്ട് തെങ്ങില്‍ കയറുന്ന നാത്തൂന്‍- കല്ല്യാണം കഴിഞ്ഞു വന്നു കയറിയ എന്റെ ഉമ്മ വളരെ പെട്ടെന്ന് തന്നെ അമ്മായിയുടെ വലിയ ഒരു ആരാധിക ആയി മാറി.
പണ്ട് പുള്ളിക്കാരിയെ വട്ടമിട്ടു പറന്നിരുന്ന സ്ഥലത്തെ പ്രധാന 'കാക്ക'കളില്‍ ഇപ്പോഴത്തെ സ്ഥലം എം എല്‍ എ ഒക്കെ ഉണ്ടായിരുന്നു എന്നത് നാട്ടുകാര്‍ക്ക് മാത്രമറിയാവുന്ന ചരിത്രം.
സ്കൂള്‍ വിട്ടു വന്നു, വെല്ലിമ്മയെ തള്ളി മറിച്ചിട്ട്‌ പാല് കുടിച്ചിരുന്ന വീട്ടിലെ ഇളയ പുത്രന്‍ മൂസക്കുട്ടി. അതിബുദ്ധിമാന്‍ എന്ന് സ്കൂളിലെ അധ്യാപകര്‍ ഒന്നടങ്കം പറഞ്ഞിട്ടും പത്താം ക്ലാസില്‍ കഷ്ട്ടപ്പെട്ടു തോറ്റ മഹാന്‍. ഉച്ചക്കഞ്ഞിക്ക് കൊടുക്കുന്ന ഇരുപത്തി അഞ്ചു പൈസ കൂട്ടിവെച്ച് അന്നത്തെ കാലത്ത് രണ്ടായിരം രൂപ ഉണ്ടാക്കിയ കഠിന പ്രയത്നി. ക്ഷിപ്രകോപത്തില്‍ ബ്ലാക്ക്‌ബെല്‍റ്റ് കൂടെ പേരിനൊരു കരാട്ടെയും. വീല്‍ ഷൂ ഒന്നും ജനകീയമാകാത്ത ആ കാലത്ത് പുള്ളി അതിലൊരു ഉസ്താദ് തന്നെ ആയിരുന്നു.
ക്ഷിപ്രകോപത്തില്‍ ആര് ഫസ്റ്റ് അടിക്കും, രണ്ടുപേരും തമ്മില്‍ ഒരു മത്സരം വെച്ചാല്‍ ടൈറ്റ് കോമ്പറ്റീഷന്‍ ഉറപ്പ്.
വളരെ അപൂര്‍വമായി മാത്രം നാട്ടുകാരുടെ നെഞ്ചത്തോട്ട് കുതിര കയറുന്ന ഇവര്‍ മിക്കപ്പോഴും കലി തീര്‍ക്കുന്നത് സ്വന്തം വീട്ടുകാരുടെ തലയില്‍ തന്നെ ആയിരിക്കും. പൂച്ച എന്ന് വല്ലിമ്മ വിളിക്കുന്ന ആപ്പാപ്പയും കുഞാന്റിയും തമ്മില്‍ കുട്ടിക്കാലത്ത് യുദ്ധ മൊഴിഞ്ഞ നേരമില്ലായിരുന്നു.
അത്തരത്തിലുള്ള ഒരുയുദ്ധത്തെ കുറിച്ച് കാലടി തറവാട്ടിലെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെ :-
ഒരു മഴക്കാലത്ത് നേരം വൈകി തിരക്കിട്ട് കോളേജിലേക്ക് പോകുന്ന കുഞാന്റിയുടെ കുടയിലെ വെള്ളം, മഴയത്ത് നനഞ്ഞു കുളിച്ചു എതിരെ വരുന്ന ആപ്പാപ്പയുടെ ദേഹത്ത് വീഴുന്നു. മനപൂര്‍വം അങ്ങനെ ചെയ്തതാണ് എന്ന തോന്നല്‍ ഉണ്ടായ അപ്പാപ്പ
തന്റെ സഹോദരി ഡിഗ്രി മെയിന്‍ എക്സാം എഴുതാനാണ് തിരക്കിട്ട് പോകുന്നത് എന്നറിയാതെ ഇടവഴിയിലെ ചളി വെള്ളം കാലുകൊണ്ട്‌ ഊത്ത് കുളിപ്പിച്ച് വിടുന്നു.
സീന്‍ കൊണ്ട്ര ആകുന്നു.
എക്സാം ഗോവിന്ധയായ കുഞാന്റി ആപ്പാപ്പയെ തന്റെ ആജന്മ ശത്രുവായി പ്രഖ്യാപിക്കുന്നു.
കിണറില്ലാത്ത തറവാട്ടു വീട്ടിലെ അംഗങ്ങള്‍ കുളിക്കാന്‍ ആശ്രയിച്ചിരുന്ന ചോലയിലെ വെള്ളം അപ്പാപ്പാ കുളിക്കാന്‍ പോകുന്ന സമയം നോക്കി കുഞാന്റി ഫ്രീയായി കലക്കി കൊടുക്കുന്നു. കുളിച്ചു കുട്ടപ്പനായി ഇടിമത്സരത്തിനു പോകാനിരുന്ന അപ്പാപ്പയുടെ പല മത്സരങ്ങളും പ്രതികാര ദാഹിയായ അമ്മായി ഡബിള്‍ കോണ്ട്രയാക്കുന്നു..
അവര്‍ തമ്മിലുള്ള വഴക്കില്‍ ഇടപെടാന്‍ പോയി ഇടയില്‍പെട്ട് നടുവുളുക്കിയ വെല്ലിമ്മാക്ക് ഹോസ്റ്റല്‍ വാസം കഴിഞ്ഞു അമ്മായി വരുന്ന വിവരം അറിഞ്ഞാല്‍ നെഞ്ചില്‍ തീയാണ്.
രണ്ടും കൂടി കലി ഇളകിയാല്‍ ഉടഞ്ഞു തീരുന്നത് വീട്ടിലെ കറി ചട്ടിയും മറ്റു മണ്‍പാത്രങ്ങളും ആയിരിക്കും. ഓരോ കലി ഇളകലിന്റെയും യുദ്ധ- സ്മാരകങ്ങളായിരുന്നു കവിള് കോടി വയറൊട്ടി അടുക്കള മൂലക്കിരിക്കുന്ന വിരൂപികളായ അലുമിനിയ പാത്രങ്ങള്‍.
ഇത് ഞങ്ങളുടെ വീട്ടിലെ മാത്രം സ്ഥിതിയല്ല , ഓരോ കാലടിക്കാരുടെ വീട്ടിലും ഇതുപോലെ ഉഗ്ര കോപികളായ കലിയവതാരങ്ങള്‍ കാലാകാലങ്ങളില്‍ ജനിച്ചു ജീവിച്ചു മരിച്ചിട്ടുണ്ട്.
എന്തായാലും ഉപ്പവഴി ഈ കലി അപ്പാടെ കൈ മാറി കിട്ടിയത് എനിക്കാണെന്ന കാര്യം പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ..
വീട്ടിലെ മുതിര്‍ന്ന കുട്ടി ആയിരുന്നതിനാല്‍ അഞ്ചാം ക്ലാസില്‍ എത്തിയപ്പോഴേക്കും എനിക്ക് സ്വന്തമായി മുറിയൊക്കെ പതിച്ചു കിട്ടിയിരുന്നു.
ഒരു കട്ടില്‍, മേശ, കസേര, ഗോദ്രെജ്ന്റെ പച്ച പെയിന്റ് അടിച്ച ഒരു ഇരുമ്പലമാര പിന്നെ ചുമരില്‍ പതിച്ച ഒരു കുഞ്ഞു കിളിയലമാര എന്നിവ അടങ്ങുന്ന ഒരുകുഞ്ഞു മുറി. വിവാഹത്തോട് അനുബന്ധിച്ച് പുതിയ വീട്ടിലേക്കു താമസം മാറുംവരെ അതിനുള്ളിലായിരുന്നു ആയിരുന്നു എന്റെ ലോകം.
കളിക്കാന്‍ പോകാനും ഭക്ഷണം കഴിക്കാനും സ്കൂളില്‍ പോകാനും മാത്രമാണ് ഞാന്‍ ആ മുറി വിട്ടു പുറത്തു ഇറങ്ങിയിരുന്നത്.
അന്ത കാലത്ത് എനിക്കാ റൂമിന് പൂട്ടും താക്കോലും ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ വീട്ടിലെ എന്റെ പവര്‍. അന്നൊക്കെ ആയിരുന്നു യഥാര്‍ത്ഥ ഫാസിസം. വീട്ടില്‍ ഞാനൊരു തികഞ്ഞ ഫാസിസ്റ്റ്.
മുറി എന്റെ സ്വന്തമായിരുന്നു എങ്കിലും വസ്ത്രങ്ങള്‍ വെക്കുന്ന ഇരുംബലമാര ഞാനും അനിയത്തിയും പങ്കിട്ടാണ്‌ ഉപയോഗിച്ചിരുന്നത്. ഒരു പകുതി അവള്‍ക്കും മറ്റേതു എനിക്കും.
ഞാന്‍ വസ്ത്രം മടക്കി വെച്ച വരിയില്‍ നിന്നും വല്ല ഷിമ്മിയോ ഷാളോ ഇളകി കണ്ടാല്‍, പിന്നവളുടെ കാര്യം കട്ടപ്പുക!!!
ഞാന്‍ നേരെ ചെന്ന് റെഡിമെയിഡ് ഷോപ്പിലെ അലമാരയില്‍ എന്നപോലെ മണികൂറുകള്‍ എടുത്തു അടുക്കും ചിട്ടയില്‍ കുന്നോളം ഉയരത്തില്‍ അവള്‍ ഭംഗിയായി മടക്കി വെച്ച വസ്ത്രങ്ങളത്രയും വലിച്ചു വാരി പുറത്തിട്ടു കലിയടങ്ങും വരെ ചവിട്ടി കൂട്ടും.
അതിനി വല്ല പെന്നോ പെന്‍സിലോ ഞാന്‍ വെച്ച സ്ഥലത്ത് നിന്നും മാറി ഇരുന്നാലും ഞാന്‍ കലി തീര്‍ക്കുന്നത് ഈ ഐറ്റത്തിലൂടെ തന്നെ ആയിരിക്കും..
പൊതുവേ അയ്യോ പാവവും ശാന്ത സ്വരൂപിണിയും ആയ എന്റെ അനിയത്തി, എതിരിടാന്‍ കായികമായോ മാനസികമായോ ശേഷി ഇല്ലാതെ കരഞ്ഞു കൊണ്ട് ഓരോന്നായി തിരികെ മടക്കി വെക്കും. അന്നൊക്കെ അവളുടെ മനസ്സില്‍ ഞാന്‍ ചമ്പല്‍ കാട്ടിലെ കൊള്ളക്കാരിയേക്കാള്‍ ഭീകരി.
ക്ലാസ് വലുതായപ്പോ പുസ്തകങ്ങളും എണ്ണം കൂടി. ഗൈഡുകളും പഴയ ക്യോസ്റ്റ്യന്‍ ബാങ്കും അങ്ങനെ പലജാതി ബുക്കുകള്‍. എഴുതാന്‍ പഠിച്ചത് മുതലുള്ള ഡയറികള്‍. മറ്റു ലൊട്ടുലൊടുക്ക് സാധനങ്ങള്‍.
അങ്ങനെയാണ് നടു മുറിയിലെ ഉമ്മ പല ചരക്കു സാധനങ്ങള്‍ വെക്കുന്ന മഞ്ച'യുടെ ഒരു പകുതി എനിക്ക് പുസ്തകം വെക്കാന്‍ ആയി ഒഴിച്ചു തരുന്നത്.
അടുക്കുംചിട്ടയുടേയും കാര്യത്തില്‍ എനിക്കന്നു യാതൊരു വിട്ടു വീഴ്ചയും ഇല്ലായിരുന്നു. എന്റെ ബുക്ക്‌, ബാഗ്, ഡ്രസ്സ്‌ മറ്റു സാധന സാമഗ്രികള്‍ ഇവയൊന്നും ആര്‍ക്കും എവിടെയും പാറി പറന്നു കിടക്കുന്നതോ, കാണാനില്ലെന്ന് പറയുന്നതോ ആയ സംഭവങ്ങള്‍ എന്റെ ചില്‍ഡ് ഹൂഡ് ജീവിതത്തില്‍ ഉണ്ടായിട്ടേ ഇല്ല.
അന്നൊക്കെ കൂട്ടുകാരികള്‍ അവരുടെ പുസ്തകം അശ്രദ്ധമായി അവിടെയും ഇവിടെയും വെച്ചിട്ട് കാണാതാകുമ്പോള്‍ എന്നോട് ചോദിക്കും നീ എങ്ങാനും മാറി എടുത്തിട്ടുണ്ടാകും വീട്ടിലുണ്ടോന്നു നോക്കാന്‍. ഞാന്‍ അവളുമാരെ ശരിക്കുമോന്നു സൂക്ഷിച്ചു നോക്കും..അതൊരു ഉത്തരമാണ്.. താക്കീതും..
കരന്റില്ലെങ്കിലും കണ്ണടിച്ചു പോയാലും സിലുവിന്റെ ഒന്നും കാണാതാവുകയും ഇല്ല അറിയാതെ ബാഗില്‍ കയറി ഇരിക്കുകയും ഇല്ലെ.
അങ്ങിനെയുള്ള ഞാന്‍ ഒരു ദിവസം സ്കൂള്‍ വിട്ടു വന്നു നോക്കുമ്പോള്‍ ഉണ്ട് മഞ്ചയ്ക്കുള്ളില്‍ വെച്ച പുസ്തകങ്ങള്‍ക്ക് ചെറിയ ഒരു സ്ഥാന ചലനം.
ഇതെങ്ങിനെ സംഭവിച്ചു? കയറിക്കയറി മഞ്ചക്കുള്ളിലും കയറി കളിക്കാനും തുടങ്ങിയോ? പിടിയവനെ?
നോക്കുമ്പോളുണ്ട് , എന്റെ തലയ്ക്കുള്ളിലാണോ അതിനുള്ളില്‍ ആണോ കൂടുതല്‍ ജ്ഞാനമിരിക്കുന്നത് എന്ന കാര്യത്തില്‍ ഞങ്ങള് തമ്മില്‍ ഒരു തീരുമാനം ആകാത്തതിനാല്‍ മാത്രം മൂലയ്ക്ക് എടുത്തു വെച്ച ഇംഗ്ലീഷ് ഡിക്ഷണറിക്കടിയില്‍ ഒളിച്ചു വെച്ചിരിക്കുന്ന ഒരു പെട്ടി കുപ്പി ഗ്ലാസ്!!!!
സ്ടീല്‍ ഗ്ലാസുകള്‍ മാത്രം ഉപയോഗിക്കുന്ന അക്കാലത്ത്, ഓഫീസില്‍ നിന്നും എന്തോ വകയില്‍ കിട്ടിയ കുപ്പി ഗ്ലാസുകള്‍ വിരുന്നുകാര്‍ വരുന്നത് വരെ ജീവനോടെ ഇരിക്കാന്‍ വേണ്ടി ഉമ്മ പാത്തു വെക്കാന്‍ കണ്ടെത്തിയ സ്ഥലം കൊള്ളാം .
ചേര പുരാതന കാലത്തെ ചരിത്ര നിര്‍മിതിയായ ഈ ഇരുനില മാളികയില്‍ ഈ ചീള് ഗ്ലാസുകള്‍ ഒളിപ്പിക്കാന്‍ എന്റെ സാമ്രാജ്യമേ കണ്ടുള്ളൂ.
മെടുല്ല ഒബ്ലാങ്കട്ട അമിതമായി പ്രവര്‍ത്തിച്ചു സ്ഥലകാല ബോധം നഷ്ട്ടപ്പെട്ട ഞാന്‍ , അടുക്കളയുടെ പിന്നാമ്പുറത്ത് കല്ല്‌ വെട്ടി ഉണ്ടായ പാറ മടയുടെ ഭിത്തിയിലേക്ക് പെട്ടിയിലെ മുഴുവന്‍ ഗ്ലാസും ടിണിം ടിണിം എന്ന് ഒന്നൊന്നായി എറിഞ്ഞു പൊട്ടിച്ചു.
സത്യത്തില്‍ ഒന്ന് രണ്ടെണ്ണം എറിഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കലി അടങ്ങി ബോധം തിരിച്ചു വന്നിരുന്നു. വരാന്‍ പോകുന്ന മാനഹാനി.. ആക്ഷേപം .. ആരെങ്കിലും എന്നെ തടഞ്ഞെങ്കില്‍..ഞാന്‍ ഒരു പാടാഗ്രഹിച്ചു.. അതുണ്ടായില്ല.. വാശിയില്‍ ഒട്ടും പിറകില്‍ ആല്ലാതതിനാല്‍ സ്വയം നിര്‍ത്താന്‍ മനസ്സൊട്ട് സമ്മതിച്ചതുമില്ല..
പുന്നാരമകള്‍ എത്രത്തോളം പോകും എന്നറിയാനായിരിക്കണം , കൃത്യം ചെയ്തു തീരും വരെ നിര്‍ന്നിമേഷയായി ഉമ്മ എന്നെ ത്തന്നെ നോക്കി നിന്നു.
അടിയോ വഴക്കോ കിട്ടിയില്ലെങ്കിലും, ഉമ്മയുടെ ഇല്ലായ്മയുടെയും വല്ലായ്മയുടെയും അതെ സമയം ഉപ്പയുടെ ധാരാളിതത്തിന്റെയും ആകാലത്ത്‌ അന്നാ ചെയ്തു പോയത് വളരെ വളരെ കൂടിപ്പോയെന്നു പിന്നീട് ഒരുപാട് കാലം പശ്ചാതപിച്ചിട്ടുണ്ട്.
എന്തായാലും അതൊരു തിരിച്ചറിവ് ആയിരുന്നു. പിന്നീട് ഒരുപാട് കാലം സമനില മറന്നുള്ള ഇത്തരം നശീകരണ പ്രവണതകളില്‍ നിന്നും ഞാന്‍ മാറിനിന്നെങ്കിലും അനീതിക്കെതിരെ ഭദ്രകാളിയായി മാറേണ്ട അവസരങ്ങളിലൊക്കെ ഞാന്‍ കാളിയ മര്‍ദനം ഭംഗിയായി ആടുകയും ചെയ്തു.
ഫോര്‍ എവരി ആക്ഷന്‍ ദേര്‍ മസ്റ്റ്‌ ബി ആന്‍ ഇമ്മീടിയറ്റ് ഓപ്പോസിറ്റ് റിയാക്ഷന്‍ എന്ന ന്യൂട്ടന്‍ തിയറിയില്‍ ഞാന്‍ എന്നും വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ കമന്റ് അടിച്ചവരും കളിയാക്കിയവരും വിസിലടിച്ചവനും കണ്ണിറുക്കിയവനും ബസ്സില്‍ വെച്ച് ആളറിയാതെ തോണ്ടിയവനും ബസ്സിറങ്ങുമ്പോള്‍ തുടയ്ക്കു പിടിച്ചവനുമൊക്കെ അതിനുള്ളത് ആജീവനാന്ത പലിശ ചേര്‍ത്ത് അപ്പോള്‍ തന്നെ അനുഭവിച്ചു തീര്‍ക്കുകയും ചെയ്തു.
ഇത്തരം പ്രവര്ത്തികളോട് യാതൊരു ദീനാനുകമ്പയോ സമരസപ്പെടാലോ ശൈശവത്തിലോ കൌമാരത്തിലോ എന്നില്‍ നിന്നും ഉണ്ടായിട്ടില്ല.
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ ഒക്കെ ആയതു കൊണ്ടായിരിക്കണം എനിക്ക് നേരെ വരേണ്ടിയിരുന്ന പല കാമ ദേവന്മാരുടെയും പ്രണയശരങ്ങള്‍ തന്താങ്ങളുടെ അമ്പുതാങ്ങി*യില്‍ തന്നെ വിശ്രമിച്ചത്.
കമന്റടിയില്ല.. പ്രേമ ലേഖനമില്ല.. വഴിയില്‍ കാത്തുനിന്നു സൈറ്റ് അടിക്കാന്‍ ആരുമേയില്ല..
കോളേജ് വീട്.. വീട് കോളേജ്..
ഇങ്ങനെ ജീവിച്ചു ബോറടിച്ചു , ഒരു മാറ്റം വേണം എന്നാഗ്രഹിച്ചു തുടങ്ങിയപ്പോഴേക്കും കെട്ടിച്ചു വിടാന്‍ തീരുമാനമായി.
പെണ്ണുകാണാന്‍ വന്ന സാജിദ് കാര്യങ്ങള്‍ക്കൊരു തീരുമാനമാക്കും മുന്പ് മര്യാദക്കൊന്നു സംസാരിക്കാന്‍ അപ്പോയിന്മേന്റ്റ് എടുത്തു വീണ്ടും വന്നു.
ഇനിയങ്ങോട്ട് ഒരു ജീവിതം മുഴുവന്‍ ഒരുമിച്ചു ഒരു കൂരയ്ക്ക് കീഴില്‍ കഴിയേണ്ടവരാണ് . ആള് നല്ല മസിലന്‍. ഇടി കിട്ടിയാല്‍ വിവരമറിയും. വഴക്കിടുമ്പോള്‍ കയ്യകലം നില്‍ക്കണം. അത് സൂക്ഷിക്കാം.. എടുത്തെറിയുന്ന / എറിഞ്ഞു തകര്‍ക്കുന്ന ഐറ്റംസ് കയ്യിലുണ്ടോ ആവോ .. അങ്ങിനെ ആണെകില്‍ വീടൊരു കലാപ ഭൂമിയും അതുവഴി മറ്റൊരു ഞെളിയന്‍പറമ്പും ആയി മാറാന്‍ അധികം കാലം വേണ്ട.
തലമുറകളായി കൈമാറിക്കിട്ടിയ വിശേഷ സ്വഭാവത്തെ ജീന്‍ മ്യൂട്ടേഷന്‍ ചെയ്തു എന്നില്‍ നിന്നും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. ഞാന്‍ അത്യധികം ആഗ്രഹിച്ചു.. കാരണം മുന്നിലിരിക്കുന്ന ആളുടെകൂടെ സ്വസ്ഥവും സമാധാനപരവുമായ ഒരു ജീവിതം എനിക്ക് നയിക്കണമായിരുന്നു.
വര്‍ഗ്ഗ ശുദ്ധിയുള്ള പെണ്ണാവാന്‍ ശ്രമിച്ചു, നഖം കൊണ്ട് 'റ' വരയ്ക്കുന്നതിനിടയില്‍ ഉള്ളിലെ ആശങ്ക മറച്ചു വെക്കാതെ ഞാന്‍ കാര്യം പറഞ്ഞു.. " ലേശം മുന്‍കോപിണിയാണ്.. അവിടെയോ?"
"ഏയ്‌.. ഞാന്‍ പണ്ടൊക്കെ വല്ലപ്പോളും വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം ആരോടെങ്കിലും വളരെ മിതമായ നിരക്കില്‍ ചൂടായിട്ടുണ്ടെങ്കിലെയുള്ളൂ. .. ഇപ്പൊ ജീവിതാനുഭവങ്ങളിലൂടെ വിവേകം കൈവരിച്ചതിനാല്‍ കോപപ്പെടാറെ ഇല്ല. കുട്ടി വേണമെങ്കില്‍ എനിക്ക് ശിഷ്യ പെട്ടോളൂ.. ഫീസൊന്നും തരണ്ട.. ഞാന്‍ കുട്ടിയെ എത്രയും പെട്ടെന്ന് ഒരു തികഞ്ഞ സ്വാമിനി ആക്കി മാറ്റാം.."
തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ അദ്ദേഹമത് പറഞ്ഞതും എന്റെ യുള്ളില്‍ ബാക്കി നിന്നിരുന്ന ആശങ്കകള്‍ അത്രയും അലിഞ്ഞുപോയി.. കാരണം അന്നെനിക്ക് അറിയില്ലായിരുന്നല്ലോ
സാജിദ് എന്നോട് പറഞ്ഞ ആദ്യത്തെ നുണയായിരുന്നു അതെന്ന്!!!

Wednesday, March 23, 2016

ഹാ .. എന്‍റെ വിഷാദരോഗമേ!!

ഹാ .. എന്‍റെ വിഷാദരോഗമേ!!
ദീപിക പദുകോണിന് വിഷാദരോഗം പിടിപെട്ടതും അവരത് മൂടിവേക്കാതെ വേഗം തന്നെ ചികിത്സ തേടിയതും ഈയിടെ വലിയ വാര്‍ത്തയായിരുന്നല്ലോ..
ഇന്ത്യയില്‍ പത്തില്‍ നാലുപേര്‍ക്ക് വിഷാദരോഗം ഉണ്ടെന്ന കണക്കു വായിച്ചപ്പോള്‍ ഞാനും അവരില്‍ ഒരാള്‍ ആണല്ലോ എന്നുതോന്നി. ഈ പോസ്റ്റ്‌ വായിക്കുന്ന നിങ്ങളില്‍ പലരില്‍ ഒരാള്‍ .
വല്ലാത്ത ഒരവസ്ഥയാണ് സത്യത്തില്‍ അത്. നല്ല മൂഡില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എവിടെനിന്നോ യാതൊരു മുന്നറിയിപ്പും ഇല്ലാതെ മനസിനെ കാര്‍മേഘം വന്നു മൂടിയ അവസ്ഥ.
ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല.. മൂടിക്കെട്ടി അങ്ങിനെ ഇരിക്കും.. ദേഷ്യം വരും.. പെട്ടെന്ന് കരയും..ആകെ ഒറ്റക്കായതു പോലെ തോന്നും..ചുറ്റുമുള്ളവര്‍ക്ക് ആണെങ്കില്‍ ആ അവസ്ഥ പറഞ്ഞാല്‍ ഒട്ടു മനസിലാകുകയും ഇല്ല.. കഷ്ട്ടം തന്നെ ഞങ്ങളുടെ കാര്യം.
എന്നാല്‍ അതില്‍ നിന്നും പുറത്തുവരാനും അധികം താമസം ഒന്നും വേണ്ട.. നിനച്ചിരിക്കാതെ കാര്‍മേഘം അകന്നു സൂര്യന്‍ പുറത്തു വരുന്നതുപോലെ ഞങ്ങളും മൂടികെട്ടലില്‍ നിന്നും അനായാസം പുറത്തുവരും..
എന്തായാലും കോളേജില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ കില്ലാടിയോന്‍ കാ കില്ലാടി സില്‍സില കാലടി യുടെ ഈ മൂഡ്‌ ചെയ്ഞ്ചിന്റെ കാരണം പ്രസിദ്ധമായിരുന്നു.
പഠനത്തെക്കുറിച്ചോ പരീക്ഷയെ കുറിച്ചോ യാതൊരു അല്ലലുകളും വെച്ചുപുലര്‍ത്താന്‍ ഇഷ്ട്ടപെടാത്ത , പൊതുവേ പ്രസന്നയായി മാത്രം കാണപ്പെടുന്ന ഞാന്‍ എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ ദേഷ്യപെടാനും പൊട്ടിക്കരയാനും തുടങ്ങിയപ്പോള്‍ എല്ലാവരും ആദ്യം കരുതിയത്‌ അത് വീട് വിട്ട് ഹോസ്റ്റലില്‍ വന്നു താമസിക്കേണ്ടി വന്നതുകൊണ്ടാണെന്നാണ്‌
എന്നാല്‍ കുറച്ചു മാസങ്ങള്‍ എന്നെ നിരീക്ഷിച്ച സഹമുറിയത്തിമാര്‍ വൈകാതെ ആ രഹസ്യം കണ്ടു പിടിച്ചു. എല്ലാ മാസവും പിരിയേഡ്സ് ആകുന്നതിന്റെ മുന്‍പിലത്തെ ദിവസങ്ങളില്‍ ഞാന്‍ വല്ലാതെ ഡിപ്രസ്‌ ആകുന്നു.
അവിടുന്നങ്ങോട്ട് പഠന പൂക്കാലം കഴിയുന്നതുവരെ ഇക്കാലങ്ങളില്‍ സുഹൃത്തുക്കള്‍ പ്രത്യേകം പരിഗണന തരാന്‍ ശ്രദ്ധിച്ചിരുന്നു. അനാവശ്യമായി ഞാന്‍ ദേഷ്യപെട്ടാല്‍ നന്പത്തികള്‍ അതങ്ങ് വകവെച്ചു തരും. മാസത്തില്‍ രണ്ടു ദിവസം എന്നെ സഹിച്ചാലും ബാക്കി 28 ദിവസവും അവര്‍ ഞാന്‍ കാരണം ഹാപ്പിയായിരുന്നു.
സത്യത്തില്‍ അന്നൊക്കെ ഡിപ്രഷന്‍ അടിച്ചു തുടങ്ങുമ്പോള്‍ ആണ് അയ്യോ ടൈം ആയല്ലോ എന്ന് ഓര്‍ക്കുക തന്നെ.. മനസിലേക്ക് ഇരുണ്ട പുക വന്നു നിറയുന്നതുപോലെയാണ്.. ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയില്ല.. എല്ലാത്തിനോടും ദേഷ്യം..രണ്ടേ രണ്ടു ദിവസം മാത്രം.. ആര്‍ത്തവം ആരംഭിച്ചു കഴിയുന്നതും അശുദ്ധ രക്തത്തിന്റെ കൂടെ അതുവരെ മനസിനെ അലട്ടിയ അല്ലലുകളും ഒഴുകി അപ്രത്യക്ഷമാകും..പിന്നീട് അങ്ങോട്ട് നമ്മള്‍ വളരെ പോസിടീവ് ആണ്..
മഴപെയ്തു തെളിഞ്ഞ മാനം പോലെ മനസ് ഒരു അപ്പൂപ്പന്‍ താടിപോലെ സ്വപ്ന വിഹായസില്‍ പറന്നു നടക്കും.. ഡിപ്രഷന്‍ ഉള്ളവര്‍ക്ക് മാത്രം അനുഭവ വേദ്യമാകുന്ന മറ്റൊരു സുന്ദര ആഫ്റ്റര്‍ എഫ്ഫക്റ്റ്‌.
മാസത്തിലെ മനസിന്റെ ഈ കുസൃതി ഇപ്പോളും ഉണ്ടെങ്കിലും.. അതിനെ ഓര്‍ത്തു സങ്കടപെടാന്‍ ആര്‍ക്കു നേരം.. ദിവസത്തിന്റെ 24 മണികൂര്‍ തന്നെ തികയാത്ത ജീവിതം. അതിനിടക്ക് മൂടിക്കെട്ടി ഇരിക്കാന്‍ മനസ് വാശിപിടിചാലും കുട്ടികളും ചട്ടികളും ചുറ്റുപാടും അതിനു സമ്മതിക്കില്ലല്ലോ..
ആര്‍ത്തവ സമയത്തെ ഈ മൂഡ്‌ മാറ്റം മിക്ക സ്ത്രീകള്‍ക്കും ഉണ്ടെന്നു തോന്നുന്നു. ..
എന്നാല്‍ ഇതിന് പുറമേ രണ്ടു മൂന്നു തവണ കൂടി ഞാന്‍ ഡിപ്രഷന്‍ അടിച്ചു വട്ടായ സംഭവങ്ങള്‍ ഉണ്ടായി..
ഒന്നൊരിക്കല്‍ മദര്‍ തെരേസ ആവാന്‍ പോയപ്പോള്‍ ആയിരുന്നു.
മാനസിക നില തെറ്റിയ നിലയില്‍ തെരുവില്‍ കണ്ട എന്‍റെ അതെ പ്രായമുള്ള , ഓക്സ്ഫോര്‍ഡ് ഇന്ഗ്ലിഷ് സംസാരിക്കുന്ന സുന്ദരി കുട്ടി. എനിക്കും അവള്‍ക്കും ഒരെപ്രായം :25.
വളരെ കോമ്പ്ലിക്കേഷന്‍സ് നിറഞ്ഞതായിരുന്നു ആ കുട്ടിയുടെ അവസ്ഥ ,രക്ഷിക്കാന്‍ പോയി പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി ചെരിപ്പ് തേഞ്ഞതു മിച്ചം. ലാസ്റ്റ് എന്നെയാണോ അവളെയാണോ നിംഹാന്‍സില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ..
അന്ന് അതില്‍ നിന്നും പുറത്തു വരാന്‍ നാട്ടില്‍ പോയി ഉമ്മയുടെ കൂടെ ഒരുമാസം നില്‍ക്കേണ്ടി വന്നു.. അവസ്ഥ പറഞ്ഞാല്‍ മനസിലാകുന്ന മലയാളി സൈക്യാട്രിസ്റ്റ് ഇനെ കാണാന്‍ ആണ് നാട്ടിലേക്ക് പോയത്.
ബംഗ്ലൂരില്‍ നിന്നും ഞാന്‍ വന്നിരിക്കുന്നത് സൈക്യാട്രിസ്റ്റ് ഇനെ കാണാന്‍ ആണെന്ന് ഉമ്മയോട് പറഞ്ഞാല്‍ പിന്നതു മതി അവരുടെ ഉറക്കം നഷ്ട്ടപെടാന്‍.. യാത്ര പുറപ്പെടുമ്പോള്‍ വീട്ടില്‍ എത്തിയാല്‍ എന്തുപറയണം എന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . എന്തായാലും കേരള ബോര്‍ടര്‍ കടന്നു മലയാളത്തിന്റെ മണം അടിച്ചതും.. പകുതി ഡിപ്രഷന്‍ മാറി..വീട്ടില്‍ എത്തി കിണറ്റു വെള്ളത്തില്‍ കുളിച്ചതും ബാക്കിയും..പേടിയായിരുന്നു തിരിച്ച് കയറാന്‍.. ആ ഭയം മാറുന്നത് വരെയും അടിച്ചു പൊളിച്ചു നാട്ടില്‍ നിന്നു..
പിന്നീട് ഈവ'യെ പ്രസവിച്ച സമയത്ത്...കുഞ്ഞു മഞ്ഞപ്പിത്തം ബാധിച്ച് ലൈറ്റ് റൂമില്‍..ഇടയ്ക്കിടെ പാല് കുടിപ്പിക്കാന്‍ കൊണ്ടുവരുമെങ്കിലും വന്ന വേഗത്തില്‍ തിരിച്ച് കൊണ്ടുപോകും.. ഒന്നും രണ്ടുമല്ല ഒരാഴ്ച കിടന്നു ട്യൂബിനടിയില്‍. ഞാന്‍ ഉറക്കം വരാതെ കിടന്നു.
അലറി ക്കരയാന്‍ മാത്രം സങ്കടം കുമിഞ്ഞു കൂടിയിരുന്നു മനസില്‍..
എന്നെ പോലൊരു ചക്കപ്പോത്ത് , ഇക്കാരണത്തിന് കരഞ്ഞാല്‍ കൂടെയുള്ളവര്‍ കളിയാക്കി കൊല്ലില്ലെ.?!
ഞാന്‍ സന്തോഷം അഭിനയിച്ചു..
ഇടയ്ക്കു മുറിയില്‍ നിന്നും എല്ലാവരും പുറത്തുപോയ സമയത്ത്, മനസ്‌ ഒന്ന് സ്വസ്ഥമാക്കാന്‍ വേണ്ടി , ഹൃദയം പൊട്ടി ആര്‍ത്തലച്ചു കരഞ്ഞു ഡിപ്രഷന്‍ ഒഴുക്കികളയാന്‍ നോക്കിയതാണ്...
പക്ഷെ സിസേറിയന്‍ ചെയ്തതിന്റെ തുന്നലില്‍ കമ്പിയിട്ട് വലിച്ചതുപോലെ ഒരു കൊള്ളിയാന്‍..
തിരിച്ച് വന്ന ഉമ്മ , ഞാന്‍ കണ്ണുകളിലൂടെ ഡിപ്രഷന്‍ ഒഴിക്കു കളയുന്നത് കണ്ടിട്ട് അവസരം പാഴാക്കാതെ ടയലോഗ് അടിച്ചു.
"നിനക്കെ ഈമാന്റെ കുറവാ.. മനസിന് ധൈര്യം കിട്ടാന്‍ ആയത്തുല്‍ കുര്‍സി ചൊല്ലിക്കോ.."
ഈ പ്രശനം എമിലിന്റെ സമയത്തും ഉണ്ടാകുമെന്ന് ഭയന്നിരുന്നു..നവജാത ശിശുവിന് മഞ്ഞപ്പിത്തം വരാതിരിക്കാന്‍ അമ്മമ്മാര്‍ , ഗര്‍ഭ കാലത്തിന്റെ അവസാന സമയങ്ങളില്‍ വയറ് വെയില് കൊള്ളിച്ചാല്‍ മതിയെന്ന് ആരോ പറഞ്ഞു..രാവിലേം വൈകുന്നേരവും ടെറസിനു മുകളില്‍ പോയി പോക്കുവെയില്‍ കൊണ്ട് നിറവയര്‍ സ്വര്‍ണ വര്‍ണമായി .. പുറത്തു വന്നപ്പോള്‍ എമിലുട്ടന്‍ ആരോഗ്യ ശുഷ്ക ഗ്രാതനും.
No മഞ്ഞപ്പിത്തം=No ഡിപ്രഷന്‍
മമ്മിക്കു ഡിപ്രഷന്‍ സമ്മാനിക്കാത്ത പൊന്നുംകട്ട..
പ്രായം രണ്ടു വയസ് കഴിഞ്ഞു.
ജീവിതകാലം മുഴുവന്‍ അമ്മിഞ്ഞപ്പാല്‍ കുടിച്ചു ജീവന്‍ നിലനിര്‍ത്താം എന്ന് തീരുമാനിച്ച് ഉറപ്പിച്ചത് പോലെ മാറോടൊട്ടി ജീവിക്കുന്നവന്‍.
ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പോലെയല്ല ..
അവര്‍ കുടിയോടു കുടിയാണ്..
നമ്മളെ ശരിക്കും വലച്ചു കളയും.
മെലിഞ്ഞു മെലിഞ്ഞു , എന്നെകണ്ടാല്‍ ആളുകള്‍ ഈവയുടെ സിസ്റ്റര്‍ ആണോ എന്ന് ചോദിക്കുന്ന അവസ്ഥ വരെ എത്തി.
ഇനിയും മെലിഞ്ഞാല്‍ ഈവയുടെ അനിയത്തി ആണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങും.. അത് കേള്‍ക്കുന്നത് എനിക്ക് സന്തോഷമാണെങ്കിലും കോമ്പ്ലെക്സ് അടിച്ചു ഈവയെങ്ങാനും വീട് വിട്ടുപോയാലോ എന്ന ചിന്ത വന്നപ്പോള്‍ ആണ് എമിലിന്റെ പാലുകുടി നിര്‍ത്തുന്ന കാര്യം ഞാന്‍ സീരിയസ് ആയി എടുത്തത് ..
എമിലിനു രണ്ടു വയസ് കഴിഞ്ഞല്ലോ .. സര്‍ക്കാര്‍ കണക്കു പ്രകാരം നിര്‍ബന്ധമായും കുട്ടികളെ രണ്ടു വയസു വരെ മുലയൂട്ടണം എന്നാണു.. അത് ഞാന്‍ വിജയകരമായി പൂര്തീകരിചിരിക്കുന്നു.
രണ്ടു വയസില്‍ മുലകുടി മാറ്റാന്‍ ശ്രമം തുടങ്ങി എങ്കിലും ഈവയുടെ കാര്യത്തില്‍ വിജയം കാണാന്‍ മൂന്നു മാസത്തോളം പിന്നെയും എടുത്തു.അതുവരെയും കുടിക്കാതെ നടന്നിരുന്ന കുട്ടി , നിര്‍ത്താന്‍ പോകുന്നു എന്നറിഞ്ഞതും എന്തോ വാശിയുള്ളതുപോലെ പെരുമാറാന്‍ തുടങ്ങിയിരുന്നു.
ആ അനുഭവം ഓര്‍മയില്‍ ഉണ്ട്.
പാല്‍മണം മാറാത്ത കുട്ടികള്‍ക്ക് ഈലോകത്ത് ഒരേ ഒരു ശത്രുവേ ഉള്ളു ചെന്നിനായകം. മറ്റെന്തെങ്കിലും ഉപയോഗം അതിനുണ്ടോ അറിയില്ല. കന്നഡക്കാരുടെ വൈദ്യക്കടയില്‍ ചെന്ന് അറിയുന്ന ഭാഷയില്‍ സംഗതി അവതരിപ്പിച്ചു. അവരുടെ വിവരക്കുറവോ എന്‍റെ ഭാഷാ ജ്ഞാനം കാരണമോ അറിയില്ല , പോയത് പോലെ തിരിച്ച് വന്നു.
കൈപ്പുള്ള എന്തുണ്ട് കയ്യില്‍.. കൊറേ ആലോചിച്ചു..
കൈപ്പക്ക വാങ്ങി ഇഞ്ചി ചതക്കുന്ന കുഞ്ഞുരലില്‍ ഇട്ടു കുത്തി പിഴിഞ്ഞു ചാര്‍ എടുത്ത് പ്രയോഗിച്ചു.
അര ദിവസം .. പകല്‍ അവന്‍ പാല്‍ കുടിച്ചതെ ഇല്ല..
രാത്രിയായി , ഉറങ്ങാന്‍ നേരം ചിണ്‌ങ്ങിയ കുഞ്ഞിനെ ഞാന്‍ കര്നകടോര ശബ്ധത്തില്‍ താരാട്ട് പാടി വല്ല വിധേനയും ഉറക്കി.
സമയം അര്‍ദ്ധ രാത്രി ഏകദേശം മൂന്നു മൂന്നര ആയിക്കാണും..
നെഞ്ചും കൂടിനു മുകളില്‍ ആകെ ഒരു പരവേശം..
പാല് കട്ടയായി വേദനയോടു വേദന...
ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ വിളിച്ചുണര്‍ത്തി പാല്‍ ഉണ്ടെന്നു പറഞ്ഞു ..ഉറക്കപിച്ചില്‍ കൈപ്പക്കയുടെ കൈപ്പ് അവന്‍ പ്രശ്നമാക്കിയില്ല.
ഞാനും ഹാപ്പി അവനും.
അന്നത്തോടെ കൈപ്പക്ക പ്രയോഗം പൊളിഞ്ഞു.
ഇനി എന്ത് ചെയ്യും..
കുളി കഴിഞ്ഞു വന്നു എന്തോ ചിന്തിച്ചു പെര്‍ഫ്യൂം എടുത്തു അടിച്ചത് മൂക്കിലും വായിലും പോയി.. ആഹ നല്ല കൈപ്പ്.
പക്ഷെ പ്രയോഗിച്ചില്ല.. കെമിക്കല്‍ അല്ലെ.. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് ജയിലിലെ ചപ്പാത്തി തിന്നാന്‍ ആര്‍ക്കാണ് ആഗ്രഹം.
ആരോ പറഞ്ഞു പ്ലാസ്റ്റര്‍ ഒട്ടിച്ചാല്‍ മതിയെന്ന്..
മമ്മിക്കു 'അബ്ബൂ' ആണെന്നും "ബൂ"ഉണ്ടെന്നും പറഞ്ഞാല്‍ മതി.
ട്രൈ ചെയ്ത അതെ വേഗത്തില്‍ സംഭവം പൊളിഞ്ഞു.
ഇന്റര്‍നെറ്റ്‌ ഇന്റെ ലോകത്ത് വിരിഞ്ഞിറങ്ങിയ കുട്ടികള്‍ക്കൊക്കെ നല്ല ബുദ്ധിയാനെന്നു മനസിലായി..
ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു.
ബസ്സെന്നോ സ്റ്റാന്റ് എന്നോ റെയില്‍വെ സ്റ്റേഷന്‍ എന്നോ ബോധം ഇല്ലാതെ നെഞ്ചില്‍ തൊട്ട് 'മമ്മീ പാല്‍ ... മമ്മീ പാല്‍..'എന്നലറുന്ന കുട്ടി.
കണ്ണില്‍ ചോര ഇല്ലാത്ത തള്ള എന്ന് കണ്ണുരുട്ടുന്ന പൊതുജനം.
ഇവനേം കൊണ്ടിനി പുറത്തു പോകില്ലെന്നായി ഞാന്‍.
'കുടിച്ചു ചാവ്'
ഞാന്‍ ആ ഉദ്യമത്തില്‍ നിന്നും തോറ്റ് പിന്തിരിഞ്ഞു.
അങ്ങിനെയിരിക്കെ ഒരു ദിവസം ചെടികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ കത്തി പിടിച്ച കൈവിരല്‍ അറിയാതെ വായില്‍ പോയി..
'ചായ്.. ത്ഫൂ..' നല്ല യമണ്ടന്‍ കൈപ്പ്.
നോക്കുമ്പോള്‍ കറ്റാര്‍വാഴയാണ്.
അതിന്‍റെ പള്‍പ്പിന് നല്ല കിടിലന്‍ കൈപ്പ്.
സമയം പാഴാക്കാതെ എടുത്തു പ്രയോഗിച്ചു.
കുഞ്ഞു സംഭവം പിടികിട്ടാതെ എന്‍റെ കണ്ണില്‍ നോക്കി കരഞ്ഞു.
ഞാന്‍ അത് കാണാത്ത താടകയെ പോലെ നോട്ടം മാറ്റിക്കളഞ്ഞു.
ചെവിയില്‍ ഫോണിന്‍റെ ഹെഡ് സെറ്റും തിരുകി ' വിണ്ണയി താണ്ടി വരുവായ'യിലെ പാട്ടും വെച്ചു പണിയില്‍ മുഴുകി.
ഒന്നേ.. രണ്ടേ... ......
അഞ്ചെ...ആറെ..
പത്തെ..പന്ത്രണ്ടേ..
മണിക്കൂറുകള്‍ കഴിയും തോറും ആഹ്ലാദം കൂടിക്കൂടി വന്നു..
കിരീടം സിനിമയില്‍ ക്ലൈമാക്സ് ഇല്‍ വിളിച്ച് പറയുന്നതുപോലെ
നാട്ടിലേക്ക് ഉമ്മയേയും , അബൂദാബിയിലേക്ക്‌ അനിയത്തിക്കും വിളിച്ച് പറഞ്ഞു..
'എമിലിന്റെ പാലുകുടി നിര്‍ത്തിയെ !!!!!!"
രാത്രി ഉറക്കത്തില്‍ വാശി പിടിച്ചു കരഞ്ഞ കുഞ്ഞിനെ എടുത്തു കൊണ്ട് നടന്നു , പാട്ടുപാടി,തൊട്ടിലില്‍ ഇട്ടു പൂര്‍വ വൈരാഗ്യം പോലെ കുത്തികുലുക്കി ബോധം കെടുത്തി ഉറക്കി.
നേരം വെളുത്തു.
ഉച്ചയായി.
രാത്രിയായി.
വീണ്ടും നേരം വെളുത്തു
കുഞ്ഞ് പാലിന്റെ കാര്യം പാടെ മറന്ന് കളിയില്‍ മുഴുകിയിരിക്കുന്നു.
അവന്‍റെ നടത്തം കണ്ടു സന്തോഷം കൊണ്ട് ആര്മാദിക്കേണ്ട സമയം ആണ്.
പക്ഷെ എനിക്കെന്തോ ഒരു ഗ്ലൂമിനെസ്സ്..
മനസില്‍ വല്ലാത്തൊരു മൂടികെട്ടല്‍..
ഡിപ്രഷന്‍ അടിക്കുന്നു..
എല്ലാത്തിനോടും ദേഷ്യം..
വാട്സ് അപ്പും പണ്ടാരവും ഒന്നും രക്ഷക്ക് എത്തിയില്ല..
നേരെ എഫ് ബി യില്‍ വന്നു പോസ്റ്റ്‌ ഇട്ടു.
"ഈ ലോകത്ത് ഈ നിമിഷം ഞാൻ ആരെയും സ്നേഹിക്കുന്നില്ലെന്നു തോനുന്നു
എന്നെത്തന്നെയും
Highly depressed"
അത് പാരയായി..
ഞാന്‍ ജീവിതം മടുത്തു വല്ല സാഹസവും ചെയ്യാന്‍ പോകുക ആണെന്ന് കരുതി സുഹൃത്തുക്കള്‍ മെസേജും വിളിയും.
ഒന്‍പതാം ക്ലാസിലെ ക്ലാസ് ടീച്ചര്‍ വിളിച്ച് 'Are you ok?"
എന്ന്..
വീട്ടില്‍ നിന്നും പതിവില്ലാതെ ഉപ്പ വിളിച്ച് "നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ?"
ഇനി ഒരു നിമിഷം വൈകിക്കാന്‍ ഇല്ല ഓടിപ്പോയി ടെറസില്‍ കളിച്ചുകൊണ്ടിരുന്ന എമിലിനെ പിടിച്ചുകൊണ്ടു വന്നു.
മാതൃത്വം അവനു മുന്നില്‍ അടിയറവ് വെച്ചു.
ഹാ .. എന്‍റെ വിഷാദ രോഗമേ .. എന്നോടാ നിന്റെ കളി..
ഫീലിംഗ് relaxed

jackson i love u

നാലു വര്‍ഷത്തില്‍ കൂടുതലായി Jackson Jackuഎനിക്ക് മെസേജ് അയക്കാന്‍ തുടങ്ങിയിട്ട്. ..
സുഖമാണോ..
കാണാറില്ലല്ലോ...
മിണ്ടൂല അല്ലെ..എന്നിങ്ങനെയുള്ള സുഖാന്വേഷണങ്ങള്‍ ആയിരുന്നു തുടക്കത്തില്‍
എന്‍റെ മറുപടികള്‍ കാണാഞ്ഞ് ആദ്യമൊക്കെ പരാതിപ്പെടുമായിരുന്നു എങ്കിലും ക്രമേണ അവന്‍ അത്
നിര്‍ത്തി.
എങ്കിലും കൃത്യമായി തന്‍റെ ജീവിതത്തില്‍ നടക്കുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ എന്നെ അറിയിക്കുന്നതില്‍ മുടക്കം വരുത്തിയതും ഇല്ല.
ചേച്ചി.. ഇന്നെന്റെ പൂച്ച പ്രസവിച്ചു. (അമ്മച്ചി പൂച്ചയും മൂന്ന് മക്കളും :photo)
അയ്യോ നോക്കിയേ അവളുടെ അഹങ്കാരം സര്‍പ്പക്കാവില്‍ വിളക്ക് കൊളുത്തുന്ന സ്ഥലത്താണ് ഇപ്പൊ കിടപ്പ്..(കുങ്കുമം കൊണ്ട് ചുമന്ന ഒരു തറയില്‍ പട്ടുപോലെ വെളുത്ത ഒരു പൂച്ചപോലെ ഒന്ന്. ദൂരെ നിന്നും എടുത്ത ഫോട്ടോആയത്നാല്‍ പൂച്ചയെ ശരിക്കും കാണുന്നില്ല. )
അമ്മ പറഞ്ഞു അതിനടുത്തേക്ക് ആരും പോകണ്ട.. കുട്ടികളേം കൊണ്ട് അവള്‍ സ്ഥലം വിടും.
ചേച്ചി ഞാന്‍ ഇന്ന് സൈക്കിളില്‍ നിന്നും വീണു. മുറിവ് ഗുരുതരമല്ല.
മഴ തുടങ്ങി.
മേസേജുകള്‍ക്ക് യാതൊരു മുടക്കവും ഇല്ല.
ഇവന് ബോര്‍ അടിക്കില്ലേ.. അതോ എല്ലാര്‍ക്കും ഇതേപോലെ മെസേജ് അയക്കുന്നുണ്ടാകുമോ..
ഇവന്റെ ഉദേശം എന്തായിരിക്കും..
ഞാന്‍ വെറുതെ ഓര്‍ത്തു ചിരിച്ചു..
നോക്കണമല്ലോ ഇവന്‍ ഇതെത്ര കാലം തുടരുമെന്ന്..
മാസങ്ങള്‍ക്ക് മുന്‍പ് തന്‍റെ ഒരു കൂട്ടുകാരിക്ക് കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട് ചേച്ചി അവരെ വിളിച്ചൊന്നു സംസാരിക്കാമോ... ഇതാണ് അവളുടെ നമ്പര്‍ അത്യാവശ്യം ആണെന്ന് മെസേജ് വന്നു.
അന്നെന്തോ ചില കാരണങ്ങളാല്‍
കരഞ്ഞു വിളിച്ച് കൊണ്ട് മൂടികെട്ടി ഫേസ് ബുക്കും നോക്കി ഇരുന്ന ഞാന്‍ പെട്ടെന്ന് ഫോണ്‍ എടുത്തു കുത്തി യാതൊരു മുന്‍പരിചയവും ഇല്ലാത്ത ഒരു പെണ്‍കുട്ടിയോട് ജീവിതത്തെ കുറിച്ച്ത ത്ത്വം വിളമ്പുന്നത് കേട്ടിട്ട് കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ എന്നെ അല്പം കളിയാക്കികൊണ്ട്‌ തന്നെ ഉപദേശിച്ചു
അല്ലെ..നീ ഇപ്പോള്‍ അവളോട്‌ പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു സ്വയം കേട്ട് നോക്കിയാല്‍ തീരാവുന്നത്തെ ഉള്ളു നിന്‍റെ ഇപ്പോഴത്തെ പ്രശനം.
അവന്‍ പറഞ്ഞത് കേട്ട് ഇളിഭ്യയായെങ്കിലും നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള ജക്സനിന്റെ മെസേജ് അന്നുതന്നെ വന്നു ..
"എനിക്ക് റിപ്ലെ തരുന്നില്ലെങ്കിലും ഞാന്‍ പറഞ്ഞ ഒരു കാര്യം ചെയ്തല്ലോ.. നന്ദി ചേച്ചി... നന്ദി നന്ദി."
എന്നുവെച്ചു ഞാന്‍ എന്‍റെ ജാഡ കുറക്കാന്‍ ഒന്നും പോയില്ല. ശേഷം വന്ന മേസേജുകള്‍ക്കും മൌനം തന്നെ മറുപടി. ആര് തോല്‍ക്കും ആര് ജയിക്കും അറിയണമല്ലോ...
ഇന്ന് ജാക്സണ്‍ന്‍റെ ഒരു മെസേജ് കണ്ടു എനിക്കിപ്പോ പറഞ്ഞറിയിക്കാന്‍ വയ്യാത്ത അത്ര സങ്കടം. അതോ സന്തോഷമോ..
"കണ്ണുകാണാത്ത കുട്ടിക്ക് വീടുവെക്കുവാന്‍ മൂന്ന് സെനറ്റ്‌ സ്ഥലം വാങ്ങുന്ന കാര്യം പോസ്റ്റ്‌ ഇട്ടിരുന്നല്ലോ. ഇന്നലെ കാശ് ഇടാന്‍ ബാങ്കിലേക്ക് ഇറങ്ങുമ്പോള്‍ നല്ല മഴ. സൈക്കിളിനു ബ്രേക്ക്‌ കുറവ് ആയതിനാല്‍ പോകാന്‍ പറ്റിയില്ല. ഇന്ന് എന്‍റെ രണ്ടു ദിവസത്തെ കൂലി ഞാന്‍ മാതൃകം അക്കൗണ്ട്‌ ഇലേക്ക് ഇട്ടിട്ടുണ്ട്. "
കൂടെ അഞ്ഞൂറ് രൂപ മാതൃകം ബാങ്ക് അക്കൗണ്ട്‌ ഇലേക്ക് ഇട്ടതിന്റെ റെസിപ്റ്റും.
വല്ലാത്ത സാമ്പത്തിക ബാധ്യതകളില്‍ കുടുങ്ങി കണ്ണ് കാണാത്ത തന്‍റെ അച്ഛന്‍ , തൂങ്ങി മരിച്ച നീരജ എന്ന അന്ധ വിദ്യാര്തിനിക്കും അമ്മയ്ക്കും ചേച്ചിക്കും കൂടി താമസിക്കാന്‍ ഒരു വീട്. അതിനായി ആദ്യം മൂന്ന് സെന്റ്‌ സ്ഥലം.
സാമൂഹ്യ പ്രവര്‍ത്തനം നമുക്ക് വേണ്ടി ചെയ്യുന്നത് അല്ലെങ്കിലും , ആരോടെങ്കിലും സാമ്പത്തിക സഹായം ചോദിക്കുക എന്നത് വല്ലാത്ത ബുദ്ധിമുട്ട തന്നെയാണ്..
പലരും പരിഹസിക്കും.. അവഗണിക്കും.. തങ്ങള്‍ക്കും വീടിലെന്നു കളിയാക്കും..
പിന്നെയും ഇതിനൊക്കെ മുന്നിട്ടിറങ്ങുന്നത് , ശബ്ദം ഇല്ലാത്തവര്‍ക്ക് ശബ്ദം ആവേണ്ടതുണ്ട് നമ്മള്‍ എന്നാ തിരിച്ചറിവ് ഒന്ന് കൊണ്ട് മാത്രമാണ്.
എത്ര അപമാനം സഹിച്ചാലും , കണ്ണുകളിലെ , ചിന്തകളിലെ വെളിച്ചം നഷ്ട്ടപെട്ടവര്‍ക്ക് ചുണ്ടില്‍ ഒരു പുഞ്ചിരി ശേഷിപ്പിക്കാന്‍ നമുക്കാവുമെങ്കില്‍ എന്തിനു മാറി നില്‍ക്കണം എന്നാ ഉറക്കം കെടുത്തുന്ന ചിന്ത.
വെക്കേഷന് നാട്ടില്‍ പോയപ്പോള്‍ എന്നെ കൊണ്ട് കഴിയുന്ന തുക ബന്ധുക്കളില്‍ നിന്നും സമാഹരിക്കുക തന്നെ ആയിരുന്നു പ്രധാന ഉദ്ദേശം. അതില്‍ പ്രതീക്ഷിച്ചതിലെക്കാള്‍ വിജയിക്കുകതന്നെ ചെയ്തു.
പേരുപോലും അറിയാത്ത ഒരു നല്ല മനുഷ്യന്‍ തന്‍റെ വീടിന്‍റെ പാലുകാച്ചല്‍ പ്രമാണിച്ച് അന്‍പതിനായിരം രൂപ മാതൃകം അക്കൗണ്ട്‌ ഇലേക്ക് അയച്ചു.
മൂന്ന് സെന്റ്‌ സ്ഥലത്തിന് ഒന്നര ലക്ഷം രൂപ ആ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ ഇനി ആയിരങ്ങള്‍ മതി.
ഒരു ചാക്ക് സിമന്റിന് നാനൂറ്റി അമ്പതു രൂപ , അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന് അകലെ ഇരുന്നു ജാക്സണ്‍ ആശ്വസിക്കുന്നുണ്ടാകും..
ഒരു മെസേജിനു പോലും റിപ്ലെ തന്നില്ലെങ്കിലും ണീ എന്തായിരിക്കും അടുത്തതായി എന്നെ അറിയിക്കാന്‍ പോകുന്ന വിശേഷം എന്ന് ഞാനും ഇടയ്ക്കിടെ വെറുതെ ചിന്തിക്കാറുണ്ടായിരുനു പ്രിയ ജാക്സണ്‍.
ചില വിഷമങ്ങള്‍ മറക്കുന്നു..അല്പനേരത്തെക്കെങ്കിലും ആശ്വാസമായതിനു നന്ദി.
ഇഷ്ട്ടം എന്നും

Tuesday, March 22, 2016

ദൂരമെന്ന അലാക്കിന്റെ അവുലും കഞ്ഞി

എടപ്പാള്‍ പൊന്നാനി റോഡില്‍ ചുമരിനോട് ചുമര്‍ ചേര്‍ന്ന് ഒട്ടിയൊട്ടി വീടുകളുള്ള ഒരുസ്ഥലത്ത് ജനിച്ചു വളര്‍ന്ന ഉമ്മയെ സംബന്ധിച്ച് അലറിവിളിച്ചാല്‍ മാത്രം കേള്‍ക്കുന്ന ദൂരത്തില്‍ അങ്ങിങ്ങായി വിരലില്‍ എണ്ണാവുന്ന അയല്‍പ്പക്കമുള്ള ഭര്‍തൃഭവനവുമായി താദാത്മ്യം പ്രാപിക്കല്‍ വലിയ പ്രശ്നം തന്നെ ആയിരുന്നു !!
ഉമ്മാക്ക് ഒരു അനിയത്തിയും ഒരു ജ്യേഷ്ട്ട സഹോദരിയുമാണ്ഉള്ളത്. എടപ്പാളില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ആണ് അവരെ രണ്ടുപേരെയും വിവാഹം കഴിച്ചയച്ച വീടുകള്‍. കുറ്റിക്കാടും കണ്ടനകവും. മറ്റു മൂന്നു സഹോദരന്മാരുടെ ഭാര്യ വീടുകളും അധികം വ്യാസമില്ലാത്ത 'ഠ' വട്ടത്തില്‍തന്നെ. ഉമ്മയുടെ വീട്ടില്‍ നിന്നും അകലെ അല്ലാത്തതിനാല്‍ തന്നെ ഇവിടങ്ങളിലെല്ലാം ഇടയ്ക്കിടെ എല്ലാവരും പോയിവിരുന്നു പാര്‍ക്കും.
എന്റെ ഉമ്മയെ ആണെങ്കിലോ പത്തു നാല്‍പ്പതു കിലോമീറ്റര്‍ ദൂരെ ആളുമ്പാളും ഇല്ലാത്ത ഒരു ഗുദാമിലേക്കാണ് കെട്ടിച്ചു വിട്ടിരിക്കുന്നത്. ദൂരകൂടുതല്‍ കാരണം ആരും ഈ വഴി വരികയെ ഇല്ല. നമ്മള്‍ അവിടെ പോകുമ്പോള്‍ ആണ് അവരെ എല്ലാരെയും കാണുക. പിന്നെ വല്ലപ്പോഴും ഗള്‍ഫില്‍ നിന്നും മാമന്മാര്‍ വരുമ്പോള്‍ ഇടത്താവളം എന്ന നിലയ്ക്ക് വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ സ്ത്രീകള്‍ക്ക് നമസ്ക്കരിക്കാനോ വേണ്ടി നമ്മുടെ വീട്ടില്‍ ഇറങ്ങും. ആവകയില്‍ വല്ല ടാങ്കോ നിഡോയോ ഒരുപാക്കറ്റ് കോപ്പികൊയോ ഉമ്മാക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം വന്നതോട്കൂടി എല്ലാ പണ്ടാരങ്ങളും അതുവഴി പോകുന്നതിനാല്‍ വല്ലപ്പോളും അപൂര്‍വമായി സംഭവിച്ചിരുന്ന വീട്ടിലേക്കുള്ള ഈ ബന്ധു സന്ദര്‍ശനവും അതുവഴിയുള്ള ഗള്‍ഫ് ഐറ്റംസ്ന്റെ വരവും നിലചിരിക്കുന്നു.
സഹോദരങ്ങള്‍ വന്നതറിഞ്ഞ് ഉമ്മ ജോലിയുംകഴിഞ്ഞുവന്നു ഞങ്ങളെയും കെട്ടി പെറുക്കി എടപ്പാളില്‍ എത്തി പെടുമ്പോഴേക്കും അന്തിമോന്തി അത്താഴ സമയം കഴിഞ്ഞിരിക്കും. ഇതിനോടകം അടുത്തുള്ള സഹോദരിമാര്‍ ഓടിവന്നു പെട്ടി പൊട്ടിക്കല്‍ കര്‍മ്മം അതീവ ശുഷ്കാന്തിയോടെ നിര്‍വഹിച്ചശേഷം വേണ്ടതും വേണ്ടാത്തതും ആയ എല്ലാം തന്നെ സ്വന്തമാക്കി ആഹ്ലാദ ഭരിതകളായി മാമന്മാരുമൊത്ത് പ്രവാസ വിശേഷങ്ങളും നാട്ടിലെ കഷ്ട്ട-നഷ്ട്ട-പരദൂഷണപ്പാടുകളും പങ്കുവെക്കുന്ന തിരക്കിലായിരിക്കും.
ഈ കാലിയാക്കലില്‍, വരുന്നവിവരം അറിയിക്കാന്‍ വേണ്ടി മാമന്മാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഉമ്മ പ്രത്യേകം കൊണ്ടുവരാന്‍ പറഞ്ഞ എമര്‍ജന്‍സി ലൈറ്റും ടോര്‍ച്ചും ഒക്കെ ഉള്‍പ്പെട്ടു എന്നറിയുമ്പോള്‍ ആണ് ഈ ദൂരക്കൂടുതലിന്റെ നഷ്ട്ടം എത്ര ആഘാതമാണെന്ന് ഉമ്മ തിരിച്ചറിയുക. ദൂരം അതൊരുവലിയ പ്രശ്നംതന്നെ. വീടുകള്‍ തമ്മിലുള്ള ദൂരം. സ്കൂളുകള്‍ ഓഫീസ് എല്ലാം ദൂരെ ആകുമ്പോള്‍ എല്ലാവരും വളരെ അധികം ബുദ്ധിമുട്ടുന്നു. അതേറ്റവും നന്നായി മനസ്സിലാക്കിയ വെക്തി ആയിരുന്നു എന്റെ ഉമ്മ.
അതുകൊണ്ട്തന്നെ എന്റെ വിവാഹം അറേഞ്ച് മാരേജ് ആണെന്ന് തീരുമാനം ആയപ്പോ ഉമ്മ ഒരുകാര്യം മുന്നോട്ടുവെച്ചു. അധികം ദൂരെയല്ലാതെ അഞ്ചോ ആറോ ഏറിവന്നാല്‍ പത്തു കിലോമീറ്റര്‍ അകലത്തില്‍ അടുത്തടുത്ത്‌ അയല്പ്പക്കമൊക്കെയുള്ള ഒരു വീട്ടില്‍ നിന്നും ഒരു തങ്കപ്പെട്ട ചെക്കന്.
വളരെ സോഷ്യല്‍ ആയ ഉമ്മാക്ക് ഒരുപാട് ബന്ധു മിത്രാധികളും അയല്‍ക്കാരും ഒക്കെയുള്ള ഒരു വീട്ടിലേക്കു തന്റെ മകള്‍ എങ്കിലും കയറി ചെല്ലട്ടെ എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തോന്നിയിരിക്കാം. എന്നിട്ടവസാനം തങ്കപ്പെട്ട ചെക്കനെ തപ്പി എത്തിപ്പെട്ട പുലിമടയോ അമ്പതു കിലോമീറ്റര്‍ അകലെ അലറി വിളി മൈക്ക് സെറ്റ് വെച്ച് കേള്‍പ്പിച്ചാല്‍ പോലും ഒരു മനുഷ്യ കുഞ്ഞു കേള്‍ക്കാന്‍ സാധ്യത ഇല്ലാത്ത വിധം വന്യതയുള്ള ഒരു സ്ഥലത്തേക്ക്.
ചെക്കന്റെ വീട് കാണാന്‍ പോയി തിരിച്ചു വന്ന കാര്‍ന്നോര്‍ തലയില്‍ കൈയ് വെച്ചിട്ട് പറഞ്ഞു. "അയ്യോ വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നോ മനുഷ്യവാസം . റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ പണ്ടത്തെ ഫോറെസ്റ്റ് ബംഗ്ലാവ് പോലത്തെ ഒരു വീട്. വീടിന്റെ ഏതു ഭാഗത്താണ് അടുക്കള എന്ന് എത്ര നോക്കിയിട്ടും എനിക്കിതുവരെ മനസ്സിലായിട്ടില്ല . വീട് മൊത്തത്തില്‍ അടിച്ചുവാരി ഇടാന്‍ മിനിമം മൂന്നു ദിവസം വേണ്ടിവരും. ഇളയ മോനാണ് ചെക്കന്‍. വേറെ വീട് വെച്ച് മാറല്‍ ഉടനെയൊന്നും ഇമ്പോസിബിള്‍ . അവരുടെ ഡൈനിംഗ് ഹാളില്‍ വെക്കാനെ നമ്മുടെ വീട് വലിപ്പം പോര . അതുകൊണ്ട് നമുക്കിത് വേണ്ട. "
ഞാന്‍ ആലോചിച്ചു. കേട്ടിട്ട് എല്ലാംകൂടി നല്ല അടിപൊളി സെറ്റപ്പ്. വിജനയതോട് വിജനത. എന്റെ പതിവ് മലകയറ്റത്തിനും കാടിറക്കത്തിനും അനുയോജ്യം. ചെക്കന്‍ ആണെങ്കില്‍, കണ്ണുപൊട്ടന്‍ ആണെന്ന് തോന്നുന്നു, എന്നെ കണ്ടു ബോധം പോയി കിടക്കാണ്. ബോധം വരും മുന്നേ തീരുമാനം എടുക്കണം. അസൂയാലുക്കള്‍ ഞാന്‍ നല്ലൊരു വീട്ടില്‍ ചെന്ന് കയറുന്നതില്‍ കണ്ണ് കടിച്ചു പറയുന്നതായിരിക്കും. പത്തുവര്‍ഷം പ്രണയിച്ച കാമുകന് വേണ്ടി എന്നതുപോലെ ഇന്നലെ പെണ്ണുകാണാന്‍ വന്ന പയ്യനുവേണ്ടി ഞാന്‍ സത്യാഗ്രഹമിരുന്നു. എനിക്കിതുതന്നെ മതി. ഞാന്‍ കട്ടായം പറഞ്ഞു.
അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒന്നുകൂടി ഉപദേശിക്കാന്‍ ഉമ്മ വീണ്ടുമൊരു ശ്രമം നടത്തി". ദൂരം നല്ലോണം കൂടുതല. പോരാത്തതിന് ഡയറക്റ്റ് ബസ്സുണ്ടോ. അതുമില്ല. മൂന്നു ബസ് മാറിക്കേറണം. കുഞ്ഞുകുട്ടി പരാധീനതകള്‍ ഒക്കെ ആകുമ്പോള്‍ നീയാകും കഷ്ട്ടപെടുന്നത്. "
ഉമ്മയെ കണ്ണുനിറച്ചു ഒരു നോട്ടം നോക്കിയിട്ട് ഞാന്‍ മുറിവിട്ടു അടുക്കള വഴി ഇരുട്ടിലേക്ക് ഇറങ്ങിപോയി.
"അയ്യോ അവളത കിണറ്റില്‍ ചാടാന്‍ പോകുന്നു. നിങ്ങള്‍ അവരെ വിളിച്ചു ഓക്കേ പറഞ്ഞേക്ക് മനുഷ്യ.."
കികികികി.. അഭിനയം വിജയിച്ച ഞാന്‍ ഇരുട്ടത്ത് നിന്ന് ചിരിച്ചു.
മൊട്ടയുടെ ഗ്ലാമറില്‍ മനംമയങ്ങി വീണ, ജീവിത പരിജ്ഞാനം കുറവുള്ള ഞാന്‍അന്ന് ഉമ്മ പറഞ്ഞ ഈ ദൂരമെന്ന അലാക്കിന്റെ അവുലുംകഞ്ഞിയെക്കുറിച്ച് തീരെ ബോധവതിയും ആയിരുന്നില്ല എന്നത് മറ്റൊരു സത്യം. അമ്പതു കിമി.. വളരെ ചെറുത്‌.. ഞങ്ങളുടെ രണ്ടുപെരുടേയും മനപ്പൊരുത്തം കണ്ടിട്ട് മിനിമം ഒരു അഞ്ഞൂറ് കിമി എങ്കിലും വേണമായിരുന്നു. ചായ്.. എങ്കില്‍ പിന്നെ സ്വന്തം വീട്ടിലേക്കു വരികയെ വേണ്ടല്ലോ.. അതായിരുന്നു എന്റെ മനസില്‍..
വിവാഹം കഴിഞ്ഞു എന്നെ ഭര്‍തൃ വീട്ടില്‍ കൊണ്ടാക്കി എല്ലാവരും ടാറ്റാ ബൈ ബൈ പറഞ്ഞു പോയി.. ഞാന്‍സന്തോഷിച്ചു.. ഹായ്.. ഇനി ഇത്എന്റെ സ്വര്‍ഗ്ഗം.
വീട്ടില്‍പോകുകയോ.. ദൂരക്കൂടുതല്‍ കാരണം ഒറ്റഒരെണ്ണം എന്നെകാണാന്‍വരുമെന്നോ പേടിക്കേണ്ട..
സ്വസ്ഥം..സ്വൈര്യം.. ഞാന്‍ ഇവിടെ എന്ത് അങ്കലാപ്പ് ഉണ്ടാക്കിയാലും ജന്മനാട്ടില്‍ ഒറ്റ കുട്ടി അറിയില്ല..
കല്യാണവും മധുവിധുവും കഴിഞ്ഞു ചെക്കന്‍ തിരിച്ചുപോയി.. എകാന്തതയോടുള്ള ആപ്രേമവും മറ്റെല്ലാ പ്രേമവും പോലെ പെട്ടന്നവസാനിച്ചു. ആള്‍കൂട്ടത്തില്‍ നിന്നും അകന്നു മലമുകളിലെ കാട്ടില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന മണിമാളികവാസം എനിക്ക് ശ്വാസം മുട്ടല്‍ ഉണ്ടാക്കി.. നേരം വെളുത്താല്‍ കാണുന്നതു ഒരേ മുഖങ്ങള്‍. ഉമ്മ ഉപ്പ പിന്നെ മോട്ടി എന്ന കടിയോടു കൂടിയ കുരയുള്ള ജര്‍മന്‍ഷപ്പേര്‍ട് പട്ടിയും.
ഞാന്‍വീട്ടിലേക്കു വിളിച്ചു പറഞ്ഞു " എന്നെകൂട്ടാന്‍വരോ വീട്ടുകാരെ? ബ്ലീസ്.."
" അത്രയും ദൂരമോ.. കല്യാണമായിട്ട് ലീവെടുത്ത് ഉള്ള ലീവോക്കെ തീര്‍ന്നു. നമ്മള്‍ മാമൂലുകളില്‍ ഒന്നും വിശ്വാസമില്ലാത്ത പുരോഗമനക്കാര്‍ ആണെന്ന് അവര്‍ക്കിറിയാലോ..കാറിലോന്നും വരണ്ട.. ആ ചെക്കന്‍ മണലാരണ്യത്തില്‍ കിടന്നു കഷട്ടപെട്ടു ഒട്ടകത്തെ മേച്ചുഉണ്ടാക്കുന്ന കാശ്ആണ്.. നീ സ്റ്റാന്‍ഡില്‍ പോയി ബസ്സില്‍ കയറി ഇങ്ങു പോരെ.. "
ഡിം.. ഫോണ്‍ കട്ട്.
അരീക്കോട് - മഞ്ചേരി.
മഞ്ചേരി- കോട്ടക്കല്‍
കോട്ടക്കല്‍- രണ്ടത്താണി.
രാവിലെ ബസ്സില്‍ കയറിയ ഞാന്‍ വീട്ടിലെത്തിയപ്പോ നേരം ഉച്ച കഴിഞ്ഞു. മൂന്നു ബസ് മാറിക്കയറി ഒരുശവമായി വീട്ടില്‍ ചെന്നുകയറിയ പൊന്നുമകളെ കണ്ടതും ഉമ്മ, ബി ഫാം ഒന്നാം വര്‍ഷത്തിനു ജോയിന്‍ ചെയ്ത ഇളയ സന്താനത്തെ നോക്കി പറഞ്ഞു.
"എന്റെ അനുഭവം എന്റെ കുട്ടികള്‍ക്ക് ഉണ്ടാവല്ലേ എന്ന് കരുതി ഞാന്‍ ആവും പാടും പറഞ്ഞു. ഇവളോ ഞാന്‍ പറഞ്ഞത് അനുസരിച്ചില്ല. ഇനി നിന്റെ ഊഴം.. എടപ്പാളിനും കോട്ടക്കലിനും ഇടയില്‍ നിന്നൊരു പയ്യന്‍. കുറ്റിപ്പുറം ആണെങ്കില്‍ വളരെനല്ലത്.. അങ്ങോട്ടും ഇങ്ങോട്ടും ഒരേ ദൂരം. അങ്ങനെ ഒരു ചെക്കനെയെ ഇവള്‍ക്ക് നോക്കുകയുള്ളൂ."
" ആ അതുമതിയുമ്മ " ഞാന്‍ അവളെ നോക്കി തലകുലുക്കി അകത്തേക്ക് കയറിപ്പോയി.
കാറായാലും ബസ്സായാലും കയറ്റിറക്കങ്ങളോട് കൂടിയ ഈ ദൂരമത്രയും ഞാന്‍ തന്നെ സഞ്ചരിക്കണ്ടേ. റബ്ബറൈസ് ചെയ്യാത്ത കുണ്ടും കുഴിയും വളവില്‍ തിരിവും തിരിവില്‍ വളവും ഉള്ള റോഡുകള്‍. സൈഡ് കൊടുത്താല്‍ കൊക്കയിലേക്ക്. ഊഞ്ഞാലില്‍ ഉയര്‍ന്നു പൊങ്ങി താഴേക്കു വരുമ്പോ നമുക്ക് വയറ്റില്‍ നിന്നും ഗിളുഗിള് പോങ്ങില്ലേ.. ആ.. അതന്നെ.. വീടെത്തുമ്പോഴേക്കും ഒരു പത്തന്‍പത് വട്ടം ഫ്രീ ഗിളുഗിള്. അടിപൊളി. മൂത്തവര്‍ വാക്കും മുതു നെല്ലിക്കയും ആദ്യം കൈക്കും , അതുകെട്ടില്ലേ ജീവിതാവസാനം വരെ കൈക്കും . വീട്ടിലേക്കും തിരിച്ചും ഉള്ള ഓരോ ഷട്ടില്‍ സര്‍വീസിലും ഞാന്‍ മനസ്സില്‍ ഉരുവിട്ടു.
വര്ഷം കൊറേ പിന്നെയും കഴിഞ്ഞു. അനിയത്തിയുടെ കല്ല്യാണത്തെ കുറിച്ചുള്ള ഡിസ്ക്കഷന്‍ ഒരു ദിവസം ഊണ് മേശക്കു ചുറ്റുനിന്നും ആരംഭിച്ചപ്പോള്‍ ഞാന്‍ ചാടിക്കയറി പറഞ്ഞു " ഇവളുടെ കാര്യം എളുപ്പമല്ലേ.. ഉമ്മ ഒരുപാട് ആഗ്രഹിച്ചപോലെ എടപ്പാള്‍ കോട്ടക്കല്‍ ഹൈവേയില്‍ വീടുള്ള ഏതെങ്കിലും തങ്കപ്പെട്ട ചെക്കനെ നമുക്ക് പൊക്കാം . വെരി സിമ്പിള്‍."
ഞാന്‍ പറന്നു കഴിഞ്ഞതും പുള്ളിക്കാരി ചാടി എഴുന്നേറ്റു കൈപോലും കഴുകാതെ മുറിയില്‍ കയറി വാതിലടച്ചു. ഞാനും ഉമ്മയും മുഖത്തോട് മുഖം നോക്കി.
'സുന്ദരിയാണെന്ന് കരുതി വീട്ടില്‍ വെക്കാന്‍ പറ്റോ.. പെണ്ണല്ലേ സാധനം.. കുറെ കഴിഞ്ഞാ ആര് വരാനാ.. എന്നായാലും ആരുടെ എങ്കിലും തലയിലാവണം. കോഴ്സും കഴിഞ്ഞു. ഇളയത് അല്ലെ എന്ന് കരുതി കൊഞ്ചിച്ചു വഷളായോ.. കല്ല്യാണം എന്ന് കേട്ടപ്പോ പെണ്ണ് പേടിച്ചോ ഇനി. ' ഉമ്മ സ്വത സിദ്ധമായ ആധി പുറത്തെടുത്തു.
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാനും ഉമ്മയും കൂടി അനിയത്തിയെ സോപ്പിട്ട് വാതില്‍ തുറപ്പിച്ചു അകത്തു കയറി.
" ഇനി എന്നാ മോളു .. ഇപ്പൊ നോക്കി യില്ലെങ്കില്‍.. നിന്റെ താത്ത ഇരുപത്തി രണ്ടു വയസില്‍ കല്ല്യാണം കഴിച്ചു ഗൃഹസ്ഥ ആയില്ലേ. നിനക്കിപ്പോ വയസ് ഇരുപത്തി മൂന്നു. ഒരു വര്ഷം കൂടുതലായി. "
വല്ല വിധേനയും മകളെ വിവാഹത്തിന് തയ്യാറാക്കാന്‍ വേണ്ടി കഷ്ട്ടപ്പെടുന്ന ഉമ്മ.
" ഒരാള്‍ക്ക്‌ എന്നെ കല്ല്യാണം കഴിക്കാന്‍ ഇഷ്ട്ടമാണ്.എനിക്ക് അയാളെയും. "
ഉമ്മാക്ക് പകുതി ആശ്വാസമായി
"അയ്യേ.... ഇതിനാണോ നീ ഭക്ഷണം കഴിക്കാതെ എണീറ്റ്‌ പോന്നത്."
"പക്ഷെ അവരുടെ വീട് ഉമ്മ ആഗ്രഹിച്ചപോലെ എടപ്പാളിനും കോട്ടക്കലിനും ഇടയിലും അല്ല. തിരുവനന്തപുരമാണ് "
"!!!!!??????!!!!"ഉമ്മ,.
പണ്ട് അവള്‍ എന്ത് ചെയ്താലും മൂത്തതെന്ന നിലയില്‍ കുറ്റം മുഴുവന്‍ എന്റെ തലയിലായിരുന്നു വന്നു വീഴുക. അതുകൊണ്ടുതന്നെ ഞാന്‍ മനസ്സില്‍ പറഞ്ഞു 'വെല്‍ ടണ് മോളെ.. കലക്കി '
*************************************************************************** ഈയിടെ ഞാന്‍ വീട്ടിലുള്ള സമയത്ത് പൊന്നാനിയില്‍ ഉള്ള ഉമ്മയുടെ അനിയത്തി, മകന് പെണ്ണന്വേഷിക്കാന്‍ തുടങ്ങിയപ്പോ ഉമ്മയെ ഫോണില്‍ വിളിച്ചു. തിരൂരിനും പൊന്നാനിക്കും ഇടയില്‍ നിന്നൊരു പെണ്ണ് വേണം. ഉമ്മ ഒരുപാട് കാലം ജോലി ചെയ്ത സ്ഥലമാണ്. അവര്‍ക്ക് ഉമ്മയുടെ സഹായം വേണം.
ന്റെ പാവം പാവം ഉമ്മ പറയുന്നത് കേട്ടു " എന്നെ ദൂരേയ്ക്ക് കേട്ടിച്ചയച്ചപ്പോ ഞാന്‍ കരുതി എന്റെ മക്കളെ അടുത്തേക്ക് വിവാഹം ചെയ്യിപ്പിക്കണം എന്ന്. സിലു ദൂരെ പോയപ്പോ ഇനിയുള്ളതിനെ എങ്കിലും എന്ന് കരുതി. എന്നിട്ടത് ചെന്ന് പെട്ടതോ.. കല്ല്യാണം ഒന്നും നമ്മുടെ കയ്യിലല്ല കുട്ട്യേ.. അല്ലാഹ് തീരുമാനിച്ചപോലെ അതുനടക്കൂ. തവക്കൽതു അലള്ളാഹ് ... എവിടെ ആണെങ്കിലും എല്ലാം നല്ലതായി വരട്ടെ..

മണിച്ചേട്ടാ ...

ജോലി സംബന്ധമായ തിരക്കുകള്‍ ഇല്ലാത്ത ഒരാള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍കാലം , വീട്ടില്‍കയറാതെ വീട്ടിനടുത്തുള്ള ഔട്ട്‌ ഹൌസില്‍ ചെന്നായക്കൂട്ടങ്ങളോടൊപ്പം.. വാഹ്.. വാഹ്
എക്സ്ട്രീം ഓഫ് സ്വാതന്ത്ര്യം !!
കത്തിത്തീര്‍ന്ന കരളും, പടുതിരികത്താന്‍തുടങ്ങിയ കിഡ്നിയുമുള്ള രോഗിയാണ്, വീട്ടിലേക് ഒന്ന് വിളിക്കുകപോലും ചെയ്യാതെ .. വീട്ടില്‍നിന്നും വിളിച്ചു ചോദിച്ചോ? അറിവില്ല.. കണ്ടിട്ട് രണ്ടാഴയില്‍ കൂടുതല്‍ആയെന്നു ചാനലില്‍ കണ്ടു. വാഹ്.. വാഹ്..
എക്സ്ട്രീം ഓഫ് കുടുംബബന്ധം!!!
ദൂരം ഒരു കിമി അല്ലെ ഉള്ളു.. ഗുരുതര-രോഗവിവരം അറിവുള്ളതല്ലേ.. മക്കളേം കൂട്ടി ഓട്ടോ വിളിച്ചുചെന്ന് മോചിപ്പിച്ചു കൊണ്ടുവരണം.. ഞാന്‍ആണെങ്കില്‍ ഒരു മൂന്നാം ലോക മഹായുദ്ധം തന്നെ നടത്തിയേനെ..
അപ്പൊ ചിലര് പറയും ഭരിക്കുന്നു കെട്ടിയിടുന്നു.. പണ്ട് ഉപ്പ / ഏട്ടന്മാര്‍/ വീട്ടുകാര്‍ സട്രിക്റ്റാക്കിയിട്ടാ ഞാന്‍ വഷളായത് ഇനി നീയും തുടങ്ങിക്കോ.. എന്നെകയറൂരി വിട്ടു നോക്ക് ഞാന്‍ മുയല്‍കുഞ്ഞിനെ പോലെ നിന്റെ കാല്തുംബില്‍ വന്നു നില്‍ക്കുമെന്ന്..
ജോലിക്കുപോകാതെ ,മദ്യത്തില്‍ ഉള്‍പ്പെടുത്താത്ത ബിയറും അടിച്ചു , അന്തിമോന്തിക്ക് പോലും വീട്ടിലേക്കണയാതെ ചങ്ങാതികള്‍ക്ക് വേണ്ടി 'മരിക്കാന്‍' തയ്യാറായ , ഇനിയും തയ്യാറുള്ള ഒരുപാട് പേര്‍ ഇവിടെഇനിയും കറങ്ങി തിരിയുന്നുണ്ടാകും ..എനിക്കറിയാം..
ഏഴുമണിക്ക് മുന്‍പേ വീട്ടില്‍ കയറിക്കോണം..ഇനി വൈകുമെങ്കില്‍ വിളിച്ചു പറഞ്ഞേക്കണം..
എല്ലാരോടും കൂടിയാപറഞ്ഞത്..
അത്രയ്ക്കുള്ള സ്വാതന്ത്ര്യം ഒക്കെമതി..
നേരത്തെ കത്തി തീര്‍ന്നിട്ട് കൂരിരുട്ടില്‍ തപ്പിതടയാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല.. ആ..

Tuesday, October 13, 2015

ഉമ്മ..

ഈ ലോകത്തെ സകല മാന അമ്മമാരേം പോലെ , അമ്പിളി മാമനെ കാണിച്ചു എന്നെ ഒക്കത്ത് ഇരുത്തി ഇല്ലാ കഥകള്‍ പറഞ്ഞു മാമൂട്ടി വളര്‍ത്തിയ ഉമ്മ. എന്‍റെ ആദ്യ ഓര്മ..
ഇനി മതി ഉമ്മാ എന്ന് പറഞ്ഞു ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഞാന്‍ രക്ഷ പെട്ട് ഓടുമ്പോള്‍ , ഒരു ഉരുളകൂടി ഉമ്മ സൂത്രത്തില്‍ കഴിപിക്കും. ആ അവസാന ഉരുള ഒട്ടൊന്നു വലുതായിരിക്കും അതുവരേയ്ക്കും ഉമ്മ ഉരുട്ടിയതിനേക്കാള്‍.. ,.. അതാണ്‌ അല്‍ഹംദു ഉരുള. ബിസ്മിയില്‍ തുടങ്ങാന്‍ മറന്നാലും ,അല്‍ഹംദു ഉരുള കഴിച്ചേ അവസാനിപ്പിക്കാന്‍ പാടൂള്ളൂ.. അത് അലിഖിത നിയമം ആണ്.. മാമുണ്ണാന്‍ മടിയുള്ള മക്കളെ ഒരുരുള അധികം കഴിപ്പികാന്‍ ഉമ്മമാര്‍ കണ്ടു പിടിച്ച സൂത്രം..
ആറാം വയസില്‍ അനിയത്തി വന്നതില്‍ പിന്നെ ഒരുരുള ചോറ് പോലും വാരിതരാന്‍ സമ്മതിച്ചിട്ടില്ല ഞാന്‍ ... തന്നെത്താനെ കാഴിക്കുന്നതായിരുന്നു എനിക്ക് ഇഷ്ട്ടം.. പല രാത്രികളിലും ഇളയതുങ്ങളോട് വഴക്കുകൂടിയത്തിനു ഉമ്മയുടെ അടി കിട്ടിയ വിഷമത്തില്‍ ,രാത്രി ഭക്ഷണം ഉപേക്ഷിച്ചു മുറിക്കുള്ളില്‍ കയറി വാതിലടച്ചു പിണങ്ങി കിടക്കുമ്പോള്‍ ഉമ്മ വാതിലില്‍ മുട്ടി കെഞ്ചും , രാത്രി ഭക്ഷണം കഴിക്കാതെ കിടന്നാല്‍ ഒരു പ്രാവിന്‍റെ ഇറച്ചി കുറയും ശരീരത്തില്‍ നിന്ന് എന്ന് ഉമ്മ ഏതു പുസ്തകത്തില്‍ ആണാവോ വായിച്ചത്..
ഓഫീസില്‍ എന്തെങ്ങിലും വിശേഷം ഉണ്ടായാല്‍ , വൈകീട്ട് ഉമ്മ വരുമ്പോള്‍ ചോറ്റു പാത്രത്തില്‍ ഒരു ലഡ്ഡുവോ ജിലേബിയോ ബിരിയാണിയോ ഉണ്ടാവും..ബിരിയാണി ആണെങ്കില്‍ അന്ന് ഉച്ചക്ക് ഉമ്മ പട്ടിണി ആയിരിക്കും ആരും കാണാതെ പാത്രത്തില്‍ ഒളിപ്പിച്ചു ഞങ്ങള്‍ മക്കള്‍ക്ക്‌ ആ തള്ള കിളി കൊണ്ട് വന്നു തന്നിരുന്ന പലഹാരങ്ങളുടെ സ്നേഹത്തില്‍ പൊതിഞ്ഞ രുചി ഒന്നും ഇന്ന് ഒരു കടയിലെ ഭക്ഷണത്തിനും കിട്ടില്ല..
ഉമ്മ എന്തെങ്കിലും കഴിച്ചോ എന്നതൊന്നും ആലോചിക്കാതെ ഞങ്ങള്‍ മൂന്നും ബാഗിലേക്കു ചാടി വീഴും..ഞങ്ങള്‍ക്ക് തരാതെ ഉമ്മ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല.. ഒരു കുഞ്ഞു നാരങ്ങാ മിടായി പോലും.. അയലത്തെ വീട്ടില്‍ പലഹാരം ഉണ്ടാക്കിയാല്‍ ,ആ വഴിയെ പോയ ഉമ്മാക്ക് അവര്‍ രുചി നോക്കാന്‍. കൊടുക്കുന്നത് പോലും തിന്നാതെ ഇലയില്‍ പൊതിഞ്ഞു വീട്ടില്‍ കൊണ്ട് വരും..
എത്ര മീന്‍ പോരിചാലും , ഉമ്മയ്ക്കിഷ്ട്ടം മീന്‍ മുള്ളുകള്‍ ആയിരുന്നു..
പഴം ഞങ്ങള്‍ക്ക് തന്നു , കട്ടിയുള്ള തൊലി കാര്‍ന്നു തിന്നുന്ന ഉമ്മ.. എല്ലാരുടെയും ഉമ്മ ഇങ്ങിനെ ആണോ എനിക്കറിയില്ല.. പക്ഷെ എന്‍റെ ഉമ്മ ഇങ്ങിനെ ഒക്കെ ആയിരുന്നു..
ഇന്നും കാണാം വീട്ടില്‍ പോയാല്‍ സ്റ്റോര്‍ റൂമിലോ അടുക്കള റാക്കിലൊ ഫ്രിട്ജിലോ മകളെ കാത്തു ആ അമ്മക്കിളി തങ്കേരിച്ചു വെച്ച ഉറുമ്പ രിച്ച , പൂപ്പല്‍ പിടിച്ച പലഹാര പൊട്ടുകള്‍.. ,..
എന്നില്‍ ഒരു തുള്ളി നന്മ ഉണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ അവകാശം എന്‍റെ ഉമ്മയ്ക്കാണ്.. ഞങ്ങളുടെ കുടുംബം ഇന്നും കറങ്ങുന്നത് ഉമ്മ എന്നാ ആ നൂക്ളിയസിനു ചുറ്റും ആണ്.. അതിനി എത്ര അകലെ ആയാലും, ഞങ്ങള്‍ എത്ര വലുതായാലും..

ഒറങ്ങി ഒറങ്ങി പിരാന്തായ കഥ



പണ്ട് പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചാല്‍ പകല്‍ വീട്ടില്‍ ഞാന്‍ ഒറ്റകാകും ..ആദ്യ ആഴ്ച ചങ്ങായിച്ചികള്‍ ഒക്കെ വിരുന്നു പോയിരിക്കുന്നതിനാല്‍ കളിയോ ഊര് തെണ്ടലോ നടക്കില്ല. അനിയനും അനിയത്തിക്കും സ്കൂള്‍ കാണും. അവരുടേത് നോമ്പിനു അടയ്ക്കുന്ന മാപ്പള സ്കൂള്‍ ആണല്ലോ.
ഉമ്മയ്ക്കും ഉപ്പക്കും ഓഫീസ്.

കഴുങ്ങിന്‍ തോട്ടത്തിലെ ,പഴയ, തട്ടുള്ള ഇരുനില വീട്. എനിക്ക് മാത്രം ആണ് സ്വന്തം ആയി റൂം ഉള്ളത്. ഓര്മ വെച്ച അന്ന് മുതലേ എനിക്ക് സ്വന്തം റൂം ഉണ്ടായിരുന്നു.ഒരു കട്ടിലിനും പഠിക്കാന്‍ ഉള്ള ഗോദ്രെജ് ഇന്‍റെ മേശയ്ക്കും സ്റ്റൂളിനും മാത്രം സ്ഥലം ഉള്ള ബെഡ് റൂം. ചുമരില്‍ മരത്തിന്‍റെ ഒരു കിളി അലമാര.
പണ്ടെന്നോ ആരോ എവിടെയോ ജനല്‍ അഴികള്‍ക്കിടയിലൂടെ കൈ ഇട്ടു ആരെയോ തോണ്ടി എന്ന് കേട്ടതില്‍ പിന്നെ ഒറ്റയ്ക്ക് കിടക്കാന്‍ പേടിയായ എനിക്ക് ജനലിനു ചുറ്റും നെറ്റ് അടിച്ചു തന്നു ഉപ്പ.. നമ്മുടെ കൊഴികൂടിനു അടിക്കുന്ന പോലത്തെ വിരാലിടാന്‍ വലുപ്പം ഉള്ള വലിയ കമ്പി നെറ്റ്. ജനല്‍ അടച്ചു ഉറങ്ങാന്‍ ഒരിക്കലും ഉപ്പ സമ്മതിക്കില്ലായിരുന്നു. നല്ല ഓക്സിജന്‍ കിട്ടാതെ ഉറങ്ങിയാല്‍ ,കാറ്റും വെളിച്ചവും കടക്കാത്ത അടഞ്ഞ മുറി പോലെ ആകും നമ്മുടെ തല മണ്ടയും എന്ന് പറഞ്ഞു തരും.
സ്വന്തമായി മുറി ഉള്ള കൂട്ടുകാരികള്‍ കുറവായിരുന്നു അന്ന്. അത് കൊണ്ട് തന്നെ എന്‍റെ മുറി എനിക്കൊരു സ്വകാര്യ അഹങ്കാരം ആയിരുന്നു.. ഉള്ളിലേക്ക് എല്ലാര്‍ക്കും പ്രവേശനം ഇല്ല.. അടിച്ചു തുടച്ചു വൃത്തിയാക്കുന്നത് ഞാന്‍ തന്നെ.വീട് മൊത്തത്തില്‍ ക്ലീന്‍ ചെയ്തിരുന്നത് ഞാന്‍ ആയിരുന്നെകിലും , ആള് കയറാത്ത എന്‍റെ മുറി രണ്ടു വട്ടം കൂടുതല്‍ തുടയ്ക്കും ഞാന്‍. , വിരുന്നു പോകുമ്പോള്‍ ആളുകളെ കാണിക്കാന്‍ വേണ്ടി മക്കളെ കൂടുതല്‍ പുന്നാരിക്കുന്ന , അയ്യോ അവന്‍ അപ്പടി മെലിഞ്ഞു പോയി എന്ന് പറഞ്ഞു രണ്ടുരുള കൂടുതല്‍ കഴിപ്പിക്കുന്ന അമ്മമാരെ പോലെ , എന്‍റെ റൂം ഇനെ ഞാന്‍ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു..
പുസ്തകങ്ങളോ മറ്റു സാധനങ്ങളോ ഒന്ന് വെച്ചിടത്ത് നിന്ന് അനങ്ങിയാല്‍ എനിക്ക് മനസിലാകും.. എന്‍റെ റൂം കുത്തി മറിച്ചിട്ടത് ആരാണ് എന്ന് ചോദിച്ചു ബഹളം ആണ് പിന്നെ.. അത് കൊണ്ട് തന്നെ വഴക്ക് പേടിച്ചു അനിയനോ അനിയത്തിയോ ഉമ്മയോ ഉപ്പയോ ആ വഴി വരാര്‍ ഇല്ല..
പണ്ട് ഉപ്പ ഉപയോഗിച്ചിരുന്ന റൂം, ഉപ്പ തട്ടിന്പുറത്തെക്ക് താമസം മാറ്റിയപ്പോള്‍ എനിക്ക് കിട്ടിയതാണ്.. ഇടയ്ക്ക് വല്ലിമ്മ വരും , 'ദേത്താന്യേ.. അന്‍റെ നടു ഉളുക്കൂലെ ..ഇമ്മാതിരി പുത്തകം ഒക്കെ വായിച്ചാല്.. മണ്ട ചൂടാകൂലെ.. കണ്ണ് കാഞ്ഞു പോകൂലെ "ഇങ്ങനെ നൂറു നൂറു ചോദ്യം ആണ് എന്‍റെ പുസ്തകങ്ങളെ നോക്കി..
ഞാന്‍ ഇല്ലാത്തുംപോള്‍ വീട്ടില്‍ വരുന്ന വല്ലിമ്മ പുസ്തകങ്ങള്‍ എടുത്തു വെറുതെ പൊന്തിച്ചു നോക്കും.. പണ്ട് സ്കൂളില്‍ പോകാന്‍ കഴിയാത്തതിന്റെ സങ്കടം അയവെട്ടി തീര്‍ക്കുന്നത് ആകാം.. വലിയ എഴുത്തുള്ള 'കിത്താബ്' അല്ലാതെ മറ്റൊരു പുസ്തകം വെല്ലിമ്മ വായിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.. വെല്ലിമ്മാക്ക് മലയാളം വായിക്കാന്‍ അറിയില്ലേ... അതെനിക്ക് ഇന്നും അറിയില്ല..
വല്ലിമ്മയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ ആണ് പുസ്തകങ്ങളുടെ വരിയും നിരയും ഇടയ്ക്ക്തെറ്റാന്‍ കാരണം.ഇതറിയാതെ ഞാന്‍ അനിയനോടും അനിയത്തിയോടും ജുദ്ധം വെട്ടും. ലാസ്റ്റ് വല്ലിമ്മയുടെ അധ്രിശ്യ കരങ്ങള്‍ ആണ് സ്ഥാന ചലനം വരുത്തിയതെന്ന് തിരിച്ചറിയുമ്പോള്‍ ഞാന്‍ വേഗം യുധമുഖത് നിന്നും സ്ഥലം കാലിയാക്കും.. പക്ഷെ അപ്പോളെക്കു എട്ടു ദിക്കും പൊട്ടുമാറു ഉച്ചത്തില്‍ ഇളയതുങ്ങള്‍ തൊള്ള തുറന്നു കാണും..
വല്ലവരും വിരുന്നു വരുമ്പോള്‍ അതും, ആയിടെ കല്ലിയാണം കഴിച്ച ചില മുന്തിയ കപ്പിള്‍സ് വരുമ്പോള്‍ മാത്രം ആണ് റൂം ഞാന്‍ വിട്ടു കൊടുത്തിട്ടുള്ളത്.. ഒരു ദിവസം ഉറങ്ങി എണീക്കുംപോളെക്കും അവര്‍ എന്‍റെ റൂമുമായി പ്രണയത്തില്‍ ആയി കഴിഞ്ഞിരിക്കും.. രാവിലെ എണീറ്റ്‌ ഭക്ഷണം കഴിക്കുമ്പോള്‍ എന്‍റെ റൂമിനെ പൊന്തിച്ചു രണ്ടു ഡയലോഗ് അടിക്കാതെ ആരും വിടപറഞ്ഞു പോയിട്ടില്ല ഒരിക്കലും..അത്രയ്ക്ക് സുഖമായിരുന്നു ആ റൂമിന്.
നല്ല പത് പതുത്ത മെത്ത. ശരീരത്തിലേക്ക് പാകം ചൂടും തണുപ്പും അറിഞ്ഞു ക്രമീകരിക്കാന്‍ കഴിവുണ്ടായിരുന്ന ആ മെത്തയെ വര്‍ണിച്ചാല്‍ ആര്‍ക്കും മതിയാകുമായിരുന്നില്ല..
അതെവിടെന്നു വാങ്ങിയതായിരുന്നു.. ?
ഇളം വെള്ളയില്‍ അവിടെ ഇവിടെ ആയി ചാര നിറമുള്ള കുഞ്ഞു പൂക്കള്‍ ഉള്ള ബെഡ് ... ബ്രാന്റഡ് ബെഡ് ഒന്നും അല്ല.. നമ്മുടെ നാടന്‍ ഉന്ന കിടക്ക.കൂടെ പണ്ടെന്നോ മാമന്‍ പേര്‍ഷ്യയില്‍ നിന്നും കൊണ്ട് വന്ന മിനുമിനുത്ത എന്‍റെ സുന്ദരി പുതപ്പും. അറബിക്ക് കര്‍ട്ടന്‍ അടിച്ച ശേഷം ബാക്കി വന്ന ഒരു വെട്ടു കഷ്ണം ആണ് അത്.. ഹോ.. കാമുകനെ കെട്ടിപിട്ച്ചു കിടക്കാന്‍ പോലും ആ പൊതപ്പില്‍ മൂടി പുതച്ചു കിടക്കുംന്ന സുഖം കിട്ടില്ല..മുറിയും ബെഡും വിട്ടു കൊടുത്താലും പുതപ്പു എന്നും എന്‍റെ എന്‍റെത് മാത്രം ആയിരുന്നു..
ഞാന്‍ വയസറിയിച്ചത് ,എന്നെക്കാളും മുന്‍പേ അറിഞ്ഞ കക്ഷി. എന്‍റെ വളര്‍ച്ചയെ ചരിത്രത്തില്‍ രേഖപെടുത്തിയ ആ തിരു ശേഷിപ്പുകള്‍ ഇന്നും അവളില്‍ മായാതെ കിടക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്നെ തന്നെ ഓര്‍മവരും.. ഒരു സര്‍ഫ് എക്സലിനോടും അടിയറവ് പറയാതെ , എന്‍റെ ആര്‍ത്തവ രക്തത്തെ ഉള്ളിലേക്ക് ആവാഹിച്ചു ഹൃദയത്തില്‍ കുടിയിരുത്തിയ അവളുടെ സ്നേഹം.ഒരു കുത്തക ശക്തികള്‍ക്ക് മുന്‍പിലും സ്വന്തം സൊകാര്യ ഇഷ്ട്ടങ്ങള്‍ അടിയറവ് വെക്കില്ലെന്ന എന്‍റെ സോഭാവം കൂടെകിടന്നു കിടന്നു അവളിലെക്കും പകര്‍ന്നു കിട്ടിയതാവാം..
*************************************************
എനിക്ക്സ്കൂള്‍ അവധി ആയാല്‍ പിന്നെ..
രാവിലെ പോകാന്‍ ഉള്ളത്കൊണ്ട് ,ഉമ്മ കുത്തി പൊന്തിച്ചു ചായ കുടിപ്പിക്കും. ഒരു റൌണ്ട് മുറ്റത്തും പറമ്പിലും ഉലാത്തും.. ശേഷം അവസാനത്തെ ആളായ ഉമ്മയും പോയെന്നു ഉറപ്പു വരുത്തിയാല്‍ ഞാന്‍ എന്‍റെ മുറിയില്‍ കയറി വല്ലതും വായിച്ചു കിടക്കും..
ബെഡില്‍ കിടന്നു കാല്‍ വഴി പുതപ്പിട്ടു ജനലിനു നേരെ തല വെച്ച് വെളിച്ചത്തിലേക്ക് പുസ്തകം തുറന്നു പിടിച്ചു ആണ് എന്‍റെ വായന.. രണ്ടാമത്തെ പാര വായിക്കും മുന്‍പേ ഉറങ്ങിക്കാണും.. എപ്പോഴെങ്കിലും മൂത്രം ഒഴിക്കാന്‍ എണീക്കുമ്പോള്‍ വിശക്കുന്നുണ്ടെന്നു തോന്നിയാല്‍ അടുക്കള വഴി ഒന്ന് കയറി ഇറങ്ങും.. വീണ്ടും ബെഡിലേക്ക്.. മുഖം അബദ്ധത്തില്‍ പോലും കഴുകില്ല നിദ്ര ദേവി എങ്ങാനും ഓടി ഒളിച്ചാലോ... പരീക്ഷയോടു അടുപ്പിച്ചു ഉറക്കം ഉളച്ചത് പലിശയും കൂട്ട് പലിശയും ചേര്‍ത്ത് ഉറങ്ങി അങ്ങ് തീര്‍ക്കും ആദ്യ ഒരാഴ്ച..
സിലൂ വാതില്‍ അടച്ചിട്ട് ഇരിക്കണം പുറത്ത് ആണെങ്കിലും അകത്തു ആണെങ്കിലും എന്ന് വിളിച്ചു പറഞ്ഞിട്ടാണ് ഉമ്മ പോകുക.. പിന്നെ നിധി അല്ലെ അകത്തു ഇരിക്കുന്നത്..
വാതില്‍ അടച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ അന്തേവാസികള്‍ക്ക് എളുപ്പത്തില്‍ തുറക്കാവുന്ന ഒരു പ്രത്യേക രീതിയില്‍ ആയിരുന്നു അതിന്‍റെ ഘടന .. താക്കോലോ ഈരക്കിലോ ആവശ്യം ഇല്ല.. അത് കൊണ്ട് തന്നെ എങ്ങാനും ആരെങ്കിലും നേരത്തെ എത്തിയാല്‍ പോത്ത് പോലെയുള്ള എന്‍റെ പള്ളി ഉറക്കം ഒരിക്കലും ഭംഗ പെട്ടിരുന്നില്ല.എത്തുന്ന മുറയ്ക്ക് ഞങ്ങള്‍ക്ക് മാത്രം അറിയുന്ന ഗുട്ടന്സിലൂടെ വാതില്‍ തുറന്നു അകത്തു കടക്കാം..
ഒരിക്കല്‍ ഉമ്മ പോയതിന്‍റെ കൂടെ ഉറങ്ങാന്‍ തുടങ്ങിയത് ആണ് ഞാന്‍..
കഞ്ചാവ് അടിച്ച കോഴിയെ പോലെ..ഒറങ്ങി ഒറങ്ങി ഒറങ്ങി.. ഒരു വഴിക്കായി.. വായില്‍ നിന്നും കയല ഒലിച്ചു ഇറങ്ങി തലയിണയും ബെഡും ഒക്കെ നനഞ്ഞു.. വീട്ടില്‍ ആളുകള്‍ വന്നതോ പോയതോ ഞാന്‍ അറിഞ്ഞില്ല.. ആരും എന്നെ വിളിച്ചതും ഇല്ലെന്ന് തോന്നുന്നു..
എപ്പോളോ ഉറക്കം മതിയാക്കി ഞാന്‍ മുന്‍വശത്തെ കോലായില്‍ വന്നിരുന്നു.. കണ്ണില്‍ ബാക്കി ഉള്ള ഉറക്കം തിരുമ്മി കളഞ്ഞു കണ്ണ് തുറന്നു ചുറ്റും വീക്ഷിച്ചു..
നേരം പുലരുകയാണോ അതോ സൂര്യന്‍ മറയാന്‍ തുടങ്ങുന്നതോ ഒരു ഡൌട്ട്.കണ്ടിട്ട് വൈകുന്നേരം പോലെ ..പതിവിലും കുറച്ചു കൂടുതല്‍ ഉറങ്ങിഎന്ന് തോന്നുന്നു..ഉമ്മ ജോലി കഴിഞ്ഞു എത്തിയിരിക്കുന്നു.
കോഴി കൂടിനു അടുത്ത് നിന്ന് , വേലിക്കല്‍ നില്‍ക്കുന്ന അയല്‍വാസിയായ ശോഭ ചേച്ചിയോട് കുശലം പറയുന്നത് കാണാം..... അങ്ങാടിയില്‍ ശ്രീ കൃഷ്ണ വിലാസം ടി സ്റ്റാള്‍ നടത്തുന്ന വെലായുധേട്ടന്റെ ഭാര്യ , അവര്‍ എന്നും രാവിലെ കടയില്‍ പോകും. ഹോട്ടലിലെ അടുക്കള കൈകാര്യം ചെയ്യുന്നത് അവര്‍ ആണ്..
അവരെ കണ്ടപ്പോ ഞാന്‍ ആകെ അങ്കലാപ്പില്‍ ആയി..
സാധാരണ രാവിലെ ഏഴു വെളുപിനു ആണ് അവര്‍ , കയ്യില്‍ പാല്‍പാത്രവും തൂക്കി കടയിലേക്ക് പോകുക.. രാത്രി കട പൂട്ടി തിരിച്ചു വരുമ്പോളേക്കും ഞങ്ങള്‍ വീടിനുള്ളില്‍ മുളഞ്ഞിരിക്കും.
രാവിലെ നേരത്തെ ഉണര്‍ന്ന ദിവസങ്ങളില്‍ ,അതിരിലെ നട വഴിയിലൂടെ ,കുളിപ്പിന്നല്‍ തൂക്കി പോകുന്ന അവരെ കണ്ടിട്ടുണ്ട്.
എന്‍റെ ആര്‍മാധ പകലുറക്കം , ഒരു പകലും രാത്രിയും കടന്നു അടുത്ത ദിവസത്തേക്ക് നീണ്ടു പോയോ..റബ്ബീ... ആകെ ഡൌട്ട് അടിച്ചു ഞാന്‍ തിണ്ണയില്‍ നിന്നും ഇറങ്ങി ഉമ്മയുടെ മുറിയില്‍ പോയി നോക്കി.. അനിയനും അനിയത്തിയും അവിടെ ഇല്ല. നേരം വെളുപ്പിന് മദ്രസയില്‍ പോയതാണോ.. ക്ലോക്കില്‍ സമയം ആറര എന്ന് കാണിക്കുന്നു.. രാവിലെയോ വൈകുന്നേരമോ.. ഒരെത്തും പിടിയും കിട്ടുന്നില്ല..

സത്യാവസ്ഥ അറിയാന്‍ ഉമ്മയോട് ചോദിയ്ക്കാന്‍ പേടി.. രാത്രി ഭക്ഷണം കഴിക്കാതെ ഉറങ്ങി പോയതിനു കുറ്റപെടുത്തല്‍ ഉണ്ടാകും.. തൊണ്ട പൊട്ടി വിളിചിട്ടുണ്ടാകും ഉമ്മ. അതിനുള്ളത് വേറെ. ഇനി ആകെ പ്രതീക്ഷ ഉപ്പയില്‍.. .. രാവിലെ ആണെങ്കില്‍ ഉപ്പ ഉണരാന്‍ ഉള്ള സമയം ആകുന്നെ ഉള്ളു..
മുകളില്‍ പോയി നോക്കി..
ഉപ്പയുടെ മുറി പുറത്ത് നിന്നും പൂട്ടി കിടക്കുന്നു.. ഭാഗ്യം സമയം വൈകുന്നേരം തന്നെ ..രാവിലെ ജോലിക്ക് പോയ ഉപ്പ വന്നിട്ടില്ല.. അത് കൊണ്ടാണ് മുറി പൂട്ടി കിടക്കുന്നത്.. ആമാത്താവ് കൊണ്ട് മുറി പൂട്ടാതെ ഉപ്പ ഒരിക്കലും പുറത്ത് പോകില്ല..അതിനി പാടത്തേക്കു ആണെങ്കിലും കുളിമുറിയിലേക്ക് ആണെങ്കിലും.. ഉപ്പയുടെ മുറിയില്‍ എവിടെ ഒക്കെയോ നിധി ഉണ്ട്.. ഞങ്ങള്‍ ആരും ഒരിക്കലും കാണാത്ത ഒന്ന്..
ഭാവിയില്‍ ഞങ്ങള്‍ക്കുള്ളത് തന്നെ ആണല്ലോ.. അപ്പൊ പിന്നെ പൂട്ടി ഭധ്രം ആയി തന്നെ വെച്ചോട്ടെ..ആര്‍ക്കും അതില്‍ പരാതി ഇല്ല.. ഉമ്മയ്ക്ക് അല്ലാതെ..
ശോഭേച്ചി വല്ല കാരണങ്ങളാലും നേരത്തെ കടയില്‍ നിന്നും പോന്നത് ആയിരിക്കും.. ഇനി സമാധാനിക്കാം.. ഞാന്‍ തലയും തിരുമ്മി ആശ്വാസത്തോടെ ഉമ്മയുടെ അടുത്തേക്ക് ഒന്നും അറിയാത്ത പോലെ ചെന്നു ..
*************************************
അത്തരത്തിലുള്ള അര്മാധ ഉറക്കം ഒന്നും കുടുംബിനി ആയതില്‍ പിന്നെ ഒരിക്കലും നടന്നിട്ടില്ല.. ഇനി നടക്കുകയും ഇല്ല എന്ന് കരുതി ഇടക്കൊക്കെ സങ്കടപെട്ടിട്ടുണ്ട്..
യാതൊരു ശല്യവും ഇല്ലാതെ ഇടമുറിയാതെപകല്‍ അതും രാവിലെ മുതല്‍ വൈകുന്നേരം വരെ ഉറങ്ങാന്‍ കഴിഞ്ഞിരുന്ന ആ കുട്ടികാലം.. അതൊക്കെ ഓര്‍മയുടെ ഗോദ്രെജ് അലമാരിയില്‍ ഭധ്രം ആയി സൂക്ഷിച്ചു വെച്ചിരുന്നതാണ്.. ഇനി ഒരിക്കലും നടക്കില്ലെന്നു കരുതി.. കുഞ്ഞുണ്ടായത്തില്‍ പിന്നെ ഒരു രാത്രി പോലും അറിഞ്ഞു ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല.. ഇനി ഒരു രണ്ടു കൊല്ലത്തേക്ക്‌ ആ പൂതി നടക്കുകയും ഇല്ല എന്നും കരുതിയത്‌ ആണ്
പക്ഷെ വളരെ അപ്രതീക്ഷിതം ആയാണ് ഇന്നലെ പനി പിടിച്ചത്..
അഞ്ചു വര്ഷം ആയി ഒരു പനി പിടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു..പലപോളും മൂക്കൊലിപ്പ് തുടങ്ങുമ്പോള്‍ തോന്നും ഹാവൂ ..പനി വരുന്നുണ്ടെന്നു.. പക്ഷെ ആദ്യത്തെ രണ്ടു തുമ്മലില്‍ വരാന്‍ ഇരുന്ന പനി പേടിച്ചു ഇറങ്ങി ഓടും.. എന്‍റെ കാത്തിരുപ്പ് വെറുതെ..
പക്ഷെ ഇതിപ്പോ നല്ല ഇടിവെട്ട് പനി.. അടി മുതല്‍ മുടി വരെ. മേല് വേദന , തൊണ്ട വേദന, മൂക്കൊലിപ്പ്..എല്ലാം ഉണ്ട്.. ഒരാഴ്ച പുതച്ചു കിടന്നു ഉറങ്ങാന്‍ ഉള്ള വകുപ്പും ഉണ്ട്. പക്ഷെ നേരം കെട്ട നേരത്താണ് ഈ പന്നി, പനി എന്നെ കടാക്ഷിച്ചത് എന്ന് മാത്രം..
നാല് മാസം പ്രായം ഉള്ള കുഞ്ഞിന്‍റെ തള്ളയാണ് എന്നതൊന്നും വൈറസ് മോന്‍ നോക്കിയില്ല.കേറി അങ്ങ് പെരുമാറി. അല്ലെങ്കിലും ഈ വൈറസുകള്‍ക്ക് എവിടാ ഹൃദയം...
നേരും നെറിയും ഇല്ലാത്ത ഈ ലോകത്ത് അതിലും നെറി കെട്ട ഒരു വൃത്തികെട്ട സാമ ദ്രോഹി തന്നെ എന്‍റെ പനിയെ നീയും എന്ന് വിലപിച്ചു..
എന്തായാലും ഭാഗ്യം വീക്ക്‌ ഏന്‍ഡ് ആയത് .കുഞ്ഞിനെ നോക്കാന്‍ സാജിദ് ഫ്രീ ആണ്.. പക്ഷെ അമ്മിഞ്ഞ പാല്‍ അത് ഞാന്‍ തന്നെ കൊടുക്കണ്ടേ.. എന്തായാലും രാത്രി മരുന്ന് കുടിച്ചു കിടന്നത് മാത്രം ഓര്‍മയുണ്ട്. രാവിലെ ഉണര്‍ന്നു ബലം ഇല്ലാത്ത വിരലുകള്‍കൊണ്ട്‌ പല്ലൊന്നു ഉരചെന്നു വരുത്തി രണ്ടു ബ്രെട്ഡും പാലും കൂടെ സാജിദ് തന്ന ഗുളികകളും വിഴുങ്ങി വീണ്ടും ബെഡിലേക്ക്
ഉച്ചയ്ക്ക് കഞ്ഞി കോരി തന്നെന്ന് തോന്നുന്നു.. നനഞ്ഞ തുണി കൊണ്ട് ചിറി തുടച്ചുതന്നത് ഓര്‍മയുണ്ട്. പിന്നെയും ഉറക്കം..
കുഞ്ഞു ഉണര്‍ന്നതോ കരഞ്ഞതോ പാല്‍ കുടിച്ചതോ ഒന്നും ഞാന്‍ അറിഞ്ഞില്ല..
സൂര്യന്‍ ടാറ്റാ ബൈ ബൈ പറഞ്ഞു പോയിരിക്കുന്നു.. ഇപ്പോള്‍ ലേശം ബോധം വീണ്ടു കിട്ടിയിരിക്കുന്നു.. സമയം എഴുമണി.. രാവിലെ അല്ല വൈകുന്നേരം തന്നെ.. ലാപ് ടോപ്പിന് അടിയില്‍ PM എന്ന് വെക്തമായി കാണാം.. കുറെ കാലത്തിനു ശേഷം ഇരുപത്തി നാല് മണികൂര്‍ മതി മറന്നു ഉറങ്ങിയിരിക്കുന്നു വീണ്ടും..
സിട്രസിന്‍ എന്നമരുന്ന് കണ്ടുപിടിച്ച ശാസ്ത്ര ദൈവത്തിനു നന്ദി..
പഴയ ആ നല്ല നാളുകളിലെ പോലെ ഇന്ന് വീണ്ടും ഒറങ്ങി ഒറങ്ങി എനിക്ക് പിരാന്തായി..

Mr. & Mrs. Iyer

ദിവസവും മുപ്പതു കിമി അങ്ങോട്ടും ഇങ്ങോട്ടും ബസ് യാത്ര ചെയ്തു തളരുന്നു എന്നത് കൊണ്ട് , ഞാന്‍ എഞ്ചിനീയറിംഗ് ഫൈനല്‍ ഇയര്‍ എടപ്പാള്‍ ഉള്ള മാമന്‍റെ വീട്ടില്‍ നിന്നാണ് പഠിച്ചത്.. സത്യത്തില്‍ കാന്‍റീന്‍ഇല്‍ ഇരുന്നു കുറച്ചു അധികം സമയം കാമുകനോട് സൊള്ളാം എന്നതായിരുന്നു ഞാന്‍ കണ്ട ബെനെഫിറ്റ്.
മാമന്റെ മകന്‍ Ase Em T അന്ന് സ്കൂളില്‍ ആണ്.. ഞങ്ങള്‍ ഒരുമിച്ചാണ് രാവിലെ ഇറങ്ങുക..ഓരോരോ കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞു പാടം മുറിച്ചു കടന്നു എടപ്പാള്‍ ചുങ്കതെക്ക് നടക്കുമ്പോള്‍അണ്ടകടാഹം മുഴുവന്‍ സംസാരവിഷയം ആകും..
ഒരു വെള്ളിയാഴ്ച Mr & Mrs Iyer സ്റ്റാര്‍ മൂവേസില്‍. ,കണ്ടു കഴിഞ്ഞപോള്‍ വല്ലാത്ത ഒരു ഫീലിംഗ്.. തികച്ചും അപരിച്ചതര്‍ ആയ രണ്ടു വെക്തികള്‍. , ഒരു പ്രത്യേക സാഹചര്യത്തില്‍ കുറച്ചു ദിവസം ഒരുമിച്ചു കഴിയേണ്ടി വരികയും, അങ്ങിനെ അവര്‍ക്കിടയില്‍ ഉരിത്തിരിഞ്ഞ അടുപ്പവും ആണ് അതിന്‍റെ പ്രമേയം..
പിറ്റേന്നു പോകുന്ന വഴി തലേന്ന് കണ്ട സിനിമ ആണ് ഞങ്ങടെ വിഷയം.. പറഞ്ഞു വന്നപ്പോ എന്‍റെ അതെ ഫീലിംഗ് അവനും.. എന്നെകാള്‍ എഴുവയാസ് ഇളയതാണ് അവന്‍ എന്നതോര്‍ക്കണം.. സ്കൂളില്‍ ചെറിയ ക്ലാസ്.. അവനും എനിക്കും ഒരേ മനസ്‌ ആണെന്ന് അന്നാണ് തിരിച്ചറിഞ്ഞത്..അതുകൊണ്ട് തന്നെ പിന്നീട് കുടുംബത്തില്‍ ഏറ്റവും ആത്മബന്ധം ഉള്ളതും അവനോട തന്നെ..
അങ്ങിനെ ഒരു സാഹചര്യത്തില്‍ , ഞാന്‍ എത്തിപെടുന്ന അതെ മാനസികാവസ്ഥ എത്ര ഭംഗി ആയാണ് ആ സിനിമയില്‍ പറഞ്ഞത്.. ഭാര്യയും അമ്മയുമായ സ്ത്രീ അയ്യേ..സദാചാര വിരുദ്ധം എന്ന് പലര്‍ക്കും തോന്നും..
ഇന്ന് മലയാളി ഹൌസ്..അതിലെ ആളുകള്‍ തമ്മില്‍ ഉള്ള അടുപ്പം കാണുമ്പോള്‍ എനിക്ക് ആ സിനിമയാണ് ഓര്മ വന്നത്.. ബാഹ്യ ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, നമ്മുടെ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അകന്നു മറ്റൊരു ലോകത്ത് അടുത്ത് കഴിയുമ്പോള്‍ മനുഷ്യര്‍ എങ്ങിനെ പെരുമാറുമോ അതുതന്നെ.. കലഹവും കരച്ചിലും കെട്ടിപിടിയും ..ഒക്കെ പച്ചക്ക് പച്ച..
ഞാന്‍ ആ മനുഷ്യരില്‍ എന്നെ കാണുന്നു..
അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷവും തോന്നുന്നു അതിനി ജി എസ പ്രദീപ്‌ ആയാലും നീന കുറുപ് ആയാലും തന്ത്രി മകന്‍ രാഹും ഈശ്വര്‍ ആയാലും
വാല്‍ ക്ഷണം.: എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ സിനിമ സാജിദ് ഇന് കണ്ണെടുത്താല്‍ കണ്ടുകൂടാ അതെന്തായിരിക്കും.. കാണുക..ചിന്തിക്കുക..
ചിന്തിക്കുന്നവന് ദ്രിഷ്ട്ടാന്തം തീര്‍ച്ചയായും ഉണ്ട്..

ഒരു പേരും കുറെ നൂലാമാലകളും

ഫസീല, അതായിരുന്നത്രേ ആദ്യം എന്‍റെ പേര്. പന്തളത്ത് B'ed ഇന് പഠിച്ചിരുന്ന എന്‍റെ കുഞാന്റി ,ഉപ്പയുടെ കുഞ്ഞി പെങ്ങള്‍ , തറവാട്ടില്‍ തനിക്കു ശേഷം ഉണ്ടായ പുന്നാര പെണ്‍കുട്ടിയെ കാണാന്‍ ഓടിവന്നപ്പോ മനസ്സില്‍ ഒളിപ്പിച്ചു കൊണ്ട് വന്നതാണ് വിശ്വ വിഖ്യാതമായ ഈ പേര് -സില്‍സില
കുടുംബത്തില്‍ മറ്റൊരു ഫസീല ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാവണം വലിയ എതിര്‍പ്പില്ലാതെ ഈ വെത്യസ്തനായ പുതിയ പേര് എല്ലാരും വേഗം അംഗീകരിച്ചു.
'മോളെ പേരെന്താ.. ?
'ചിച്ചിലാ '.. അതെ അണ്ണാന്‍ കുഞ്ഞു ചിലയ്ക്കും പോലെ ഞാന്‍ പറഞ്ഞുകൊണ്ടേ ഇരുന്നു..ചിച്ചില... ചിച്ചില..
ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ ആണ് ഈ കുഴപ്പം പിടിച്ച പേര് ആദ്യം ആയി പ്രശനം ഉണ്ടാക്കിയത്...
MGM(കേരള നവജതുല്‍ മുജാഹിദീന്‍))9() വനിതാ മൂവേമെന്റ്റ് സംസ്ഥാന പ്രസിഡന്റ്‌ ഖദീജ നര്‍ഗീസ് ആയിരുന്നു ഹെഡ് ടീച്ചര്‍. .., സില്‍സിലയോ ... അതെന്തൊരു പേര്.. ഇസ്ലാമില്‍ അങ്ങിനെ ഒരു പേരില്ല...അങ്ങിനെ Silsila എന്ന പേര് ഇസ്ലാമികരിച്ച് അവര്‍ Zilzila എന്നാക്കി..മതത്തിന്‍റെ ആദ്യത്തെ അതിനിവേശം പേരിലൂടെ എന്നില്‍ വേരുറപ്പിച്ചു ..
പക്ഷെ ആ തിരുത്തല്‍ കുഞ്ഞായ എനിക്ക് അത്രക്കൊന്നും പിടിച്ചില്ല... ആകെകൂടി സമാധാനം ആഖലേയത്തിലെ ഈ അക്ഷര വെത്യാസം മലയാളത്തില്‍ എഴുതുമ്പോള്‍ പ്രതിഫലിക്കില്ല എന്നതായിരുന്നു..എങ്കിലും ആ മുഴുവന്‍ പേര് പിന്നീട് ഞാന്‍ അധികം പുറത്തെടുത്തില്ല.സ്കൂള്‍ കഴിയുന്നവരെ ആ പേര് അങ്ങിനെ ഹാജര്‍ പട്ടികയില്‍ മാത്രം ആയി ഒതുങ്ങി,..
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഞാന്‍ എന്നും 'സിലു' ആയിരുന്നു.വല്ലപ്പോളും പിണങ്ങി ഭക്ഷണം കഴിക്കാതെ കിടക്കുമ്പോള്‍ ഉമ്മ സിലുമോളെ എന്ന് നീട്ടി വിളിക്കും.. അതൊരു സോപ്പ് ആണ്.. ആ വിളിയില്‍ ഞാന്‍ വിളികേള്‍ക്കും എന്ന് ഉമ്മാക്ക് അറിയാം..കാരണം സിലുമോള്‍ എന്ന് ആരെങ്കിലും വിളിച്ചു കേള്‍ക്കാന്‍ വീട്ടിലെ മൂത്തസന്താനം ആയ എനിക്ക് അത്രയ്ക്ക് പൂതിയായിരുന്നു..
ഇളയതുങ്ങളുമായി വഴക്കിടുമ്പോള്‍ ,അവരെന്നെ 'ബണ്ടിചക്രം' എന്ന് വിളിക്കും. വല്ലപ്പോളും 'തലമ തൂറി'യെ എന്നും...
പന്നി-പട്ടി-നായെ വിളികള്‍ പരസ്പരം നടത്താതിരിക്കാന്‍ ഉമ്മ ഞങ്ങള്‍ക്ക് വേണ്ടി സ്വയം വികസിപ്പിച്ചെടുത്ത മുഴുത്ത തെറി ആയിരുന്നു അത്-ബണ്ടി ചക്രം. .പണ്ട് ഉറങ്ങികിടന്ന ഉപ്പയുടെ അടുക്കല്‍ എന്നെ കിടത്തി അടുക്കളയില്‍ പണിയിലേക്ക്‌ തിരിഞ്ഞു ഉമ്മ.. കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ഉപ്പയുടെ തല മുഴുവന്‍ തൂറി എരപ്പാക്കി വെച്ചിരിക്കുന്നു ഞാന്‍.. ,.. ആ കഥ അവര്‍ക്ക് അറിയാം.. അത് വെച്ച് ആണ് അവരുടെ രണ്ടാമത്തെ ബ്ലാക്ക്‌ മെയിലിംഗ്.
സ്കൂളില്‍ സ്വന്തമായി സൈക്കിള്‍ ഓടിച്ചു ചെന്നപ്പോ 'അറ്റ്ലസ്' എന്നും.. സുസ്മിത എന്ന കൂട്ടുകാരിയെ കൂടെ കൂട്ടിയപ്പോള്‍ 'സില്‍ക്സ്മിത' എന്നും ഇരട്ടപേര് വീണു. ഒന്‍പതില്‍ വെച്ച് , ഡ്രസ്സ്‌ ഇന് അനുസരിച്ച് സ്ട്രാപ് മാറ്റാവുന്ന ,ചൂടിനനുസരിച്ചു നിറം മാറുന്ന ഡയല്‍ ഉള്ള ഒരു വാച്ച് അമ്മാവന്‍ പേര്‍ഷ്യേന്നു കൊണ്ടുവന്നത് സ്റ്റൈലില്‍ കെട്ടികൊണ്ട് പോയി 'ലണ്ടന്‍ ബോയ്‌.' എന്ന ആ വാച്ചിലൂടെ എനിക്ക് പേര് വീണു -ലണ്ടന്‍ കോയ് ...
അന്ന് ഒരിക്കല്‍ ഏതോ പത്രത്തില്‍ സമ്മാന വാര്‍ത്തയുമായി എന്‍റെ പേര് അടിച്ചു വന്നിട്ടുണ്ടെന്ന് അറിഞ്ഞു ഉപ്പയോട് അതെ പത്രം വാങ്ങി വരാന്‍ പറഞ്ഞു. വാര്‍ത്ത വന്ന ഭാഗം വെട്ടി സൂക്ഷിക്കാന്‍ വേണ്ടി കാത്രികയുംമായി കാത്തിരുന്ന ഞാന്‍ പത്രം കണ്ടു തകര്‍ന്നു നല്ലൊരു പേര് കൊണ്ടുപോയി അടിച്ചു വെച്ചിരിക്കുന്നു.. അവന്‍റെ അമ്മേടെ 'സിസിലി' എന്ന്.
പക്ഷെ ഈ സങ്കടങ്ങള്‍ ഒക്കെ പത്താം ക്ലാസ് ആയപ്പോള്‍ മാറി.
MP ആയി തിരഞ്ഞെടുക്കപെട്ടപ്പോ , പൂര്‍വ വിദ്യാര്‍ഥി 'സമദാനി'ക്ക് സ്കൂളില്‍ സ്വീകരണം. ഞാന്‍ ആണ് സ്കൂള്‍ ലീഡര്‍.
സമദാനി ആണെങ്കില്‍ ഫാറൂക്ക് കോളേജില്‍ ,ഉപ്പയുടെ പഴയ ജൂനിയറും റൂം മേറ്റും. പ്രസംഗം ഒക്കെ കഴിഞ്ഞപ്പോ ഞാന്‍ മെയിന്‍ ആയി അടുത്ത് ചെന്ന്, സ്വയം പരിചയപെടുത്തി.
"സില്‍സില - അനസ്യൂതമായ അനര്‍ഗ പ്രവാഹം-The Flow of Good Qualities" അങ്ങേരുടെ സ്ഥിരം കാവ്യാത്മക ശൈലിയില്‍ എന്‍റെ പേരിനെ വാനോളം ഉയര്‍ത്തി ഒരു പ്രഭാഷണം തന്നെ നടത്തി അധ്യാപകരുടെ മുന്‍പില്‍.,.. അങ്ങിനെ അന്ന് അവിടെ വെച്ച് ആദ്യമായി ഞാന്‍ എന്‍റെ പേരിനെ അര്‍ഥം അറിഞ്ഞു സ്നേഹിച്ചു തുടങ്ങി ,..
ഉമ്മയുടെ വീട്ടില്‍ , എടപാളില്‍ വിരുന്നുപോയപ്പോള്‍ ആണ് , കുഞ്ഞുമ്മയുടെ മകള്‍ എനിക്കൊരു സര്‍പ്രൈസ് ഒളിപിച്ചു വെച്ചിരുന്നു. സില്‍സില എന്നെഴുതിയ ഒരു ചെരുപ്പുകടയുടെ കവര്‍. കുണ്ടുകടവ് ജങ്ക്ഷനില്‍ പുതുതായി തുടങ്ങിയ ചെരിപ്പുകടക്ക് എന്‍റെ പേര്.. ആ കവര്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി കൂടെ കൊണ്ട് നടക്കുമായിരുന്നു ഞാന്‍.
ചോദിക്കുന്നവരോട് എന്റെ ഉപ്പയുടെ കട ആണെന്ന് ഒരു പെരും നുണയും .

പ്രീഡിഗ്രി ക്ക് പഠിക്കുമ്പോള്‍ അറ്റണ്ടന്‍സ് നമ്പറില്‍ ആണ് പറയുക.. അതുകൊണ്ടുതന്നെ പേര് അവിടെ ശല്യകാരന്‍ ആയതേ ഇല്ല.. പക്ഷെ ഡിഗ്രി ഫൈനലിന് പഠിച്ചിരുന്ന കാമുകന്‍റെ കൂട്ടുകാര്‍ എന്നെ സ്നേഹത്തോടെ 'സില്സു 'എന്ന് വിളിച്ചു. അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞു വരുമായിരുന്നു.. എന്ത് ചെയ്യാം ..സീനിയര്‍ ചേട്ടന്മാര്‍.. അതും കോളേജിലെ കെ ഡി ലിസ്റ്റ് ഗാങ്ങ് ആയ 'ആദിവാസികള്‍'
ഉള്ളിലെ അമര്‍ഷം പുറത്ത് കാണിക്കാതെ , ഞാന്‍ ഒരു ചെറു പുഞ്ചിരി വരുത്തി നടന്നു നീങ്ങും.
രണ്ടാം വര്ഷം ആയപ്പോള്‍ , യൂണിയനിലേക്ക് മത്സരിച്ചു.. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിനു ജയിച്ച വൈസ് ചെയര്‍മാന്‍., യൂണിയന്‍ കിട്ടിയ സന്തോഷത്തില്‍ സഖാക്കള്‍ എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ വിളിച്ച വിളി
"കാലടി ..കാലടി.. സില്‍സില കാലടി..
കാലടി സില്‍സില സിന്ധബാദ്..."
എന്ട്രന്‍സിന് റിപീറ്റ് ചെയ്യാന്‍ ജയറാം സാറിന്റെ അടുത്ത്, തൃശൂരില്‍.
കുതിര കളിച്ചപ്പോള്‍ ,ബോട്ടണി അധ്യാപകന്‍ പൊക്കി . ന്‍റെ പേര് കേട്ടതും ,പൊതുവേ സരസനായ ജേക്കബ്‌ സാര്‍
ഖിലാഡി യോന്കി ഖിലാഡി ..സില്‍സില ഖിലാഡി..
എന്ന് ഉറക്കെ ഒരു പ്രഖ്യാപനം നടത്തി. പൊതുവേ എതു വില്ലത്തികളും വില്ലന്മാരും രാമാ നാരായണ ആയി മാറുന്ന ആ ഒരു വര്‍ഷ കാലത്തിലും എനിക്ക് നോ രക്ഷ. പേര് കാരണം വീണ്ടും ഹിറ്റ്‌ ലിസ്റ്റില്‍.
അന്ന് സാര്‍ ഇന്‍റെ ആ കളിയാക്കല്‍ കേട്ടു തലതല്ലി ചിരിച്ചു ക്ലാസ് ഇളകി മറിഞ്ഞപ്പോള്‍ , ഒരാള്‍ മാത്രം എന്നോട് സഹതാപം രേഖപെടുത്തി മൌനി ആയി.. ചാലിശേരിക്കാരന്‍ ഇര്‍ഷാദ്. അന്ന് തുടങ്ങിയ സൌഹൃദം ആണ്.. ഒരു FB അക്കൗണ്ട്‌ പോലും ഉണ്ടാക്കാന്‍ മിനകെടാത്ത അവന്‍ ആണ് ഈ FB അടിക്റ്റ് ആയ എന്‍റെ ആത്മ മിത്രം ഇന്നും.
തൃശൂരില്‍ ഹോസ്ടളില്‍ നിന്ന് പഠനം. ആറു അതി'സുന്ദരികളും ഞാനും. പൂവാലന്മാരെ കൊണ്ട് വഴി നടക്കാന്‍ വയ്യ.. എല്ലാം അവളുമാരെ മണത്തു വരുന്നതാണ്.. വീടെവിടെയാ..പേരെന്താ..
രക്ഷപെടാന്‍ വേണ്ടി ഞങ്ങള്‍ എഴുപേര്‍ക്കും ഫെയിക് പേരുകള്‍ ഉണ്ടായിരുന്നു അന്ന്. ജാസ്മിന്‍ അതായിരുന്നു എന്‍റെ പേര്.. അവളുമാരുടെ വല്യകാരി ആകാനുള്ള സൌന്ദര്യം പോലും തൊട്ടു തീണ്ടാത്ത എനിക്ക് , ആ പേര് ഒരിക്കല്‍പോലും എടുത്തു ഉപയോഗികേണ്ടി വന്നിട്ടില്ല.. പാവം ഞാന്‍..
എന്‍ജിനീയറിങ്ങ് ഇന് ചേര്‍ന്ന സമയത്ത് , ആദ്യ ദിവസം റാഗ് ചെയ്യാന്‍ വന്ന പാട്ടുകാരന്‍ ചേട്ടന്‍ ബെഞ്ചില്‍ കയറ്റി നിര്‍ത്തി പേര് ചോദിച്ചു..
സില്‍സില..
പറഞ്ഞു തീര്‍ന്നില്ല..
സിലസിലാ... ഹേ.. പ്യാര്‍ കാ.....
അന്നത്തെ ഹിറ്റ്‌ സിനിമ. പിന്നെ എവിടെ വെച്ച് കണ്ടാലും ആശാന്‍ ഈ പാട്ട് മൂളും.. ഒരുപാട് അടുപ്പം തോന്നിയിരുന്ന ഒരു ചേട്ടന്‍.. ആയിരുന്നെങ്കിലും , ബന്ധങ്ങളുടെ കുത്തൊഴുക്കില്‍ അധികകാലം ആ സൌഹൃദവും പാട്ടും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല..
അന്നൊക്കെ കോളേജില്‍ പോയി വന്നിരുന്ന ബസ്സില്‍ വെക്കുന്ന ഹിന്ദി പാട്ടില്‍ എവിടെ എങ്കിലും ഒരു സില്‍സില ഒളിഞ്ഞിരിക്കും..ഹിന്ദിയില്‍ വളരെ വീക്ക്‌ ആയിരുന്ന ഞാന്‍ ആ വരികളിലെ എന്‍റെ പേരിന്‍റെ അര്‍ഥം ചിന്തിച്ചു അധികം തല പുകയ്ക്കും മുന്പ് ഇറങ്ങാന്‍ ഉള്ള സ്റ്റോപ്പ്‌ എത്തും..
ദേവദാസിലെ ' സില്‍സിലാ ഹി ചാഹത്ത് കാ... എത്രവട്ടം കേട്ടിരിക്കും ...പ്രണയത്തിന്റെ തീ ചൂളയില്‍ ഒറ്റപെട്ടു വെന്തുരുകി ഹോസ്റലില്‍ മൂന്നാം നിലയില്‍ നിന്നും ,ജനലിലൂടെ രാത്രി പുഴ നോക്കി ഇരിക്കുമ്പോള്‍ കണ്ണ് നിറഞ്ഞൊഴുകും.. സിനിമയില്‍ കഥാപാത്രം തന്‍റെ പ്രണയത്തിന്‍റെ കെടാവിളക്ക് സൂക്ഷിക്കുംപോലെ ഞാനും സൂക്ഷിച്ചു ഓര്‍മയില്‍ ഒരു കെടാവിളക്ക്...
സിനിമയില്‍ ഷാ റൂകിന്റെ ദേവ് എന്ന കഥാപാത്രം ലണ്ടനില്‍ നിന്നും പടിപ്പു കഴിഞ്ഞു ആഷിന്‍റെ പാറു വിനെ കാണാന്‍ വന്നു.. എന്നെ തേടി ഒരു പുല്ലനും വരാന്‍ ഇല്ലെന്നു ഉറപ്പായപ്പോള്‍ , വിളക്കും കെടുത്തി ഞാന്‍ എന്‍റെ വഴി നോകി..
ഫൈനല്‍ ഇയര്‍ ആയി..
ഹോസ്റല്‍ ഡേ ആണ്.ഗാനമേള ഉണ്ട്..ഞങ്ങള്‍ക്ക് അഴിഞ്ഞാടാനും ആറാടാനും ഉള്ള അവസാന ചാന്‍സ്. CID മൂസയിലെ 'മേനെ പ്യാര്‍ കിയാ..പ്യാര്‍ കിയാ തൊ ടര്നാ ക്യാ..'തുടങ്ങിയതും.. എല്ലാരും കൂടി എന്നെ പിടിച്ചോണ്ട് പോയി... ഡാന്‍സ് തുടങ്ങി..
യെ സില്‍സില ഹോ പ്യാര്‍ കാ ..
ഹം തുമാരെ ഹി സനം.. ദിലീപും ഭാവനയും..
കല്ലിയാണം ഉറപ്പിച്ച സമയത്ത് എന്‍റെ പേര് കൊണ്ട് കുടുങ്ങിയത് സാജിദ് ആണ്.. കൂട്ടുകാരോട് പെണ്ണിനെ പറ്റി പറയാന്‍ നൂറു നാവാണ് എങ്കിലും.. പേര് പറയാന്‍ മാത്രം ആ നാവു പൊന്തുന്നില്ല.. ലാസ്റ്റ് മടിച്ചു മടിച്ചു പേര് പറഞ്ഞു.. കേട്ടവര്‍ക്കു വിശ്വാസം വരുന്നില്ല.. ഓട്ടോ ക്കും ബസ്സിനും കണ്ടു പരിചയിച്ച പേരില്‍ ഒരു പെണ്കുട്ടിയോ..
എന്നെ നേരില്‍ വിളിച്ചു ചോദിച്ചാണ് അവര്‍ , ഉറപ്പു വരുത്തിയത്.. കല്ലിയാണതിനു മുന്പ് ഈ പേര് ഒന്ന് മാറ്റാന്‍ വരെ അങ്ങേര ഒരു വിഫല ശ്രമം നടത്തി നോക്കി.. എന്‍റെ ട്രേഡ് മാര്‍ക്ക്‌ പേര്.. ചെക്കനെ മാറ്റിയാലും പേര് മാറ്റൂല. ഞാന്‍ കാട്ടായം പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞു.. സുഹൃദ് ബന്ധങ്ങള്‍ ഇ മെയിലില്‍ മാത്രം ഒതുങ്ങി. ഒരിക്കല്‍ ഒരു കൂട്ടുകാരിയുടെ ഇമെയില്‍.. ലിങ്ക് ഇല ക്ലിക്ക് ചെയ്തതും ഡാ ഒഴുകി എത്തുന്നു.. നമ്മുടെ സ്വന്തം
സില്‍സില ഹേ സില്‍സില
സില്‍സില ഹി സില്‍സില..
ആസ്വദിക്കുക ജീവിതം ..ആസ്വദിക്കുക യവ്വനം..
ഇനി മറ്റെന്തു വേണം.. ആനന്ത സാഗരത്തില്‍ ആറാടി..വീണ്ടും പാട്ടില്‍ പറഞ്ഞ പോലെ മുന്നോട്ടു..
പളുങ്ക് പോലുള്ള ജീവിതത്തില്‍ വേദനിക്കാന്‍ ഇനി നേരം ഇല്ല..
വാവേ, കുഞ്ഞു, ഉണ്ണി എന്നിങ്ങനെ പലജാതി പേരുകള്‍ വിളിക്കുമെങ്കിലും ദേഷ്യം പിടിച്ചു കഴിഞ്ഞാല്‍ 'സില്‍സിലാ ' എന്നൊരു വിളിയുണ്ട് സാജിദ് ഇന്..
അന്നൊക്കെ അടി ഉണ്ടാക്കി കഴിഞ്ഞാല്‍ നിറഞ്ഞ കണ്ണുമായി ബാത്‌റൂമില്‍ കയറി , കണ്ണീരിനോപ്പം കുറച്ചു വാട്ടര്‍ മിക്സ് ചെയ്തു , ഓവര്‍ ആക്കി പുറത്ത് വന്നു.. ബാഗ് പായ്ക്ക് ചെയ്യും.. ഞാന്‍ വീട്ടില്‍ പോകുന്നു എന്ന് കാണിക്കാന്‍..
ബംഗ്ലൂര്‍ വന്നതില്‍ പിന്നെ അതുമാറി..കലാപം പൊട്ടി പുരപെട്ടാല്‍ ഉടനെ റൂമില്‍ ചെന്ന് ഫോണ്‍ എടുത്തു വിളിയാണ്
"ഹലോ PK ട്രാവെല്‍സ് അല്ലെ ..
ഇന്ന് രാത്രിയിലേക്ക്‌ ഒരു ടിക്കറ്റ്‌ വേണം.."
അത് കേള്‍ക്കബോളെ യുദ്ധം സന്ധിയാക്കാന്‍ ആള് ഹാജര്‍
കാലം പിന്നെയും കഴിഞ്ഞു.. FB യില്‍ സില്‍സില പര്‍വേഷ് ആയിരുന്നു ഞാന്‍.. ഒരിക്കല്സാജിദ് ഉമായി തെറ്റിയപ്പോള്‍ , Married to @sajid parvesh എന്നത് ഒഴിവാക്കി ആ വാലും എടുത്തു മാറ്റി സ്വന്തം വാപ്പയെ പ്രതിഷ്ടിച്ചു. ന്യൂ ജെനെറെഷന്‍ കാര്‍ക്ക് ഏറ്റവും ഈസിയായ വിവാഹ മോചനം.
പതിവുപോലെ തെറ്റിയത്തിലും വേഗത്തില്‍ സെറ്റായെങ്കിലും തന്‍റെ വാലില്‍ മേലാല്‍ തൊട്ട് പോകരുതെന്ന് താക്കീത്..
അങ്ങിനെയാണ് ഞാന്‍ ഇന്നത്തെ SKK അഥവാ നിങ്ങളുടെ സില്‍സില കുഞ്ഞഹമ്മദ് കാലടി ആയി മാറുന്നത്..
ഓഫീസിലെ നോര്ത്തീസ് ആയ കസ്ടമെര്സ് ഇന് ഞാന്‍ 'ജില്ജില 'യാണ് ..
മലയാളികളോട് മുഴുവന്‍ പേര് പറയല്‍ നിര്‍ത്തി. അവിടേം സിലു എന്നാക്കി.അവരെ ചിരിപ്പിച്ചു കൊല്ലരുതല്ലോ..
ഈവ വലുതായി.. എമിലും വന്നു.. വഴക്കിടല്‍ പോയിട്ട് ഒന്ന് ഉറക്കെ സംസാരിക്കുകയോ അമര്ത്തി കെട്ടിപിടിക്കുകയോ ചെയ്‌താല്‍ പോലും അവള്‍ക്ക് സംശയം ആണ്.. അത് കൊണ്ട് വഴക്കിടലും കരച്ചിലും പിരിചിലും ഒന്നും നടക്കുന്നില്ല.,
മഹാ കവി ഹരിശങ്കര്‍ പാടിയപോലെ 'കുമിള പോലുള്ള ഈ ജീവിതം ശാന്തം...സ്വച്ചം...സമാധാനം..'
എന്നിട്ടും ഞാന്‍ അത്രയ്ക്കൊന്നും ഹാപ്പി അല്ല കേട്ടോ..
പിണങ്ങി കഴിഞ്ഞു ഇണക്കമാകുംപോള്‍ എല്ല് നുറുങ്ങി പോകുന്ന ഒരു വരിഞ്ഞു മുറുക്കല്‍ ഉണ്ട്.. ശേഷം വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ ഒരു അത്യുഗ്രന്‍ 'ഡിങ്കോടോല്‍ഫി'യും .. അതൊക്കെ മിസ്സ്‌ ചെയ്തു തുടങ്ങിയിരിക്കുന്നു..
മക്കള്‍ അറിയാതെ ഒരു ഉഗ്രന്‍ അടി ഉണ്ടാക്കാന്‍ പൂതിയാകുന്നു എനിക്ക്.

ഞാന്‍ ഞാനായി

അന്ന് ഒരു ഞായര്‍ ആഴ്ച ആയിരുന്നു.. എട്ടാം ക്ലാസ് കൊല്ല പരീക്ഷ കഴിഞ്ഞ സമയം. ഞാന്‍ എടപ്പാളില്‍ , ഉമ്മയുടെ വീട്ടില്‍ ഒരു കസിന്‍റെ കല്ല്യാണം കൂടാന്‍ വന്നതാണ്. കോട്ടക്കല്‍ നിന്നും ദൂരം കൂടുതല്‍ ഉള്ളതിനാല്‍ ഞങ്ങള്‍ കുടുംബ സമേതം തലേ ദിവസമേ എത്തി..
പൊന്നാനിയില്‍ നിന്നും കുഞ്ഞുമ്മയും കണ്ടനകത്ത് നിന്ന് മൂത്തുമ്മയും, കുട്ടികളുമായി വരാന്‍ വെയിറ്റ് ചെയ്യുകയാണ്.അടുത്തുള്ള പ്രദേശങ്ങള്‍ ആയതിനാല്‍ അവരൊക്കെ അന്നേ ദിവസമേ വരൂ..
വേനലവധിക്ക് സ്കൂള്‍ അടച്ചതിനാല്‍ കല്ല്യാണം കൂടി കഴിഞ്ഞു തള്ളമാര്‍ തിരിച്ചു പോയാലും കുറച്ചു ദിവസം ഞങ്ങള്‍ കസിന്‍സ് ഒക്കെ ഉമ്മ വീട്ടില്‍ ഉണ്ടാകും .
വെയില് കാരണം,ഉമ്മ വീട്ടിലെ മെയിന്‍ അട്ട്രാക്ഷന്‍ ആയ കുളം , ഒരു കുന്ന് ചളിയും അടിയില്‍ അവശേഷിപ്പിച്ചു വറ്റി വരണ്ടിരിക്കുന്നു .. കുളത്തിന്റെ ചുമരില്‍ വെള്ളം ഇറങ്ങി തെളിഞ്ഞു വന്ന മടകളില്‍ പാമ്പിന്റെ വള /ഉറ കാറ്റത്ത് ഇളകിയാടി തൂങ്ങി കിടന്നു ഭയപ്പെടുത്തുന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ അടുത്ത മഴക്കാലം വരെ ഇനി അങ്ങോട്ടില്ല..
പകരം പഴുത്തു വീണ അമ്പഴങ്ങ ഈമ്പി വലിച്ചും, വവ്വാല്‍ ചപ്പി ഉപേക്ഷിച്ച ബദാം മുട്ടി പൊളിച്ചു പരിപ്പെടുത്തു കൊറിച്ചും കൂരടയ്ക്ക പെറുക്കി കൂട്ടിയും അവിടത്തെ വെളിച്ചം കടക്കാത്ത അടയ്ക്കാ തോട്ടത്തില്‍ ഉഴറി നടക്കും.
പത്ത് പതിനൊന്നു മണിയാകും കല്യാണത്തിന് പോകാന്‍ ,എല്ലാരും എത്തി ചേരാന്‍. അതുവരെ സമയം ഉണ്ട്. കല്ല്യാണം ആയതിനാല്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ല. എല്ലാരും വന്നെത്തിയാല്‍ ഒരു ടാക്സി പിടിച്ചു അട്ടിക്കിരുന്നു കല്യാണ സ്ഥലത്തേക്ക് വെച്ചടിക്കുക.
ഒറ്റയ്ക്കിരുന്നു ബോര്‍ അടിച്ച ഞാന്‍ പറമ്പിലൂടെ ഉലാത്താന്‍ ഇറങ്ങി.
തലേ ദിവസം വെള്ളം തേവിയ ചാലുകളില്‍ നല്ല പൊടി മണ്ണ് നനഞ്ഞു പുതിര്‍ന്നു കിടപ്പുണ്ട് . കളിക്കാന്‍ നേരത്ത് മണ്ണപ്പം ചുടാനും ചട്ടിയും കലവും ഉണ്ടാക്കാനും മണ്ണ് അന്വേഷിച്ചു വേറെ എവിടേം പോണ്ട.
കല്ല്യാണം കൂടി തിരിച്ചെത്തിയാല്‍ , നേരെ വന്നു കളികളില്‍ വ്യാപൃതയാകാം എന്ന് കണക്കു കൂട്ടി, നന കഴിഞ്ഞു വാപ്പ (ഉമ്മയുടെ ഉപ്പ ) പണപ്പില്‍ ഉപേക്ഷിച്ചു പോയ വെള്ളം തേവാന്‍ ഉപയോഗിക്കുന്ന പാള എടുത്തു കയ്യില്‍ ആവാതെ കാലു കൊണ്ട് കുറേ നല്ല , കല്ലില്ലാത്ത നനഞ്ഞ മണ്ണ് ഞാന്‍ വടിച്ചു ശേഖരിച്ചു വെച്ചു.
കുളി കഴിഞ്ഞു മണ്ണില്‍ കളിച്ചതിനു അമ്മായിയോ ഉമ്മയോ വഴക്ക് പറയണ്ട എന്ന് കരുതി വേഗം കിണറ്റിന്‍ കരയില്‍ ചെന്ന് ഒരു പാട്ട വെള്ളം കോരി കാലു കഴുകി വൃത്തിയാക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് ഒലിച്ചിറങ്ങിയ പോലത്തെ ചുമന്ന രണ്ടു വരകള്‍ കാലില്‍ നീളത്തില്‍ ഞാന്‍ കണ്ടത്..
കാലാകാലങ്ങളില്‍ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിചുള്ള പല രഹസ്യ ചര്‍ച്ചകളിലും സജീവമായി പങ്കെടുത്ത മുന്‍ പരിചയം ഉണ്ടായിരുന്നതിനാല്‍ പലര്‍ക്കും സംഭവിച്ചിരുന്ന പോലെ എനിക്ക് തല കറങ്ങിയില്ല. എന്നാലും നല്ലൊരു കല്യാണ ദിവസം ആയിട്ട് എല്ലാരും വരുന്ന ദിവസം തന്നെ ഈ അത്യാഹിതം എനിക്ക് വന്നു പെട്ടല്ലോ എന്നോര്‍ത്ത് ഉള്ളില്‍ അമര്‍ഷം തോന്നി.
ഇനിയിപ്പോ എന്ത് ചെയ്യും.. ആരോട് പറഞ്ഞാലും സംഭവം ഫ്ലാഷ് ന്യൂസ്‌ പോലെ പറക്കും.രഹസ്യ സൊബാവം ഉള്ള സംഗതി ആണെങ്കിലും സംഭവംപെട്ടെന്ന് പരസ്യം ആകും.കല്ല്യാണത്തിന് ബിരിയാണി തിന്നുന്നതിലും ശ്രദ്ധ പിന്നെ ആളുകള്‍ക്ക് എന്നെ തിന്നുന്നതില്‍ ആകും.
എന്നെ പിന്നിലാക്കി കുടുംബത്തിലെ ശുഷ്ക ഗാത്ര കളായ മറ്റു സുന്ദരികള്‍ പ്രായപൂര്‍ത്തി ആയി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി.. അവരുടെ ഒക്കെ തീണ്ടു കല്യാണങ്ങളില്‍ പങ്കെടുത്ത് , എനിക്കൊന്നും പറ്റിയില്ലേ എന്ന് , ഹുങ്കില്‍ ഞെളിഞ്ഞു നടന്നതാണ് .
അന്നോക്കെ അവരുടെ ചുറ്റും കൂടി നിന്ന് മുതിര്‍ന്ന സ്ത്രീ ജനങ്ങള്‍ കളിയ്യാക്കലുകള്‍ ഒളിച്ചു വെച്ച സംഭാഷണ ശകലങ്ങള്‍ എറിഞ്ഞു ചിരിക്കുമ്പോള്‍ , എനിക്കൊന്നും മനസിലാകുന്നില്ലേ എന്നാ ഭാവത്തില്‍ അടുത്തിരുന്നു ഉള്ളില്‍ ഊറി ഊറി ചിരിച്ചിട്ടുണ്ട്.. ആരും കാണാതെ..
ഞാനിപ്പോളും കുട്ടിയാണ്.. എനിക്ക് ആണ്‍കുട്ടികളുടെ കൂടെ കളിക്കാം കുളിക്കാം , കുളത്തില്‍ ചാടാം.. പ്രായത്തില്‍ ഇളയവര്‍ വരെ ചുവപ്പ് സിഗ്നല്‍ കണ്ടു താന്താങ്ങളുടെ " കുട്ടിക്കാലം" മനസില്ലാ മനസോടെ കട്ടപ്പുറത്ത് കയറ്റി സ്റ്റാന്റ് വിട്ടപ്പോളും എന്‍റെ പച്ച സിഗ്നല്‍ കത്തി തന്നെ കിടന്നു. എന്നാല്‍ അതാണ്‌ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കെട്ടു പോയിരിക്കുന്നത്. ഇന്നത്തോടെ എല്ലാം തീര്‍ന്നു കിട്ടി
ഓര്‍ക്കുംതോറും തികട്ടി വന്ന അരിശം ഉള്ളില്‍ ഒതുക്കി ഞാന്‍ കുളിപ്പുരയിലേക്ക് നടന്നു. ഇനി അധികം ആളുകള്‍ അറിയാതെ സംഗതി ഒളിപ്പിക്കണം. ഗര്‍ഭം ഒന്നും അല്ലല്ലോ , പുറം ലോകം നോക്കി കണ്ടുപിടിക്കാന്‍.. എല്ലാം കഴുകി വൃത്തിയാക്കി , ആരും അറിയാതെ നേരെ തട്ടും പുറത്തേക്കു വെച്ചടിച്ചു.
പണ്ട് വലിയ മാമന്‍ ഉരു കയറി വന്നപ്പോ പേര്‍ഷ്യയില്‍ നിന്ന്കൊണ്ട് വന്ന വലിയ ഒരു തുകല്‍ പെട്ടി ഉണ്ട്. പഴയ തുണികള്‍ കൂട്ടിയിടാന്‍ വല്ല്യുമ്മ ഉപയോഗിക്കുന്ന ഒന്ന് .സാറ്റ് (ഒളിച്ചുകളി )കളിക്കുമ്പോള്‍ കയറി ഒളിക്കുന്നത്‌ അതിലാണ്.
കുടുംബത്തിലെ സ്ത്രീ ജനങ്ങള്‍ കാലാ കാലങ്ങളില്‍ നേരത്തും നേരം തെറ്റിയും ആ പെട്ടിയിലേക്ക് മുങ്ങാം കുഴിയിട്ട് നിധി തപ്പും പോലെ എന്തോ തപ്പിഎടുത്തു ചുരുട്ടി മടക്കി ആരും കാണാതെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കുളിപ്പുരയിലെക്കോ , മുറികളുടെ ഇരുണ്ട മൂലകളിലെക്കോ പതുങ്ങി നടക്കുന്നത് ഞാന്‍ പലപോള്‍ ആയി വീക്ഷിചിട്ടുണ്ട്. എന്താണ് സംഭവം എന്ന് അന്വേഷിചിട്ടില്ലെങ്കിലും, സ്ത്രീകളെ അത്യാഹിത ഘട്ടങ്ങളില്‍ രക്ഷപെടുതുന്ന എന്തോ ഒന്ന് ആ പെട്ടിയില്‍ ഉണ്ടെന്നും എന്നെകിലും ഒരിക്കല്‍ അതെനികും രക്ഷയാകും എന്നും ഞാന്‍ മനസിലാക്കി വെച്ചിരുന്നു.
കയറിപോകുന്നത് ആരും അറിയരുത്. കോണിയുടെ മരപ്പലകള്‍ ഇളകി കിടപ്പുണ്ട്. സൂക്ഷിച്ചു പതുക്കെ പതുക്കെ ഒരു സര്‍ക്കസ് അഭ്യസിയെ പോലെ ഞാന്‍ ഒരു വിധം പടികള്‍ കയറി മുകളില്‍ എത്തി.
എനിക്ക് വേണ്ടുന്ന സാധനം ,രണ്ടു കഷ്ണം ഒരു ഊഹം വെച്ച് അളന്നു കീറി എടുത്തു.
ഒന്ന് അപ്പോള്‍ ഉപയോഗിക്കാനും. ഒന്ന് സ്റ്റെപ്പിനിക്കും . ഒരു മുന്‍കരുതല്‍.സിറ്റുവേഷന്‍ അറിയുന്ന പോലെ സേഫ് ആക്കി ഞാന്‍ കല്യാണത്തിന് പോകാന്‍ വസ്ത്രം മാറാന്‍ നടന്നു. പൊട്ടി തുടങ്ങിയ ഒരു അഗ്നി പര്‍വതം ആരും അറിയാതെ ഒളിപ്പിച്ചു ഉള്ളില്‍ ചുമക്കുന്നതിന്‍റെ ടെന്‍ഷനില്‍ , കല്ല്യാണം കൂടാന്‍ മറ്റു പാരാവാരങ്ങള്‍ എത്തി ചേര്‍ന്നത്‌ ഞാന്‍ ശ്രദ്ധിച്ചില്ല.
വണ്ടി വന്നു. എല്ലാരും കുത്തി തിരക്കി ഉള്ളില്‍ കയറി. വലിയവര്‍ എല്ലാം സീറ്റില്‍ ഞങ്ങള്‍ കുട്ടികള്‍ അവരുടെ മടിയില്‍. കഷ്ട്ടകാലത്തിനു എനിക്ക് സൂത്രക്കാരി ആയ ഉമ്മയുടെ അനിയത്തി കുഞ്ഞുമ്മയുടെ മടിയില്‍ ആണ് സീറ്റ് കിട്ടിയത്. എങ്ങും തൊടാത്ത പോലെ ഞാന്‍ പൊങ്ങി ഇരുന്നു. അമര്ന്നിരിക്കാന്‍ പേടി. സ്പര്‍ശനേ അവര്‍ എങ്ങാനും കണ്ടു പിടിച്ചാലോ..
പ്രായം കൊണ്ട് സമം ആണെങ്കിലും എന്നെക്കാള്‍ ശരീര വളര്‍ച്ച കുറഞ്ഞ അവരുടെ മകള്‍ ഏഴാം ക്ലാസില്‍ വെച്ച് തന്നെ കാലം തെറ്റി വലിയകുട്ടി ആയതിനാല്‍ കുഞ്ഞുമ്മക്ക് വിഷമം ഉണ്ട്. ഞാനും ഉമ്മയും , പ്രാപഞ്ചികമായി വന്നു ഭാവിച്ച , ചില ഭീകര സത്യങ്ങള്‍ ഒളിപ്പികുക ആണെന്ന് ആണ് അവരുടെ ഭാഷ്യം. അത് പൊളിക്കാന്‍ വേണ്ടി തരം കിട്ടുമ്പോള്‍ ഒക്കെ അവരെന്നെ വേണ്ടിടത്തും വേണ്ടാത്തിടത്തും വെച്ച്, അര്‍ഥം വെച്ച് സംസാരിച്ച് ഉള്ളുകള്ളി അറിയാന്‍ ശ്രമിക്കാര്‍ ഉണ്ട്.
അങ്ങിനെയുള്ള അവരുടെ മടിയില്‍ ആണ് എനിക്ക് സീറ്റ് കിട്ടിയിരിക്കുന്നത്.. ഭാഗ്യ ദോഷം എന്നല്ലാതെ എന്ത് പറയാന്‍.. ഞാന്‍ മുള്ളില്‍ ഇരിക്കുംപോലെ കാലുകളില്‍ ബലം കൊടുത്തു എവിടേം അമരാതെ പതുങ്ങി ഇരുന്നു..
ഡ്രൈവര്‍, വല്ല്യുമ്മ , ചിടുക്കാസുകള്‍ ആയ മൂന്നു പേര കുട്ടികള്‍ മുന്നില്‍. രണ്ടു അമ്മായിമാരും കുഞ്ഞുമ്മയും എന്റെ ഉമ്മയും ഓരോരുത്തരുടെയും മടിയിലും തുടയിലും ആയി ആണും പെണ്ണും ഇടകലര്‍ന്നു ഞങ്ങള്‍ നാല് കസിന്‍സ്. ശ്വാസം വിടാന്‍ ഇടം ഇല്ലാത്ത വണ്ടി.അതിനുള്ളില്‍ ബോംബു പൊട്ടുന്ന അവസ്ഥയില്‍ ഞാന്‍. വണ്ടി പുറപ്പെട്ടു.
"സിലുമോളെ ഇങ്ങട്ട് അമര്‍ന്നു ഇരുന്നോ മോളെ.." ഓരോ അഞ്ചു മിനിട്ടിലും കുഞ്ഞുമ്മ പറയാന്‍ തുടങ്ങി.. ഞാന്‍ വിയര്‍ത്തു കുളിക്കാനും. ഏതോ ഒരു ഗട്ടറില്‍ വണ്ടി ചാടിയതും ബാലന്‍സ് പോയ ഞാന്‍ അറിയാതെ അവരുടെ മടിയിലേക്ക്‌ അമര്‍ന്നു ഇരുന്നു.
അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കുഞ്ഞുമ്മ ആ രഹസ്യം സ്പര്‍ശിച്ചു അറിഞ്ഞു. കട്ടി കുറഞ്ഞ എന്‍റെ കുട്ടി പാന്റീസ് ഇന് പതിവില്ലാത്ത ഒരു കനം.
"ഐഷാത്താ......" എന്ന് കുഞ്ഞുമ്മ ഉമ്മയെ വിളിച്ച വിളി ആ അമ്ബാസടര്‍ കാറിന്റെ കുടുകുടു ശബ്ദത്തില്‍ മുങ്ങി പോകാതെ മറ്റുള്ളവരിലേക്കും വേഗത്തില്‍ അലയടിച്ചു.